DCBOOKS
Malayalam News Literature Website

ചരിത്രത്തില്‍ നിന്നുള്ള കനലുകള്‍: എന്‍.കെ.ഭൂപേഷ്

ഇന്ത്യന്‍ റിപ്പബ്ലിക് നിലവില്‍ വന്നിട്ട് ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. മതേതരത്വത്തിലും ഫെഡറിലസത്തിലും അടിസ്ഥാനമാക്കിയ ഇന്ത്യന്‍ സംവിധാനം ലോകത്തെ ഏറ്റവും പ്രകീര്‍ത്തിക്കപ്പെടുന്ന പാര്‍ലമെന്ററി ജനാധിപത്യ മാതൃകകളിലൊന്നാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിലെ ഭൂരിപക്ഷം ഉപയോഗിച്ചുതന്നെ ജനാധിപത്യത്തെയും മതേതരത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ഭരണകൂട ഇടപെടലുകളുടെ അനുഭവങ്ങള്‍ നമ്മുടെ നാടിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലുമുണ്ട്. എന്നാല്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വ്യവസ്ഥയ്ക്ക് എതിരെയുണ്ടായ കൈയേറ്റത്തെ ഒരുതവണ തിരുത്തിയ അനുഭവവും രാജ്യത്തിന്റെ അത്ര വിദൂരമല്ലാത്ത ചരിത്രത്തിലുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം സംഭവിച്ചത് ആ തിരുത്താണ്. ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന പലവിധങ്ങളായ കൈയേറ്റങ്ങളും ഭാവിയില്‍ ജനങ്ങള്‍ ഇടപെട്ട് തിരുത്തുവരുത്തും എന്നു തന്നെയാണ് കരുതേണ്ടത്.

എന്നാല്‍ സംവിധാനത്തിന്റെ പുറത്തുനിന്ന് ഇന്ത്യന്‍ സംവിധാനം പലരീതിയില്‍ രാഷ്ട്രീയമായി വെല്ലുവിളിക്കപ്പട്ടിട്ടുണ്ട്. ഇപ്പോഴും പൂര്‍ണ അര്‍ത്ഥത്തില്‍ അങ്ങനെയുള്ള വെല്ലു വിളികളെ രാഷ്ട്രീയമായി നേരിടാനും പരിഹരിക്കാനും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ചില വെല്ലുവിളികള്‍ വലിയ തോതില്‍ പരിഹരിക്കപ്പെടുകയോ ഇല്ലായ്മ ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. Textഇന്ത്യന്‍ സംവിധാനം നേരിട്ട ഇത്തരം ആഭ്യന്തര വെല്ലുവിളികളെക്കുറിച്ചാണ് ഈ പുസ്തകം വിശദമാക്കാന്‍ ശ്രമിക്കുന്നത്. വിവിധതരം രാഷ്ട്രീയ സ്വഭാവമുള്ള വെല്ലുവിളികളാണ് ഇന്ത്യന്‍ ഭരണസംവിധാനത്തിന് നേരെ ഉയര്‍ന്നുവന്നത്. സ്വാതന്ത്ര്യത്തിന്റെ ആദ്യ ദിവസങ്ങളില്‍ ആരംഭിച്ച് ഇപ്പോഴും പരിഹാരമാകാതെ തുടരുന്ന കശ്മീരിലെ പ്രശ്നങ്ങള്‍, അതിന്റെ ചരിത്രവും വര്‍ത്തമാനവും, തെലങ്കാനയിലും മറ്റിടങ്ങളിലും അരങ്ങേറിയ കമ്മ്യൂണിസ്റ്റ് വിപ്ലവശ്രമങ്ങള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ദേശീയവാദ മുന്നേറ്റങ്ങള്‍, പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദമുയര്‍ത്തിയ പ്രശ്നങ്ങള്‍, തമിഴ്നാട്ടിലെ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളും ദ്രാവിഡനാട് വാദവും ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ തുടരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമാണ് ഇതില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ഈ സംഭവങ്ങളുടെ ചരിത്ര പശ്ചാത്തലവും വര്‍ത്തമാനകാല അവസ്ഥകളുമാണ് പറഞ്ഞുപോകുന്നത്.

