DCBOOKS
Malayalam News Literature Website

മലയാളത്തിലെ കാവ്യസൂര്യന് സ്നേഹം നിറഞ്ഞ നവതി ആശംസകൾ, അദ്ദേഹത്തിന്റെ സ്മരണകളിലൂടെ ഡോ. ജോർജ് ഓണക്കൂർ

മലയാള കവിതയ്‌ക്കൊരു വഴിത്തിരിവ് സൃഷ്ടിക്കുകയും മലയാള കവിതകളിൽ ഒരു പുത്തൻ ശൈലി കൊണ്ടുവരികയും ചെയ്ത ശ്രീ ഒ.എൻ.വി യുടെ 90 മത്തെ  ജന്മവാർഷികമാണിന്ന് .മലയാളികൾക്ക് സുപരിചിതനായ കവി,ഒരു തലമുറയുടെ പ്രിയപ്പെട്ട അധ്യാപകൻ,യുവജനോത്സവ വേദികളിലെ വിധികർത്താവ്,  ഇങ്ങനെ പല രംഗങ്ങളിൽ തിളങ്ങി നിന്ന വ്യക്തിത്വം. .മലയാള ചലച്ചിത്ര രംഗത്തെ സംബന്ധിച്ചിടത്തോളം എന്നും ഹൃദയത്തിൽ കൊണ്ടു നടക്കാവുന്ന ഒരു പിടി ഗാനങ്ങൾ നൽകികൊണ്ട് ഒ.എൻ.വി  വിതച്ച ഗാനങ്ങൾ ഇന്നും അമൂല്യമാണ്.അദ്ദേഹം വിട പറഞ്ഞെങ്കിലും ഇന്നും ഓരോ മലയാളിയുടെയും ഹൃദയത്തിൽ പാട്ടുകളിലൂടെ ജീവിക്കുന്നു.”കവിത എനിക്ക് ഉപ്പാണ്, സന്തോഷത്തിന്റെ ആയാലും സന്താപത്തിന്റെ ആയാലും അശ്രുനീർ വറ്റി പരൽ രൂപത്തിൽ ഉരുവായി തീരുന്ന ഉപ്പ് , അതിനെ പാകത്തിന് ചേർത്ത് ഞാൻ എന്റെ സഹയാത്രികർക്ക് നൽകുന്ന പാഥേയമാണ് പാട്ട് .”സിനിമയിലെ പാട്ട് കവിയുടെ സ്വച്ഛന്ദമായ ഭാവാവിഷ്ക്കാരമല്ല .അത് മറ്റൊരാൾ പറയുന്ന കഥാസന്ദർഭങ്ങൾക്ക് അനുസരിച്ചു രചിക്കേണ്ടി വരുന്നതാണ്.പ്രയുക്തമായ കവിത എന്നാണ് ഞാൻ അതിനെ വിശേഷിപ്പിക്കുന്നത്.”ഒ.എൻ.വി യുടെ വാക്കുകളാണിത്.എന്നാൽ  ആ പാട്ടിന്റെ പാഥേയത്തിൽ നിറഞ്ഞു നിൽക്കുന്നത് ഒ.എൻ.വി എന്ന കവിയുടെ കാവ്യ ബോധം തന്നെയാണ്.

1931 മെയ് 27 ന് കൊല്ലം ജില്ലയിൽ ജനനം .ചവറയിൽ ഒ.എൻ.കൃഷ്ണ കുറുപ്പിന്റെയും ,കെ.ലക്ഷ്മികുട്ടിയുടെയും മകനായി ഒറ്റ പ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന ഒ.എൻ.വി ജനിച്ചു.വിദ്യാർത്ഥി ജീവിതത്തിൽ തന്നെ കവിത അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു.പതിനഞ്ചാം വയസ്സിൽ ആണ് ആദ്യ കവിതയായ “മുന്നോട്ട്” എഴുതുന്നത്.തുടർന്ന് പതിനേഴാം വയസ്സിൽ പുരോഗമന സാഹിത്യ സംഘം സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ “അരിവാളും രാക്കുയിലും ” എന്ന കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു .അങ്ങനെ ആ പതിനേഴുക്കാരനെ മലയാള സാഹിത്യ ലോകം  ശ്രദ്ധിച്ചു തുടങ്ങി.1949 ൽ അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരം “പൊരുതുന്ന സൗന്ദര്യം “പ്രസിദ്ധീകരിച്ചു.തുടർന്നുള്ള മരുഭൂമി,മയിൽ‌പീലി, ഉപ്പ് , ഭൂമിക്കൊരു ചരമഗീതം,സ്വയം വരം,ഉജ്ജയിനി,ഇങ്ങനെ ഒട്ടേറെ കൃതികൾ സാഹിത്യ ലോകത്തേക്ക് അദ്ദേഹം സംഭാവന ചെയ്‌തു.

ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങിയ ആത്മീയാചാര്യന്മാരുടെ ഉത്തമ ശിഷ്യനായ അദ്ദേഹം ശ്രീനാരായണ ഗുരുവിനെ പലപ്പോഴും സന്ദർശിക്കുകയും ഉപദേശം തേടുകയും ചെയ്‌തിരുന്നു.ശ്രീനാരായണ ഗുരുവിനെ കുറിച്ച് കവിത എഴുതി ഗുരുവിന് സമർപ്പിച്ചിട്ടുണ്ട്.കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയ ഒരു മരുന്നിനു ചട്ടമ്പി സ്വാമികളോടുള്ള ബഹുമാന സൂചകമായി “വിദ്യാധിരാജ വടിക ” എന്നാണു പേരിട്ടത്.

വിവിധയിടങ്ങളിലായുള്ള അധ്യാപന ജീവിതം, ഒടുവിൽ 1986 ൽ തിരുവനന്തപുരം ഗവ : വിമൻസ് കോളേജിലെ മലയാള വിഭാഗം മേധാവിയായി വിരമിച്ചു.ഭാര്യ സരോജനി ടീച്ചറും മക്കൾ രാജീവനും ,ഡോ മായാദേവിയും.സാഹിത്യക്കാരൻ എന്നതോടൊപ്പം തന്നെ ആനന്ദവും ആഘോഷങ്ങളുമായി കുടുംബത്തെ കൊണ്ട് നടന്ന ഒരു ഗൃഹനായകൻ കൂടിയായിരുന്നു ഒ എൻ വി .

“ഒരു വട്ടം കൂടിയെൻ” എന്ന കവിത ഒരു ബാല പ്രസിദ്ധീകരണത്തിന് വേണ്ടി എഴുതിയതാണ് ,ആ കവിതയെ അദ്ദേഹം സിനിമയിൽ ഉൾപ്പെടുത്തിയപ്പോൾ ആദ്യവരിയിൽ “ഒരു വട്ടം കൂടിയെൻ പഴയ വിദ്യാലയത്തിരുമുറ്റത്തെത്തുവാൻ മോഹം” എന്ന വരിയിൽ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം എന്നാക്കി മാറ്റി എന്ന് മാത്രം.ഇതുപോലെ മനസ്സിൽ ഇടം പിടിച്ച ഈ കവിതയിലെ വളരെ അർത്ഥവത്തായ മറ്റൊരു വരിയാണ് “വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും ,വെറുതെ മോഹിക്കുവാൻ മോഹം” ഇത് പോലെ പ്രണയാതുരത ഉണർത്തുന്നതും,നൊമ്പര പൂക്കളാവുന്നതും ,വിരഹങ്ങളെ താലോലിക്കുന്നതുമായ ഒട്ടേറെ സിനിമാഗാനങ്ങൾ  നൽകി കൊണ്ട് മലയാള ചലച്ചിത്ര ലോകത്തെ മാറ്റുരയ്ക്കാൻ  ഇന്ന് മറ്റൊരാളില്ല.

1955 ൽ പുറത്തിറങ്ങിയ ” കാലം മറന്നു “എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം.വൈശാലി എന്ന ചിത്രത്തിലൂടെ കേന്ദ്ര സർക്കാരിന്റെ മികച്ച ഗാന രചയിതാവിനുള്ള പുരസ്ക്കാരം അദ്ദേഹത്തിന് ലഭിച്ചു.13 തവണയോളം കേരള സംസഥാന സർക്കാറിന്റെ പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി .തുടർന്നുള്ള നിരവധി അംഗീകാരങ്ങളിലൂടെ ഒ.എൻ.വി എന്ന പ്രതിഭ ഉയരങ്ങളുടെ കൊടുമുടി കീഴടക്കി.1998 ൽ പത്മശ്രീയും,2007 ൽ ജ്ഞാന പീഠവും. 2011 ൽ പത്മവിഭൂഷണും അദ്ദേഹത്തിന് സ്വന്തമായി.

ഒ.എൻ.വി എന്ന മഹാകവിയുടെ നവതി ദിനത്തിൽ അദ്ദേഹത്തിന്റെ സ്നേഹ സ്മരണകളുമായി സാഹിത്യകാരനായ ഡോ.ജോർജ്‌ ഓണക്കൂർ

“ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പരിചയപ്പെട്ട പ്രതിഭാശാലികളിൽ എന്നും ആദ്യം ഓർക്കുന്ന പേര് ശ്രീ ഒ.എൻ.വി.യുടേതാണ്.അദ്ദേഹം അന്ന് മഹാരാജാസ് കോളേജിൽ അധ്യാപകൻ ആയിരുന്നു.പാമ്പാർപ്പുഴ ഹൈ സ്കൂളിൽ സാഹിത്യ സമാജം സെക്രട്ടറി ആയി ഞാൻ ഇരിക്കുന്ന ഒരു കാലം,ഞങളുടെ സ്ക്കൂൾ വാർഷികത്തിനായി ഒരു പ്രഭാഷകനെ ക്ഷണിക്കാൻ ഉള്ള ദൗത്യവുമായി മഹാരാജാസ് കോളേജിൽ എത്തി.അന്നായിരുന്നു ആദ്യമായി അദ്ദേഹത്തെ കാണുന്നത് .അതിനു മുൻപ് ഒ.എൻ.വി യുടെ കവിതകൾ വായിച്ചിട്ടുണ്ട്.മനോഹരമായ നാടക ഗാനങ്ങൾ കേട്ടിട്ടുണ്ട്. “നിങ്ങളെന്നെ കമ്മ്യൂണിസ്റ് ആക്കിയിലെ പാട്ടുകൾ കേട്ട് കോരിത്തരിച്ച ആ ഒരു കാലം ഇന്നും ഞാൻ ഓർക്കുന്നു.അങ്ങനെ പ്രചോദിതനായിട്ടാണ് ആ കവിയെ മഹാരാജസ്സ്‌ കോളേജിൽ ചെന്ന് കണ്ടത്.അദ്ദേഹം വളരെ സ്നേഹപൂർവ്വം പെരുമാറി ,എന്റെ സ്കൂളിൽ വന്നു നല്ല ഒരു പ്രസംഗം ചെയ്തു മടങ്ങിയതും ഇന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നു .പിന്നീട് അദ്ദേഹത്തെ കാണുന്നത് ഞങ്ങളുടെ നാട്ടിൽ നടന്ന മറ്റൊരു കലോത്സവ വേദിയിൽ ആയിരുന്നു ,പുരോഗമന സാഹിത്യകാരന്മാരുടെ ഒരു സമ്മേളന വേദി കൂടെ ആയിരുന്നു അത്.അന്ന് കേശവ ദേവ് ,വയലാർ രാമവർമ്മ ,ഒ.എൻ.വി കുറുപ്പ് തുടങ്ങിയവർ ആയിരുന്നു അതിഥികൾ .സമ്മേളനം നീണ്ടു പോകുകയും രാത്രി വളരെ വൈകി സമാപിച്ചത് കൊണ്ടും ഒ.എൻ.വി ക്കും വയലാറിനും മടങ്ങി പോകാൻ സാധിച്ചില്ല. അന്ന് വൈക്കത്തു നിന്നുള്ള ബോട്ട് യാത്ര രാത്രി അനുവദിനീയമായിരുന്നില്ല .അതു കാരണം അന്നേ ദിവസം രാത്രി അവർക്ക് താമസിക്കാൻ ഉള്ള സജീകരണങ്ങൾ ഒരുക്കിയത് എന്റെ കൊച്ചു വീട്ടിൽ ആയിരുന്നു അങ്ങനെ ഒരു അനുഗ്രഹം എനിക്കുണ്ടായി.വയലാറും ഒ.എൻ.വി.യും എന്റെ വീട്ടിൽ കഴിഞ്ഞ ദിനങ്ങൾ വലിയ അഭിമാനത്തോടുകൂടിയാണ് ഞാൻ പങ്കുവെക്കാറുള്ളത് .അങ്ങനെ ഒരു ബന്ധം ഒ.എൻ.വി.യുടെ കവിതകളോടും,ഗാനങ്ങളോടും എന്നെ കൂടുതൽ അടുപ്പിച്ചു.

പിന്നീട് പഠനം കഴിഞ്ഞു ഞാൻ മാർ ഈവാനിയോസ് കോളേജിൽ അധ്യാപകനായി വന്ന കാലഘട്ടം .അന്ന് സാഹിത്യത്തിൽ അഭിരുചിയുള്ളത് കൊണ്ട് തന്നെ തിരുവനന്തപുരത്തു എത്തിയ ഞാൻ ബന്ധപ്പെടാൻ ആഗ്രഹിച്ചവർ അധികവും എഴുത്തുകാർ ആയിരുന്നു.അത് കൊണ്ട് തന്നെ മുൻ പരിചയത്തിന്റെ ബലത്തിൽ ഒ.എൻ.വി.യെ പോയി കണ്ടു,പരിചയം പുതുക്കി.ഒപ്പം തന്നെ മറ്റു പല എഴുത്തുകാരെയും ചിന്തകന്മാരെയും പരിചയപെടാൻ ഉള്ള അവസരങ്ങൾ ഉണ്ടാവുകയും ചെയ്തു . അങ്ങനെ തിരുവനന്തപുരം എന്ന സാംസ്കാരിക നഗരത്തിൽ നിന്നും കൊണ്ട്  എനിക്ക് സാംസ്ക്കാരിക അധ്യാപക ജീവിതത്തിനു തുടക്കം കുറിക്കാനായി . അതെക്കാലത്തേയും സന്തോഷകരമായ ഓർമ്മയാണ്.

