DCBOOKS
Malayalam News Literature Website

ഒരു മനുഷ്യനെ എങ്ങനെ സൃഷ്ടിക്കാം?

 INDICA By : PRANAY LAL
INDICA By : PRANAY LAL

ദിനോസറുകളും ഭീകരന്‍മാരായ ഉരഗങ്ങളും ഭീമാകാരന്‍മാരായ സസ്തനികളും വിസ്മയിപ്പിക്കുന്ന സസ്യവര്‍ഗങ്ങളും നിറഞ്ഞുനിന്നിരുന്ന ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ അതീവ മനോഹരമായി അവതരിപ്പിക്കുന്നതാണ് ഇന്‍ഡിക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകം. ഇന്ത്യയുടെ ഭൂവിജ്ഞാനീയ ചരിത്രത്തെ പരിസ്ഥിതി വിജഞാനീയ ഭൂതകാലവുമായി ചേര്‍ത്തുപഠിക്കുകയാണ് ഈ ഗ്രന്ഥം. ഫോസില്‍ രേഖകളുടെ സമര്‍ത്ഥമായ വിനിയോഗത്തിലൂടെ നമ്മുടെ ഉപഭൂഖണ്ഡത്തിന്റെ രൂപപ്പെടല്‍ പരിശോധിക്കുന്ന ഈ പുസ്തകം ഇന്ത്യയുടെ പ്രകൃതി വിജ്ഞാനീയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ആഖ്യാനമായാണ് കണക്കാക്കുന്നത്. 

പുസ്തകത്തിൽ നിന്നും ഒരു ഭാഗം ഇതാ

12 മുതല്‍ 60 ദശലക്ഷം വര്‍ഷങ്ങള്‍ മുമ്പുള്ള കാലഘട്ടം. സമയത്തിന്റെ കണക്കെടുത്താല്‍, ആപേക്ഷികമായി ഇത് വളരെ ചെറിയൊരു കാലമാണ്. ഈ കാലഘട്ടത്തില്‍ വളരെയധികം സസ്തനികള്‍ വൃക്ഷങ്ങളില്‍നിന്നിറങ്ങി പല വാസസ്ഥാനങ്ങളും കയ്യേറി. അവ ഇലകള്‍, മാംസം എന്നിവയ്ക്കായുള്ള പുതുരുചികള്‍ രൂപപ്പെടുത്തി. പല ആകൃതികളും വലിപ്പങ്ങളുമായി ഒത്തുപോയി. പക്ഷേ, അപ്പോഴും വളരെ ചെറിയൊരു വിഭാഗം മരങ്ങളില്‍നിന്നിറങ്ങിയില്ല. ഒരു കണക്കിനു പറഞ്ഞാല്‍ തീരെ ഉത്സാഹശാലികളോ സാഹസങ്ങളെ നേരിടുവാന്‍ തയ്യാറല്ലാത്തവരോ ആയിരുന്നു ഇവര്‍. അല്ലെങ്കില്‍ അവരും മരത്തില്‍നിന്നും ഇറങ്ങിവരുമായിരുന്നു. ഈ സസ്തനികളെക്കുറിച്ചാണ് ഇനി നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. കാരണം, നമ്മുടെ ആദിപൂര്‍വ്വികര്‍ ഇവരില്‍നിന്നും വന്നവരാണ്. അവരില്‍നിന്നാണ് മനുഷ്യവര്‍ഗ്ഗം ഉരുത്തിരിഞ്ഞത്.

