DCBOOKS
Malayalam News Literature Website

സത്യപ്രകാശ് എന്ന കൊലയാളി ആരെന്ന തിരിച്ചറിവ് സത്യപ്രിയയെ ഒട്ടും ഞെട്ടിച്ചില്ല…

കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകന് ശ്രീദേവി ദാസന്‍ എഴുതിയ വായനാനുഭവം  

‘ആരാച്ചാറി’ൽ നിന്ന്, ‘ഖബറി’ൽ നിന്ന്, വ്യതിരിക്തമാണെങ്കിലും അതിശക്തമായ സ്ത്രീ കഥാപാത്ര സൃഷ്ടിയിലൂടെ, ‘ഘാതക’നിൽ മീര സത്യപ്രിയയെ വരച്ചുവെച്ചിരിക്കുന്നു. ആധുനിക ഭാരതത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക കാഴ്ച്ചപാടിലൂടെ ‘ഘാതകൻ’ എന്ന ഡിറ്റക്റ്റീവ് കഥ (എന്നു വിശേഷിപ്പിക്കട്ടെ ) വായനക്കാരെ ഒരു നവീന ആസ്വാദനലോകത്തേക്ക് ആനയിക്കുന്നു.

നോട്ട് നിരോധനത്തിനു ശേഷം, ഐ ടി കമ്പനി ഉദ്യോഗസ്ഥയായ സത്യപ്രിയ, ലീവ് എടുത്ത് വീട്ടിലേയ്ക്ക് യാത്ര ചെയ്യവേ, ഒരു കൊലപാതകത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നു. അവളുടെ അന്വേഷണത്വരയിൽ നിന്ന്ആരംഭിക്കുന്നു കഥാതന്തു, ‘നിങ്ങൾ ഒരു കൊലപാതകശ്രമം നേരിട്ട് അനുഭവിച്ചിട്ടുണ്ടോ’ എന്ന ഏറ്റവും പ്രസക്തമായ ചോദ്യം തൊടുത്തു വിട്ടുകൊണ്ട് തുടക്കം ഗംഭീരമാക്കി. നോട്ട് നിരോധനവുമായി ബന്ധപ്പെടുത്തി കഥാ ബീജത്തെ Textവികസിപ്പിച്ചു, മുന്നോട്ട് ആകാംക്ഷാപൂർണ്ണമായി കൊണ്ടുപോകാൻ മീര അന്യാദൃശമായപാടവം പുലർത്തിയിട്ടുണ്ട്.
പണമിടപാടുകളുടെ, ദുരിതങ്ങളുടെ,–വായ്പ എടുക്കൽ, തിരിച്ചടക്കൽ, വീട്ടുസാധനങ്ങളുടെ വരെ ക്രയവിക്രയങ്ങൾ, വൃക്ക വിൽക്കൽ വരെയുള്ള ദുരന്ത മുഖം. വായനക്കാരെ പിടിച്ചുലക്കാൻ പര്യാപ്തമായ ആവിഷ്കാരം. സത്യപ്രിയയുടെ അന്വേഷണങ്ങളുടെ പുരോഗതി, സത്യമായ അന്വേഷണം, മൂല്യങ്ങൾ, ഓരോ നിഗമനങ്ങൾ, കണ്ടെത്തലുകൾ, സാധൂകരണങ്ങൾ – അവയൊക്കെയുമായി ബന്ധപ്പെട്ട പഴയസ്മരണകൾ എല്ലാം ഒരുമിച്ചു വിളക്കി ചേർക്കുന്ന ശക്തമായ ചങ്ങലക്കണ്ണികൾ.
ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു അന്വേഷണവുമായി പുറപ്പെടുമ്പോൾ ലക്ഷ്യ മാർഗങ്ങൾ സത്യശുദ്ധമാണെങ്കിലും അവൾ അനുഭവിക്കേണ്ടി വരുന്ന കൊടിയ പീഡനങ്ങൾ, അവളറിഞ്ഞു സ്നേഹിച്ചവരുടെ കൊടും വഞ്ചനകൾ, വിരലിൽ എണ്ണാവുന്ന, ആത്മാർത്ഥമായി കൂടെ നിൽക്കുന്നവർ, അവരോടുള്ള ഊഷ്മള സ്നേഹം, ഇണപിരിയാത്ത ചേച്ചി- അങ്ങനെ നമ്മുടെ മനസ്സിനെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന രചനാരീതി. അച്ഛനെ കേവല സംശയത്തിൽ നിറുത്തി അന്വേഷണം പുരോഗമിക്കവേ ലഭ്യമാകുന്ന കണ്ടെത്തലുകൾ, കൗമാരക്കാരികളായ കുട്ടികളെ തകർത്തെറിഞ്ഞ, പിച്ചിച്ചീന്തിയ കശ്മലൻ എന്ന പൊള്ളിക്കുന്ന തിരിച്ചറിവ് ഞെട്ടിക്കുന്നു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് അനുരൂപ് ഷെട്ടിയുമായുള്ള കൂടിക്കാഴ്ചകൾ, ആത്മീയതയുടെ മറവിൽ നടക്കുന്ന ക്രൂരതകൾ, രാജ്യത്തു നടമാടുന്ന തീവ്രവാദ പ്രവർത്തനങ്ങൾ, മാവോയിസ്റ്റുകളുടെ ഇടയിൽപെട്ട ഒരു തീക്ഷ്ണ പ്രണയം, പണം സ്വത്ത് എന്നിവക്കു വേണ്ടി നടത്തുന്ന വഞ്ചന, അതി പ്രഗത്ഭനായ ഒരു കുറ്റാന്വേഷകനു പോലും കണ്ടെത്താനാവാത്ത, സത്യപ്രിയ സ്വയം കണ്ടെത്തുന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ……..അവളുടെ അന്വേഷണത്വരയിലൂടെ വെളിച്ചം കാണുന്നു.  നഷ്ടപ്പെട്ട ബന്ധങ്ങൾ, ചേച്ചിയുടെ മരണം – പരസ്പര പൂരകങ്ങളായ കഥകളും ഉപകഥകളുമായി അപസർപ്പക കഥ മുന്നേറുന്നു… വളരെ മെയ്‌വഴക്കം സിദ്ധിച്ച എഴുത്തുകാരി എന്ന് ആവർത്തിച്ചു തെളിയിക്കുന്നു..
സത്യപ്രകാശ് എന്ന കൊലയാളി ആരെന്ന തിരിച്ചറിവ് സത്യപ്രിയയെ ഒട്ടും ഞെട്ടിച്ചില്ല.ഉദ്വേഗജനകമായ ആഖ്യാനരീതി.. വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന തലങ്ങൾ സങ്കൽപ്പാതീതം… ഓരോ പാത്രങ്ങളും മിഴിവേകി വരയ്ക്കപ്പെട്ടിരിക്കുന്നു.. ഓരോരുത്തരെ പരിചയപ്പെടുമ്പോഴും ‘ഘാതക’നിലേയ്ക്ക് എത്തിച്ചേരാൻ ഓരോ വാതിലുകൾ തുറക്കപ്പെടുന്നു..
മീരയുടെ നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ എല്ലാം കരുത്തുറ്റവർ ആണ്. സത്യപ്രിയയും ആ പാതയിൽ തന്നെ…എന്നാൽ ഇവിടെ ഒരു പടി മുന്നിൽ നിൽക്കുന്നു അമ്മയായ വസന്ത…- എന്തുകരുത്താണ് അവർക്ക്.!  ഇങ്ങനെ ഒരു അമ്മ ഈ കാലഘട്ടത്തിൽ അനിവാര്യമാണ്. എന്തൊരു ശക്തയായ കഥാപാത്രമാണ് വസന്താമ്മ… ! അപൂർവം…!
സത്യാന്വേഷണവും സത്യത്തിൽ എത്തിച്ചേരലും വെടിയുണ്ടകൾക്ക് കീഴ്പ്പെടുന്നതും ചരിത്രം. ഈ നോവലും ചരിത്രവുമായി വിളക്കി ചേർക്കുന്നതിൽ മീര അസാമാന്യ വൈഭവം പുലർത്തിയിട്ടുണ്ട്. ഒരു കുറ്റാന്വേഷണ കഥയുടെ ജിജ്ഞാസ നിലനിർത്തി, ഇഴയടുപ്പം ചോരാതെ… മനോഹരം, അതിമനോഹരം……

Comments are closed.