DCBOOKS
Malayalam News Literature Website

ജലത്തിന് മുകളിലൂടെയുള്ള നടത്തം

സി.ആര്‍. പരമേശ്വരന്‍ /എം.എസ്. ബനേഷ്

കലയുടെ വൈകാരികാവശ്യങ്ങളും കുടുംബത്തിന്റെ വൈകാരികാവശ്യങ്ങളും
സന്തുലിതമാക്കി ജീവിക്കുന്ന കലാകാരന്മാരും കലാകാരികളും ഉണ്ടായിരിക്കാം. എന്നാ
ല്‍, ഓരോ അസന്തുഷ്ടകുടുംബവും തനതായ വിധത്തില്‍ അസന്തുഷ്ടമാണെന്നാണ
ല്ലോ ടോള്‍സ്‌റ്റോയ് പറഞ്ഞത്. അതിനാല്‍ എല്ലാ അസന്തുഷ്ടമായ കുടുംബങ്ങളും വൈ
വിധ്യമുള്ള യുദ്ധമുഖങ്ങള്‍ കൂടിആണ്. പങ്കാളികളില്‍ ഒരാള്‍ സര്‍ഗ്ഗാത്മകജോലി ചെയ്യുന്നെങ്കില്‍ ഈ യുദ്ധമുഖം സവിശേഷമായിത്തീരുന്നു. കലാസൃഷ്ടി ഒരു കഠിനവേലയാണ്. വിവാഹവും അങ്ങിനെതന്നെ.

സിനിമ പാപമാണെന്ന് വിശ്വസിക്കുന്ന ഭാര്യ. സംവിധായകനായ ഭര്‍ത്താവ്. ഇരുവര്‍ക്കുമിടയിലെ ശീതസമരം. ആ സമരത്തിന് സമാന്തരമായി, അമേരിക്കന്‍-റഷ്യന്‍ ശീതയുദ്ധം കഴിഞ്ഞിട്ടും ഈ ലോകത്തെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ പരുവത്തില്‍ സമുദ്രങ്ങളില്‍ സ്‌ഫോടനസജ്ജമായി കിടക്കുന്ന ആണവായുധങ്ങള്‍. ലോകം ഇല്ലാതായാല്‍ ഇങ്ങനെയൊരു ഇടം ഇവിടെയുണ്ടായിരുന്നു എന്ന് ഇതരഗ്രഹജീവികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ സകലജീവികളുടെയും ശബ്ദങ്ങളും ചിത്രങ്ങളും രേ
ഖപ്പെടുത്തി നാസ ബഹിരാകാശത്ത് വിക്ഷേപിച്ച ഗോള്‍ഡന്‍ റെക്കോഡ്. ഇവയെല്ലാം ജോഷി -ജോസഫിന്റെ ‘ജലത്തിന് മുകളിലൂടെയുള്ള നടത്തം’ എന്ന ബംഗാളി-മലയാളം സിനിമയെ കുടുംബസംഘര്‍ഷത്തിനും അപ്പുറമുള്ള ലോകസംഘര്‍ഷതലങ്ങളിലേയ്ക്ക് ഉയര്‍ത്തുന്നു. ഒപ്പം, ജലത്തിന് മുകളിലൂടെയുള്ള യേശുവിന്റെ പ്രഖ്യാതമായ നടത്തവും, വെള്ളം വീഞ്ഞാക്കിയതും, ദാമ്പത്യം എന്ന കടലും, സര്‍ഗ്ഗാത്മകതയുടെ വീഞ്ഞും, ഉടനീളമുള്ള പാലവും കായലും മഴയും, മഹാശ്വേതാദേവിയും വിജയന്‍

pachakuthiraമാഷും, കുടിക്കുന്ന വെള്ളവുമെല്ലാം ഈ സിനിമയെ ആവര്‍ത്തിച്ച് കാണേണ്ടുന്ന ഒരു കവിതയുമാക്കുന്നു.ഈ കൊറോണ നാളുകളില്‍ ‘വോക്കിംഗ് ഓവര്‍ വാട്ടര്‍’ കണ്ട എഴുത്തുകാരന്‍ സി.ആര്‍ പരമേശ്വരന്‍ ആ ചിത്രം പകര്‍ന്നുതന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇവിടെ.

