DCBOOKS
Malayalam News Literature Website

‘ഇനിയും നഷ്ടപ്പെടാത്തവർ’ ; ഉൾക്കാട്ടിൽ വിരിയുന്ന ഒരായിരം നിശാഗന്ധികളുടെ സൗരഭ്യം…

അനന്തപത്മനാഭന്റെ ‘ഇനിയും നഷ്ടപ്പെടാത്തവര്‍’ എന്ന പുസ്തകത്തിന് കൃഷ്ണനുണ്ണി ജോജി എഴുതിയ വായനാനുഭവം

പുതിയ കഥയിൽ മുഴച്ചുനിൽക്കുന്ന വിപണിക്ക് വേണ്ടിയുള്ള ജുഗുപ്സാവഹമായ രതിയും വന്യതയും വായനയെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അന്ന് മലയാളത്തിലെ മികച്ച സർഗ്ഗാത്മക നിരൂപകരിലൊരാളായ എം.കെ. ശ്രീകുമാർ വാത്സല്യത്തോടെ Textപറഞ്ഞതിങ്ങനെ: മദിപ്പിക്കുന്ന സൗരഭ്യമുള്ള പൂക്കൾ മാത്രമല്ല, നിങ്ങളെ ബോധശൂന്യരാക്കുന്ന ഇലകളും തളിരും വരെ കാട് ഉൾക്കൊള്ളുന്നു. അപ്പോഴേ കാട് കാടാകുന്നുള്ളൂ.

അനന്തപത്മനാഭന്റെ ‘ഇനിയും നഷ്ടപ്പെടാത്തവർ’ എന്ന കഥാസമാഹാരം വായിച്ചു. അവിടെ ഉൾക്കാട്ടിൽ വിരിയുന്ന ഒരായിരം നിശാഗന്ധികളുടെ സൗരഭ്യവും വെണ്മയുമറിഞ്ഞു. കാവ്യസമമായ ഗദ്യം. വ്യതിരിക്തമായ രൂപകഭംഗികളുടെ ഒഴുക്ക്. തീർച്ചയായും ഈ കഥാസമാഹാരം മികച്ച വായന അർഹിക്കുന്നുണ്ട്.

നവ കഥകളുടെ മസ്തിഷ്കവ്യായാമങ്ങൾ തന്റെ കഥാഭൂമികയ്ക്കില്ലായെന്ന മുഖവുരയ്ക്ക് ശേഷമാണ് കഥാകൃത്ത് നമ്മെ കഥകളിലേക്ക് ക്ഷണിക്കുന്നത്. ശിശുക്കളെപ്പോലെ നിർമ്മലരായ വായനക്കാരെ അദ്ദേഹം ആഗ്രഹിക്കുന്നു. കാരണം ഈ കഥകൾ പിറക്കുന്നത് ഹൃദയങ്ങളുടെ പിൻപാട്ടിൽ നിന്നാണ്. കഥാകൃത്തിന്റെ യൗവനത്തിന്റെ ഉച്ചസ്ഥായിലാണ് ഈ കഥകൾക്ക് ഈണം നൽകപ്പെട്ടത്. അതുകൊണ്ട് തന്നെ കാൽപ്പനികമായ ഒരു ഭാവത്തിന്റെ സാന്ദ്രത കഥകളുടെ പശ്ചാത്തലമാണ്. നഗരവും ഗ്രാമവുമെന്നപോലെ മുതലാളിത്തവും ഫ്യൂഡലിസവും തമ്മിലുള്ള ആന്തരിക വൈരുധ്യം ഈ കഥകളുടെ അടിസ്ഥാനപ്രശ്നമായി വരുന്നു. അതിനെ കാലത്തിന്റെ സഹജമായ കലാസംഘർഷമായി വേണം കരുതാൻ.

പ്രിയ കഥാകാരാ, വീണ്ടും കഥനവഴിയിലേക്ക് ഇറങ്ങിവരിക. സാഹിത്യം ജനിതകവിരൽ നീട്ടി കലയിൽ എപ്പോഴുമെപ്പോഴും നിങ്ങളോടൊപ്പമുണ്ട്. എട്ടുവരിപ്പാതകൾക്കടിയിൽ ഉറങ്ങിക്കിടക്കുന്ന വയലുകളെ ജീവിതത്തിലേക്ക് ഖനനം ചെയ്തെടുക്കാൻ ഭാഷ നിങ്ങളെ കാത്തിരിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.