DCBOOKS
Malayalam News Literature Website

ആര്‍ ജയകുമാറിന്റെ കഥാസമാഹാരം ‘ഇടനേഴിയിലെ മദ്യവ്യാപാരി’

അകാലത്തില്‍ വിടപറഞ്ഞ എഴുത്തുകാരന്‍ ആര്‍ ജയകുമാറിന്റെ കഥകളുടെ സമാഹാരമാണ് ഇടനേഴിയിലെ മദ്യവ്യാപാരി. ഇടനേഴിയിലെ മദ്യവ്യാപാരി, മറ്റൊരാള്‍, കാഫ്കയുടെ സ്‌നേഹിതന്‍, ക്ഷത്രിയന്‍, ഇടനേഴിയിലെ ലൈബ്രേറിയന്‍, പിതൃഭൂതന്‍ എന്നീ ഏഴുകഥളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. ചെഗുവേരയുടെ അസ്ഥി എന്ന കഥാസാമാഹാരവും ആര്‍ ജയകുമാറിന്റേതായി ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.

പുസ്തകത്തിന് ഡോ. എസ്. എസ്. ശ്രീകുമാര്‍ എഴുതിയ ആവതാരിക…

കലയിലെ സ്വയംശാസനം

സമകാലിക മലയാള ചെറുകഥയില്‍ അതിന്റെ കലാപരതയോട് ഏറ്റവും സത്യസന്ധമായ പക്ഷപാതം പുലര്‍ത്തുകയും അനിതരസാധാരണമായ പ്രമേയങ്ങള്‍ തനിക്ക് അഭിമതമായ രചനാശില്പങ്ങളിലേക്ക് ആവാഹിക്കാന്‍ ശ്രദ്ധവയ്ക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരനാണ് ആര്‍. ജയകുമാര്‍ ‘ചെഗുവേരയുടെ അസ്ഥി’ എന്ന ആദ്യസമാഹാരത്തില്‍ത്തന്നെ പ്രകടമായ ഈ സവിശേഷതകള്‍ ഇവിടെയും പിന്തുടരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സമകാലികരായ എഴുത്തുകാരില്‍നിന്നും പൂര്‍വ്വഗാമികളില്‍നിന്നും കൃത്യമായ അകലം അയാള്‍ ദീക്ഷിക്കുന്നുണ്ട്.

സ്വന്തം ആന്തരികനിയമങ്ങളാല്‍ മാത്രം ഭരിക്കപ്പെടുന്ന ഒരു കഥാപ്രപഞ്ചമാണ് ജയകുമാറിന്റേത്. ഇക്കാര്യത്തില്‍ അയാള്‍ പ്രതിഭയുടെ സ്വയം ശാസനസ്വഭാവം പ്രകടിപ്പിക്കുന്നു. ശാരീരികമായ ക്രിയകളും അവയില്‍നിന്നുരുത്തിരിഞ്ഞുവരുന്ന സംഭവപരമ്പരകളുമല്ല, വിചിത്ര
മായ മാനസികജീവിതങ്ങളിലൂടെ സവിശേഷമായി രൂപപ്പെട്ടുവരുന്ന കഥാപാത്രങ്ങളാണ് ജയകുമാറിന്റെ കഥകളുടെ കേന്ദ്രങ്ങളില്‍. പ്രഭാവലയത്തിനു പകരം സ്ഥായിയായൊരു മങ്ങൂഴം അവര്‍ക്കുചുറ്റും സ്ഥാനം പിടിച്ചിരിക്കുന്നു. തങ്ങള്‍ക്കുതന്നെ അപരിചിതമായ മാനസിക
ലോകങ്ങളാണ് ഇതിലെ കഥാപാത്രങ്ങളുടെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത്.

രതിയും മൃതിയും പല കഥകളിലും അടിസ്ഥാനശ്രുതിയായി നിലകൊള്ളുന്നു. കൊലപാതകവും അക്രമവാസനയും അഗമ്യഗമനപ്രവണതയും പല കഥകളിലും കടന്നുവരുന്നു. നിരന്തരമായ ആത്മപരിശോധനയിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങള്‍ ജീവിതത്തെക്കുറിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ സിദ്ധാന്തങ്ങളെ-കക്ഷിരാഷ്ട്രീയത്തിന്റെയോ സദാചാരത്തിന്റെയോ കവലസ്‌നേഹത്തിന്റെയോആയ തീര്‍പ്പുകളെ-നിരാകരിക്കുന്നു.’ദുരൂഹമായ പ്രേരണകള്‍ക്കു’ വഴങ്ങി ജീവിതം നയിക്കുന്നവരാണ് ‘ഇടനേഴിയിലെ ലൈബ്രേറിയന്‍’ എന്ന കഥയിലെ വിവേകിനെപ്പോലെ ഈ കഥകളിലെ കഥാപാത്രങ്ങള്‍.

പൂര്‍വ്വകാലസുഹൃത്തും സ്വന്തം അമ്മയുടെ കാമുകനുമായിരുന്ന ആദിത്യനെ, ഇടനേഴിയിലെ പുതിയ ഉദ്യോഗത്തിനെത്തി കണ്ടുമുട്ടിയ വിവേക്, അയാളെ ആദ്യമായി മദ്യത്തിന്റെ രുചി പരിചയപ്പെടുത്തിയ വിവേക്, പിന്നീട് മുഴുക്കുടിയനായി മാറി ഇനി മദ്യപിച്ചാല്‍ മരിച്ചുപോകുമെന്ന അവസ്ഥയിലെത്തിനില്‍ക്കുന്ന അയാളെ മദ്യപാനത്തിലേക്കാനയിക്കു
കയാണ്. ആദിത്യനില്‍നിന്നുതന്നെ അയാളുടെ അവസ്ഥ മനസ്സിലാക്കിയ വിവേക് അയാളുടെ വാക്യം മനസ്സിലിട്ട് ഒരു കത്തിയുടെ അലകുപോലെ തിരിച്ചും മറിച്ചും പരിശോധിച്ചതിനുശേഷമാണ് അങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്. തന്റെ അമ്മയുടെ ശവക്കല്ലറ സ്ഥിതിചെയ്യുന്ന നാട്ടിലേക്ക് ആദിത്യന്റെ ശവം യാത്രചെയ്യുന്നത് അയാള്‍ കാണുന്നുണ്ട്. രണ്ടുപേരുടെയും ശവകുടീരങ്ങളെ ബന്ധിപ്പിക്കുന്ന ഒരദൃശ്യരേഖയും അയാള്‍ ഭാവന ചെയ്യുന്നുണ്ട്.