മരങ്ങളില്‍തന്നെ തങ്ങാന്‍ തീരുമാനിച്ച ഈ സസ്തനികള്‍ ആദ്യകാലങ്ങളില്‍ ആകാരത്തില്‍ ചെറിയവരായിരുന്നു. അതുകൊണ്ടുതന്നെ മറ്റ് ജീവികളെ സംബന്ധിച്ചിടത്തോളം ഇവര്‍ മൂലം പ്രത്യാഘാതങ്ങളൊന്നുമില്ലായിരുന്നു. കാടുകളും പുല്‍മൈതാനങ്ങളും ഭീമാകാരന്മാരായ സസ്യഭുക്കുകളുടെയും ക്രൗര്യമേറിയ മാംസഭുക്കുകളുടെയും അധീനത്തിലായിരുന്നു. ആദ്യകാല തിമിംഗലങ്ങള്‍ ജലത്തിലെ വാസം എങ്ങനെയുണ്ടെന്ന് അന്വേഷിച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ക്കൊന്നും വൃക്ഷവാസികളായ സസ്തനികളില്‍ ഒരു താത്പര്യവുമില്ലായിരുന്നു. ഈ വൃക്ഷവാസികള്‍ അവര്‍ക്കൊന്നും ഒരു ശത്രുവേ അല്ലായിരുന്നല്ലോ! മാത്രമല്ല, അവരാഗ്രഹിക്കുന്ന തരത്തിലുള്ള ഇരയുമായില്ല, ഈ വൃക്ഷവാസികള്‍. എന്നാല്‍ ഏകദേശം 20 ദശലക്ഷം വര്‍ഷം മുമ്പ്, പുഷ്പിക്കുന്ന സസ്യങ്ങളില്‍ ഒരു Pranay Lal-Indica-Indian Upabhooghandathinte Paristhithika Charithramവിപ്ലവം നടന്നു. ഇതിന്റെ ഫലമായി പുതിയ പഴവര്‍ഗ്ഗങ്ങളും പച്ചിലകളും സമൃദ്ധമായി വികസിച്ചു. ഇത് ആള്‍ക്കുരങ്ങുകളുടെ ആകാരവലിപ്പം വര്‍ദ്ധിക്കുന്നതിലും പ്രാധാന്യം വര്‍ദ്ധിക്കുന്നതിലും പ്രഭാവമുണ്ടാക്കി.

പുസ്തകം വാങ്ങുന്നതിനായി സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

”ആള്‍ക്കുരങ്ങ്’ എന്ന് നമ്മളിവിടെ വിളിക്കുന്നത് ഒരു മൃഗസഞ്ചയത്തെത്തന്നെയാണ്. ഇതില്‍ കാട്ടുകുരങ്ങുകളുടെ വര്‍ഗ്ഗമായ ലെമൂര്‍ (lemur), സാധാരണ കണ്ടുവരുന്ന കുരങ്ങുകള്‍, വാലില്ലാക്കുരങ്ങുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. സാങ്കേതികമായി പറഞ്ഞാല്‍ ഇത് ഒരു പ്രത്യേക വര്‍ഗ്ഗംതന്നെയാണ്. ആള്‍ക്കുരങ്ങിന്റെ വര്‍ഗ്ഗത്തെ രണ്ടു ശാഖകളായി വിഭജിച്ചിട്ടുണ്ട്. ഇതിലാദ്യത്തേതാണ് പ്രൊസിമിയനുകള്‍ (prosimians). ഇതില്‍ കാട്ടുകുരങ്ങുകളായ ലെമൂറുകള്‍, ടാര്‍സിയര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയാണ് ഏറ്റവും പുരാതന വര്‍ഗ്ഗം എന്ന് കരുതപ്പെടുന്നു. രണ്ടാമത്തേത് ആന്ത്രോപോയിഡ്സ് (anthropoids) എന്ന് വിളിക്കുന്ന വിഭാഗമാണ്. ഇവയെ വീണ്ടും ഉപവര്‍ഗ്ഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. കുരങ്ങുകള്‍, വാലില്ലാക്കുരങ്ങുകള്‍, ”ഹോമിനിനുകള്‍’ (hominins) എന്നിങ്ങനെ. ഇതിലെ ഹോമിനിനുകളില്‍ മനുഷ്യര്‍ ഉള്‍പ്പെടുന്നു. നമ്മുടെ തൊട്ടു മുന്നിലെ പൂര്‍വ്വികരും പുരാതന ഹോമിനിഡുകളും ഇതിന്റെ ഭാഗമാണ്. (ഹോമിനിഡുകള്‍ എന്നത് ഹോമോ (Homo) എന്ന ഗോത്രത്തെ കാണിക്കുന്നതാണ്).

