DCBOOKS
Malayalam News Literature Website

കോവിഡ്‌ കാലത്തെ സ്വര്‍ണ്ണക്കടത്തും വോയറിസവും: സി.എസ് ചന്ദ്രിക എഴുതുന്നു

CS Chandrika
CS Chandrika

രാജ്യമെങ്ങും അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത്‌ നടക്കുന്നത്‌ പുതിയ കാര്യമല്ല. അതെപ്പോഴും ഇവിടെയുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്‌, ഇനിയുമുണ്ടാകും. അഴിമതിയും മതഭീകരവാദവും ഫാസിസ്റ്റ്‌ വാഴ്‌ചകളുമൊക്കെ ഉള്ളിടത്തോളം, അനിയന്ത്രിതമായ ധനാര്‍ത്തിയും അധികാര ദുരയുമുള്ള വ്യവസായികളും രാഷ്‌ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥരും ഉള്ളിടത്തോളം, കള്ളക്കടത്തുകാരെ സംരക്ഷിക്കാന്‍ നേരിട്ടും അല്ലാതേയുമുള്ള ഈ കൂട്ടുകെട്ട്‌ നിലനില്‍ക്കുന്ന കാലത്തോളം ഇതിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കു കഴിയും?

ഇതൊരു അധികാര രാഷ്‌ട്രീയ വ്യവസ്ഥയാണ്‌. ഇവരുടെ കടുത്ത സഖ്യമാണ്‌ നമ്മുടെ രാഷ്‌ട്രീയ, സമ്പദ്‌വ്യവസ്ഥയേയും ലിംഗാധികാരത്തേയും മത, ജാത്യധികാര വ്യവസ്ഥയെത്തന്നെയും നിയന്ത്രിക്കുന്നതും നിലനിര്‍ത്തുന്നതും. ഇതാര്‍ക്കും അറിയാത്തതല്ല. ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കളുടേയും രാഷ്‌ട്രീയപ്പാര്‍ട്ടികളുടേയും ആസ്‌തി വളര്‍ച്ചയുടെ ഉറവിടങ്ങള്‍ തേടിപ്പോയാല്‍ ഈ കൂട്ടുകെട്ടിന്റെ എത്രയോ കഥകള്‍ മാധ്യമങ്ങള്‍ക്ക്‌ പറയാനുണ്ടാവും! പക്ഷേ ഇക്കാലത്ത്‌ മാധ്യമങ്ങളും ഇതൊന്നും പറയുകയില്ല. നിക്ഷിപ്‌ത താല്‌പര്യങ്ങളുടേയും ധനലാഭത്തിന്റേയും ഈ മലീമസമായ കൂട്ടുകെട്ടില്‍ ഉള്‍പ്പെടാത്ത മാധ്യമ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ – അവരുടെ വംശം നാമമാത്രമാണിണ്‌.

കോവിഡ്‌ പകര്‍ച്ചക്കു മുന്നില്‍ വലിയ സമ്പന്ന രാജ്യങ്ങള്‍ മുഴുവനും പകച്ചു നില്‍ക്കുമ്പോഴും കോവിഡ്‌ പ്രതിരോധത്തില്‍ കേരളം ഊര്‍ജ്ജസ്വലമായ ശാസ്‌ത്രീയമായ പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നു. അതിന്റെ ഗുണഫലം ഇത്രയും കാലം നാമനുഭവിച്ചു. ജനങ്ങളുടെ സുരക്ഷക്കു വേണ്ടി ഭൂരിഭാഗം മാധ്യമങ്ങളും സര്‍ക്കാരിനൊപ്പം ചേര്‍ന്നു നിന്ന്‌ അവരുടേതായ നിര്‍ണ്ണായകമായ പങ്കു നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പക്ഷേ പെട്ടെന്നൊരു ഘട്ടത്തിലാണ്‌ കേരളം വല്ലാത്തൊരു തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിന്റേതായ രാഷ്‌ട്രീയ വൈരബോധത്തിലേക്കും രാഷ്‌ട്രീയ പ്രചരണങ്ങള്‍ സൃഷ്‌ടിക്കുന്ന ധ്രുവീകരണത്തിലേക്കും കടന്നത്‌. മാധ്യമങ്ങളിലും അത്‌ പ്രതിഫലിച്ചു. ഈ ഘട്ടത്തില്‍ പെരുകുന്ന കോവിഡ്‌ വൈറസ്‌ ബാധയെപ്പോലും അവഗണിച്ച്‌ പൊതുജനാരാഗ്യ സുരക്ഷയെ വെല്ലുവിളിച്ച്‌ പൊതുസ്ഥലങ്ങളില്‍ പ്രതിപക്ഷം സമരങ്ങള്‍ നടത്തി. അതേ ബഹളം വെയ്‌ക്കല്‍ ചാനലുകള്‍ ചര്‍ച്ചകളിലും നടത്തി. വെല്ലുവിളിക്കുന്ന, നിലവാരമില്ലാത്ത, അക്രമാസക്തമായ ഭാഷയില്‍ രാഷ്‌ട്രീയ നേതാക്കളുടെ ശബ്‌ദങ്ങള്‍ വീടുകളിലെ സ്വീകരണ മുറികളെ അസ്വസ്ഥമാക്കി. പ്രേക്ഷകരായ ജനങ്ങളും കോവിഡ്‌ മറന്ന്‌ വെറുതെ പെതുസ്ഥലത്തേക്കിറങ്ങുവാന്‍ പ്രലോഭനമുള്ളവരായി. സ്‌ക്രീനില്‍ കാണുന്ന, കൂട്ടം കൂടുന്ന കാഴ്‌ചയാണവരുടെ പ്രലോഭനം.

