DCBOOKS
Malayalam News Literature Website

പാൻഇന്ത്യൻ വിശപ്പുകളുടെ പഞ്ചതന്ത്രംകഥകൾ

ഡോ. പി. ലക്ഷ്മി
വിശപ്പിന് അതിർത്തിഭേദങ്ങളില്ല’ എന്നുപറയുന്ന കഥയെഴുതിയ ആളാണ് സുനു എ.വി. എന്നിട്ടും എന്തേ ഇങ്ങനെയൊരു തലക്കെട്ട് എന്ന് ന്യായമായും തോന്നാം. ഇന്ത്യൻ വിശപ്പെന്നൊരു വിശപ്പുണ്ടോ? ഇല്ല. വിശപ്പിന് എവിടെയും ഒരേ എരിയലാണ്. പക്ഷേ സുനുവിന്റെ കഥകളിൽ ഒരു പാൻ ഇന്ത്യൻ വിശപ്പുണ്ട്. ഭക്ഷണത്തിന്റെ പേരിൽ കൊല്ലപ്പെട്ടവരുടെയും പട്ടിണികൊണ്ട് മരിച്ചവരുടെയും അന്നഭേദത്തിന്റെ പാരമ്പര്യത്തിൽ അകറ്റിമാറ്റപ്പെട്ട പ്രണയികളുടെയും വിശപ്പാണ് അത്. സുനുവിന്റെ അഞ്ച് കഥകളിലും ശീതയുദ്ധം, അബൂബക്കർ അടപ്രഥമൻ, ഈജിപ്ഷ്യൻ മമ്മിയും പെൺപ്രതിമയും, ഇന്ത്യൻ പൂച്ച, ആപ്പിൾ വിശപ്പും അന്നവുമാണ് ആവർത്തിച്ചുവരുന്നതും പ്രധാനപ്പെട്ടതുമായ കഥാഘടകം.
ഓരോ കഥയിലെയും സംഭവങ്ങൾ ഉരുത്തിരിയുന്നതും വികസിക്കുന്നതും അന്നം എന്ന മോട്ടിഫിൽനിന്നുമാണ്. മനുഷ്യരെ തമ്മിൽ അടുപ്പിക്കുകയും വലിച്ചകറ്റുകയും ചെയ്യുന്നത് അന്നമാണ്. കേരളത്തിലും കേരളത്തിനു പുറത്തും സംഭവിക്കുന്ന ഈ കഥകൾ ഇന്ത്യൻ വിശപ്പുകളുടെ കഥകളാകുന്നത് അങ്ങനെയാണ്.
ഇവിടെ വിശപ്പുകൾ മനുഷ്യശരീരത്തിന്റെ അതിസ്വാഭാവികമായ ഒരവസ്ഥയല്ല. അവൻ കഴിക്കുന്ന ഭക്ഷണം അവന്റെ സ്വേച്ഛാപരമായ തിരഞ്ഞെടുപ്പുമല്ല. സാംസ്കാരികവും രാഷ്ട്രീയവുമായ രൂപപ്പെടുത്തലുകളാണ് സുനുവിന്റെ കഥകളിലെ വിശപ്പുകൾ. ശീതയുദ്ധം എന്ന കഥയിൽ മൂന്ന് കഥാപാത്രങ്ങളാണുള്ളത്. മൂന്നുപേർ കണ്ടുമുട്ടുന്ന ഒരൊറ്റ ദിവസത്തെ സംഭവവികാസങ്ങൾ. മൂന്നുപേരും അന്ന് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നുമുണ്ട്. ഒരേയാൾ വെച്ചുവിളമ്പിയിട്ടും മൂന്നുപേരും ഉണ്ടത് മൂന്ന് അന്നമായിമാറുന്ന രാസവിദ്യ ജാതിയുടെയും ലിംഗഭേദത്തിന്റേതും പ്രണയത്തിന്റേതുമാണ്.
