DCBOOKS
Malayalam News Literature Website

മുന്നറിയിപ്പ് ; ഗ്രേസി എഴുതുന്നു

ജീവിതം എന്നെ പണ്ടേ തടവിലാക്കിയതാണ്. നട്ടെല്ലില്‍ ഒരോപ്പറേഷന്‍ വേണ്ടിവന്നതുകൊണ്ട് സഞ്ചാരം പറ്റാതെയായി. അപ്പന്‍ പാരമ്പര്യമായി കിട്ടിയ സ്വത്തുവകയിലൊന്നും തന്നില്ലെങ്കിലും കാരുണ്യപൂര്‍വ്വം പകര്‍ന്ന അര്‍ശോരോഗം ഭക്ഷണക്രമത്തെ ലളിതമാക്കി. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ താല്പര്യമില്ലാത്തതുകൊണ്ട് ഉള്ളിലെ ലോകത്ത് ഒതുങ്ങിക്കൂടി. പുസ്തകങ്ങളും സിനിമകളും നൃത്ത, സംഗീതക്കച്ചേരികളുംകൊണ്ട് ഞാന്‍ എന്റെ ചെറിയ ലോകത്തെ കഴിയുന്നത്ര സമ്പന്നമാക്കി. അപ്പോള്‍പ്പിന്നെ മഹാമാരിക്കാലത്തെ അടച്ചുപൂട്ടല്‍ എന്നെ എങ്ങനെ ബാധിക്കും? രോഗവ്യാപനത്തെക്കുറിച്ചുള്ള ഉത്കണ്ഠയും ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഒഴിച്ചാല്‍ എന്റെ ജീവിതത്തിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. പക്ഷേ, പ്രകൃതിക്ക് നേരിയ മാറ്റമുണ്ടായി. വായുവിന് കനം കുറഞ്ഞു. ആകാശം നീലനിറം ഒട്ടൊക്കെ വീണ്ടെടുത്തു. ചെകിടടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ ഒഴിഞ്ഞ്‌പോയതിലായിരുന്നു ഏറ്റവും വലിയ സന്തോഷം. വീടകത്ത് അടിഞ്ഞുകൂടുന്ന പൊടി കുറഞ്ഞതും ആശ്വാസമായി. അടച്ചിരുപ്പുകാലം തുടങ്ങിയപ്പോള്‍ ചില കിളികളുടെ നേര്‍ത്തശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. പിന്നെ അതും അപൂര്‍വ്വമായി. ഭൂമിയില്‍നിന്ന് പലതരം കിളികളും അപ്രത്യക്ഷമായി കഴിഞ്ഞു. ഒരു നീലപ്പൊന്മാന്‍ ഒറ്റയ്ക്ക് വഴിയോരത്തെ കറന്റ്കമ്പിയിലിരുന്ന് നിശ്ശബ്ദം താഴേയ്ക്ക്നോക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. കൂട്ടമായി പറന്നുവന്ന് പറമ്പിലാകെ തത്തിച്ചാടിച്ചിലച്ച് ചുറ്റുവട്ടം പ്രസന്നമാക്കുന്ന കരിയിലക്കിളികളാകട്ടെ ഒരിക്കല്‍ മാത്രം വന്ന് എങ്ങോ മറഞ്ഞുപോയി. വിഷുക്കാലത്തെത്തുന്ന മഞ്ഞക്കിളികളെ കാണാഞ്ഞ് ഞാന്‍ പരിഭ്രാന്തയായി. കുയിലൊച്ചയും കേള്‍ക്കാനില്ലെന്ന് ഞാന്‍ സങ്കടപ്പെട്ടു. മതിലിന്മേല്‍ ഒരു കുഴിയന്‍പിഞ്ഞാണത്തില്‍ പകര്‍ന്നുവച്ച ദാഹജലം കുടിക്കാന്‍ ഉപ്പനും കാക്കകളും എത്താറുണ്ടെങ്കിലും ചെറു കിളികളൊന്നും വരുന്നില്ലല്ലോ എന്ന് പരിതപിച്ചു. ഏതോ മാളത്തില്‍ വസിക്കുന്ന ഒരു കീരി ഇടയ്ക്കിടെ പരിഭ്രാന്തിയോടെ തിരിഞ്ഞുനോക്കി എങ്ങോ പായുന്നതുകണ്ട് അതിന്റെ ഇണയ്‌ക്കെന്തു സംഭവിച്ചു എന്ന് ആകുലപ്പെട്ടു. മനുഷ്യര്‍ പെരുകിയപ്പോള്‍ എണ്ണത്തില്‍ ചുരുങ്ങിപ്പോവുകയോ ഇല്ലാതെയാവുകയോ ചെയ്യുന്ന ജീവിവര്‍ഗ്ഗം വലിയൊരു മുന്നറിയിപ്പ് തരുന്നുണ്ട്. എത്രയോ ജീവിവര്‍ഗ്ഗം വാണ ഈ ഭൂമിയില്‍നിന്ന് മനുഷ്യകുലവും വൈകാതെ അപ്രത്യക്ഷമാവും എന്നുതന്നെയാണത്.

