DCBOOKS
Malayalam News Literature Website

പായ്‌വഞ്ചിയില്‍ ലോകം ചുറ്റുന്ന നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പെട്ടു

സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. പെര്‍ത്തില്‍ നിന്നു 3,000 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. അഭിലാഷ് ടോമി സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഓസ്‌ട്രേലിയയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പായ്ക്കപ്പലിന് തകരാറുണ്ടായെന്നും തനിക്ക് പരുക്കേറ്റിട്ടുണ്ടെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങിയ തിരമാലയില്‍പ്പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ട് വിദേശ നാവികരുടെയും പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. പായ്‌വഞ്ചിയുടെ തൂണുകള്‍ ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് അഭിലാഷിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തൂരിയ എന്ന പായ് വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിച്ചിരുന്നത്. ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആരംഭിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം പേരാണ് ഈ പ്രയാണത്തില്‍ പങ്കെടുക്കുന്നത്.

അപകടത്തില്‍പ്പെട്ട സംഘത്തിലുള്ളവരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ഓസ്‌ട്രേലിയ വിമാനങ്ങള്‍ അയച്ചിട്ടുണ്ട്. സമീപത്തെ എല്ലാ കപ്പലുകള്‍ക്കും അടിയന്തരസന്ദേശം അയച്ചയായും ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ നാവികസേനയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Comments are closed.