DCBOOKS
Malayalam News Literature Website

വിഖ്യാത ചലച്ചിത്രകാരന്‍ ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബെംഗലൂരു: പ്രശസ്ത കന്നട ചലച്ചിത്രകാരന്‍ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ബെംഗലൂരുവില്‍ വെച്ചായിരുന്നു അന്ത്യം. നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും എഴുത്തുകാരനും ടെലിവിഷന്‍ അവതാരകനുമായി വിവിധ മേഖലകളില്‍ തിളങ്ങിയ പ്രതിഭാശാലിയായിരുന്നു ഗിരീഷ് കര്‍ണാട്.

1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാതേണിലായിരുന്നു ഗിരീഷ് കര്‍ണാടിന്റെ ജനനം. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പിനൊപ്പം തത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

ചരിത്രവും ഐതിഹ്യങ്ങളും സമകാലിക വിഷയങ്ങളുമായി കോര്‍ത്തിണക്കി സംവദിക്കുന്നതായിരുന്നു ഗിരീഷ് കര്‍ണാടിന്റെ രചനാശൈലി. അദ്ദേഹം കന്നട ഭാഷയില്‍ എഴുതിയ യയാതിയും ഹയവദനയും തുഗ്ലക്കും രാജ്യാന്തരശ്രദ്ധ നേടിയ നാടകങ്ങളാണ്. കന്നട സിനിമാരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായിട്ടാണ് ഗിരീഷ് കര്‍ണാട് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന്. വംശവൃക്ഷ എന്ന ചിത്രത്തിലൂടെ സിനിമാസംവിധായകനുമായി. നിരവധി ഹിന്ദി സിനിമകളിലും ആര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ദി പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ രണ്ടു മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

1974-ല്‍ പത്മശ്രീ, 1992-ല്‍ പത്മഭൂഷണ്‍, സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌കാരം (1998) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. പുരോഗമന ആശയങ്ങളുടെ വക്താവായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

 

Comments are closed.