Text`രാവിലെ ദോശയുടെ മേലൊഴിച്ച സാമ്പാറിൽ വെളുത്തുള്ളിയുടെ അതിപ്രസരം കണ്ട് അപ്പുമാഷ് അമ്പരന്നു. തനിക്ക് വെളുത്തുള്ളി ഇഷ്ടമല്ല. പത്മക്കത് നന്നായി അറിയുന്ന കാര്യമാണ്. വിവാഹശേഷം കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഒരിക്കൽപോലും അവൾ കറികളിൽ വെളുത്തുള്ളി ചേർത്തിട്ടുമില്ല. മുഖത്തു തെളിഞ്ഞ നീരസം മറച്ചുവെക്കാതെ അയാൾ ശ്രദ്ധാപൂർവ്വം വെളുത്തുള്ളിയെടുത്ത് നീക്കിക്കൊണ്ട് കഴിച്ചുതുടങ്ങി. പക്ഷേ തക്കാളിയുടെ തൊലിച്ചുവപ്പിനിടയിൽ ഒളിച്ചിരുന്നൊരു വെളുത്തുള്ളി പല്ലുകൾക്കിടയിൽ കുരുങ്ങിയതോടെ അപ്പുമാഷിന്റെ ക്ഷമ കെട്ടു. പാതിയരഞ്ഞ ഉമിനീരിൽക്കുതിർന്ന ദോശക്കഷ്ണങ്ങൾ മേശപ്പുറത്തേക്ക് അയാൾ നീട്ടിത്തുപ്പി.
`എനിക്ക് വെളുത്തുള്ളി പിടിക്കില്യാന്ന് അറിഞ്ഞൂടെ പത്മാ?’
മറുപടിയായി ഒന്നുരണ്ട് സ്റ്റീൽപാത്രങ്ങൾ തറയിൽവീണ് ഉച്ചത്തിൽ കരഞ്ഞു.
ഇങ്ങനെയാണ് `ശീതയുദ്ധം’ തുടങ്ങുന്നത്. ഒരു പാത്രം വീഴുന്ന ഒച്ചയിലും വെളുത്തുള്ളിച്ചുവയിലുമായി. ആദ്യഖണ്ഡികയിൽനിന്നുതന്നെ അസ്വസ്ഥമായ ദാമ്പത്യജീവിതത്തിലെ അതൃപ്തികളും ഒത്തുതീർപ്പുകളും കഥ വ്യക്തമാക്കുന്നുണ്ട്. ഇരുപത് വർഷമായി ഉപയോഗിക്കാതിരുന്ന വെളുത്തുള്ളി ഇന്ന് എന്തുകൊണ്ട് സാമ്പാറിൽ അരഞ്ഞുചേർന്നുവെന്ന ആകാംക്ഷയ്ക്കു ചുറ്റും കഥ വിടരുമ്പോൾ അപ്പുമാഷ് എന്ന സവർണപുരുഷന്റെ വ്യക്തിചിത്രം കൂടുതൽ തെളിഞ്ഞുവരുന്നു.
അയാൾക്ക് വെളുത്തുള്ളി ഇഷ്ടമല്ല. കാരണം വെളുത്തുള്ളിയൊരു അവർണഭക്ഷണപദാർത്ഥമാണ്. ജ്യോതിഷത്തിലും വാരഫലത്തിലും വിശ്വസിക്കുകയും ഭരണഘടനയിലോ മാനുഷികതയിലോ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യനാണ് അപ്പുമാഷ്. അയാൾക്കിരിക്കാൻ ഒരു ചാരുകസേരയുണ്ട്. ആ കസേരയേക്കാൾ ഉയരം കുറഞ്ഞ ചില കസേരകളാണ് അയാൾ തനിക്കഭിമുഖമായി ഇട്ടിരിക്കുന്നത്. തനിക്കുതാഴെ മാത്രമേ മറ്റാരും ഇരുന്നുകൂടാവു എന്ന അപ്പുമാഷിന്റെ മനോഭാവത്തെ ഈയൊരു ചെറുദൃശ്യത്തിലൂടെ കഥ വ്യക്തമാക്കുന്നു.