കുരങ്ങുകളുടെ ഉപവിഭാഗത്തില്‍, ഇന്ത്യന്‍ ലംഗൂര്‍, ആഫ്രിക്കന്‍ ബബൂണ്‍, മകാക്ക് എന്നിവയുണ്ട്. 220 ഗണങ്ങള്‍ ഇതിലുണ്ട്. ഏകദേശം 40 ദശലക്ഷം വര്‍ഷം മുമ്പ്, അവയെല്ലാം ആകാരത്തില്‍ ചെറുതായിരുന്ന കാലത്ത്, അതില്‍ ചില കുരങ്ങുകള്‍ ഏഷ്യ വിട്ട് ആഫ്രിക്കയിലെത്തി. അവിടെനിന്ന് ദ്വീപുപാലങ്ങള്‍വഴി തെക്കന്‍ അമേരിക്കയിലുമെത്തി. ഈ അഗ്രഗാമികളാണ് ഇന്ന് നമ്മള്‍ ”ആധുനികകാല കുരങ്ങുകള്‍’ എന്നുവിളിക്കുന്ന പുതിയ കുരങ്ങുകുടുംബത്തിനു തുടക്കമിട്ടത്. ഇതില്‍ തമാറിന്‍ (Tamarin), മര്‍മൊസെറ്റ് (marmoset), കാപുചിന്‍ (capuchin) എന്നിവ ഉള്‍പ്പെടുന്നു. ആധുനികകാല കുരങ്ങുകള്‍ പഴയ കാല കുരങ്ങുകളില്‍നിന്നും വ്യത്യസ്തരാണ്. ഇവര്‍ക്ക് കൂടുതല്‍ പരന്ന മൂക്കാണുള്ളത്. നീളമേറിയ വാലുണ്ട്. ഈ വാലുകൊണ്ട് എവിടെയും കൊളുത്തിപ്പിടിക്കുവാനാകും. നിറങ്ങള്‍ ഇവയ്ക്ക് വേര്‍തിരിച്ചറിയുവാനാകില്ല. (ഓരിയിടുന്ന കുരങ്ങ് എന്നറിയപ്പെടുന്ന (howler monkey) വര്‍ഗ്ഗം മാത്രമാണിതിനൊരു അപവാദം.) ഇതപേക്ഷിച്ചു നോക്കിയാല്‍ പഴയകാല കുരങ്ങുകളുടെ മൂക്ക് കുറച്ചുകൂടി എഴുന്ന് നില്‍ക്കുന്നതായിരുന്നു, വാലുകൊണ്ട് ചുറ്റിപ്പിടിക്കാനാകില്ലായിരുന്നു, തള്ളവിരലുകള്‍ എതിര്‍ദിശയിലേക്ക് തള്ളി നില്‍ക്കുന്നതായിരുന്നു. മാത്രമല്ല അവയ്ക്ക് നിറങ്ങള്‍ തിരിച്ചറിയുവാനുമാകുമായിരുന്നു.

ഈ പഴയകാല കുരങ്ങുകളാണ് പില്‍ക്കാലത്ത് വികസിച്ചുണ്ടായ എല്ലാ കുരങ്ങ്-വാലില്ലാക്കുരങ്ങുവര്‍ഗ്ഗങ്ങള്‍ക്കും വേണ്ട ജനിതക അടിത്തറ നിര്‍മ്മിച്ചത്. ജനിതകപഠനങ്ങള്‍ കാണിക്കുന്നത് ഏഷ്യയില്‍ വസിച്ചിരുന്ന ഒരു തരം കുരങ്ങാണ് ഈ പഴയകാല കുരങ്ങുകളുടെ പൂര്‍വ്വപിതാമഹന്‍ എന്നാണ്. അതില്‍നിന്നാണു പിന്നീട് ആധുനിക വാലില്ലാക്കുരങ്ങുകളും ഉത്ഭവിച്ചത്. ഈ വാലില്ലാക്കുരങ്ങുകളില്‍ ഒറങ് ഉട്ടാന്‍, ഗൊറില്ല, ചിമ്പാന്‍സി, മനുഷ്യന്‍ എന്നിവ ഉള്‍പ്പെടുന്നു. അതുപോലെതന്നെ അത്രയും വികാസമില്ലാത്ത ഗിബ്ബോണുകള്‍പോലെയുള്ള വാലില്ലാക്കുരങ്ങുകളും ഈ ഒരേ പൂര്‍വ്വികനില്‍നിന്നും വികസിച്ചതാണ്. 18 ദശലക്ഷം വര്‍ഷം മുമ്പാണീ പരിണാമം സംഭവിക്കുന്നത്. മനുഷ്യര്‍, ഗൊറില്ല, ചിമ്പാന്‍സി എന്നിവയെല്ലാം ഒരേ പൂര്‍വ്വികനില്‍നിന്നും വന്ന് പിന്നീട് വിവിധ കാരണങ്ങളാല്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു.

