DCBOOKS
Malayalam News Literature Website

മനുഷ്യരുടെ ചരിത്രങ്ങള്‍ രാജ്യങ്ങളുടെ ചരിത്രത്തേക്കാള്‍ സങ്കീര്‍ണ്ണമാണ്!

കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകന് ഷിനുമോന്‍ കെ എഴുതിയ വായനാനുഭവം   

മനുഷ്യരുടെ ചരിത്രങ്ങള്‍ രാജ്യങ്ങളുടെ ചരിത്രത്തേക്കാള്‍ സങ്കീര്‍ണ്ണമാണ്!
സമീപകാലത്തൊന്നും ഒരു പുസ്തകവും അതിലെ കഥാപാത്രങ്ങളും മനസ്സിനെ ഇങ്ങനെ ഉലച്ചുകളഞ്ഞിട്ടില്ല.വായിച്ചു തുടങ്ങിയതു മുതല്‍ വായന പൂര്‍ത്തിയാക്കിയ ശേഷവും ഏത് സന്ദര്‍ഭത്തിലും ആ പുസ്തകത്തിലേക്ക് നമ്മെ വീണ്ടും വലിച്ചുകൊണ്ടുപോകുന്ന എഴുത്തിന്റെ മാന്ത്രികത പ്രകടമാകുന്ന കൃതിയാണ് കെ ആര്‍ മീരയുടെ നോവല്‍ ”ഘാതകന്‍’.

ആദ്യ അധ്യായമല്ല നോവലിന്റെ ആദ്യ പേജ് മുതല്‍ തന്നെ വായനക്കാരനെ പിടിച്ചിരുത്തുന്ന ആഖ്യാനം. മലയാളത്തിലെ സ്ത്രീ പക്ഷ എഴുത്തുകാരില്‍ പ്രഥമ ഗണനീയയായ കെ ആര്‍ മീരയുടെ മുന്‍ നോവലുകളെയെന്ന പോലെ സ്ത്രീ കേന്ദ്രീകൃതമായ ഇതിവൃത്തം ആണ് പുതിയ കൃതിയായ ഘാതകന്റേതും. എന്നാല്‍ തന്റെ മറ്റു നോവലുകളില്‍ നിന്ന് വിഭിന്നമായി നോവലിസ്റ്റ് ഇതിന്റെ ആഖ്യാനശൈലിയില്‍ ഒരു അപസര്‍പ്പക സ്വഭാവം സ്വീകരിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ നോവല്‍ നാം വായിച്ചുതുടങ്ങുമ്പോള്‍ ആദ്യപേജ് മുതല്‍ തന്നെ വായനക്കാരെ അതില്‍ പിടിച്ചിരുത്തികളയുന്നുണ്ട്.

നമ്മുടെ രാജ്യത്തെ പതിറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് നടത്തിയ ഭരണകൂടചെയ്തികളിലൊന്നായ 2016 ലെ നോട്ട് നിരോധനം നടന്ന സമീപ ഭൂതകാലത്തിലാണ് നോവലാരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ നോട്ട് നിരോധനത്തിന് ഒരാഴ്ച്ച പിന്നിട്ട 2016 നവംബര്‍ പതിനാറിന് അര്‍ദ്ധരാത്രി ബംഗലൂരു നഗരത്തില്‍.