ജനിച്ചപ്പോള്‍തന്നെ പിതാവിനെ നഷ്ടപ്പെട്ട, അമ്മയോട് സവിശേഷമായ രാഗദ്വേഷബന്ധം പുലര്‍ത്തിയിരുന്ന അയാളുടെ നശീകരണപ്രവണത ആദിത്യന്റെ മരണംകൊണ്ടുമവസാനിക്കു
ന്നില്ല. അമ്മയും ആദിത്യനും ശരീരം പങ്കിട്ട അമ്മയുടെ ലൈബ്രറിയുടെ അതേസ്ഥാനത്ത് ആഗ്നസ് എന്ന കാമുകിയെ കൊണ്ടുവന്ന് വേഴ്ച നടത്തിയ വിവേക് അയാള്‍ പലയിടങ്ങളിലെയും ജോലിക്കുശേഷം ഇടനേഴിയിലെ ലൈബ്രേറിയനായി ചുമതലയേല്‍ക്കുമ്പോഴാണ് ആഗ്നസിന്റെ വിവാഹം. പിന്നീടവളില്‍നിന്ന് പ്രതികരണങ്ങളൊന്നുമുണ്ടായില്ല. ആദിത്യന്റെ ഇടനേഴിയിലെ കാമുകിമാരിലൊരാളായ രാധികയെ ലൈബ്രറിയുടെ ഉള്‍മുറിയില്‍ അയാള്‍ ശാരീരികവേഴ്ചയ്ക്കു വിധേയമാക്കി. ആദിത്യന്റെ മറ്റൊരു കാമുകിയായ സുകന്യയെ കീഴ്‌പ്പെടുത്താനുദ്ദേശിച്ച് അയാള്‍ അവള്‍ക്കായി ചുണ്ടുകളില്‍ ഏറ്റവും മധുരമുള്ള ഒരു പുഞ്ചിരി രൂപകല്പന ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ‘ഇടനേഴിയിലെ ലൈബ്രേറിയന്‍’ എന്ന കഥ അവസാനിക്കുന്നത്.

ആദിത്യന്റെ ദുരന്തകഥ വായനക്കാര്‍ക്ക് അഭിഗമ്യമാകുന്നത് വിവേകിന്റെ കുറിപ്പുകളിലൂടെയാണ്. അന്തിമമദ്യപാനവേളയില്‍ ആദിത്യന്‍ മദ്യത്തെക്കുറിച്ചുള്ള സ്വന്തം നിരീക്ഷണമവതരിപ്പിക്കുന്നുണ്ട്. ‘വ്യാജമദ്യം എന്ന പ്രയോഗത്തിനോട് തനിക്ക് കടുത്ത വിരോധ
മാണെന്ന് അവന്‍ പറഞ്ഞു. അതു കേട്ടാല്‍ തോന്നുക നിര്‍വ്യാജമായ മറ്റൊരുതരം മദ്യം നിലവിലുണ്ട് എന്നാണ്. പക്ഷേ, എല്ലാ മദ്യവും തരുന്നത് ലഹരിയുടെ അവാസ്തവമായ ഒരേ അനുഭവമാണ്. അതിനാല്‍ എല്ലാ മദ്യവും വ്യാജമാണ്.’ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷകള്‍ക്കുവേണ്ടിയുള്ള തന്റെ തീവ്രപരിശീലനക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികളോട് സമകാലികസംഭവങ്ങള്‍ ചര്‍ച്ചചെയ്ത് സിദ്ധാന്തവത്കരണങ്ങള്‍ നടത്താറുള്ള ആദിത്യന്‍ മഠത്തില്‍ പത്രമിടുന്ന യുവാവുമായുള്ള ഒരു കന്യാസ്ത്രീയുടെ ഒളിച്ചോട്ടത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹത്തെ ഇങ്ങനെ സ്ഥാനപ്പെടുത്തുന്നു. ‘പച്ചവെള്ളംപോലെ വിരസവും സാധാരണ
വുമായ ദൈനന്ദിനജീവിതത്തിനെ ആനന്ദത്തിന്റെ വീഞ്ഞാക്കി മാറ്റുക എന്ന അത്ഭുതപ്രവൃത്തിയാണ് വിജയകരമായ ഓരോ വിവാഹവും.

‘ എന്നാല്‍ ഒരു വിദ്യാര്‍ത്ഥി കന്യാസ്ത്രീമഠംപോലെ വിലക്കുകള്‍ നിറഞ്ഞ ഒരു സ്ഥാപനമാണ് വിവാഹം എന്നഭിപ്രായപ്പെടുന്നു. ആദിത്യന്റെ ട്യൂട്ടോറിയല്‍ കോളജില്‍ അയാളെ കാണാനെത്തിയ വിവേക് പുറത്തെ യക്ഷിപ്പാലയിലെ രാഷ്ട്രീയകക്ഷിയുടെ കൊടിയെ യക്ഷിയുടെ മുലക്കച്ചയായി സങ്കല്പിച്ചിരിക്കുമ്പോഴാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. താന്‍ ആദിത്യനെ സന്ദര്‍ശിച്ച കാര്യം പരിചിതരോടുപോലും വെളിപ്പെടുത്താത്ത വിവേക് പിറ്റേന്ന് രക്തം ഛര്‍ദ്ദിച്ച് ആദിത്യന്‍ മരിക്കുന്ന വിവരം നിര്‍വ്വികാരതയോടെയാണറിയുന്നത്. പരാജിതകാമുകരില്‍ മദ്യം ഓര്‍മ്മയുടെ വിഷദ്രാവകംപോലെ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ മദ്യമുപയോഗിക്കാന്‍ വിസമ്മതിക്കുന്ന വിവേകിന്റെ മനസ്സ് നല്ല വരികളെഴുതാന്‍ കൊതിക്കുന്നു. പ്രതികാരനിര്‍വ്വഹണത്തിനുശേഷമാണ് അയാള്‍ക്കതിനു കഴിയുന്നത്.

