DCBOOKS
Malayalam News Literature Website

ഗാന്ധിവധം പുനഃസൃഷ്ടിച്ച ഹിന്ദുമഹാസഭാ നേതാവ് വിവാദത്തില്‍; പ്രതിഷേധം ശക്തമാകുന്നു

അലിഗഡ്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ അദ്ദേഹത്തിന്റെ രൂപമുണ്ടാക്കി അതിനുനേരെ വെടിയുതിര്‍ത്ത് ഗാന്ധിവധം പുനസൃഷ്ടിച്ച ഹിന്ദു മഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡേ വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.

ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധിജിയുടെ ചിത്രത്തില്‍ കളിത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍നിന്ന് ചോര ഒഴുകുന്നതായും ചിത്രീകരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റു നേതാക്കളും വെടിയുതിര്‍ത്തശേഷം ഗാന്ധിജിയുടെ കോലം കത്തിച്ചു.

തുടര്‍ന്നു ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ ശകുന്‍ പാണ്ഡെ ഹാരാര്‍പ്പണം നടത്തി. ശൗര്യദിവസ് എന്ന പേരിലാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ഹിന്ദുമഹാസഭ ആഘോഷിക്കുന്നത്. ഗാന്ധി വധത്തിന്റെ ഓര്‍മ്മ പുതുക്കി സന്തോഷസൂചകമായി മധുരവിതരണവും നടത്തി.

സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിലും രാജ്യത്താകമാനവും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ദൈവമേ ഈ ക്രിമിനലുകളോട് ഒരിക്കലും പൊറുക്കരുതേ എന്ന് എഴുത്തുകാരന്‍ കെ.സച്ചിദാനന്ദന്‍ പ്രതികരിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സച്ചിദാനന്ദന്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

പൂജ ശകുന്‍ പാണ്ഡെയെ ദേശവിരുദ്ധയെന്നോ അതോ രാജ്യദ്രോഹിയെന്നാണോ വിളിക്കേണ്ടതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് ചോദിച്ചു. എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സാഗരിക ഘോഷ്, ഷെഹലാ റാഷിദ് എന്നിവര്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ഗാന്ധി വധം പുനരാവിഷ്‌കരിച്ച സംഭവം കേരളത്തിലും നടക്കുമോയെന്ന് ഭയക്കുന്നതായി എഴുത്തുകാരി കെ.ആര്‍ മീരയും പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മീര ആശങ്കകള്‍ പങ്കുവെച്ചത്.

 

ദൈവമേ, എനിക്കു പേടിയാകുന്നു. ‌രാഷ്ട്രപിതാവിന്‍റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിരൂപത്തിലേക്ക്…

Posted by K R Meera on Wednesday, January 30, 2019

Comments are closed.