DCBOOKS
Malayalam News Literature Website

 കെ അരവിന്ദാക്ഷന്റെ  ‘ഗോപ’ ; തീർത്തും സ്ത്രീപക്ഷമായ ഒരു രചന!

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കെ അരവിന്ദാക്ഷന്റെ  ‘ഗോപ’ എന്ന പുസ്തകത്തിന്  ഗൗരി എം കെ എഴുതിയ വായനാനുഭവം.

വായനക്കാരെ പിടിച്ചിരുത്താൻ പര്യാപ്തമായ,ചിന്തകളെ ഉദ്ദീപിപ്പിയ്ക്കുന്ന ഒരു നോവലാണ് , തീർത്തും സ്ത്രീ പക്ഷമായ ഒരു രചനയാണ് ശ്രീ.കെ. അരവിന്ദാക്ഷന്റെ ” ഗോപ”.
ആത്മാർത്ഥമായ നിഷ്ഠകളിലൂടെ, ശ്വസന ക്രമീകരണങ്ങളിലൂടെ ഓർമ്മകളെ ആസക്തിയല്ലാതെ കേവല വസ്തുതയാക്കി മാറ്റിയ ഭിക്ഷുണിയാണ് ഗോപ. പതിമൂന്ന് കൊല്ലം സിദ്ധാർത്ഥന്റെ നല്ല പാതിയായിരുന്ന യശോധരയുടെ (ഗോപയുടെ ) എഴുപത്തിയെട്ടാം ജന്മദിനത്തിൽ മനസ്സിൽ തെളിയുന്ന വീക്ഷണങ്ങളിലൂടെയാണ് നോവൽ അനായാസം ഒഴുകാൻ ആരംഭിയ്ക്കുന്നത്.

നോവലിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ചോദ്യം അവസാനം വരെയും ഉത്തരത്തിന് വഴിപ്പെടാതെ കുതറി മാറുന്നു- അതു വരെയും ആത്മാന്വേഷണം ഒരുമിച്ച് നടത്തിയ, ഒന്നായി ക്കഴിഞ്ഞിരുന്ന ഇരുവരുടെയും ആത്മാക്കളെ നിർദ്ദയം വേർപിരിയ്ക്കാൻ എങ്ങിനെ സിദ്ധാർത്ഥന് കഴിഞ്ഞു? പ്രപഞ്ച സത്യം തേടിയുള്ള യാത്ര പുറപ്പെടുകയാണ് താൻ എന്ന്, പറഞ്ഞിട്ട് പോകാനുള്ള പ്രാധാന്യം പോലും ഗോപയ്ക്ക് നൽകേണ്ടതില്ല എന്ന് തീരുമാനിയ്ക്കാൻ അദ്ദേഹത്തിന് പ്രേരണയായത് എന്താണ്? എല്ലായിടത്ത് നിന്നും ഒരു പടിയെങ്കിലും പിറകോട്ട് തള്ളപ്പെടുന്ന, അവഗണിയ്ക്കപ്പെടുന്ന സ്ത്രൈണവീക്ഷണ കോണാണ് ഈ നോവലിനെ ശ്രദ്ധേയവും വ്യതിരിക്തവും ആക്കുന്നത് എന്ന് നിസ്സംശയം പറയാം. ശരിയ്ക്കു പറഞ്ഞാൽ ഗോപയുടെ മനസ്സിൽ- സ്ത്രീയുടെ മനസ്സിൽ – കടന്നുചെന്നിരുന്ന് കുറിച്ചിട്ടത് പോലെ. എന്തുകൊണ്ട് മനുഷ്യൻ ദു:ഖിയ്ക്കുന്നു, ദുരിതപ്പെടുന്നു, മരണഭയത്തിൽ മുങ്ങുന്നു എന്നെല്ലാം ചിന്തിച്ചിരുന്നവർ തന്നെയായിരുന്നു സിദ്ധാർത്ഥനെപ്പോലെ തന്നെ യശോധരയും ചന്നനുമെല്ലാം. എന്നിട്ടും അവരെ കൂടെക്കൂട്ടിയാൽ തന്റെ അന്വേഷണങ്ങളുടെ സുഗമമായ ഒഴുക്ക് തടസ്സപ്പെടും എന്ന ഉൽക്കർഷ ബോധം സിദ്ധാർത്ഥനിൽ നിറഞ്ഞു.