അതുവരെ ‘അയാള്‍ക്ക് തന്റെ തലച്ചോറില്‍ സിരാവ്യൂഹങ്ങളുടെ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നതുപോലെ തോന്നി. നല്ല വാക്കുകളെയും ആശയങ്ങളെയും അവ പുറത്തുവിടുന്നില്ല. പിന്നെ പുറത്തുവരുന്ന വാക്കുകള്‍ക്കാണെങ്കില്‍ വ്യര്‍ത്ഥമായ അഹന്തയുടെയും പെരുപ്പിച്ചു പറയുന്ന സാധാരണത്വത്തിന്റെയും ദുഃസ്വാദ് അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു’ എന്നതായിരുന്നു അനുഭവം. ജീവിതനാടകത്തിന്റെ ഒരു അതിപ്രധാനഭാഗമഭിനയിക്കാനാണ് വിവേക് എന്ന കഥാപാത്രം ഇടനേഴിയിലെ സ്വച്ഛമായ അന്തരീക്ഷത്തില്‍ എത്തിച്ചേരുന്നത്. ഈ കഥയില്‍ കഥാപാത്രങ്ങളായി ‘ഇടനേഴിയിലെ മദ്യവ്യാപാരി’ എന്ന കഥയിലെ ഭവാനിയും ‘മനഃശാസ്ത്രജ്ഞന്‍’ എന്ന കഥയിലെ ദിലീഷും കടന്നു
വരുന്നുണ്ട്. ആദിത്യന്റെ പ്രണയബന്ധം വിവേകിനെ അറിയിക്കുന്നത് വിവര്‍ത്തനരചനകളുടെ ഒരു വായനക്കാരികൂടിയായ ഭവാനിയാണ്, വാട്ടര്‍ അതോറിറ്റിയില്‍ ഗുമസ്തനായ ദിലീഷ് ആകട്ടെ നാട്ടുകാര്‍ തന്നെ അല്പായുസ് എന്നാണു വിളിക്കുന്നതെന്നും അതു കേള്‍ക്കുമ്പോള്‍ നചികേതസ്സ്, പുരൂരവസ്സ് തുടങ്ങിയ പുരാണകഥാപാത്രങ്ങളുടെ ഉദാത്തസ്മരണയാണ് തന്നിലുളവാകുന്നതെന്നും പറയുന്നുണ്ട്, വ്യവസ്ഥകള്‍ തങ്ങള്‍ക്കു വിലങ്ങുതടികളാകയാല്‍ അങ്ങേയറ്റം കള്ളുകുടിയന്മാര്‍ ഒരധ്യാപകന്റെ തൊഴിലേ തെരഞ്ഞെടുക്കൂ എന്ന ദിലീഷിന്റെ പ്രസ്താവത്തിന് നല്ല അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ക്ക് മദ്യത്തിന്റെ ലഹരിയുണ്ടാകു
മെന്നാണ് വിവേകിന്റെ മറുപടി.

ആവര്‍ത്തിച്ചുവരുന്ന സ്ഥലവും കഥാപാത്രങ്ങളും ജയകുമാറിന്റെ പല കഥകള്‍ക്കും പാഠാന്തരത്വവും ദാര്‍ശനികമായ ഒരടിസ്ഥാനവും ഉറപ്പുവരുത്തുന്നു. ‘അനന്തതയിലേക്ക് വ്യര്‍ത്ഥ
തയെ കടത്തിക്കൊണ്ടുപോകുന്ന ചരക്കുവണ്ടികള്‍പോലെ ഇഴഞ്ഞുനീങ്ങുന്ന ദിവസങ്ങള്‍’ എന്ന വിവേകിന്റെ കല്പന ഈ സമാഹാരത്തിലെ ഇതര കഥകളിലെയും പല കഥാപാത്രങ്ങളുടെയും മാനസിക ഭാവമാണ്. ‘ഇടനേഴിയിലെ ലൈബ്രേറിയന്‍’ എന്ന കഥയിലെ വിവേക് യാദൃച്ഛികമായി ഇടനേഴിയിലെത്തുന്നതാണ് അയാളുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ തിരിവായിത്തീരുന്നത്. അതുപോലെ ‘മനഃശാസ്ത്രജ്ഞന്‍’ എന്ന കഥയിലെ നഗരത്തിലെ മനഃശാസ്ത്രജ്ഞനും മനോരോഗചികിത്സകനുമായ ഡോ. സുനില്‍ഘോഷിന്റെ ഭാര്യ ഗായത്രി സ്‌കൂള്‍ അദ്ധ്യാപികയെന്ന നിലയിലാണ് ഇടനേഴിയിലെത്തുന്നത്. അവിടത്തെ ആസ്ഥാനമദ്യ
പനായ ദിലീഷുമായി അയാള്‍ മുന്‍കൈയെടുത്ത് അവള്‍ക്കുണ്ടാകുന്ന സൗഹൃദം സുനില്‍ ഘോഷ് എന്ന മാതൃകാഭര്‍ത്താവിനെ തിരസ്‌കരിച്ച് ഒരുറപ്പുമില്ലാതെ ജീവിക്കുന്ന ദിലീഷിനോടൊപ്പം പോകാന്‍ അവളെ പ്രാപ്തയാക്കുന്നു. തികച്ചും വ്യംഗ്യഭംഗിയിലാണ് ഈ കഥയുടെ ആഖ്യാനം. കഥയുടെ തുടക്കത്തില്‍ത്തന്നെ സ്ത്രീകള്‍ക്ക് വാസ്തവത്തില്‍ എന്താണു വേണ്ടതെന്ന് തനിക്കിനിയും മനസ്സിലായിട്ടില്ല എന്ന ഫ്രോയ്ഡിന്റെ വാക്യം സുനില്‍ഘോഷ് ഓര്‍ക്കുന്നുണ്ട്. ഒരു കവിതാഭാഗത്തെക്കുറിച്ച് ഗായത്രിയും അയാളും തമ്മില്‍ നടത്തിയ ഒരു ചര്‍ച്ചയുടെ അന്ത്യത്തിലാണിത്–ഫ്രോയ്ഡുമായി ബന്ധപ്പെടുത്തി.