നോവലിലെ കഥപറച്ചിലുകാരിയും കേന്ദ്ര കഥാപാത്രവുമായ സത്യപ്രിയ എന്ന നാല്‍പ്പത്തിനാലുകാരി ഒരു വധശ്രമത്തെ അതിജീവിക്കുന്ന ഘട്ടമാണത്.
നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടുണ്ടോ ? എന്ന ചോദ്യത്തില്‍ നിന്നാണ് നോവല്‍ തുടങ്ങുന്നത് തന്നെ. ഒരാഴ്ച്ച മുമ്പ് രാജ്യത്ത് പ്രഖ്യാപിച്ച നോട്ട് നിരോധനത്തെ തുടര്‍ന്ന് പകല്‍ മുഴുവന്‍ ബാങ്കിന് മുമ്പില്‍ ക്യൂ നിന്ന് വാടിതളര്‍ന്ന് ഓഫീസില്‍ തന്റെ നാലാമത്തെ ഷിഫ്റ്റ് ജോലിയും പൂര്‍ത്തിയാക്കി കമ്പനി വണ്ടിയില്‍ തന്നെ രാത്രി 12.30 ന് തന്റെ വാടക വീട്ടില്‍ തിരിച്ചെത്തി ഗേറ്റ് തുറക്കുമ്പോഴായിരുന്നു സത്യപ്രിയ്ക്ക് നേരെ അജ്ഞാതനായ ഘാതകന്‍ രണ്ട് തവണ നിറയൊഴിച്ചത്. അവിടുന്നങ്ങോട്ട് നോവലിസ്റ്റ് നമ്മെ നയിക്കുന്നത് ഉദ്വേഗജനകമായ കഥാ സന്ദര്‍ഭങ്ങളിലെക്കാണ്.

Textസ്വാഭാവികമായും തനിക്കെതിരെ നിറയൊഴിച്ച ഘാതകന് ആളുമാറിയതാണെന്ന നിഗമനത്തില്‍ സത്യപ്രിയ എത്തുകയും ഒപ്പം പോലീസിന്റെ പ്രാഥമിക അന്വേഷണവും കഴിഞ്ഞ് താന്‍ തൊഴിലെടുക്കുന്ന ഐ ടി കമ്പനിയില്‍ നിന്ന് ഒരാഴ്ച്ച അവധി എടുത്തു കേരളത്തിലേക്ക് മടങ്ങുന്ന നായികയ്ക്ക് ബസ് യാത്രയ്ക്കിടയില്‍ അജ്ഞാതനായ ഒരാളുടെ ഒഡിയ ഭാഷയിലുള്ള ഒരു ഇന്റര്‍നെറ്റ് കോള്‍ വരുന്നു.

”സന്തോഷമായിരിക്കൂ സത്യപ്രിയ ….എന്നെ മറക്കരുത് മൂന്നാമതൊരു അവസരം കൂടി എല്ലായ്‌പ്പോഴും ഉണ്ടായിരിക്കുമെന്നായിരുന്നു” ആ സംഭാഷണം. അപ്പോഴാണ് ഞെട്ടലോടെ നായിക തന്നെ ചിന്തിക്കുന്നത് താന്‍ മുമ്പ് രണ്ട് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നുവെന്ന്. മരണവുമായി മുഖാമുഖം നിന്ന ആ അപകട സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് വീട്ടിലെത്തിയ നായിക സത്യപ്രിയയോട് അജ്ഞാതന്റെ കത്തികുത്തേറ്റ് വര്‍ഷങ്ങളായി ചലനശേഷിയില്ലാതെ കിടക്കുന്ന അച്ഛന്‍ സ്വകാര്യമായി ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു. അത് ആ ഘാതകന് ആള് മാറിയതല്ല എന്നും ഏത് നിമിഷവും അവന്‍ നിന്നെയും കൊല്ലും എന്നായിരുന്നു. പക്ഷേ പറഞ്ഞ് പൂര്‍ത്തിയാക്കും മുമ്പ് സത്യപ്രിയയുടെ അച്ഛന്‍ ഹൃദയംപൊട്ടി മരിക്കുന്നു.

അവിടുന്നാരംഭിക്കുന്ന സത്യപ്രിയയുടെ സത്യം തേടിയുള്ള യാത്ര നിരവധി അനുഭവങ്ങളുടെ തീച്ചൂളയിലെക്കാണ് വായനക്കാരെ കൊണ്ടെത്തിക്കുന്നത്. വര്‍ത്തമാനകാലത്തില്‍ നിന്ന് ഭൂതകാല ഇന്ത്യയിലേക്കും നോവല്‍ സഞ്ചരിക്കുമ്പോള്‍ പല സന്ദര്‍ഭങ്ങളിലായി തുടങ്ങി മതവും, ജാതിയും, സൗഹൃദവും, പ്രണയവും, രതിയും, രക്തബന്ധങ്ങളും, പകയും, രാഷ്ട്രീയവും അധികാര ബന്ധങ്ങളും, ആത്മീയ വ്യവസായവും, മാവോയിസവും, ആണധികാരവും, ലിംഗസമത്വവും, പെണ്‍ ജീവിതവും എല്ലാം വ്യത്യസ്ത അടരുകളായി നമുക്ക് മുന്നിലേക്കെത്തുന്നുണ്ട്.