സി.എസ്. ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

സി.എസ്. ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതൊരു അപകടകരമായ പെരുമാറ്റമാണ്‌. കോവിഡ്‌ കാലത്ത്‌ പഴയ സമരരൂപങ്ങള്‍ പ്രയോഗിക്കാനാവുകയില്ല എന്ന്‌ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ഓര്‍ക്കേണ്ടതുണ്ട്‌. മുന്‍പത്തെപ്പോലെ ഒന്നും പറ്റുകയില്ല. ഞങ്ങളെല്ലാവരും, എന്നു വെച്ചാല്‍ ജനങ്ങള്‍ – വീടുകളിലിരുന്ന്‌ ഓഫീസ്‌ ജോലി ചെയ്യുന്നു. സെമിനാറുകള്‍, ചര്‍ച്ചകള്‍, സാഹിത്യ, കലാപരിപാടികള്‍ നടത്തുന്നു. ഞങ്ങളുടെ കുട്ടികള്‍ വീടുകളിലിരുന്ന്‌ സ്‌കൂള്‍, കോളേജ്‌ പാഠങ്ങള്‍ പഠിക്കുന്നു. രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ മാത്രം എങ്ങനെയാണ്‌ ഇതൊന്നും ബാധകമല്ലാതാവുന്നത്‌? ജനാധിപത്യപരമായി സമരം ചെയ്യാന്‍ കോവിഡ്‌ കാലത്ത്‌ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ മറ്റു ബദല്‍മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. നിയമപരമായും പ്രചരണപരമായും വഴികള്‍ കണ്ടെത്താനാവും. നിങ്ങളുടെ തന്നെ വിലപ്പെട്ട അനുയായികളുടേയും അധികാരങ്ങളും സമ്പത്തുമൊന്നുമില്ലാത്ത, നിസ്സഹായരമായ ജനങ്ങളുടേയും (അവര്‍ക്കും വോട്ടുണ്ട്‌) ജീവന്‍ അപകടപ്പെടുത്തരുത്‌. ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ സാധാരണ ജീവിതത്തിലേക്ക്‌ വേഗം തിരിച്ചു വരാന്‍ കഴിയുന്ന സാധ്യതകളെ പിന്തുണച്ച്‌ സഹായിക്കുകയാണ്‌ വേണ്ടത്‌. അടുത്ത തെരഞ്ഞെടുപ്പിന്‌ ഇനിയും ധാരാളം സമയമുണ്ട്‌. പ്രസക്തിയുണ്ടെങ്കില്‍ ഈ പ്രചരണങ്ങള്‍ അന്നും നടത്താം.

