DCBOOKS
Malayalam News Literature Website

പ്രകൃതിയിലേക്കുള്ള ഒരു മടക്കയാത്ര; സോണിയ റഫീഖിന്റെ ഹെര്‍ബേറിയം

പ്രകൃതിയും മനുഷ്യനും തമ്മില്‍ ഉണ്ടാകേണ്ട ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സോണിയ റഫീഖിന്റെ ‘ഹെര്‍ബേറിയം’ നാലാം പതിപ്പിലേക്ക്. ഒരു കൊച്ചുകുട്ടിയുടെ ചിന്തകളിലൂടെ വേവലാതിയുടെയും ജാഗ്രതയുടെയും ഒരു വലിയ ലോകം തുറന്നിടുന്ന ഈ നോവല്‍ 2016-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. പ്രകൃതിയെ മറന്നുള്ള മനുഷ്യന്റെ ചൂഷണങ്ങള്‍ക്കെതിരെയുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ നോവല്‍.

മരുഭൂമിയുടെ ഊഷരതയില്‍ നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെര്‍ബേറിയം തുറന്നിടുന്നത്. പ്രകൃതിയില്‍ നിന്നും ജൈവികതയില്‍ നിന്നും അകറ്റി ഫ്‌ലാറ്റിന്റെ ഇത്തിരിച്ചതുരത്തിലേക്ക് ഒതുക്കപ്പെടുന്ന പുതിയ തലമുറയെക്കുറിച്ച് ഈ നോവല്‍ നമ്മെ വേവലാതിപ്പെടുത്തുകയും ഒപ്പം നമ്മുടെ കുട്ടികള്‍ക്കും പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്‌കാരം സ്വരൂപിക്കാനാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

ദുബായ് നഗരത്തിലെ ഫ്‌ലാറ്റെന്ന ഒരിത്തിരി ചതുരത്തില്‍ നിന്ന് പ്രകൃതിയുടെ ജൈവികതയിലേക്ക് ഇറങ്ങിച്ചെന്ന ടിപ്പു എന്ന ഒന്‍പതു വയസ്സുകാരന്റെ കണ്ണിലൂടെയാണ് സോണിയ റഫീഖ് ഹെര്‍ബേറിയം എന്ന നോവല്‍ എഴുതിയിരിക്കുന്നത്. കഥാപാത്രസൃഷ്ടിയിലും രചനാതന്ത്രത്തിലും മികവുപുലര്‍ത്തുന്ന സോണിയയുടെ ഹെര്‍ബേറിയം സ്വാഭാവിക പ്രകൃതത്തില്‍നിന്ന് അകന്നുപോയ ഒരു തലമുറയെ സ്വാഭാവികമായിത്തന്നെ പ്രകൃതിയിലേക്കു മടക്കിയെത്തിക്കുന്നതിന്റെ മനോഹരമായ ചിത്രീകരണമാണ്. കൂടാതെ പ്രകൃതിയോടുള്ള സമരസപ്പെടല്‍ വെറും പുറംപൂച്ച് വാചകങ്ങളില്‍ ഒതുക്കാതെ നല്ല നിലയില്‍ അനുഭവപ്പെടുത്തിത്തരാന്‍ ഈ കൃതിക്കാവുന്നുണ്ട്. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ജാഗ്രതയും കുട്ടികളുടെ മനോവ്യാപാരങ്ങളെയും സൂക്ഷ്മമായി ഈ നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്.

‘ഞാവല്‍ പഴങ്ങളുണ്ടെങ്കില്‍ കുറച്ച് പെറുക്കി വെയ്ക്കാമെന്ന് കരുതി നോക്കിയപ്പോള്‍ അവിടെ ഒന്നുമേയില്ല, ഒക്കെ മഴ കൊണ്ടു പോയി. മാവിന്‍ചുവട്ടില്‍ കുറച്ച് മാങ്ങാപ്പിഞ്ചുകള്‍ കൊഴിഞ്ഞു കിടപ്പുണ്ട്. അതാര്‍ക്കു വേണം! എങ്കിലും അവയുടെ മെഴുമെഴുപ്പും കുസൃതി നോട്ടവും കണ്ടാല്‍ ഒന്നു കൈയിലെടുക്കാന്‍ തോന്നാതിരിക്കില്ല. ടിപ്പു നിലത്ത് കുത്തിയിരുന്നു മാങ്ങാപ്പിഞ്ചുകള്‍ പെറുക്കാന്‍ തുടങ്ങി.

കരിയിലകള്‍ക്കിടയിലൂടെ ഒരു ചുവന്ന ചോണനുറുമ്പ് ഊളിയിട്ടിറങ്ങുന്നതു കണ്ടു. അതിന്റെ പോക്ക് നിരീക്ഷിക്കാന്‍ അവന്‍ മെല്ലെ കരിയിലയുടെ പാളി നീക്കി നോക്കി. എന്തൊക്കെയാണ് അതിനു കീഴില്‍! കുറെ ഉറുമ്പുകള്‍, അവ തിരക്കിട്ടോടുന്നു. ചിലരുടെ ചുണ്ടില്‍ ഭക്ഷണം കടിച്ചു പിടിച്ചിട്ടുണ്ട്, അല്ലാ, അത് ഭക്ഷണമല്ല, മുട്ടകളാണ്. സ്വന്തം മുട്ടകള്‍ ചുമന്നു കൊണ്ടുപോകുന്നൊരു ജാഥ…’

മരണപ്പെട്ട പത്തു സസ്യങ്ങള്‍ക്കായി ടിപ്പു ഒരുക്കിയ ശവക്കുഴികള്‍ക്ക് സമീപം മരണപ്പെടാനിരിക്കുന്ന പതിനൊന്നാമത്തെ സസ്യത്തിനുള്ള ശവക്കുഴി കൂടി ഒരുക്കി വെച്ചാണ് നോവല്‍ അവസാനിക്കുന്നത്. പതിനൊന്നാമത്തെ ആ ശവക്കുഴി ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. നില മറന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍.

Comments are closed.