പക്ഷേ ഗോപ ഈ അവഗണനയിൽ തളർന്നില്ല. താൽക്കാലികമായ മനോവിഷമങ്ങളിൽ അകപ്പെട്ടു പോയെങ്കിലും മാതൃസഹജമായ സ്നേഹം എന്ന ദിവ്യ ഔഷധം കൊണ്ട് ഗോപ ജീവിതം പൂർവ്വാധികം ഊർജ്ജസ്വലതയോടെ തിരിച്ചു പിടിച്ചു. “ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിക്കാൻ അമ്മ എന്നെ പ്രാപ്തനാക്കൂ” എന്ന സാന്ത്വനമാണ് രാഹുലന്റെ തേങ്ങിക്കരച്ചിലിൽ ഗോപ കേട്ടത്. എഴുപത്തിയെട്ട് വർഷങ്ങൾക്ക് മേലെ നീണ്ട തന്റെ ജീവിതത്തിൽ മകൻ ആ ചോദ്യങ്ങൾ ഉയർത്തുന്നത് ഒരിയ്ക്കലും കേൾക്കാൻ തരപ്പെട്ടില്ല എന്നത് മറ്റൊരു സത്യം. സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകുക മാത്രമല്ല ജീവിത സത്യാന്വേഷണം കൂടുതൽ യാഥാർത്ഥ്യ ബോധത്തോടെ, പ്രായോഗികതയോടെ തുടരുക കൂടി ചെയ്തു ഗോപ. ഒപ്പം പ്രകൃതിയുമായി സമരസപ്പെട്ടു പോകുന്നതിനും സഹജീവികളുടെ നൊമ്പരങ്ങളറിഞ്ഞ് പ്രവർത്തിയ്ക്കുന്നതിനും സാന്ത്വനം നൽകുന്നതിനും സ്ത്രീസഹജമായ കരുണയോടെ നിരന്തരം ശ്രമിച്ചു.

“പരിപൂർണ നഗ്നനായി എന്റെ നഗ്ന ശരീരത്തോടൊപ്പം ശയിയ്ക്കാൻ കഴിയുമോ?” എന്ന വെല്ലുവിളി സിദ്ധാർത്ഥനോട് ഉയർത്താൻ പ്രാപ്തമായ വിധം അമ്പത് വയസ്സിന് വളരെ മുൻപു ന്നെ അവർ കാമവിമോചിതയായി. ആ ചോദ്യം ഒരു കൊടുങ്കാറ്റായി ഉലച്ചെങ്കിലും ചിരിച്ചു തള്ളിക്കളയുകയാണ് സിദ്ധാർത്ഥൻ ചെയ്തത്. നിന്റെ ചോദ്യം ഉത്തരമർഹിയ്ക്കുന്നില്ല എന്ന മഹാമൗനത്തോടെ. ബുദ്ധവിഹാരത്തിൽ ഗൗതമി രാജ്ഞിയ്ക്കൊപ്പം കഠിന വ്രതനിഷ്ഠകളിലൂടെ പ്രവേശനം നേടിയെടുത്തവളാണ് ഗോപ. പക്ഷേ അവിടത്തെ വാസകാലമത്രയും വൈരുദ്ധ്യങ്ങളുടെ മന:സംഘർഷം കൂടിയ അളവിൽ അവർക്ക് നേരിടേണ്ടതായി വന്നു. സ്ത്രീകളെ വിഹാരത്തിൽ പ്രവേശിപ്പിയ്ക്കാൻ ആദ്യം വളരെ മടി കാണിച്ചിരുന്നു സിദ്ധാർത്ഥൻ. മനുഷ്യൻ അപൂർണ്ണനാണ്. പക്ഷെ അതിന്റെ കുറ്റം സ്ത്രീയുടെ തലയിൽ കെട്ടി വെച്ച് രക്ഷപ്പെടുന്ന രീതിയാണ് സമൂഹത്തിന്റേതെന്നും അതിന്റെ അലയൊലികൾ തന്നെയാണ് ബുദ്ധവിഹാരത്തിലെന്നും അവർ വളരെ വേഗം തിരിച്ചറിഞ്ഞു.