ഈ ഘട്ടത്തില്‍ കേരളത്തിലെ മാധ്യമങ്ങളോട്‌ വലിയൊരപേക്ഷയുണ്ട്‌. മാധ്യമസ്ഥാപനങ്ങളുടെ തലപ്പത്തുള്ള നല്ല സുഹൃത്തുക്കള്‍ എനിക്കുണ്ട്‌. എന്നാല്‍, വ്യക്തിപരമായിട്ടല്ല ഈ അപേക്ഷ. ഇതൊരു മാധ്യമ ഓഡിറ്റിന്റെ ഭാഗമായുള്ള അഭ്യര്‍ത്ഥനയാണ്‌. കാരണം മാധ്യമങ്ങള്‍, വിശേഷിച്ച്‌ കേരളത്തിലെ ചിന്തിക്കുന്ന കുറേ സ്‌ത്രീകളുടെ ഓഡിറ്റിന്‌ എപ്പോഴും വിധേയമാണ്‌.

ഇവിടെയിപ്പോള്‍ യു. എ. ഇ. യുടെ നയതന്ത്രബാഗില്‍ തിരുവനന്തപുരം വിമാനത്താവളത്തിയ സ്വര്‍ണ്ണം കസ്റ്റംസ്‌ പിടിച്ചു എന്ന പ്രത്യേക വാര്‍ത്തയാണിപ്പോള്‍ പുതുമയായിരിക്കുന്നത്‌. അതിന്റെ ഭാഗമായി യു എ ഇ കേണ്‍സുലേറ്റിലെ ജോലിക്കാരായിരുന്ന രണ്ടു പേര്‍ – ഒരു പുരുഷനും ഒരു സ്‌ത്രീയും – സരിത്തും സ്വപ്‌നാ സുരേഷും കുറ്റവാളികളാണെന്ന്‌ തിരിച്ചറിയപ്പെടുകയും ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്‌തു. ഇതെല്ലാം അപ്പഴപ്പോള്‍ ഞങ്ങളറിയുന്നത്‌ മാധ്യമങ്ങളില്‍ നിന്നാണ്‌.

ഇപ്പോള്‍ ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെയാണ്‌ ഈ വിഷയം. പക്ഷേ ഇതെഴുതാതിരിക്കാനാവില്ല. കേരളത്തിലെ മാധ്യമങ്ങള്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വപ്‌ന സുരേഷ്‌ എന്ന പേരിലും അവരുടെ ശരീരത്തിന്റെ പര്‍വ്വതീകരിച്ച കാഴ്‌ചയിലും ലൈംഗിക ഒളിഞ്ഞുനോട്ടങ്ങളിലുമാണ്‌ പരസ്യമായി അഭിരമിച്ചുകൊണ്ടിരിക്കുന്നത്‌.
പൊതുവേ, സ്‌ത്രീ ശരീരത്തിന്‌ നേരെ മാധ്യമങ്ങള്‍ എന്നെന്നും പ്രോത്സാഹിപ്പിച്ച്‌ വീണ്ടും വീണ്ടും സമൂഹത്തില്‍ സ്ഥാപിച്ചെടുക്കുന്ന നയന ഭോഗേച്ഛയുടെ മലീമസമായ കാലമാണ്‌ സ്വര്‍ണ്ണക്കടത്ത്‌ റിപ്പോര്‍ട്ടിംഗിനുള്ളിലും ഞങ്ങള്‍ ആവര്‍ത്തിച്ചു കണ്ടത്‌. അതേ രസത്തിലാറാടിക്കൊണ്ടാണ്‌ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ചില രാഷ്‌ട്രീയ നേതാക്കളുടെ ഉള്ളില്‍ നിന്ന്‌ വരുന്ന വര്‍ത്തമാനങ്ങള്‍ എല്ലാവരും കേട്ടുകൊണ്ടിരിക്കുന്നത്‌.

