DCBOOKS
Malayalam News Literature Website

ഹെലൻ കെല്ലർ; തുറിച്ചുനോക്കുന്ന ജീവിതപരാജയത്തെ കൂസലില്ലാതെ നേരിട്ട ഇതിഹാസവനിത

 

ജീവിതം അത്ഭുതകരമായ ഒരു വിനോദമാണ്. അതിന്റെ അവസാനം നല്ല രീതിയില്‍ കളിക്കാന്‍തന്നെയാണ് എന്റെ തീരുമാനം. ധൈര്യം എല്ലാ ദുഃഖത്തിനും ഒരു പരിഹാരമാകും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു- ഹെലന്‍ കെല്ലര്‍

മഹച്ചരിതമാല- ‘ഹെലന്‍ കെല്ലര്‍, ലിവിങ്സ്റ്റണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്’ എന്ന പുസ്തകത്തിൽ നിന്നും

സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും ഉള്ള ആ കുസൃതിക്കുരുന്ന് പൂത്തുമ്പികളോടു കിന്നാരം പറഞ്ഞു നടന്നു. വർണശബളിമയാർന്ന ഈ ലോകം അവൾക്ക് വളരെ ഇഷ്ടമായി. ഒരായിരം ചിറകുള്ള ചിത്രശലഭമായി എങ്ങും പാറിനടക്കാൻ അവൾ വെമ്പൽപൂണ്ടു. കിലുക്കാംപെട്ടിയെ വെല്ലുന്ന കിളിക്കൊഞ്ചലുകൾ ആ വീടിനെ ശബ്ദമുഖരിതമാക്കി.

ഹെലൻ എന്നായിരുന്നു. ആ സുന്ദരിക്കുട്ടിയുടെ പേര്, പക്ഷേ, രണ്ടു വയസ്സ് പൂർത്തിയാകുന്നതിനു മുമ്പുതന്നെ വിധിയുടെ ക്രൂര ഹസ്തങ്ങൾ അവളുടെ കിളിക്കൊഞ്ചൽ അവസാനിപ്പിച്ചു. കാണാനും കേൾക്കാനുമുള്ള കഴിവും അപഹരിച്ചുകളഞ്ഞു. സ്കാർലറ്റ് ഫീവർ (ഒരു സാംക്രമിക വിഷജ്വരം) എന്ന മാരകരോഗത്തിന്റെ പിടിയിൽപ്പെട്ട ആ കുഞ്ഞ് ദിവസങ്ങളോളം ബോധമില്ലാതെ കിടന്നു. ബോധം വീണ്ടു കിട്ടിയപ്പോൾ അവൾക്കൊന്നും കാണാൻ വയ്യ. ഒന്നും കേൾക്കാനും വയ്യ. ഇരുണ്ട മൂകമായ ലോകം. എന്തെങ്കിലും സംസാരിക്കണമെന്നുണ്ട്. അതിനും കഴിയുന്നില്ല. ആ ഇളംചുണ്ടുകൾ വിതുമ്പിനിന്നു.

ഹെലന്റെ മാതാപിതാക്കൾ സ്തബ്ധരായിപ്പോയി. കാലം ആർക്കു വേണ്ടിയും കാത്തുനിൽക്കില്ലല്ലോ. ഹെലൻ Textവളർന്നു. വിരൽത്തുമ്പു കൊണ്ട് അക്ഷരങ്ങൾ സ്പർശിച്ചുനോക്കി അവൾ വായിക്കാൻ പഠിച്ചു. തന്റെ പ്രായത്തിലുള്ള പെൺകുട്ടികൾ വീണമീട്ടി പാടുമ്പോൾ ആ പെൺകുട്ടി കുഞ്ഞനുജത്തിയുടെയും അമ്മയുടെയും അധ്യാപികയുടെയും ചുണ്ടുകളിൽ തപ്പി കാര്യങ്ങൾ ഗ്രഹിക്കാൻ പഠിച്ചു. അവർ പറയുന്നതെന്തെന്ന് ചൂണ്ടുകളുടെ ചലനത്തിൽനിന്ന് അവൾ മനസ്സിലാക്കി. തന്റെ കൈവിരലിലൂടെ അവർക്കു മറുപടി നൽകി.

നല്ല ആത്മവിശ്വാസമായിരുന്നു ഹെലന്. പഠിക്കുവാനുള്ള അഭിവാജ്ഛ അവളിൽ വളർന്നുകൊണ്ടേയിരുന്നു. പില്ക്കാലത്ത് സർവ്വകലാശാലാബിരുദം നേടിയിട്ടും ഹെലൻ പഠിത്തം തുടർന്നു. അന്ധരുടെയും ബധിരരുടെയും ക്ഷേമത്തിനായി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച് ഹെലൻ ലോകപ്രശസ്തയായി. പതിമൂന്നാമത്തെ വയസ്സിൽ അവൾ ആത്മകഥ എഴുതിത്തുടങ്ങി. 23-ാമത്തെ വയസ്സിൽ അതു പൂർത്തിയാക്കുകയും ചെയ്തു. “എന്റെ ജീവിതകഥ’ എന്ന ആ പുസ്തകം പിന്നീട് 50 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി.

സംസാരിക്കാനും കേൾക്കാനും കാണാനുമുള്ള കഴിവുകൾ ഇല്ലാതിരുന്നിട്ടുകൂടി നിരന്തര പരിശ്രമത്തിലൂടെ സ്വജീവിതം കരുപ്പിടിപ്പിച്ച് ലോകപ്രശസ്തയായിത്തീർന്ന ആ മഹിളാരത്നത്തിന്റെ ജീവിതകഥ ശ്രദ്ധിക്കുന്നത് ആവേശകരമായ ഒരനുഭവമാകുന്നു. സ്ഥിരോത്സാഹത്തിന്റെ, ആത്മവിശ്വാസത്തിന്റെ, കഠിനപ്രയത്നത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ് ഹെലൻ കെല്ലർ. തുറിച്ചുനോക്കുന്ന ജീവിതപരാജയത്തെ കൂസലില്ലാതെ നേരിട്ടു നിരാശയ്ക്കും ആത്മനിന്ദയ്ക്കും അടിമയാകാത്ത ഇതിഹാസവനിതയാണവർ. അന്ധരുടെയും ബധിരരുടെയും ആരാധനാപാത്രം. ലോകത്തെമ്പാടുമുള്ള അന്ധരുടെയും ബധിരരുടെയും മൂകരുടെയും ഹൃദയങ്ങളിൽ ഹെലൻ ഒരു വികാരാവേശമായി ഇന്നും തുടിച്ചുനില്ക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും സുധീരം നേരിട്ട് വിജയത്തിന്റെ കല്പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറിയ ആ വനിതയുടെ ജീവിതകഥയിൽ നിന്നും നമുക്ക് ഒട്ടേറെ അനുഭവപാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. വികലാംഗരുടെ കാര്യത്തിൽ ഇന്ന് എല്ലാ ലോകരാഷ്ട്രങ്ങളും പ്രത്യേകം ശ്രദ്ധയും താത്പര്യവും പുലർത്തുന്നുണ്ടല്ലോ. വികലാംഗക്ഷേമത്തിനായി നമ്മുടെ കേന്ദ്രം സംസ്ഥാന ഗവൺമെന്റുകൾ പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് അവർ അനുഭവിക്കുന്ന എല്ലാവിധ സൗകര്യങ്ങൾക്കും അവർ ഹെലൻ കെല്ലറോട് കടപ്പെട്ടിരിക്കുന്നു.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ

Comments are closed.