നോവലിന്റെ വിവിധ അധ്യായങ്ങളിലായി സത്യപ്രിയയിലൂടെ എഴുത്തുകാരി ഭരണകൂടത്തിനും ആണധികാരത്തിനുമെതിരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ നാം ഒന്ന് തരിച്ചുനില്‍ക്കുന്നു.

” മനുഷ്യരുടെ ചരിത്രങ്ങള്‍ രാജ്യങ്ങളുടെ ചരിത്രത്തേക്കാള്‍ സങ്കീര്‍ണ്ണമാണെന്ന് ” നോവലില്‍ ഒരിടത്ത് പറയുന്ന പോലെ തന്റെയും അച്ഛന്റെയും ജീവിതത്തിലെ തങ്ങളറിയുന്നതും അറിയാത്തതുമായ ഭൂതകാലത്തിന്റെ ചങ്ങലകളിലൂടെയുളള സത്യപ്രിയയുടെ യാത്ര നായികയില്‍ തന്നെ ഉണ്ടാക്കുന്ന ഉള്‍ക്കിടിലങ്ങള്‍ വായനക്കാരെയും ഞെട്ടിക്കും.
ചവിട്ടിയരക്കപ്പെടുന്ന നിരവധി സ്ത്രീ മുഖങ്ങളിലൂടെ പാട്രിയാര്‍ക്കിയുടെ ക്രൂരമുഖത്തെ നോവലിലുടനീളം വരച്ചുകാട്ടുമ്പോള്‍ തന്നെ കരുത്തുറ്റ രണ്ട് സ്ത്രീ കഥാപാത്രങ്ങളെ കൂടിയാണ് മീര നോവലില്‍ അവതരിപ്പിച്ചിട്ടുള്ളത്.

നായിക സത്യപ്രിയയും അമ്മ വസന്ത ലക്ഷ്മിയും

തന്റെ ഭൂതകാലം നായിക സത്യപ്രിയ പറയുമ്പോള്‍ അച്ഛന്റെ സിനിമ വ്യവസായവും അരാജകമായ ജീവിതവും തീര്‍ത്തതിന്റെ ഫലമായി തെരുവിലിറങ്ങേണ്ടതിന് സമാനമായ അവസ്ഥയെ വിവരിക്കുന്നുണ്ട്. അവിടെ മുതല്‍ നോവലിലെ സത്യപ്രിയയുടെ അമ്മ വസന്തലക്ഷ്മിയുടെ ഉള്‍ക്കരുത്തും നിശ്ചയദാര്‍ഢ്യവും അതി മനോഹരമായാണ് എഴുത്തുകാരി നോവലില്‍ വിളക്കി ചേര്‍ത്തിരിക്കുന്നത്.

യൗവനവും കൗമാരവും പിന്നിട്ട രണ്ടുമക്കളെയും കുത്തേറ്റ് കിടപ്പിലായ ഭര്‍ത്താവിനെയും പതറാത്ത മനസ്സോടെ ചേര്‍ത്തുപിടിക്കുകയും കടക്കാരുടെ മുന്നില്‍ പോലും ഉരുക്ക് പോലെ നിലകൊള്ളുകയും ചെയ്യുന്നുണ്ട് വസന്തലക്ഷ്മി. ആ ഘട്ടത്തില്‍ തളര്‍ന്നുപോയ തന്റെ രണ്ട് പെണ്‍മക്കളോടും വസന്തലക്ഷ്മിയെന്ന അമ്മ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് -ഒന്നാലോചിച്ച് നോക്കൂ നമ്മള്‍ പാലസ്തീനിലാണ് ജനിച്ചതെങ്കിലോ എന്ന്. അവിടെ താന്‍ ജനിച്ച കാലത്തു തുടങ്ങിയ അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ നിന്നുളള മനുഷ്യര്‍ ഇന്നും പുറത്തുവന്നിട്ടില്ല എന്നും അതുകൊണ്ട് തങ്ങള്‍ നേരിടുന്ന പ്രശ്‌നം നാം കരുത്തോടെ അഭിമുഖീകരിക്കണമെന്ന് അവരെ ബോധ്യപ്പെടുത്തുന്നു. ഈ കഥാ സന്ദര്‍ഭത്തിലൂടെ അധിനിവേശ രാഷ്ട്രീയത്തിന്റെ മനുഷ്യ വിരുദ്ധതയും കൃത്യമായി നോവലിസ്റ്റ് വരച്ചുകാട്ടുന്നു.