താന്‍ കണ്ട സ്വപ്നം ദിലീഷ് ഗായത്രിയോടു പറയുന്നുണ്ട്. അവരിരുവരും അതിനെ വ്യാഖ്യാനിച്ചതാണ് അവരുടെ പ്രച്ഛന്നാനുരാഗത്തെ അവര്‍ക്കുതന്നെ വെളിച്ചത്തിലെത്തിക്കു
ന്നത്, ഇവിടെയെല്ലാം അസന്ധേയമായ കലാപരത ജയകുമാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇടനേഴിയിലെ ദിലീഷുമായുള്ള യാദൃച്ഛിക പരിചയമാണ് ഗായത്രിയുടെ ജീവിതത്തെ മാറ്റിത്തീര്‍ക്കുന്നത്.ആര്‍. ജയകുമാറിന്റെ ആഖ്യാനകലയെ സവിശേഷമാക്കുന്നത് അനല്പമായ മമതയോടെ അദ്ദേഹം സ്വീകരിക്കുന്ന ചില കേന്ദ്രപ്രമേയങ്ങളാണ്. തന്റെ കഥകളുടെ കേന്ദ്രമായി ഇടനേഴിയെ അദ്ദേഹം സ്ഥാപിക്കുന്നതുപോലെ–ഈ തന്റെ ഇടം തന്റേടത്തോടെയുള്ള തെരഞ്ഞെടുപ്പായി മാറുന്നതുപോലെ യാദൃച്ഛികത എന്ന പ്രമേയവും അതിലെ ബഹുരൂപമാര്‍ന്ന പ്രകടനങ്ങളും അയാളുടെ വ്യത്യസ്ത കഥകള്‍ക്ക് സവിശേഷമായൊരു ഏകാഗ്രത സമ്മാനിക്കുന്നു. ‘ചെഗുവേരയുടെ അസ്ഥി’ (2012) എന്ന തന്റെ ആദ്യസമാഹാരത്തിലെ ‘രണ്ടാമത്തെ ആള്‍’ എന്ന കഥയില്‍ മനോരോഗചികിത്സകനായ ഡോക്ടര്‍ രാമനാഥന്റെ വാക്കുകള്‍ ഈ പ്രമേയത്തോടുള്ള എഴുത്തുകാരന്റെ ഒഴിയാത്ത അടുപ്പം വ്യക്തമാക്കി
ത്തരുന്നു.

‘ക്രമക്കേടുകളെ സുഖപ്പെടുത്താന്‍ യാദൃച്ഛികതയെക്കാള്‍ മികച്ച ഒരു ഔഷധമില്ല. യാദൃച്ഛികതയില്‍ എനിക്ക് വിശ്വാസമുണ്ട്… ചരിത്രത്തില്‍ എല്ലായ്‌പോഴും സംഭവിച്ചതിനെക്കാള്‍ അധികമായി നമ്മുടെ കാലത്ത് ഗുണകരമായ എന്തെങ്കിലും പരിവര്‍ത്തനം ജീവിത
ത്തില്‍ കൊണ്ടുവരാന്‍ കഴിയുന്നതു യാദൃച്ഛികതയ്ക്കു മാത്രമാണ്. ആധുനികതയെയും പിന്നിട്ടു മുന്നോട്ടു നീങ്ങുന്ന ജീവിതത്തിന് ഒരേയൊരു ഐഡിയോളജിയും അതാണ്–യാദൃച്ഛികത.’
പിതൃചരമംമൂലം ആശ്രിതനിയമനം ലഭിച്ച് നഗരത്തില്‍ ഉദ്യോഗസ്ഥനായ വിഘ്‌നേശിന് ഒരു ദിവസം യാദൃച്ഛികമായി രാവിലെ തന്റെ പിതാവ് എഴുതി അവതരിപ്പിച്ച നാടകം കണ്ടതിന്റെ സ്മരണയുണരുന്നു. അന്ന് ഓഫീസിലിരിക്കുമ്പോള്‍ നാട്ടില്‍നിന്ന് വളരെ നാളുകള്‍കൂടി ഒരു സുഹൃത്ത് വിളിച്ച് തങ്ങള്‍ വിഘ്‌നേശിന്റെ പിതാവ് സത്യനാഥന്‍ എഴുതിയവതരിപ്പിച്ച നാടകം പുനരവതരിപ്പിക്കുന്നു എന്നറിയിക്കുന്നു. ‘വിഘ്‌നേശിന് രാവിലെ താന്‍ അച്ഛന്റെ അതേ നാടകത്തെക്കുറിച്ച് ഓര്‍ക്കുവാന്‍ ഇടവന്നതില്‍ യാതൊരു ആശ്ചര്യവും തോന്നിയില്ല. നിത്യജീവിതത്തില്‍ യാദൃച്ഛികതയെക്കാള്‍ സാധാരണമായി മറ്റൊന്നുമില്ല.