ഇന്ത്യ ഇന്നത്തെ നിലയിലുള്ള ഒരു രാജ്യമായി രൂപീകരിക്കപ്പെട്ടതിനു ശേഷം, അതിന്റെ അടിസ്ഥാനമായിരിക്കുന്ന രാഷ്ട്രഘടനയെ വെല്ലുവിളിച്ച് രംഗത്തുവന്ന പ്രസ്ഥാനങ്ങളെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുത്തേണ്ടന്യായമായും വാദിക്കാവുന്ന ചില സംഘടനകള്‍ ഉണ്ട്. മതേതതര ആശയങ്ങളെ അംഗീകരിക്കാത്ത, ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന ആശയങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും ഇതിന്റെ പരിധിയില്‍ വരേണ്ടതാണെന്ന വാദത്തോട് യോജിക്കുന്ന ആളുതന്നെയാണ് ഈ ലേഖകന്‍. അത് പക്ഷേ, കൂടുതല്‍ വിശദമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ചെറുതും വലുതുമായ നിരവധി സംഘടനകളാണ് അത്തരത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന വിവിധ വര്‍ഗീയ കലാപങ്ങളും ഇതിന്റെ പരിഗണനയില്‍ വന്നിട്ടില്ല. എല്ലാ വര്‍ഗീയകലാപങ്ങളും അടിസ്ഥാനപരമായി ഇന്ത്യന്‍ മതേതര സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പൊതുവില്‍ പറയാമെങ്കിലും ഓരോന്നിനും ഓരോ സവിശേഷമായ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. അവ ക്രമസമാധാന പ്രശ്നം കൂടിയാണ്. ഒരു തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ നടത്തപ്പെടുന്ന കലാപങ്ങള്‍ മുതല്‍ വംശഹത്യ ലക്ഷ്യമാക്കി അരങ്ങേറിയ കൂട്ടക്കൊലകള്‍ വരെ അതിന്റെ ഭാഗമാണ്. ഈ പുസ്തകത്തില്‍ വിശദീകരിക്കാന്‍ ശ്രമിച്ച സംഭവങ്ങളില്‍നിന്ന് അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമായ സംഭവങ്ങളാണ് ഇതെന്നതുകൊണ്ടുതന്നെ ഇതിന്റെ ഭാഗമാക്കിയിട്ടില്ല.

രാഷ്ട്രീയപ്രശ്നങ്ങള്‍ എന്ന നിലയിലാണ് ഇതില്‍ ഉള്‍പ്പെടുത്തിയ സംഭവങ്ങളെ സമീപിച്ചിട്ടുള്ളത്. അവയുടെ കാരണവും പരിണാമത്തെയും കുറിച്ച് വിവരിച്ചുപോകുകയാണ് ചെയ്തിട്ടുള്ളത്. ലഭ്യമായ ചരിത്രപുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും അടിസ്ഥാനത്തില്‍ മാറിനിന്ന് സംഭവങ്ങളെ വിവരിച്ചു പോകുകയാണ് ചെയ്തിട്ടുള്ളത്.

ഇന്ത്യന്‍ ദേശീയതയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് ഇതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ അല്ലാതെ നടന്നിട്ടുള്ള സംഭവങ്ങളുടെ പ്രത്യേകത എന്ന് പറയാവുന്നത്. അതില്‍ മതത്തിന്റെയും വംശീയ മേധാവിത്വശ്രമങ്ങളുടെയും സ്വാധീനം ഏറിയും കുറഞ്ഞുമുണ്ടുതാനും. ഈ പ്രശ്നങ്ങളെ ഇന്ത്യ ഭരിച്ച വിവിധ സര്‍ക്കാരുകള്‍ക്ക് രാഷ്ട്രീയമായി അഭിമുഖീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നത് ഒരു ചോദ്യമാണ്. ജനാധിപത്യം ഭരണഘടനയുടെ ആധാരമായിരിക്കുന്ന ഒരു രാഷ്ട്രത്തിന് തങ്ങളോട് കലഹിക്കുന്നവരോട് രാഷ്ട്രീയമായി അല്ലാതെ എങ്ങനെ പ്രതികരിക്കാന്‍ കഴിയുമെന്നതും വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. രാഷ്ട്രീയമായും ഈ വെല്ലുവിളികളെ നേരിടാന്‍ സന്നദ്ധമായ ചില സ്ഥലങ്ങളില്‍ താരതമേന്യ സമാധാനപരമായി പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ടെന്നതും എടുത്തുപറയേണ്ടതാണ്.

അതേസമയം ലോകത്തെതന്നെ ഏറ്റവും കൂടുതല്‍ സൈനികസാന്നിധ്യമുള്ള പ്രദേശമായി കശ്മീര്‍ തുടരുന്നുവെന്നത്, ഇന്ത്യയുടെശക്തിയുടെ സൂചകമായല്ല, മറിച്ച് പ്രശ്നങ്ങളെ രാഷ്ട്രീയമായി അഭിമുഖീകരിക്കാന്‍ കഴിയാത്തത്തിന്റെ പരാജയമായാണ് വിലയിരുത്തേണ്ടത്. 2019 ഓഗസ്റ്റ് അഞ്ചോടെകശ്മീര്‍ തന്നെ നേരത്തെ നിലനിന്ന അര്‍ത്ഥത്തില്‍ ഇല്ലാതായിരിക്കുന്നു. പക്ഷേ, പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുമില്ല. പഞ്ചാബിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മധ്യ ഇന്ത്യയിലും ഇപ്പോഴും കനലുകള്‍ പുകയുന്നു. സൈനികമായല്ലാതെ രാഷ്ട്രീയമായി ഈ ആഭ്യന്തരയുദ്ധങ്ങള്‍ നേരിടാനുള്ള ആത്മവിശ്വാസം ഭരണകൂടത്തിന് ഉണ്ടാവുമ്പോള്‍ ആ നാടുകളിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സമാധാനപരമായും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ കഴിയും. അത് സാധ്യമാകട്ടെ എന്നു മാത്രമെ ഇപ്പോള്‍ കരുതാനാവൂ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.