DCBOOKS
Malayalam News Literature Website

ഹോട്ടല്‍ സൈലന്‍സ് ; അനീഷ് ഫ്രാന്‍സിസ് എഴുതിയ കഥ

മലഞ്ചരിവില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള കെട്ടിടം. അതാണ് ഹോട്ടല്‍ സൈലന്‍സ്. അസ്തമനച്ചുവപ്പിന്റെ നിറം. മുപ്പത്തിമൂന്നു മുറികള്‍. സ്പടികജനാലകളിലൂടെ ശതാവരിയിലകള്‍ പടര്‍ന്നു കയറിയിരിക്കുന്നു. മഞ്ഞില്‍ മുങ്ങിയ കെട്ടിടം അകലെനിന്ന് കണ്ടാല്‍ ഒരു ചെറിയ മേഘമായേ തോന്നു. പക്ഷേ തകര്‍ത്തുപെയ്യുന്ന മഴയില്‍ അതിപ്പോള്‍ ഒരു കണ്ണീര്‍ത്തുള്ളിപോലെ തോന്നിച്ചു.

”ഇവിടെ ഇതിനു മുന്‍പ് വന്നിട്ടുണ്ടോ ?” മൈത്രേയി അവനോടു ചോദിച്ചു.

”ഉണ്ട്.” അവന്‍ പറഞ്ഞു.

അവന്‍ എന്തിനായിരിക്കും അവിടെ വന്നതെന്ന് മൈത്രേയി ചോദിച്ചില്ല. ആളുകള്‍ പറയാതെ പറയുന്നവയാണ് അവരുടെ ഏറ്റവും വലിയ രഹസ്യങ്ങള്‍ എന്ന് അവള്‍ക്ക് അറിയാമായിരുന്നു.

കടുത്ത ദു:ഖം അനുഭവിക്കുന്നവര്‍ക്ക് മാത്രം താമസിക്കാനായി ഒരു ഹോട്ടല്‍.

pachakuthira dc booksപ്രവേശനഹാളില്‍ ചുവന്ന വെല്‍വെറ്റു പതിച്ച നാലഞ്ചു സോഫകള്‍. വലിയ ഡസ്‌ക്കിന് പിന്നില്‍ ഉറക്കംതൂങ്ങിയിരിക്കുന്ന വൃദ്ധന്‍ അവരുടെ കാലടിശബ്ദം കേട്ടു ഉണര്‍ന്നു. മേശയില്‍ ഒരു സ്ഫടികഭരണിയില്‍ നിറച്ച ജലത്തില്‍ ഒരു സ്വര്‍ണ്ണമത്സ്യം നീന്തിത്തുടിക്കുന്നു.

മഴയത്ത് നനഞ്ഞുകുളിച്ച് തന്റെ മുന്‍പില്‍ നില്‍ക്കുന്ന യുവതിയെയും യുവാവിനെയും അയാള്‍ മാറിമാറി നോക്കി.പിന്നെ മങ്ങിയ ചുവപ്പ് പുറംചട്ടയുള്ള തടിച്ച രജിസ്റ്റര്‍ എടുത്തു നിവര്‍ത്തി.

”നിങ്ങള്‍ ഒരുമിച്ചാണോ?” വൃദ്ധന്‍ ചോദിച്ചു.

”അതെ.” അവനാണ് പറഞ്ഞത്.

”എത്ര ദിവസമാണ് തങ്ങേണ്ടത് എന്ന് ദു:ഖത്തിന്റെ അളവ് വച്ചാണ് തീരുമാനിക്കുന്നത്.കുറച്ചുനേരം ആ ഗോള്‍ഡ്ഫിഷിന്റെ അടുത്തു പോയി നില്‍ക്കൂ…” തന്റെ വെളുത്ത നീണ്ട താടിയില്‍ തടവിക്കൊണ്ട് വൃദ്ധന്‍ പറഞ്ഞു.

”വെള്ളപ്പൊക്കം കാരണം ട്രെയിന്‍ മലമ്പാതയില്‍ പിടിച്ചിട്ടിരിക്കുകയാണ്. യാത്ര തുടരാന്‍ കഴിയാത്തതുകൊണ്ട് ഞങ്ങള്‍ തല്‍ക്കാലം തങ്ങാന്‍ വേണ്ടി ..” അവള്‍ പറഞ്ഞുതുടങ്ങിയെങ്കിലും ഇടയ്ക്ക് വച്ച് നിര്‍ത്തി. അവന്‍ ചുണ്ട് കൊണ്ട് അരുതെന്ന് ആംഗ്യം കാണിച്ചതായിരുന്നു കാരണം.

അവന്‍ അവളുടെ കയ്യില്‍ പിടിച്ചു. രണ്ടുപേരും ആ സ്ഫടികഭരണിയുടെ മുന്നില്‍ അല്‍പ്പനേരം നിന്നു. ഭരണിയിലെ ജലത്തില്‍ നീന്തിക്കൊണ്ടിരുന്ന മത്സ്യം കുറച്ചുനേരം ചലിച്ചില്ല. മൈത്രേയി അതിനെ സൂക്ഷിച്ചുനോക്കി. മത്സ്യത്തിന്റെ കണ്ണില്‍ ദു:ഖമടിയുന്നതുപോലെ.പെട്ടെന്ന് അവളെ ഞെട്ടിച്ചുകൊണ്ട് മത്സ്യം ഒന്ന് കുതിച്ചു. സ്വര്‍ണ്ണനിറമുള്ള ഒരു മിന്നല്‍ ജലത്തിലൂടെ പുളഞ്ഞു.

”രണ്ട് ദിവസം തങ്ങണം. റൂം നമ്പര്‍ മുപ്പത്തിമൂന്ന്.” വൃദ്ധന്‍ പറഞ്ഞു. താക്കോല്‍ തന്നു.

”ഏറ്റവും ഒടുവിലത്തെ റൂമിലാണ് നമ്മള്‍ തങ്ങുന്നത്.”പിരിയന്‍ ഗോവണിയിലൂടെ മുകളിലേക്ക് നടക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.