DCBOOKS
Malayalam News Literature Website

ചിങ്ങ പുലരിയിലൂടെ മലയാളികൾക്ക് ഇന്ന് കർഷക ദിനം

ശബ്ന ശശിധരൻ

കാർഷിക സംസ്‌കാരത്തിന്റെയും,കൊയ്ത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. കേരളീയർ ചിങ്ങം 1 ന് കർഷക ദിനമായി ആചാരിക്കുന്നുവെങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം.

പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊറോണ മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ .കഴിഞ്ഞ രണ്ട് വർഷവും പ്രളയം കവർന്നെടുത്തു ചിങ്ങപ്പുലരിയെ, എന്നാൽ ഇന്ന് മഹാമാരി കാലത്തിന്റെ ആശങ്കയിൽ ഒരു പറ്റം കർഷകർ ദുരിതത്തിലാണ്ടിരിക്കുന്നു

എ. ഡി 1800 മ് ആണ്ടു മുതല്‍ ലോകത്ത് പലരാജ്യങ്ങളിലും കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേക ദിവസം തിരഞ്ഞെടുത്ത് മികച്ച കര്‍ഷകരെ ആദരിക്കാറുണ്ട്. ഡിസംബറിലെ ആദ്യ വെള്ളിയാഴ്ച ആണ് ചില രാജ്യങ്ങളില്‍ കര്‍ഷകദിനം. അമേരിക്കയില്‍ ഒക്ടോബര്‍ 12 ആണ് ഔദ്യോഗിക കര്‍ഷക ദിനം എങ്കിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ വിവിധ ദിവസങ്ങളില്‍ കര്‍ഷകദിനാചരണങ്ങള്‍ നടത്താറുണ്ട്.ഇന്ത്യയിലാവട്ടെ ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായ ചരൺസിങ്ങിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷകദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭക്ക് കീഴില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേള്‍ന്‍ പ്രവര്‍ത്തിച്ച് വരുന്നു. പട്ടിണിയെ ഇല്ലാതാക്കാന്‍ കഴിയുന്നത് ലോകത്ത് 500 ദശലക്ഷത്തോളം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരുടെ അദ്ധ്വാനഫലമായാണ്.

കർഷകദിനത്തോടനുബന്ധമായി നിരവധി പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കാറുള്ളത്. സാധാരണ ഗതിയിൽ അന്നേ ദിവസം മികച്ച കർഷകനുള്ള പുരസ്‌ക്കാരങ്ങൾ കൈമാറുന്നു.കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകാരപ്രദമാണ്.പ്രാകൃതമായ ജീവിതാവസ്ഥകളിൽ നിന്നും ആധുനികതയിലേയ്ക്കുള്ള മനുഷ്യന്റെ വളർച്ചയിൽ വഴിത്തിരിവായി മാറിയത് കൃഷിയുടെ ആവിർഭാവമാണ്.

അന്ന് മുതൽ ഇന്ന് വരെ തലമുറയുടെ മുതൽക്കൂട്ടായി കൃഷിയെ സംരക്ഷിച്ചു വരുന്നു. കൃഷിയെ അതിന്റെ ഏറ്റവും പൂർണ്ണതയിൽ എത്തിക്കുവായി കർഷകർക്ക് പല ആനുകൂല്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നു. എന്നാൽ
ആനൂകൂല്യങ്ങൾ പൂർണമായ അർഥത്തിൽ കർഷകരിലേക്ക് എത്തുന്നില്ലെന്നും സാങ്കേതികത വിദ്യയും പരമ്പരാഗത അറിവും ചേർന്ന കൃഷിക്ക് മാത്രമേ വരും കാലഘട്ടങ്ങളിൽ വിജയം കൈവരിക്കാൻ കഴിയുകയുള്ളുവെന്നതും വാസ്തവമായി ഇന്നും നിലക്കൊള്ളുന്നു.

ജൈവ കൃഷി രീതിയിൽ പാരമ്പര്യത്തെ കൈവിടാതെ നൂതനമായ ആശയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടു
കർഷകർക്ക് വേണ്ട അവബോധം നൽകുകയും, കർഷകരുടെ അവകാശപ്പോരാട്ടങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയായി കണക്കാക്കേണ്ടതുണ്ട് .കർഷകരുടെ പുരോഗതിയ്ക്കും കാർഷിക സമൃദ്ധിയ്ക്കും വേണ്ടി വരും നാളുകളിൽ ഒന്നിച്ചു കൈക്കോർക്കാം.

Comments are closed.