അയാൾ ജീവിതത്തിൽ വാത്സല്യത്തോടെ നോക്കുന്ന ഏകജീവി അയാളുടെ തൊഴുത്തിലെ പശുവാണ്. ഭാര്യയോടോ താൻ പഠിപ്പിക്കുന്ന കുട്ടികളോടോ അയാൾക്ക് മമതയോ ആർദ്രതകളോയില്ല. വേലിക്കടിയിലൂടെ നൂണുവന്ന് മുറ്റത്തെത്തിയ പട്ടിയെ അയാൾ ഓടിച്ചുവിടുന്നുണ്ട്. അയാളുടെ അമ്മിണിപ്പയ്യിന് പട്ടിയെ പേടിയാണത്രേ! ഈ അമ്മിണിപ്പശുവിന് ഇന്ത്യൻ രാഷ്ട്രീയസാഹചര്യത്തിലുള്ള പ്രസക്തി നമുക്കറിയാവുന്നതാണ്. പശുവിനെ പൂജിക്കുകയും പോത്തിറച്ചി കഴിച്ചതിന്റെ പേരിൽ മനുഷ്യനെ വെട്ടിക്കൊല്ലുകയും ചെയ്യുന്ന ഇന്ത്യൻസാഹചര്യങ്ങളുടെ കഥയാണ് ശീതയുദ്ധം. അതിനാൽ അയാളുടെ വേലിക്കകത്തെ വീടും പറമ്പുമടങ്ങിയ ആ കൊച്ചുപുരയിടം ഇന്ത്യയുടെ ഒരു ചെറിയ സ്പെസിമെൻ ആയിമാറുന്നു.
അപ്പുമാഷ് ഇന്ത്യൻ ജാതിചിന്തയുടെയും സങ്കുചിതബോധങ്ങളുടെയും വക്താവാകുന്നതെങ്ങനെയെന്ന് തുടർന്നു കാണാനാകും. തന്റെ ക്ലാസിൽ പഠിക്കുന്ന ചെറിയ കുട്ടികളോടുപോലും ജാതിവെറിയും മതസ്പർദ്ധയും വെച്ചുപുലർത്തുന്ന അദ്ധ്യാപകനാണ് അയാൾ. കുട്ടികളുടെ പേരുനോക്കി ജാതിയും മതവും കണ്ടെത്താൻ ശ്രമിക്കുകയും `നമ്മുടെ കൂട്ടക്കാരാണ്’ എന്നു കണ്ടാൽ സന്തോഷിക്കുകയും ചെയ്യാറുണ്ട് അയാൾ. തന്റെ മുഖം ഒരു കാർട്ടൂണായി വരച്ചുവെച്ച അഭിജിത്ത് അച്യുതൻ എന്ന വിദ്യാർത്ഥിയെ അയാൾ ആവുംമട്ടെല്ലാം ഉപദ്രവിക്കുന്നുണ്ട്. അഭിജിത്ത് സബ്ജില്ലാകലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാംസ്ഥാനം നേടിയതും അവനിൽ പ്രകടമാകുന്ന അസാമാന്യമായ പ്രതിഭയും അപ്പുമാഷെ അസൂയാലുവാക്കുന്നു. കാരണമെന്തെന്നാൽ വിപ്ലവാവേശത്താൽ കൊടിപിടിക്കുകയും രാഷ്ട്രീയവൈരത്താൽ കൊല്ലപ്പെടുകയും ചെയ്ത അച്യുതന്റെ മകനാണ് അഭിജിത്ത്. മരിച്ചുകിടക്കുന്ന അച്യുതന്റെ രൂപമോർക്കുമ്പോൾ `ചത്തുകിടന്നു’ എന്നാണ് അപ്പുമാഷ് ഓർക്കുന്നത്. മരിച്ചുപോകുന്നത് മേലാളനും ചത്തുപോകുന്നത് കീഴാളനുമാണല്ലോ.