ചിരപരിചയംകൊണ്ട് ആളുകള്‍ യാദൃച്ഛികതയിലെ അപ്രതീക്ഷിതത്വം എന്ന ഘടകത്തെ പരിഗണിക്കാതെ ആയിരിക്കുന്നു. പിന്നെ സാധാരണ കാര്യങ്ങള്‍ക്കാണെങ്കില്‍, ടെലിവിഷന്‍ സീരിയലുകളിലെ സംഭവങ്ങളെപ്പോലെ, മുന്‍കൂട്ടി തയ്യാര്‍ ചെയ്ത യാദൃച്ഛികതയുടെ സ്വഭാവം കൈവരാനും തുടങ്ങിയിരിക്കുന്നു.’ ഇടനേഴിയിലെ അച്ഛന്റെ നാടകാവതരണവും സുധര്‍മ്മ എന്ന നടിയുമായുള്ള സഹാഭിനയവും അതില്‍ തന്റെ അമ്മയ്ക്കുണ്ടായിരുന്ന ക്ഷോഭവും തെറികളുടെ ജ്ഞാനപ്പാനയിലേക്കുള്ള അതിന്റെ വികാസവും തന്റെ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങിലും അത് ഇടപെട്ടതുമൊക്കെ വിഘ്‌നേശ് ഓര്‍ക്കുന്നു. ആ സുധര്‍മ്മയുടെ മകള്‍ ശാരദയായിരുന്നു തന്റെ കാമുകി. സത്യനാഥനെന്ന നാടകകൃത്തായ നടന്റെ മകനാണ് വിഘ്‌നേശ് എന്ന അറിവാണ് ശാരദയെ അയാളില്‍നിന്നകറ്റിയത്. സത്യനാഥന്റെ അതേ നാടകത്തില്‍ അതേ വേഷത്തിലഭിനയിക്കാന്‍ ഒരു മാസത്തെ ലീവില്‍ ഇടനേഴിയിലെത്തുകയാണ് വിഘ്‌നേശ്. അയാളുടെ പ്രതിശ്രുതവധു നാടകം കാണാനെത്തുന്നുണ്ട്.

സുധര്‍മ്മ സത്യനാഥനയച്ച കത്ത് ‘ഭൂതാവിഷ്ടര്‍’ എന്ന ഗ്രന്ഥത്തില്‍നിന്നു കണ്ടെടുക്കുന്ന സത്യനാഥന്റെ ഭാര്യ ഭാമിനി അയാളുടെ അടിവയറ്റിലേല്പിച്ച തൊഴിയാണ് അയാളെ മരണത്തിലേക്കാനയിച്ചത്. അയാളുടെ കിടപ്പുമുറിയില്‍ സത്യനാഥനെയും സുധര്‍മ്മയെയുംതന്നെ കഥാപാത്രങ്ങളാക്കി പിതാവെഴുതിയ സംഭാഷണശകലങ്ങള്‍ അയാള്‍ കണ്ടെത്തി. നാടകാവതരണവേളയില്‍ അടിവയറ്റിനു തൊഴിയേറ്റപോലെ അനുഭവമു
ണ്ടായ വിഘ്‌നേശ് നാടകത്തിലെ സംഭാഷണങ്ങള്‍ ഉപേക്ഷിച്ച് സത്യനാഥന്റെ താന്‍ കണ്ടെത്തിയ കുറിപ്പുകളിലെ സുധര്‍മ്മയെ കേന്ദ്രമാക്കിയുള്ള സംഭാഷണങ്ങള്‍ ‘ശാരദ’ എന്ന കാമുകീ നാമം ചേര്‍ത്തുരുവിടുമ്പോള്‍ പ്രതിശ്രുതവധുവിന്റെയും സദസ്യരുടെയും കൂക്കുവിളികള്‍ക്കിട
യില്‍ കര്‍ട്ടനും കാണികള്‍ക്കുമിടയില്‍ ക്രൂശിതരൂപംപോലെ നില്‍ക്കുന്ന വിഘ്‌നേശിന്റെ മാറില്‍ ശാരദ ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യത്തിലാണ് ജയകുമാര്‍ കഥ അവസാനിപ്പിക്കുന്നത്.

വ്യവസ്ഥാപിത ജീവിതത്തെ അട്ടിമറിക്കുന്ന കലാത്മകമായൊരു അരാജകത്വം ഈ കഥകളെയെല്ലാം പ്രഹരശേഷിയുള്ളതാക്കുന്നു.’മറ്റൊരാള്‍’ എന്ന കഥയില്‍ യാദൃച്ഛികമായി സതീശ് ചന്ദ്രന്‍ എന്നൊരാള്‍ക്കു ലഭിക്കുന്ന ഫോണ്‍ ഒരു മറുനാടന്‍ കമ്പനിയില്‍ ഡിസൈന്‍ എന്‍ജിനീയറായിരുന്ന അയാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുകയാണ്. അവസാനമായി ഇടനേഴിയിലെ വേനല്‍മഴ കാണാനെത്തിയിരിക്കുകയാണയാള്‍. കാമുകനും കാമുകിയുമായുള്ള ശാരീരികസംഗമദൃശ്യം പകര്‍ത്തി തന്നെ ഭീഷണിപ്പെടുത്തുന്ന ഒരാളെ നിലയ്ക്കുനിര്‍ത്താന്‍ അവന്റെ സഹോദരിയുമായുള്ള സ്വകാമുകന്റെ രതിചിത്രീകരണം ആവശ്യപ്പെടുന്ന കാമുകിയുടെ ഫോണ്‍സന്ദേശമാണ് അയാള്‍ക്കു കിട്ടുന്നത്. ഇടനേഴിയിലെ അയാള്‍ ചെലവഴിക്കുന്ന അവസാന ദിവസം മൈതാനത്തു പോകുമ്പോള്‍ അയാള്‍ കാണുന്ന നാടകം–മറ്റൊരാള്‍– അവതരിപ്പിക്കുന്നതും അതേ പ്രമേയമാണ്. തിരികെയെത്തുമ്പോള്‍ മഴ തുടങ്ങിയിരുന്നു. തന്റെ പടിക്കെട്ടിന്റെ തുടക്കത്തില്‍ത്തന്നെ ശയിക്കുന്ന പെണ്‍കുട്ടിയുടെ ദേഹവും ആ പ്രമേയത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു.

