DCBOOKS
Malayalam News Literature Website

ഇന്‍ഡിക-ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പരിണാമകഥ

കന്യാകുമാരിയില്‍ ഇന്ന് നാം കാണുന്ന വിവേകാനന്ദപ്പാറയെ ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഒരു ഓമനപ്പേരുണ്ട്, ഗ്വാണ്ട്വാന ജംഗ്ഷന്‍!. ഇവിടെ ആയിരുന്നു പണ്ട്, ഏകദേശം 180 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ ഇന്ത്യയും ഓസ്‌ട്രേലിയയും അന്റാര്‍ട്ടിക്കയുമൊക്കെ ചേര്‍ന്നു കിടന്നിരുന്നത്. കന്യാകുമാരിയില്‍ നിന്നും വടക്കോട്ട് കിഴക്കന്‍ തീരം മുഴുവനും ഇന്ത്യയുടെ അതിര്‍ത്തി പങ്കിട്ടിരുന്നത് ഇന്നത്തെ ഈ രണ്ട് ഭൂഖണ്ഡങ്ങളുമായിട്ടായിരുന്നു. അതായത് ഷില്ലോങില്‍ നിന്നും ഒരു കല്ലെടുത്ത് എറിഞ്ഞാല്‍ വീഴുന്നത് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ആയിരുന്നുന്നു സാരം. പടിഞ്ഞാറേ അതിര്‍ത്തിയാകട്ടെ ആഫ്രിക്കയും തെക്കേ അമേരിക്കയും ആയിരുന്നു. ഈ അതിര്‍ത്തികള്‍ക്ക് അന്ന് പ്രസക്തി ഉണ്ടായിരുന്നുവോ എന്നറിയില്ല, കാരണം അന്ന് ഭൂമിയിലെ രാജാക്കന്മാര്‍ ദിനോസറുകള്‍ ആയിരുന്നു!.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ രൂപപ്പെടലിനെയും ചരിത്രത്തെയും ആഴത്തില്‍ വിശദീകരിക്കുന്ന പ്രണയ് ലാലിന്റെ പ്രശസ്ത കൃതിയാണ് ഇന്‍ഡിക. ഭൂമി രൂപീകൃതമായതുതൊട്ട്, ഇന്ത്യ എങ്ങനെ രൂപപ്പെട്ടു എന്നതറിയാന്‍, അത് മനസ്സിലാക്കാന്‍, നിര്‍ണ്ണായകമായ എല്ലാ കാര്യങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യര്‍ എങ്ങനെയുണ്ടായി; ഇന്ത്യ എങ്ങനെ അതിന്റെ ഇന്നത്തെ സ്ഥാനത്തെത്തി; ഭൂമിയുടെയും സമുദ്രത്തിന്റെയും ഘടനയും ആകൃതിയും എങ്ങനെയൊക്കെ മാറിവന്നു, ആയിരക്കണക്കിനു സസ്യങ്ങളും മൃഗങ്ങളും എങ്ങനെ പരിണമിച്ചുണ്ടായി, അവയില്‍ ചിലത് എങ്ങനെ ഇല്ലാതായി, ഇന്ത്യയിലെ വിവിധ വിഭാഗങ്ങള്‍ ഇന്ന് നമ്മള്‍ കാണുന്നതുപോലെ എന്തുകൊണ്ടായി എന്നൊക്കെ ഇതില്‍ പെടുന്നു. ഓരോ തുണ്ട് പാറയും ഓരോ തരി മണ്ണും ഓരോ കൊച്ചു ഫോസിലും നമ്മോട് ഓരോ കഥകള്‍ പറയുന്നുണ്ട്. ഈ കഥകളെ വേര്‍തിരിച്ചെടുത്ത് നമുക്ക് ലഭ്യമാക്കുന്ന ശാസ്ത്രജ്ഞന്മാരുടെ സ്ഥിരോത്സാഹവും സമര്‍പ്പണവും മൂലം, നമ്മള്‍ നമ്മുടെ അതിസങ്കീര്‍ണ്ണവും അത്യാവേശകരവുമായ ലോകത്തെ കൂടുതല്‍ അടുത്തറിയുന്നു.

ദിനോസോറുകളും ഭീകരന്മാരായ ഉരഗങ്ങളും ഭീമാകാരരായ സസ്തനികളും വിസ്മയിപ്പിക്കുന്ന സസ്യവര്‍ഗ്ഗങ്ങളും നിറഞ്ഞുനിന്നിരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ അതീവ മനോഹരമായി അവതരിപ്പിക്കുകയാണ് ഇന്‍ഡികയെന്ന കൃതിയിലൂടെ പ്രണയ് ലാല്‍. ബയോകെമിസ്റ്റും കലാകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അദ്ദേഹം പൊതുജനാരോഗ്യം, ആഗോളവ്യാപാരം, പാരിസ്ഥിതിക വിജ്ഞാനം, നിഗൂഢമായ പനിരോഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്നും പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.