DCBOOKS
Malayalam News Literature Website

ടി. പത്മനാഭന്റെ ‘ഗൗരി’ 21-ാം പതിപ്പില്‍

മലയാള ചെറുകഥാ ലോകത്തെ അപൂര്‍വ്വ സാന്നിധ്യമാണ് ടി. പത്മനാഭന്‍. മലയാള സാഹിത്യത്തിന് ചെറുകഥകള്‍ മാത്രം സമ്മാനിച്ച അതുല്യനായ എഴുത്തുകാരന്‍. വാസ്തവികതയെ വെല്ലുന്ന സാങ്കല്പികതയ്ക്കുദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ കഥകള്‍. ‘കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ’ എന്ന് അദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ‘ആത്മാവില്‍ കവിതയില്ലാത്തവര്‍ കഥയെഴുതരുത്’ എന്ന് വാദിക്കുന്ന ഇദ്ദേഹത്തിന്റെ എല്ലാ രചനകളും കവിതയോട് ഏറെ അടുത്തുനില്‍ക്കുന്നവയാണ്.

അപൂര്‍വ വ്യക്തിത്വങ്ങളുടെ സ്‌തോഭാത്മകമായ ചിത്രങ്ങളും വ്യക്തിമനസിന്റെ വൈകാരികതയും വിഹ്വലതകളുമാണ് ടി.പത്മനാഭന്റെ കഥകളില്‍ ആവിഷ്‌കൃതമാകുന്നത്. പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്‌നേഹമാണ് പദ്മനാഭന്റെ കഥകളുടെ അന്തര്‍ധാര. എം.ടിയുടെ കഥകളില്‍ കാണുന്നതുപോലെ തറവാടും ഗ്രാമാന്തരീക്ഷവും ഒന്നുചേര്‍ന്നുള്ള സുവ്യക്തമായ പശ്ചാത്തലം ടി. പദ്മനാഭന്റെ രചനകളില്‍ കാണില്ല. മറിച്ച് വ്യക്തി മനസ്സുകള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്.

ടി. പത്മനാഭന്റെ ഏറ്റവും മികച്ച ചെറുകഥകളുടെ സമാഹാരമാണ് ഗൗരി.  ഈ കൃതി മലയാള പുസ്തക വേദിയുടെ മുന്‍നിരയില്‍ പ്രതിഷ്ഠിക്കപ്പെട്ടതിന്റെ ഒരു പ്രധാന കാരണവും അതു തന്നെ. വനവാസം, മകന്‍, എന്റെ സോണി കളര്‍ ടിവിയും ഏതോ ഒരമ്മ കൊണ്ടു വന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും, ബന്ധങ്ങള്‍, വിമലയുടെ കഥ, കത്തുന്ന ഒരു രഥചക്രം, ഒരിക്കല്‍, രവിയുടെ കല്യാണം, ദാസന്‍, ശ്രുതിഭംഗം, രാമേട്ടന്‍, ഗൗരി എന്നീ കഥകളാണ് ഈ കൃതിയില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഗൗരിയെക്കുറിച്ച്, ‘പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ’ എന്ന ശീര്‍ഷകത്തില്‍ കെ.പി. അപ്പന്‍ എഴുതിയ നിരൂപണവും കൃതിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

മലയാളത്തില്‍ കഥയ്ക്കുള്ള ആദ്യത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ കൃതിയാണ് ഗൗരി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഗൗരിയുടെ 21-ാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Comments are closed.