ദുരന്തങ്ങള്‍ക്കുമേല്‍ ദുരന്തങ്ങള്‍ പെയ്തിറങ്ങുമ്പോഴും മനുഷ്യന്‍ ഒരു പാഠവും പഠിക്കുകയില്ല എന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന വസ്തുത. അടച്ചിരുപ്പ് പലതരം അടുക്കളമണങ്ങള്‍കൊണ്ട് ആഘോഷമാക്കിയവരുണ്ട്. വീട്ടിലിരുന്ന് ഇരിപ്പുറയ്ക്കാതെ പുറത്തിറങ്ങി അലഞ്ഞുതിരിഞ്ഞവരെ പോലീസ് വാഹനസഹിതം പിടികൂടുന്നത് ടി.വി.യില്‍ കണ്ടു. കത്തുന്ന വെയിലില്‍ പൊരിഞ്ഞ് നില്‍ക്കുന്ന പോലീസുകാരെയും കാറ്റുപോലും കടക്കാത്ത കുപ്പായത്തിനുള്ളില്‍ വെന്തുരുകുന്ന ആരോഗ്യപ്രവര്‍ത്തകരെയും ഒരുനിമിഷംപോലും ഓര്‍ക്കാതെ സ്വന്തം പൊറുതികേടിനെ താലോലിക്കുന്ന അത്തരക്കാരെ ചമ്മട്ടിക്കടിച്ചാലും കുഴപ്പമില്ലെന്ന് തോന്നിപ്പോയി. അപൂര്‍വ്വം ചിലര്‍ വായനയെ തിരിച്ചു പിടിച്ചതായും കഞ്ഞിയും പയറും ചമ്മന്തിയും ശീലിച്ചതായും അറിഞ്ഞു. അവരും വിപത്കാലം കഴിഞ്ഞാല്‍ ആഘോഷത്തിമര്‍പ്പിലേക്കും ആര്‍ഭാടങ്ങളിലേക്കും മടങ്ങിപ്പോവും. ഈ മഹാമാരിക്കാലം മനുഷ്യരെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നും അവരുടെ പ്രകൃതങ്ങളില്‍ ഗുണപരമായ ചില മാറ്റങ്ങള്‍ വരുത്തുമെന്നും വിശ്വസിക്കുന്നവര്‍ വെറും ശുദ്ധാത്മാക്കളത്രെ. മനുഷ്യന്‍ ഒരു വിചിത്രജീവിയാണെന്നും അവന്റെയുള്ളില്‍ വീണ്ടുവിചാരത്തിന്റെ വിദൂരസാധ്യതപോലും ഇല്ലാതെയായി എന്നും ആഴത്തില്‍ ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രകൃതിയെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ തീരെയും ആവശ്യമില്ലാത്ത ഒരു ഘടകമാണ്. പ്രകൃതിക്കുപറ്റിയ ഒരു കൈത്തെറ്റാണ് മനുഷ്യന്‍. ആ തെറ്റ് പ്രകൃതി തിരുത്തുകതന്നെ ചെയ്യും. ഈ മഹാമാരി നല്‍കുന്ന മുന്നറിയിപ്പ് ഇതത്രെ. ഒരാള്‍ക്ക് എത്ര അടി മണ്ണുവേണം എന്ന പരമപ്രധാനമായ ചോദ്യത്തിന്റെ നേര്‍ക്ക് നാം കണ്ണടയ്ക്കുകയാണ്. അതുകൊണ്ടാണ് വിഴുങ്ങാനടുക്കുന്ന കൂരിരുളിനെ നാം കാണാതെ പോകുന്നത്.

Comments are closed.