ആധുനിക ഗൊറില്ലയായി രൂപാന്തരം പ്രാപിച്ച പൂര്‍വ്വികര്‍ 12.5 ദശലക്ഷം വര്‍ഷംമുമ്പ് ചിമ്പാന്‍സികളുടെയും മനുഷ്യരുടെയും പൂര്‍വ്വികനില്‍നിന്നും തന്‍റേതായ മാര്‍ഗ്ഗം കണ്ടെത്തിയതായിരുന്നു. നമ്മള്‍ മനുഷ്യരുടെ പൂര്‍വ്വികര്‍ ചിമ്പാന്‍സികളില്‍നിന്നും 5 മുതല്‍ 8 ദശലക്ഷം വര്‍ഷം മുമ്പുള്ള കാലഘട്ടത്തില്‍ വേര്‍പിരിഞ്ഞുപോന്നവരാണ്. പരിണാമപാതയില്‍ പലതവണ കണ്ടു മുട്ടിയതിനുശേഷം, വാലില്ലാക്കുരങ്ങുകളുടെയും നമ്മള്‍ മനുഷ്യരുടെയും പൂര്‍വ്വികന്‍ ഉരുത്തിരിയുകയും അവ വൈവിധ്യമുള്ള ജനിതക സംഭരണികളോടെ വിവിധ കുടുംബങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇങ്ങനെയുള്ള യാത്രയ്ക്കിടയില്‍ ഇവയെല്ലാം പല തവണ പരസ്പരം ബന്ധത്തിലായി, സങ്കരവര്‍ഗ്ഗങ്ങളെ സൃഷ്ടിിച്ചിട്ടുണ്ടാകണം.

ഒരു കാര്യം ഉറപ്പാണ്. മനുഷ്യര്‍ കുരങ്ങുകളില്‍നിന്നും ഉത്ഭവിച്ചവരല്ല. മനുഷ്യരും കുരങ്ങുകളും ഒരേ പൂര്‍വ്വികനില്‍നിന്നും ഉത്ഭവിച്ചതാണ്. ആ പൂര്‍വ്വികവംശമാകട്ടെ എന്നേ ഇല്ലാതാകുകയും ചെയ്തു. എന്നാല്‍ മനുഷ്യനിലേക്കുള്ള പരിണാമം എന്ന വിഷയം വളരെ സങ്കീര്‍ണ്ണമാണ്, രാഷ്ട്രീയപരമായും സാംസ്‌കാരികമായും വൈകാരികമാണ്. അഭിപ്രായവ്യത്യാസങ്ങളില്ലാത്ത നേരേചൊവ്വേയുള്ള വിശദീകരണങ്ങളോ ഉത്തരങ്ങളോ ഇതിനില്ല. എല്ലാവര്‍ഷവും കണ്ടെത്തുന്ന പുതിയ ഫോസിലുകളും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിശകലനങ്ങളും നമ്മുടെ ഉല്‍പത്തിയെക്കുറിച്ചും അതിന്റെ സമയത്തെക്കുറിച്ചുമുള്ള നമ്മുടെ അറിവിനെ വീണ്ടും ഉറപ്പിക്കുവാന്‍ ഉപകരിക്കുന്നു. എന്നാല്‍ ഇന്നും മറ്റ് പക്ഷപാതങ്ങളാലും താത്പര്യങ്ങളാലും സംരക്ഷിക്കപ്പെടുന്ന പ്രസ്താവങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിലേക്ക് ഇനിയും ദൂരമുണ്ട്.

പുസ്തകം വാങ്ങുന്നതിനായി സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.