അപ്പുമാഷ് ഏറ്റവും വെറുക്കുന്ന നിറം ചുവപ്പാണ്. പത്മ മന:പ്പൂർവ്വം വാരിയുടുക്കുന്ന സാരിയും തക്കാളിത്തൊലിയുമെല്ലാമായി ആ നിറം അയാളെ അസ്വസ്ഥനാക്കുന്നു. തന്റെ മുന്നിൽ ആശ്രിതമനോഭാവത്തോടെ നിൽക്കുന്ന ഭരതൻ പ്യൂണിന്റെ മകളെപ്പോലും വിവാഹദിവസം ചുവന്നപുടവ ചുറ്റുന്നത് വിലക്കിയവനാണ് അപ്പുമാഷ്. അപ്പോഴാണ് ഭാര്യ ചുവന്ന സാരിയും സിന്ദൂരവുമണിഞ്ഞ് ഒരുങ്ങിനിൽക്കുന്നതയാൾ കാണുന്നത്. പത്മ തറ തുടച്ച് വൃത്തിയാക്കിയതും തുണികൾ നനച്ചിട്ടതുമെല്ലാം തന്റെ റിട്ടയർമെന്റിനുള്ള ഒരുക്കങ്ങളാണെന്ന് കരുതാനേ അയാൾക്കാവുന്നുള്ളൂ. വിപ്ലവത്തിന്റെ ചുവപ്പെന്നപോലെ പ്രണയത്തിന്റെ ചുവപ്പും അയാൾക്കന്യമാണ്.
ആനന്ദൻ എന്ന പഴയൊരു പരിചയക്കാരൻ അയാളുടെ മകന്റെ കല്യാണം ക്ഷണിക്കാൻ അവിടെയെത്തുമ്പോൾ പത്മ അന്ന് ധാരാളം വിഭവങ്ങൾ ഉണ്ടാക്കിയിട്ടുള്ളതിനാൽ തങ്ങളുടെ ആഢ്യത്വം നിലനിർത്താനായല്ലോ എന്നാണ് അപ്പുമാഷ് സന്തോഷിക്കുന്നത്. പത്മ നിലമൊരുക്കിയതും വിഭവങ്ങളൊരുക്കിയതും സാമ്പാറിൽ വെളുത്തുള്ളി ചേർത്തതും ചുവപ്പുടുത്തതും തനിക്കുവേണ്ടിയല്ല ആനന്ദനുവേണ്ടിയാണെന്ന് തിരിച്ചറിയാൻപോലും അയാൾക്കാവുന്നില്ല. ആനന്ദന്റെ ജനാധിപത്യബോധത്തോടും ആനന്ദനെഴുതിയ പുസ്തകങ്ങളോടുമെന്നപോലെ അയാളുടെ വെളുത്തുള്ളിപ്രിയത്തോടും അപ്പുമാഷിനുള്ളത് അറപ്പ് മാത്രമാണ്. ഉമ്മറച്ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ചിറകില്ലാത്ത പക്ഷിയുടെ ചിത്രത്തിൽ ആനന്ദൻ കണ്ടെത്തുന്നത് പത്മയുടെ ജീവിതമാണ്. എന്നാൽ അപ്പുമാഷ് കാണുന്നതാവട്ടെ ചിത്രത്തിന്റെ വിലയായ ഇരുന്നൂറ്റമ്പത് രൂപയും അതിന്റെ വില്പനക്കാരനായ വൃത്തിയില്ലാത്ത നാടോടിചിത്രകാരനെയുമാണ്. ചിറകില്ലെങ്കിലും പറന്നുയരുന്ന ആ പക്ഷി പത്മയാണെന്നോ പത്മ പണ്ട് ചിത്രങ്ങൾ വരയ്ക്കുമായിരുന്നുവെന്നോ അയാൾക്കറിയില്ല. പക്ഷിയുടെ ചിറകരിഞ്ഞതും കൂട്ടിലിട്ടതും അയാളായിരുന്നുവല്ലോ.