ഇതേ നാണയത്തിന്റെ മറുവശം സോളാര്‍ കേസില്‍ പ്രതിയായ സരിതാ നായരുടെ ശരീരത്തിന്‍മേലും പ്രയോഗിച്ച്‌ മാധ്യമങ്ങള്‍ പ്രേക്ഷകരായ പുരുഷ സമൂഹത്തെ അന്ന്‌ ത്രസിപ്പിച്ചിട്ടുണ്ട്‌. അന്ന്‌ സരിതാ നായര്‍ പരസ്യമായും നിയമപരമായും ഉന്നയിച്ച പരാതി, തന്റെ ശരീരത്തെ ചില നേതാക്കള്‍ ഉപയോഗിക്കുകയും ആക്രമിക്കുകയും ചെയ്‌തു എന്നു കൂടിയാണ്‌. എന്നിട്ടും കേസിനാധാരമായ യഥാര്‍ത്ഥ കാരണങ്ങള്‍ക്കു പിറകേ ശരിയായ ദിശയില്‍ അന്വേഷണാത്മകമായി പോകാതെ മാധ്യമങ്ങളുടെ കണ്ണുകള്‍ സരിതയുടെ ശരീരത്തിനു ചുറ്റും വിന്യസിച്ചു നിന്നു. അന്നും ഞങ്ങള്‍ക്ക്‌ വിഷമം തോന്നിയിട്ടുണ്ട്‌. രാഷ്‌ട്രീയ ഭരണ രംഗത്തെ ബാധിക്കുന്ന അഴിമതിയുടെ പശ്ചാത്തലത്തില്‍ ഒരു നീലച്ചിത്ര പരമ്പര പരസ്യമായി കാണാനാവുന്ന സ്വാതന്ത്ര്യത്തോടെ സ്വന്തം രതിവൈകൃത ഭാവനകളിലും കൂടിയിരുന്ന്‌ ഏറെ പുരുഷ പ്രേക്ഷകരും അത്‌ ആവോളം ആസ്വദിക്കുകയും സോഷ്യല്‍ മീഡിയയിലെ മഞ്ഞ മാധ്യമ പ്രചാരകരില്‍ നിന്ന്‌ കിട്ടുന്നത്ര ഫോട്ടോകളും ലിങ്കുകളും കൈമാറി വഷളത്തരം പറഞ്ഞ്‌ തൃപ്‌തിപ്പെടുകയും ചെയ്‌തു.

ഇത്തവണ, സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന തന്റെ ശരീരം ഏതെങ്കിലും രാഷ്‌ട്രീയ നേതാവോ ഉദ്യോഗസ്ഥനോ ചൂഷണം ചെയ്‌തതായോ ആക്രമിച്ചതായോ ഒരക്ഷരം പരാതി പറഞ്ഞിട്ടില്ല. അതുകൊണ്ട്‌, അവരുടെ കുറ്റകൃത്യത്തില്‍ പ്രധാനമായും അവര്‍ തന്നെയാണ്‌ ഉത്തരവാദി. ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറുമായുള്ള ബന്ധം അവര്‍ സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിക്കുകയും പദവിയും സ്വാധീനവും ദുരുപയോഗം ചെയ്യുകയോ ഉണ്ടായിട്ടുണ്ടെന്ന്‌ എന്‍ ഐ എ കണ്ടെത്തുകയാണെങ്കില്‍ പോലും അവരുടെ ശരീരത്തെ കേന്ദ്രീകരിച്ച്‌ വാര്‍ത്തകള്‍ കൊടുക്കേണ്ട കാര്യമെന്താണ്‌?

പുരുഷന്‍ ഇതേ തന്ത്രം ഉപയോഗിച്ച്‌ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ പുരുഷന്റെ ശരീരത്തിന്റെ ഏതെങ്കിലും അവയവത്തെ, ലൈംഗിക കാമമുണര്‍ത്തുന്ന വിവരണങ്ങളെ ഫോട്ടോ ദൃശ്യങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും മാധ്യമങ്ങള്‍ അവതരിപ്പിക്കാറുണ്ടോ? സരിത്ത്‌ എന്ന പ്രതിക്കും ശിവശങ്കറുമായി ബന്ധമുണ്ടായിരുന്നു എന്നാണ്‌ ഞങ്ങള്‍ വാര്‍ത്തകളിലൂടെ മനസ്സിലാക്കിയത്‌. അയാളും കാണാന്‍ ആകര്‍ഷകത്വമൊക്കെയുള്ള ആളാണ്‌. പക്ഷേ അങ്ങനെയൊരു റെപ്രസെന്റേഷന്‍ മാധ്യമങ്ങള്‍ നടത്തുകയില്ല. കാരണം, നമ്മുടെ സാമൂഹ്യ സദാചാര സംസ്‌ക്കാരത്തില്‍ പുരുഷന്‍ ഒരു ലൈംഗിക ചരക്കല്ല. സ്‌ത്രീയെ മാത്രമാണ്‌ അങ്ങനെയാണെന്ന്‌ വിധിച്ച്‌ വെച്ചിരിക്കുന്നത്‌. ഇത്‌ മാറണമെന്നാണ്‌ ചിന്തിക്കുന്ന സ്‌ത്രീകള്‍ പറയുന്നത്‌.