തന്റെ സത്യാന്വേഷണ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോടടക്കം സത്യപ്രിയ ഉയര്‍ത്തുന്ന ചോദ്യങ്ങളും തന്റെ ജീവിതത്തില്‍ പലപ്പോഴായി കടന്നു വന്ന് തങ്ങളുടെ അധികാര പ്രയോഗങ്ങള്‍ നടത്താന്‍ ശ്രമിച്ച പുരുഷ പാത്രങ്ങളുടെ മുമ്പില്‍ ഒട്ടും കൂസാതെ നടത്തുന്ന ഇടപെടലുകളും പതറാത്ത സംഭാഷണ രീതികളും സത്യപ്രിയയെന്ന നായിക കഥാപാത്രത്തിന്റെ കരുത്ത് എടുത്ത് കാണിക്കുന്നുണ്ട്.

തന്റെ സത്യാന്വേഷണത്തിലൂടെ നായിക തന്നെ കൊല്ലാന്‍ സാധിക്കാത്ത ഘാതകനിലേക്കും ഘാതകന്റെ കഥയിലേക്കും അതിലൂടെ തന്റെയും തന്റെ കുടുംബ ചരിത്രത്തിലേക്കും സഞ്ചരിച്ച് ഏറ്റവും ഒടുവില്‍ ഘാതകന് പിന്നിലെ കരങ്ങളെയും അതിന്റെ കാരണങ്ങളെയും തിരിച്ചറിയുന്നുവെങ്കിലും നോവലവസാനിക്കുമ്പോള്‍ കേസിലെ അവശേഷിക്കുന്ന ഏക കണ്ണിയായ ഘാതകന് നല്‍കുന്ന രക്തസാക്ഷി പരിവേഷം സമകാലിക ഇന്ത്യയിലെ നിയമവും നീതിയും നോക്കുകുത്തികളാണെന്നും സത്യം തേടുന്നവര്‍ അധികാരത്താല്‍ ഭരണകൂടത്താല്‍ കുഴിച്ചുമൂടപ്പെടുമെന്നും വീണ്ടും നോവലിസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു.

ആര്‍ത്തിയോടെ ഓരോ അധ്യായത്തെ പുല്‍കുമ്പോഴും ഒടുവില്‍ നോവല്‍ അവസാനിച്ചുപോകല്ലേ എന്ന തോന്നലും ഈ നോവല്‍ വായന നമുക്ക് തരും.
നോവലില്‍ ഒരിടത്ത് പറയണപോലെ ”കഥയായാല്‍ അങ്ങനെ വേണം തുടങ്ങുമ്പോള്‍ പൊളളിക്കണം, പിന്നീടങ്ങോട്ട് ഉമിത്തീയില്‍ നീറ്റണം,തീരുമ്പോള്‍ നെറുകതലയില്‍ ഒരടി വീഴ്ത്തണം” നോവലവസാനിക്കുമ്പോള്‍ വായനക്കാരനും ഇങ്ങനെ ഒരു തരം ശ്വാസംമുട്ടുന്ന അനുഭവം പോലെ ഒന്ന് ഉണ്ടാകും. വായനക്കാരന് നോവലില്‍ നിന്ന് പുറത്ത് കടക്കാന്‍ സമയമെടുക്കും തീര്‍ച്ച. നിശ്ചയമായും വായിച്ചിരിക്കേണ്ട രചനാശില്പം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.