`ആനന്ദനും പത്മയും പരസ്പരം നോക്കി. പ്രപഞ്ചത്തിലെ സർവ്വശബ്ദങ്ങളും നിലച്ചുപോയെന്നും അവശേഷിക്കുന്നത് തങ്ങളുടെ നിശ്വാസങ്ങൾ മാത്രമാണെന്നും അന്നേരം അവർക്ക് തോന്നി. നേർത്തസ്വരത്തിൽ ആനന്ദൻ പറഞ്ഞു: അതേ സാരി… ഇത്തവണ പത്മ ചിരിച്ചെന്നു വരുത്തിയില്ല. പകരം ചിരിച്ചു.
നിറഞ്ഞുചിരിച്ചു; ആനന്ദനും.
വെയിലിൽ കുടനിവർത്തി മുറ്റത്തേക്കിറങ്ങിയ ആനന്ദനെ നോക്കി അപ്പുമാഷും പത്മയും ഉമ്മറത്തുനിന്നു. അയാൾ കൺവെട്ടത്തുനിന്നു മറഞ്ഞപ്പോൾ തിരക്കിട്ട് ചാരുകസേരയിലേക്ക് വീണ് കൈയ്യിൽത്തടഞ്ഞ കടലാസിലെ ആദ്യത്തെ ഉത്തരത്തിനുനേരെ അപ്പുമാഷ് വലിയൊരു ഗുണനചിഹ്നം വരച്ചു.
പത്മ ഉമ്മറപ്പടിയിൽ ചാരിനിന്ന് തന്റെ വിരലുകൾ മൂക്കിനോട് ചേർത്തു:
വെളുത്തുള്ളിയുടെ ഗന്ധം… ‘
അപ്പുമാഷ് പകുതി ചവച്ച് പുറന്തള്ളിയ വെളുത്തുള്ളിച്ചുവയിൽ ആരംഭിച്ച കഥ പത്മ അവൾക്കുള്ളിലേക്കെടുത്തുവെക്കുന്ന വെളുത്തുള്ളിഗന്ധത്തിലാണ് അവസാനിക്കുന്നത്. തക്കാളിച്ചുവപ്പിനിടയിൽ മറഞ്ഞിരിക്കുന്ന ആ വെളുത്തുള്ളി വയറിന് നല്ലതാണെന്ന് ആനന്ദൻ സൂചിപ്പിക്കുന്നുണ്ട്. ഉണ്ടചോറിനൊപ്പം ദഹിക്കാതെ കിടക്കുന്ന ജാതിചിന്തകളെ നശിപ്പിക്കാൻ ആനന്ദന്റെ വെളുത്തുള്ളിയ്ക്ക് ഒരുപക്ഷേ സാധിക്കുമായിരിക്കാം എന്ന പ്രതീക്ഷ `ശീതയുദ്ധം’ നൽകുന്നു.
`സുനുവിന്റെ കഥകളിൽ `വിശപ്പ്’ മറ്റേതൊരു ജീവിയേയുംപോലെ മനുഷ്യനനുഭവിക്കുന്ന സാധാരണമായൊരു ശാരീരികാവസ്ഥയല്ല. ഈ വിശപ്പുകൾക്ക് രാഷ്ട്രീയമുണ്ട്. ഇന്ത്യയുടെ ചരിത്രപരവും സാംസ്കാരികവുമായ നിർമ്മിതിയായ വിശപ്പിനെക്കുറിച്ചാണ് സുനു ആവർത്തിച്ചെഴുതിയിരിക്കുന്നത്. ഇവിടെ ജന്തുജാലങ്ങൾ കാഴ്ചക്കു നിർത്തിയ കൊമ്പനാനകളല്ല. പേനും എലിയും ചേരയും പുലിയും പൂച്ചയും പശുവുമായ അവർ പഞ്ചതന്ത്രം കഥകളിലെന്നപോലെ നമ്മെ പലതും പഠിപ്പിക്കാൻ വന്നവരാണ്. പാൻ ഇന്ത്യൻ വിശപ്പുകളുടെ പഞ്ചതന്ത്രംകഥകൾ എന്ന തലക്കെട്ട് സാധ്യമാകുന്നത് ഇത്തരമൊരു സാംസ്കാരികവായനയിലാണ്.

 

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.