അപ്പോഴാണ് 2002-ല്‍ തന്നെ വ്യാഖ്യാനിക്കാന്‍ താന്‍തന്നെ കണ്ടെത്തിയ ഒരു ദൃശ്യം–ക്രോധാവിഷ്ടരായ ആള്‍ക്കൂട്ടത്തിനുനേരേ കൂപ്പുകൈയുയര്‍ത്തി ജീവനുവേണ്ടി യാചിക്കുന്ന കുത്ബുദ്ദീന്‍ അന്‍സാരിയുടേതായ ഒന്ന് എത്രമേല്‍ അര്‍ത്ഥപൂര്‍ണ്ണമാണെന്ന് അയാള്‍ക്കു വ്യക്തമാകുന്നത്. നാടകരംഗത്തുനിന്ന് വീട്ടിലേക്കു മടങ്ങിപ്പോകുമ്പോള്‍
തന്നെ താന്‍ നാട്ടിലെത്തിയതുമുതല്‍ പിന്തുടരുന്ന യാദൃച്ഛികതകളെക്കുറിച്ച് ഓര്‍ക്കുന്നു: ”എന്താണ് യാദൃച്ഛികത എന്നുവെച്ചാല്‍? ദൈവം ആത്മാവിഷ്‌കാരത്തിന് ഉപയോഗിക്കുന്ന, അതിശയിപ്പിക്കുന്ന രൂപഭദ്രതയും ആഖ്യാനവൈഭവവും പ്രകടിപ്പിക്കുന്ന ഒരു മാധ്യമം. ദൈവത്തിന്റെ ഈ മൗലികസൃഷ്ടിക്കുമുമ്പില്‍ മനുഷ്യന്റെ നിര്‍മ്മിതികള്‍ എത്ര നിസ്സാരമാണ് എന്ന് ഓര്‍ത്തപ്പോള്‍ സതീശിന് അയാള്‍ ഒരു ഡിസൈന്‍ എന്‍ജിനീയര്‍ ആയതിനാല്‍ നേരിയ ആത്മനിന്ദ അനുഭവപ്പെടാന്‍ തുടങ്ങി.

പക്ഷേ, യാദൃച്ഛികതയുടെ സംഹാരശേഷി എത്ര അളവറ്റതാണ്. ലോകമഹായുദ്ധ
ങ്ങള്‍, സോവിയറ്റ് യൂണിയന്‍, എത്രയെത്രയോ റോമിയോ ആന്റ് ജൂലിയറ്റ് കഥകള്‍ — ചരിത്രത്തിലെ എല്ലാ വലിയ ദുരന്തങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചത് യാദൃച്ഛികതയുടെ ഇതേ പ്രഭാവംതന്നെയല്ലേ?” വേനല്‍മഴ കാണുവാന്‍വേണ്ടി മാത്രം ഇടനേഴിയിലെത്തിച്ചേര്‍ന്ന സതീശിന് ആ അനുഭവത്തിനായി അയാളുടെ ജീവിതം മറ്റൊന്നായി മാറിത്തീരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. നിര്‍ത്തിനിര്‍ത്തി എഴുതുന്ന വാക്കുകള്‍ ഉപയോഗിച്ച് ബിംബങ്ങളുടെയും രൂപകങ്ങളുടെ സമൃദ്ധിയോടെ ജയകുമാര്‍ നടത്തുന്ന ആഖ്യാനം ഭാഷയെ കവിതയോടടുപ്പിക്കുന്നു. സാഹിത്യോദ്ധരണങ്ങള്‍കൊണ്ട് അന്യഥാ കാവ്യാത്മകമായ തന്റെ ആഖ്യാനഭാഷ കൂടുതല്‍ കാവ്യാത്മകമാകുകയാണ്.

സതീശിന്റെ മഴയ്ക്കുവേണ്ടിയുള്ള ദാഹം ഇങ്ങനെ വ്യക്തമാക്കുന്നു: ‘ഇടനേഴിയുടെ ആകാശത്തില്‍ മാത്രം മഴമേഘങ്ങള്‍ പ്രവേശിച്ചതേ ഇല്ല. നാലുചുറ്റിലും പെയ്യുന്ന മഴയുടെ നടുവില്‍ വരള്‍ച്ചയുടെ ഒരു ദ്വീപ്‌പോലെ ഇടനേഴി കിടന്നു. മുകളില്‍ പ്രതാപിയായ മേടസൂര്യന്‍. വെള്ളിയില്‍ തീര്‍ത്ത മോതിരങ്ങള്‍പോലെ — നടുവില്‍ വജ്രം പിടിപ്പിച്ച — തിളങ്ങുന്ന ഏപ്രില്‍ ദിനങ്ങള്‍. വേനലിന്റെ ശൗര്യം ഗര്‍വ്വിഷ്ഠരായ പഴയ മാടമ്പിമാരെ ഓര്‍മ്മിപ്പിച്ചു.’ വേനല്‍മഴയെ അയാള്‍ ഓര്‍ക്കുന്നതിങ്ങനെ: ‘ഏപ്രില്‍ – മെയ് മാസങ്ങളില്‍ വെയിലിന്റെ ചില്ലുഗോപുരങ്ങള്‍ തകര്‍ത്ത് ആദിമധ്യാന്തപ്പൊരുത്തങ്ങള്‍ ഇല്ലാതെ പെയ്യുന്ന വേനല്‍മഴ. കാലവര്‍ഷവും തുലാവര്‍ഷവും പരിണതപ്രജ്ഞന്മാരായ ഗൃഹസ്ഥന്മാരാണ്. വേനലിന്റെ മധ്യത്തില്‍ ഇടിമിന്നലുകളുടെ അകമ്പടിയോടെ ക്ഷിപ്രവും തീവ്രവുമായി പെയ്തുതീരുന്ന വേനല്‍മഴ ആകട്ടെ, ബാധ്യതകളോ നിബന്ധനകളോ പിന്തുടരാത്ത ഒറ്റയാന്‍ ആണ്.