എന്നോട്‌ സംസാരിച്ച ഒട്ടേറെ സ്‌ത്രീകള്‍ പറയുകയുണ്ടായി. സ്വപ്‌ന സുരേഷ്‌ കുറ്റവാളിയാണെങ്കില്‍ അവര്‍ക്ക്‌ ശിക്ഷ ലഭിക്കണം, അവരെ സഹായിച്ച ഉദ്യോഗസ്ഥരും നേതാക്കളുമുണ്ടെങ്കില്‍ അവരേയും ശിക്ഷിക്കണം. പക്ഷേ ആദ്യം അവരുടെ ശരീരത്തിലേക്ക്‌ മാധ്യമങ്ങള്‍ ഒളിഞ്ഞു നോക്കുമ്പോള്‍ എല്ലാ സ്‌ത്രീകളുടേയും ശരീരത്തിലേക്ക്‌ ലൈംഗിക ദാഹികളായ പുരുഷന്‍മാര്‍ ഒളിഞ്ഞു നോക്കുന്നതു പോലെ അപമാനം തോന്നുന്നു എന്നാണ്‌ എല്ലാവരും ഒരു പോലെ പങ്കു വെച്ച കാര്യം. പലരും സോഷ്യല്‍ മീഡിയയില്‍ ഇപ്രകാരം തുറന്നെഴുതുകയും ചെയ്‌തു.

മാത്രവുമല്ല, സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന മഞ്ഞക്കഥകള്‍ക്കുള്ള ആദ്യത്തെ ഉറവിടം നമ്മുടെ ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും ആദ്യമേ തന്നെ സ്ഥാപിച്ചു വെയ്‌ക്കുന്ന ഈ ഒളിഞ്ഞുനോട്ടങ്ങളും വിവരണങ്ങളും സൂചനകളും തന്നെയാണ്‌.

ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ സന്ദീപ്‌ നായര്‍ എന്ന പ്രതിയെക്കൂടി അറസ്റ്റു ചെയ്‌തിരിക്കുകയാണല്ലോ. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും. അതില്‍ ഇനി മുസ്ലീം പേരുകാര്‍ ഉണ്ടെങ്കില്‍ മലപ്പുറം ജില്ലയേയോ കേരളത്തിലെ, ഇന്ത്യയിലെ തന്നെ ആകെ മുസ്ലീംങ്ങളെ തന്നെയോ അപമാനിക്കുകയോ കുറ്റവാളികളാക്കുകയോ ചെയ്യുന്ന തരത്തിലുള്ള വെറുപ്പിന്റെ പ്രചാരണ കഥകളിലേക്കും ചാനലുകളില്‍ വന്നിരിക്കുന്ന ചര്‍ച്ചക്കാര്‍ ശ്രമിക്കും. മനേകാ ഗാന്ധിക്ക്‌ പറയാമെങ്കില്‍ ഇവര്‍ക്കും പറയാമല്ലോ! അത്തരം ചര്‍ച്ചകളെയും ജാഗ്രതയോടെ കാണാനും നിയന്ത്രിക്കാനും മാധ്യമങ്ങള്‍ക്ക്‌ വലിയ ഉത്തരവാദിത്വമുണ്ട്‌.

നമ്മുടെ സമൂഹത്തിനാവശ്യം ഇപ്പോള്‍ എല്ലാ തരത്തിലുമുള്ള ജാഗ്രതയാണ്‌, എല്ലാവരും മനുഷ്യരാണെന്ന ബോധവും കോവിഡ്‌ വൈറസില്‍ നിന്നുള്ള അതിജീവനവുമാണ്‌. അതിനിടയില്‍ ഐ എന്‍ എ കുറ്റവാളികളെ മുഴുവന്‍ കണ്ടെത്തട്ടെ. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരട്ടെ. ഊഹാപോഹങ്ങള്‍ വിട്ട്‌, യാഥാര്‍ത്ഥ്യങ്ങളെ മുന്നില്‍ വെച്ചുകൊണ്ടു മാത്രം രാഷ്‌ട്രീയ വിമര്‍ശനങ്ങളും എതിര്‍പ്പുകളുമുയരട്ടെ.

സി.എസ്. ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

സി.എസ്. ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സി. എസ്. ചന്ദ്രിക

Comments are closed.