DCBOOKS
Malayalam News Literature Website

വീണ്ടെടുക്കേണ്ട ഇന്ത്യനവസ്ഥകള്‍

ജൂണ്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്

അഭിമുഖം, ബി. രാജീവന്‍ / പ്രൊഫ. പൂജ സാഗര്‍

ഇന്ത്യയെ രാഷ്ട്രീയമായി വീണ്ടെടുക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള ഒരു പ്രവര്‍ത്തിയാണ്. ഫാസിസത്തിന്റെ വിവിധങ്ങളായ കടന്നുകയറ്റങ്ങളില്‍നിന്ന് രാജ്യം ഇനിയെങ്കിലും മോചനം നേടേണ്ടതുണ്ട്. പ്രമുഖ സാമൂഹികചിന്തകന്‍ ബി. രാജീവനുമായി പൂജ സാഗര്‍ നടത്തിയ സംഭാഷണം പച്ചക്കുതിരയുടെ ജൂണ്‍ ലക്കത്തില്‍.

ഭാവിയുടെ രാഷ്ട്രീയ ചിന്തക്ക് വഴി തുറക്കുന്ന ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’ എന്ന ബി. രാജീവന്റെ ബൃഹത് ഗ്രന്ഥത്തിന്റെ അവതാരിക പ്രസിദ്ധ ചിന്തകനായ ഡോ. ഉദയകുമാര്‍ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്.

”ഫാസിസത്തെ ഭാവശക്തികളുടെ തലത്തില്‍ സൂക്ഷ്മമായി മനസ്സിലാക്കുന്ന പഠനങ്ങള്‍ ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ വേണ്ടത്ര ഉണ്ടായിട്ടില്ല. അത്തരം അന്വേഷണങ്ങള്‍ക്ക് ഈ ലേഖനങ്ങള്‍ വഴിതുറക്കുന്നു. ലിബറല്‍-ഇടതുപക്ഷ വ്യവഹാരങ്ങളുടെ മുഖ്യധാരയില്‍നിന്ന് വ്യത്യസ്തമായി കീഴാളജനതയുടെ സ്വാധികാരത്തിന് ഊന്നല്‍ കൊടുക്കുന്ന ‘ബദല്‍ ജനാധിപത്യം’ എന്ന സങ്കല്പമാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ രാജീവന്‍ മുന്നോട്ട് വയ്ക്കുന്നത്. Pachakuthiraജൈവശക്തികളുടെ സഹജവൈവിദ്ധ്യത്തെ നിഷേധിക്കുന്ന ഏകമാനമായ ജനതാസങ്കല്പങ്ങള്‍ക്കൊക്കെ ബദലായി ജനസഞ്ചയത്തിന്റെ ബഹുലതയെയും അന്തഃസ്ഥിതാധികാരത്തെയും ഈ പുസ്തകം ഉയര്‍ത്തിപ്പിടിക്കുന്നു. നമുക്കുചുറ്റും ഇന്നുയരുന്ന ജനസഞ്ചയപ്രതിരോധങ്ങളില്‍ പ്രകാശിക്കുന്നത് കീഴാളജനതയുടെ ജീവിതോന്മുഖമായ സഹജശക്തിയാണെന്ന് രാജീവന്‍ പറയുന്നു. ആ ശക്തിയെ രാഷ്ട്രീയചിന്തയിലേക്ക് വീണ്ടെടുക്കുകയെന്ന ദൗത്യം തന്നെയാണ് ഇന്‍ഡ്യയുടെ വീണ്ടെടുക്കല്‍. ഈ സര്‍ഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വര്‍ത്തമാനകാലത്തില്‍ നമ്മോട് സംവദിക്കുന്നു”

ഇന്ത്യയെ രാഷ്ട്രീയമായി വീണ്ടെടുക്കുക എന്ന ആശയം മുന്‍നിര്‍ത്തി, ബി. രാജീവനുമായി ബാംഗ്ലൂരിലെ ‘സൃഷ്ടി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ട് ആന്‍ഡ് ഡിസൈനി’ലെ പ്രൊഫസര്‍ പൂജ സാഗര്‍ നടത്തുന്ന അഭിമുഖം.

പൂജ സാഗര്‍: എന്താണ് ഇന്ത്യയുടെ വീണ്ടെടുക്കല്‍ എന്ന താങ്കളുടെ പുതിയ ഗ്രന്ഥത്തിന്റെ വര്‍ത്തമാന കാല രാഷ്ട്രീയ പ്രസക്തി?

ബി. രാജീവന്‍: നാം ഇന്ന് കടന്നു പോകുന്ന വര്‍ത്തമാനകാലം പഴയ മുതലാളിത്ത വ്യവസ്ഥ ആഗോള മൂലധന സാമ്രാജ്യ വ്യവസ്ഥയായി രൂപാന്തരപ്പെട്ട് ലോകത്തെ ഒന്നാകെ
Textഗ്രസിക്കുകയും മനുഷ്യാദ്ധ്വാനത്തിന്റെ വിവിധ രൂപങ്ങളേയും പ്രകൃതിയേയും അതിതീവ്രമായി കൊള്ളയടിച്ച് പെരുകുകയും ചെയ്യുന്ന ഒരു ഭീകരാവസ്ഥയുടേതാണ്. അതേസമയം ഈ കാലം ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്ന ആഗോളമൂലധന സാമ്രാജ്യത്തിനും അതിന്റെ ദേശീയ സാമന്ത ഭരണകൂടത്തിനുമെതിരെ വിവിധ ചൂഷിത ജനവിഭാഗങ്ങള്‍ ഒരപ്രതിരോധ്യ രാഷ്ട്രീയ ശക്തിയായി സ്വയം സംഘടിച്ച് പുതിയ സര്‍ഗ്ഗാത്മക രാഷ്ട്രീയ സമരരൂപങ്ങള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ഒന്നുകൂടിയാണ്. ഇന്ത്യയില്‍ തന്നെ പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരെ സ്ത്രീകളുടെ കൂട്ടായ നേതൃത്വത്തിലും കര്‍ഷക നിയമത്തിനെതിനെതിരെ വിവിധ കര്‍ഷക സമൂഹങ്ങളുടെ നേതൃത്വത്തിലും ഉയര്‍ന്നു വന്ന സമരങ്ങളില്‍ ആഗോള കോര്‍പ്പറേറ്റ് മൂലധന വ്യവസ്ഥക്കും അതിന്റെ നടത്തിപ്പുകാരായ ദേശീയ സാമന്തന്മാര്‍ക്കുമെതിരെ ലോകമെമ്പാടും ഉയര്‍ന്നു തുടങ്ങുന്ന പുതിയ സമരപരീക്ഷണങ്ങളുടെ മാതൃകയാണ് നാം കാണുന്നത്. ഈ കീഴാള ബദല്‍ ജനസഞ്ചയ ജനാധിപത്യ സമരങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിപ്ലവകരമായ രാഷ്ട്രീയ ശക്തിയെ സൈദ്ധാന്തികമായി വെളിപ്പെടുത്താനും അതിന്റെ ചരിത്രപരമായ സാധ്യതകള്‍ കണ്ടെത്താനുമുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തില്‍ നടക്കുന്നത്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ജൂണ്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍  ലക്കം ലഭ്യമാണ്‌

 

Comments are closed.