ഋതുക്കളുടെ കുടുംബത്തിലെ അരാജകന്‍.’ നേരത്തേതന്നെ കണ്ട കുത്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രത്തെക്കുറിച്ച് അയാള്‍ ഡയറിയില്‍ ഇങ്ങനെ എഴുതിയിരുന്നു: ‘ഭീതിദമായ അനിശ്ചിതത്വങ്ങള്‍ക്കു മുന്നില്‍ വിറങ്ങലിച്ചു നില്ക്കുന്ന എന്റെ ആത്മാവിന്റെ പര്യായം. സ്വയം വിവരിക്കാന്‍ വാക്കുകള്‍ തേടുന്ന എന്റെ ജീവന്റെ പേര്, എന്റെ അനശ്വരതയുടെ രൂപകം.’ പിറ്റേന്ന് തിരികെപ്പോയി ഉദ്യോഗത്തില്‍ പ്രവേശിക്കണമെന്നിരിക്കെ അന്നു രാത്രി പടിക്കെട്ടില്‍ പെണ്‍
കുട്ടിയുടെ ശവശരീരവും പടിക്കലെത്തിയ പോലീസുകാരും യാദൃച്ഛികതയുടെ അലംഘനീയത അയാള്‍ക്ക് ബോധ്യപ്പെടുത്തി. ‘പെട്ടെന്ന് ആയിരം തോക്കുകള്‍ ഒരുമിച്ച് കാഞ്ചിവലിച്ചതുപോലെ ഇടി മുഴങ്ങി. സതീശിന്റെ ഉടല്‍ രണ്ടായി പിളര്‍ന്നു മാറിയപ്പോള്‍, അയാളുടെ ഉള്ളില്‍നിന്ന് കൂപ്പിയ കൈകളും ഭയം തണുത്തുറഞ്ഞ ആദിമമനുഷ്യന്റെ കണ്ണുകളുമായി മറ്റൊരാള്‍ പുറത്തിറങ്ങി അയാളെ ലക്ഷ്യമാക്കിവരുന്ന പോലീസുകാരുടെ നേര്‍ക്കു നടന്നു’ എന്നാണ് ക്ഷോഭപൂര്‍ണ്ണതയോടെ ‘മറ്റൊരാള്‍’ എന്ന കഥയുടെ പരിസമാപ്തി.

അവിശുദ്ധ ദമ്പതികളുടെ ദാമ്പത്യത്തിന്റെ അനിവാര്യമായ തകര്‍ച്ചയായ ‘കാഫ്കയുടെ സ്‌നേഹിതന്‍’ ഇടനേഴിയുടെ പശ്ചാത്തലത്തിലെഴുതപ്പെട്ട മറ്റൊരു കഥയാണ്. താന്‍ എയ്ഡ്‌സ് ബാധിതനെന്നറിയുമ്പോള്‍ അതറിയിക്കുന്ന ഡോക്ടര്‍ ദീപികയെ ആക്രമിച്ച് ചോരനുണഞ്ഞ് മകളെ ലൈംഗികപീഡനം നടത്തിയതിനു പിതാവിനെ ശിക്ഷിക്കാന്‍ ആര്‍ത്തുവിളിക്കുന്ന ആള്‍ക്കൂട്ടത്തിനു നടുവിലേക്കു നടക്കുന്ന സനല്‍ ആ കഥയുടെ തുടക്കത്തില്‍ സ്‌നേഹത്തെയും വിവാഹത്തെയും ഇങ്ങനെ ബന്ധിപ്പിക്കുന്നു: സനലിന്റെ നോട്ടത്തില്‍ ശരിയായ സ്‌നേഹ
ത്തിന് ഒരു വിവാഹബന്ധത്തില്‍ ഒരു ജഡത്തിന്റെ സ്ഥാനമാണ് ഉണ്ടായിരുന്നത്. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ഈ ജഡത്തിനെ ആര്‍ഭാടമായി സംസ്‌കരിക്കുവാന്‍ തുടങ്ങുന്നു. ചിലപ്പോള്‍ നിരവധി വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു ശവസംസ്‌കാരത്തിന്റെ ചടങ്ങ്, ദാമ്പത്യം എന്നാണ് ഈ സമ്പ്രദായത്തിനെ ആളുകള്‍ വിളിച്ചുപോരുന്നത്. മികച്ച ദാമ്പത്യത്തില്‍ സ്‌നേഹം മികച്ച രീതിയില്‍ സംസ്‌കരിക്കപ്പെടുന്നു.

കാഫ്ക കഥകളുടെ ഗവേഷകനായിരിക്കെ മനോരോഗിയായി പിതാവിന്റെ നിരന്തരശുശ്രൂഷമൂലം ജീവിതത്തിലേക്ക് വീണ്ടെടുക്കപ്പെട്ട് വിവാഹിതനായി കിടക്കയില്‍ ശരീരംകൊണ്ട് തന്നോടൊപ്പമായിരിക്കെത്തന്നെ മനസ്സില്‍ അന്യരെപ്പേറുന്ന ഭാര്യയോട് മനസ്സുകൊണ്ട് അസൂയപ്പെട്ട് വിദേശത്തെ എണ്ണക്കമ്പനിയിലെ ഒമ്പതുവര്‍ഷത്തെ ഉദ്യോഗത്തിനിടയില്‍ വേശ്യാലയത്തില്‍വെച്ചു പരിചയപ്പെട്ട അഗാഷയോട് ഗാഢാനുരക്തനായി ചീത്തക്കാര്യങ്ങള്‍ ചെയ്യാനുള്ള അവളുടെ സ്വാഭാവികത്വരയ്‌ക്കൊപ്പം ഒഴുകുകയുമാണയാള്‍. ആത്മഹത്യ ചെയ്ത അവളുടെ പിതൃസഹോദരപുത്രനും അവളോട് വേഴ്ച നടത്തിയ അവളുടെ പിതാവും കഥയുടെ പ്രധാന ഭാഗമാണ്. പിന്നീട് നാട്ടില്‍ തിരികെയെത്തി രോഗബാധിതയായ ആഗ്നസിനെ പരിചരിക്കുന്ന സനല്‍ അഗമ്യഗമനം നടത്തിയ പുരുഷനോടു കോപിക്കുന്ന ആള്‍ക്കൂട്ടത്തില്‍ അടക്കിവെക്കപ്പെട്ട കാമത്തിന്റെ മുരള്‍ച്ചയാണ് കേള്‍ക്കുന്നത്. അമേരിക്കന്‍ കാര്‍ട്ടൂണ്‍കഥാപാത്രമായ സൂപ്പര്‍മാന്റെ അടിയുടുപ്പിനെക്കാള്‍ മനോഹരമായ ഇന്ത്യന്‍ കഥാപാത്ര (ലുട്ടാപ്പി)ത്തിന്റെ അടിയുടുപ്പുകണ്ടാണ് അയാള്‍ക്ക് ദേശാഭിമാനം തോന്നുന്നത്.