എം.എസ്. ബനേഷ്: വീട്ടിലിരുന്ന് മാത്രം സിനിമ കാണാന്‍ കഴിയുന്ന ഇപ്പോഴത്തെ കൊവിഡ് കാലത്താണ് താങ്കള്‍ ഈ ചിത്രം കണ്ടത്. സിനിമയെ പാപത്തിന്റെ പറക്കുംചുരുളായി കാണുന്ന ബെന്‍സി എന്ന മലയാളിയായ ഭാര്യയുടെ കല്‍ക്കത്തയിലെ വീട്ടുമുറിയാണ് ഈ സിനിമയുടെ ഒരു പ്രധാന ഇടം. ഒരു കലാസൃഷ്ടി നമ്മളെക്കൂടി, നമ്മുടെ അനുഭവത്തെക്കൂടി, നമ്മുടെ ജീവിതത്തെക്കൂടി ഉണര്‍ത്തുമ്പോളാണല്ലോ നമ്മള്‍ അതിനെ സ്വന്തമാക്കുന്നത്. ഈ സിനിമയ്ക്ക് അങ്ങനെയൊരു ഉന്മേഷമുണ്ടോ?

സി.ആര്‍. പരമേശ്വരന്‍: തീര്‍ച്ചയായും ജോഷിയുടെ സിനിമ അത്തരം ഒരു ഉന്മേഷം ഉണര്‍ത്തുന്നുണ്ട്. ഒരുപാട് മനുഷ്യര്‍ ഉദാസീനമായും അല്ലലുകളെ തങ്ങളെ ബാധിക്കാനനുവദിക്കാതെയും ജീവിക്കുന്നുണ്ടാവാം. എന്നാല്‍ നിരവധി മനുഷ്യര്‍ തങ്ങള്‍ തെരഞ്ഞെടുത്ത ഓരോരോ ഉല്‍ക്കടാവേശങ്ങളില്‍ ആത്മസമര്‍പ്പണം നടത്തിയും ജീവിക്കുന്നുണ്ട്. സിനിമയും കലയും സാഹിത്യവുംതന്നെ വേണമെന്നില്ല. സ്‌പോര്‍ട്‌സും ഗവേഷണവും രാഷ്ട്രീയവും യാത്രയും ധനാര്‍ജ്ജനവുംവരെ എന്തും ഒരാളുടെ ഉല്‍ക്കടാവേശം ആകാം. ഉല്‍ക്കടാവേശമായി ആരംഭിച്ച പ്രണയവും വിവാഹവും, കല സൃഷ്ടിക്കുക എന്ന ആത്മാവില്‍ ഇഴുകിയ മറ്റൊരു തീവ്രാഭിനിവേശവുമായി സംഘര്‍ഷത്തില്‍ ആവുന്നതിന്റെ വിവരണമാണ് ‘വോക്കിംഗ് ഓവര്‍ വാട്ടര്‍’ എന്ന സിനിമ. കലാകാരന്റെ / കലാകാരിയുടെ ആവിഷ്‌കാരസംബന്ധിയായ എകാന്തയാനങ്ങളെ പങ്കാളിയുടെ ഉപേക്ഷകളും അനാസ്ഥകളും ഉദാസീനതകളും ശിഥിലമാക്കുന്നത് ആധുനികതാഘട്ടമാകുമ്പോമ്പോഴേക്കും സാധാരണമാകുന്നുണ്ട്. സാധാരണ വിവാഹസംഘര്‍ഷങ്ങളേക്കള്‍ ദാരുണമാണ് അത്.

പൂര്‍ണ്ണരൂപം വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

 

 

 

Comments are closed.