കുഞ്ഞു മരിച്ച് പോയ ദു:ഖം പോരാഞ്ഞ് സിദ്ധാർത്ഥനരികിലെത്തിയ കിസ ഗോതമി എന്ന അമ്മയ്ക്ക് യഥാർത്ഥത്തിൽ വേണ്ടിയിരുന്നത് കടുകിന്റെ ഉപമക്കഥയായിരുന്നില്ലല്ലോ? മരണത്തിലെ സാധാരണത്വം, സാർവ്വത്രികത്വം, അനിവാര്യത ഇതെല്ലാം വെളിവാക്കാനായിരിയ്ക്കണം ഉദ്ദേശ്യം. ആ അമ്മയുടെ ആവശ്യം ദുഃഖ ഭാരത്തിന്റെ ഒരൽപം പങ്കിടൽ, സാന്ത്വനം ഇവയെല്ലാമായിരുന്നു. അതി സൗമ്യവും അനുതാപപൂർണ്ണവുമായ മനസ്സോടെ ഗോപ ഇത് തിരിച്ചറിയുന്നു. പുരുഷബുദ്ധനെ മാത്രം മനസ്സിലാക്കിയിട്ടുള്ള ലോകത്തിന് അമ്മ ബുദ്ധൻ അപരിചിതൻ തന്നെയാണെന്ന് അംഗീകരിയ്ക്കുന്നു. ബുദ്ധന്റെ വ്യക്തിത്വത്തിലുണ്ടായിരുന്ന സ്ത്രൈണ പരിമിതികളെ മറി കടക്കുക എന്ന ഉദ്ദേശം കൂടി ‘ജീവകല” രൂപപ്പെടുത്തുമ്പോൾ ഗോപയ്ക്കുണ്ടായിരുന്നു. ഭൂമിയുടെ ഒരു സൂക്ഷ്മ രൂപം തന്നെയായ, ശ്രേണീ ബദ്ധമല്ലാത്ത സചേതനവും അചേതനവുമായ എല്ലാത്തിനെയും ഉൾക്കൊള്ളുന്ന വലിപ്പച്ചെറുപ്പങ്ങളില്ലാത്ത ഒരിടമായി ആ “ജീവകല”വികസിച്ചു വരികയും ചെയ്തു.

ചന്നന്റെയും, ശാരീരിക അതിക്രമങ്ങളെ അതിജീവിച്ച രത്ന എന്ന പെൺകുട്ടിയുടെയും സഹായത്തോടെ. പ്രകൃതിയിലെ പ്രതിഭാസങ്ങളെ നോക്കി, അതിന് മുന്നിൽ മനുഷ്യരുടെ ബുദ്ധി വൈഭവം എത്ര ചെറുതായിപ്പോകുന്നു എന്ന് മനസ്സിലാക്കുന്ന ഹരിത ജീനും ഗോപയിലുണ്ട്. മാറ്റി പണിതും വെട്ടി വെളുപ്പിച്ചും നശിപ്പിച്ചും പ്രകൃതിയുടെ സഹജമായ ഒഴുക്കിനെതിരെ വാളെടുത്ത് സ്വന്തം ഭാവനകൾക്കനുസൃതമായി വശപ്പെടുത്തിയെടുക്കുക എന്ന നയം മനുഷ്യനൊഴികെ ഭൂമിയിൽ മറ്റൊരു ജീവിയ്ക്കുമില്ല എന്നവർ തിരിച്ചറിയുന്നു.

ഏതായാലും വായനക്കാരെ പിടിച്ചിരുത്താൻ പര്യാപ്തമായ, ചിന്തകളെ ഉദ്ദീപിപ്പിയ്ക്കുന്ന ഒരു നോവലാണ് , തീർത്തും സ്ത്രീപക്ഷമായ ഒരു രചനയാണ് ശ്രീ.കെ. അരവിന്ദാക്ഷന്റെ “ഗോപ” എന്നതിൽ സംശയമില്ല.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.