DCBOOKS
Malayalam News Literature Website

സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ്‌ ഗുരു…


ഒ.വി.വിജയന്‍റെ എഴുത്തുകള്‍ എല്ലാം തന്നെ തത്വചിന്താപരമായ ഒരു തലത്തെ ബൗദ്ധികവും ഭൗതികവുമായ മിശ്രണങ്ങൾ കൂട്ടി ചാലിച്ച് പതിപ്പിക്കുന്ന ചിത്രങ്ങള്‍ ആണ് എന്ന് തോന്നാറുണ്ട്. ഖസാക്കിലെ ഇടവഴികള്‍ പോലും സുപരിചിതമാകുന്ന ആ ഒരൊറ്റ ഇതിഹാസം മാത്രം മതി വിജയനെ അടയാളപ്പെടുത്താന്‍. “ഗുരു സാഗരം “ എന്ന നോവല്‍ പക്ഷെ വിചിത്രമായ മറ്റൊരു വഴിയിലൂടെ ഉള്ള സഞ്ചാരമായി കാണാന്‍ കഴിയുന്നു . ആത്മീയതയുടെ അന്തര്‍ധാരയില്‍ നിറഞ്ഞു നില്‍ക്കുന്ന രചന ശാന്തിഗിരിയിലെ കരുണാകര ഗുരുവിന്റെ അടുത്തുള്ള സന്ദര്‍ശനവും പരിചയവും മൂലം എഴുതപ്പെട്ട ഒരു നോവല്‍ ആണെന്ന് എഴുത്തുകാരന്‍ തന്നെ ആമുഖത്തില്‍ പറയുന്നുണ്ട് . യുദ്ധവും വിഭജനവും പോളണ്ടും ബംഗ്ലാദേശും കല്‍ക്കട്ടയും തൂതപ്പുഴയും ഇടകലര്‍ന്ന ഒരു വായന . നോവിന്റെ മാനസിക സഞ്ചാരങ്ങളെ, ആന്തരിക സംഘര്‍ഷങ്ങളെ വളരെ വാചാലമായി പറഞ്ഞു പോകുന്ന ഒരു നോവല്‍ ആണിത് . കുഞ്ഞുണ്ണി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന നോവലില്‍ രാഷ്ട്രീയവും സാമൂഹികവും ആയ തലങ്ങള്‍ വിഭജന കാലവും ലോക മഹായുദ്ധ കാലവും ആണ് . അത് ഇന്ദിരയില്‍ അടിയന്തിരാവസ്ഥയില്‍ വന്നവസാനിക്കുന്നു . ആ കാലഘട്ടം വരെയുള്ള സാമൂഹ്യ പശ്ചാത്തലം ആണ് നോവല്‍ വികസിക്കുന്ന പ്രതലം .
ബോധപൂര്‍വ്വം നേരെ പറയാതെ ചുരുക്കി പറയുന്ന സാമൂഹിക വിപ്ലവങ്ങള്‍ , യുദ്ധം , രാഷ്ട്രീയം എന്നിവ ഒരു കൈയ്യടക്കമുള്ള എഴുത്തുകാരന് മാത്രം കഴിയുന്ന ശൈലിയാണ് . വിജയന്‍ ഈ Textകഴിവ് നന്നായി പ്രകടിപ്പിക്കുന്നുമുണ്ട് . വളരെ ലളിതമായി വലിയ യുദ്ധങ്ങളും ദുരിതങ്ങളും കണ്ട ഒരു പട്ടാള ഉദ്യോഗസ്ഥന്‍, തന്റെ ജീവിതത്തില്‍ പരാജയപ്പെടുകയും തന്റേത് എന്ന് കരുതുന്ന കുഞ്ഞു തന്റേതല്ല എന്നറിയുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഷമതകളും ജീവിതത്തെ ആത്മീയതയുമായി കൂട്ടിയിണക്കി ദിവസങ്ങളെ അലയാന്‍ വിടുന്നതും പറഞ്ഞു തീര്‍ക്കാവുന്നതാണ് . പക്ഷെ അവ അപ്പോള്‍ ഒരു സാധാ പൈങ്കിളി നോവല്‍ ആയി മാറുകയേ ഉള്ളൂ . എന്നാല്‍ ഇതേ വിഷയം വിജയന്‍ തന്റെ ശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനു വളരെ വലിയ മാനങ്ങള്‍ കൈവരികയും അതൊരു നല്ല വായനയുടെ തലത്തിലേക്ക് വളരുകയും ചെയ്തു .

വിഷയവൈവിധ്യമല്ല ഇതില്‍ പ്രകടമായ വ്യത്യാസം . അത് കൈകാര്യം ചെയ്ത രീതിയാണ് . ആ രീതികൊണ്ട് മാത്രമാണ് ഈനോവലിനു ജീവന്‍ ഉണ്ടായത് എന്ന് വായന അടിയുറപ്പിച്ചു പറയുന്നു . മനുഷ്യമനസ്സിന്റെ ചിന്തകളെയും വ്യാപാരങ്ങളെയും തനത് ശൈലിയില്‍ പ്രകടിപ്പിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നതില്‍ ഉണ്ടാകുന്ന ആവര്‍ത്തനവിരസത അതുകൊണ്ട് തന്നെ ഇതില്‍ അനുഭവപ്പെടുന്നില്ല . സംഭാഷണങ്ങളുടെ അസ്വാഭാവിക ചലനങ്ങള്‍ മാത്രമാണ് ഒരു അസ്വാരസ്യമായി തോന്നുന്നത് . പക്ഷെ ഒരു ചട്ടക്കൂട്ടില്‍ നിര്‍ത്തി വായിക്കുക എന്നതുകൊണ്ട്‌ സംഭവിക്കുന്നതാകാം അത് എന്ന് തോന്നുന്നു . കാരണം എഴുത്തുകാരന്‍ തന്നെ തുടക്കത്തില്‍ പറയുന്നുണ്ട് സംഭാഷണങ്ങള്‍ മറ്റു ഭാഷക്കാരുടെ കൂടി മനോവ്യാപാരങ്ങള്‍ പ്രകടിപ്പിക്കുന്നത് കൊണ്ട് തനതു ശൈലിയുടെ തനിമ ചിലപ്പോള്‍ ലഭിക്കില്ല എന്നൊരു സൂചന .

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി ഒ.വി. വിജയന്റെ ‘ഗുരുസാഗരം’എന്ന കൃതിയും.

tune into https://dcbookstore.com/

ഒ.വി. വിജയന്റെ ‘ഗുരുസാഗരം’ എന്ന കൃതിക്ക് ബി.ജി.എന്‍ വര്‍ക്കല എഴുതിയ വായനാനുഭവം. 

Comments are closed.