DCBOOKS
Malayalam News Literature Website

ആഘോഷങ്ങള്‍ ഒഴിവാക്കി സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടത്തും

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി. ആഘോഷങ്ങളില്ലാതെ കലോല്‍സവം നടത്താനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതിനായുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കലോല്‍സവം ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാനുവല്‍ പരിഷ്‌ക്കരണ സമിതി യോഗത്തിന് ശേഷമായിരിക്കും ഉത്തരവ് ഇറങ്ങുക.

വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്ന് വ്യക്തമാക്കി കലോല്‍സവ നടത്തിപ്പിനുള്ള നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. സ്‌കൂള്‍, സര്‍വകലാശാലാ കലോല്‍സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, വിനോദസഞ്ചാര വകുപ്പിന്റേതടക്കം എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങളും ഇതില്‍ ഉള്‍പ്പെടും. ഈ മേളകള്‍ക്കായി നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നായിരുന്നു തീരുമാനം.

അതേസമയം ആഘോഷമില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്തി കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേക്ക് വിലക്കിയ ഉത്തരവില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.