ക്ഷയരോഗത്തില്‍നിന്ന് വിമുക്തിനേടുന്ന ഇടനേഴിയിലെ മദ്യവ്യാപാരിയിലെ ഭവാനി സാധാരണ ജീവിതത്തില്‍നിന്നുയര്‍ന്നുവരുന്ന അസാധാരണത്വം പ്രദര്‍ശിപ്പിക്കുന്ന കഥാപാത്രമാണ്. ആത്മഹത്യയിലൂടെയുള്ള രക്ഷപോലും അപ്രാപ്യമായവിധം ജീവിതപ്രാരബ്ധങ്ങള്‍ അവളെ ഞെരുക്കുന്നു. അഖിലേഷ് കൃഷ്ണന്‍ എന്ന മദ്യപനും അയാളുടെ സുഹൃത്ത് ശിവചന്ദ്രന്‍ എന്ന കവിയുമായുള്ള ബന്ധങ്ങളാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. മഴയും അതുമായി ബന്ധപ്പെട്ട രൂപകങ്ങളും ബിംബങ്ങളും ജയകുമാറിന്റെ കഥകളില്‍ ആവര്‍ത്തിക്കുന്നത് അദ്ദേഹ
ത്തിന്റെ മനോഭാവത്തിന്റെ സൂചകങ്ങളെന്ന നിലയില്‍ വിശദമായ അന്വേഷണം ആവശ്യപ്പെടുന്നു. മഴയുടെ മൂടാപ്പുപോലെ ദുഃഖം പടര്‍ന്നുപിടിക്കാന്‍ തുടങ്ങി, വിദൂരത്തില്‍നിന്ന് തുലാവര്‍ഷ മേഘങ്ങളുടെ മുരള്‍ച്ചപോലെ കാതില്‍വീണ നെഞ്ചിടിപ്പിന്റെ ധ്വനികള്‍ എന്നിങ്ങനെ ഈ കഥയില്‍തന്നെ അവ കടന്നുവരുന്നു. വിരല്‍ത്തുമ്പുകളുടെ നേര്‍ത്ത വൈദ്യുതി, ഇരുട്ടിന്റെ പുരാതനമായ വല, വിധി കൈവെള്ളയില്‍ വെച്ചു നീട്ടിയ മരണം, വിയര്‍പ്പിന്റെ സ്ഫുടതാരകള്‍ മിന്നിനിന്നിരുന്ന അവളുടെ നെറ്റി, ഭ്രാന്തിന്റെ അസുരവീര്യമുള്ള ചോര, കയ്പിന്റെ ഔരസപുത്രന്മാരായ ഗുളികകള്‍ എന്നിങ്ങനെ രൂപകസമൃദ്ധവും ബിംബനിര്‍ഭര
വുമായ ജയകുമാറിന്റെ ആഖ്യാനഭാഷ ഈ കഥകളില്‍ വിജയം വരിക്കുന്നു.

സാമൂഹികധ്വനികള്‍ തീരെയില്ലാത്ത ഒരു ശുദ്ധസൗന്ദര്യമേഖലയായി ജയകുമാറിന്റെ കഥകളെ കാണാനാവില്ല. മനുഷ്യജീവിതത്തെ നിര്‍ണ്ണയിക്കുന്ന സാമ്പത്തിക-സാംസ്‌കാരിക സാഹചര്യങ്ങള്‍ അദ്ദേഹം കാണുന്നുണ്ട്. ‘സമ്പന്നനും ഇഴക്കാട്ടുശ്ശേരി എന്ന പേരെടുത്ത തറവാട്ടിലെ അംഗവും എന്നതുപോലെ ആശയങ്ങളെ ദ്രുതഗതിയില്‍ ചലിപ്പിക്കാന്‍ സാമര്‍ത്ഥ്യമുള്ള എഴുത്തുകാരന്‍ കൂടി ആയിരുന്ന’ ‘ക്ഷത്രിയന്‍’ എന്ന കഥയിലെ രമേഷ് വിനയചന്ദ്രവര്‍മ്മ ഏറ്റുവാങ്ങുന്ന അനിവാര്യപരാജയം എഴുത്തുകാരന്റെ വര്‍ഗ്ഗനിലപാടിന്റെ സൂചനയാണ്. എന്നാല്‍ ജീര്‍ണ്ണിച്ചുകഴിഞ്ഞ കക്ഷിരാഷ്ട്രീയം എഴുത്തുകാരനെ പ്രലോഭിപ്പിക്കുന്നില്ല. അവര്‍ വ്യാപകമായി ഉപയോഗിച്ചു വലിച്ചെറിഞ്ഞ കുത്ബുദ്ദീന്‍ അന്‍സാരി എന്ന പ്രതീകം ഭയത്തെ സൂചിപ്പിക്കാന്‍ എത്ര സമര്‍ത്ഥമായാണ് ജയകുമാര്‍ ഉപയോഗിക്കുന്നതെന്നു നാം കണ്ടുകഴിഞ്ഞു. ‘പിതൃഭൂതന്‍’ എന്ന കഥയില്‍ ഇങ്ങനെയൊരു വാക്യമുള്ളത് കക്ഷിരാഷ്ട്രീയത്തെക്കുറിച്ചുള്ള എഴുത്തുകാരന്റെധാരണയെ വ്യക്തമാക്കിത്തരുന്നു.

‘അഭിനയംകക്ഷിരാഷ്ട്രീയംപോലെയാണ്, കെട്ടിയാടുന്ന വേഷങ്ങള്‍ക്ക് അതാത് സന്ദര്‍ഭത്തില്‍ കവിഞ്ഞ ഒരു പ്രസക്തിയും ഇല്ല.’ വരികള്‍ക്കിടയിലുള്ള ലക്ഷ്യബോധമുള്ള കോപ്പിയെഴുത്തായി പലപ്പോഴും അനുഭവപ്പെടുന്ന സമകാലിക ചെറുകഥാരംഗത്ത് ഒരു സമാശ്വാസമായി അനുഭവപ്പെടും ‘ഇടനേഴിയിലെ മദ്യവ്യാപാരി’ എന്ന കഥാസമാഹാരം.

മയ്യഴി
22.01.2018

 

 

Comments are closed.