DCBOOKS
Malayalam News Literature Website

ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയുടെ അശീതി ആഘോഷം ഏപ്രില്‍ 28ന്

എടപ്പാള്‍: പ്രശസ്ത കവിയും അധ്യാപകനും പണ്ഡിതനും നിരൂപകനും വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ സെക്രട്ടറിയുമായ ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയുടെ അശീതി ആഘോഷം ഞായറാഴ്ച എടപ്പാള്‍ വള്ളത്തോള്‍ സഭാമണ്ഡപത്തില്‍ നടക്കും. 80 വയസ്സ് പിന്നിടുന്ന ചാത്തനാത്ത് അച്യുതനുണ്ണി മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകളെ അനുസ്മരിക്കുകയും അദ്ദേഹത്തോടുള്ള സ്‌നേഹാദരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വള്ളത്തോള്‍ വിദ്യാപീഠമാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഏപ്രില്‍ 28-ന് രാവിലെ 9.30ന് മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഡോ.എം.ആര്‍ രാഘവവാരിയര്‍ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. തുടര്‍ന്ന് പൗരസ്ത്യ കാവ്യമീമാംസയ്ക്ക് ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയുടെ സംഭാവന എന്ന വിഷയത്തില്‍ ഡോ.കെ.ജി പൗലോസ് പ്രഭാഷണം നടത്തും. അച്യുതനുണ്ണിയുടെ കവിതകള്‍ ഡോ.കെ.പി മോഹനന്‍ പ്രകാശിപ്പിക്കും. ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ഡോ.എം.എം ബഷീര്‍ എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കും.
തുടര്‍ന്ന് ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയുടെ കവിത എന്ന വിഷയത്തില്‍ ഡോ. എന്‍.അജയകുമാര്‍ പ്രഭാഷണം നടത്തും.

ഉച്ചതിരിഞ്ഞ് രണ്ടു മണി മുതലുള്ള സുഹൃദ്‌സമ്മേളനത്തില്‍ പ്രൊഫ.കെ.പി.ശങ്കരന്‍, ഡോ.പി.എന്‍.സുരേഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡോ.വേണുഗോപാലപ്പണിക്കര്‍, പി.പി രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. അഞ്ച് മണി മുതലുള്ള ആദര സമ്മേളനത്തില്‍ ഡോ.എസ്.കെ.വസന്തന്‍, ഡോ.ടികെ.നാരായണന്‍( കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍), എം.എന്‍.കാരശ്ശേരി എന്നിവരും പങ്കെടുക്കുന്നു. മഹാകവി അക്കിത്തം ഉപഹാരം സമര്‍പ്പിക്കും. രാത്രി ഏഴിന് പാട്ടിലെ കവിത എന്ന പരിപാടിയും നടക്കും.

Comments are closed.