ഞാൻ എഴുതിയ ആദ്യത്തെ നോവൽ “അകലെ ആകാശത്തിന്റെ ആദ്യ കോപ്പി കൊടുത്തത് ഒ.എൻ.വി യ്ക്കായിരുന്നു.”ഒ.എൻ വി എന്ന് പറഞ്ഞാൽ ശരിയായിരിക്കില്ല.അദ്ദേഹത്തിന്റെ ശ്രീമതി ഞങ്ങൾക്കെല്ലാം പ്രിയപ്പെട്ട സരോജിനി ചേച്ചിക്കായിരുന്നു ഞാൻ എന്റെ ആദ്യ നോവൽ ആദ്യമായി  കൈമാറിയത് “ .അവരിരുവരും അത് വായിച്ചു എന്നെ വിളിപ്പിച്ചതും,എന്നെ അനുഗ്രഹിച്ചതും അതു സിനിമയാക്കണം എന്ന നിർദ്ദേശം പറഞ്ഞതും , പിന്നീട് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ ‘എന്റെ നീലാകാശം ‘എന്ന സിനിമയായി ആ നോവൽ മാറുകയും ചെയ്തു ,മാത്രമല്ല ആ സിനിമയ്ക്ക് വേണ്ടി മനോഹരമായ ഗാനങ്ങൾ രചിച്ചത് ശ്രീ ഒ.എൻ.വി ആയിരുന്നു എന്നത് എന്നെ വളരെ അധികം സന്തോഷിപ്പിക്കുന്ന ഒന്നാണ്.

‘എന്റെ നീലാകാശം’ എന്ന സിനിമയ്ക്ക് ശേഷമാണ് ഞാൻ ആദ്യത്തെ ക്യാമ്പസ് നോവൽ ആയ ഉൾക്കടൽ ഇറങ്ങുന്നത്.അതും ചലച്ചിത്രമാക്കുന്ന ഒരു ഘട്ടം എത്തിയപ്പോൾ ആദ്യത്തെ ക്യാമ്പസ് നോവൽ ആദ്യത്തെ ക്യാമ്പസ് ചലച്ചിത്രമായി പരിണമിക്കുകയും അതിലുള്ള മനോഹരമായ അഞ്ചു ഗാനങ്ങൾ “ശരബിന്ദു മലർദീപ നാളം മീട്ടി..അത് പോലെ കൃഷ്ണ തുളസി കതിർ ചൂടിയ..,നഷ്ട്ട വസന്തത്തിന്….തുടങ്ങിയ ഗാനങ്ങൾ ഒ.എൻ.വി യുടെ രചനയിൽ എം ബി ശ്രീനിവാസൻ  സംഗീതം പകർന്നു , കെ ജി ജോർജിന്റെ സംവിധാനത്തിൽ ഉൾക്കടൽ എന്ന നോവൽ സിനിമയായി മാറി .എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയായ ഉൾക്കടലിന്റെ അണിയറപ്രവർത്തകരിൽ ഇനി അവശേഷിക്കുന്നത് ഞങൾ നാലഞ്ചു പേർ മാത്രമാണ്  ആലോചിക്കുമ്പോൾ ഇപ്പോഴും  വിഷമം തോന്നുന്നു .ആ സിനിമയ്ക്ക് ഒ.എൻ വി യ്ക്ക് വളരെ അധികം അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു .ഇതെന്റെ സിനിമയും ശ്രീ ഒ .എൻ വി യുമായുള്ള ബന്ധമാണ് .

പിന്നീടുള്ള സാഹിത്യ സാംസ്കാരിക ജീവിതത്തിൽ എത്രയോ അടുത്ത ബന്ധമാണ് ഒ.എൻ.വി യുമായി പുലർത്താൻ സാധിച്ചത്.അദ്ദേഹമായും ആ കുടുംബമായും ഇന്നും വളരെ അധികം ആത്മ ബന്ധമുണ്ട് എനിക്ക് .മറ്റൊന്ന് എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ കൈകൾ കൊണ്ടാണ് എന്റെ മകന്റെ നാവിൽ ആദ്യാക്ഷരം കുറിച്ചത് ,അത് പോലെ തന്നെ എന്റെ മകൾ ദർശന ആദ്യമായി നൃത്ത ചുവടുകൾ വെച്ചത് ഒ.എൻ.വി യുടെ മകൾ മായാദേവിയുടെ,ഞങളുടെ മായക്കുട്ടിയുടെ ചിലങ്കകൾ കെട്ടി കൊണ്ടാണെന്നു എനിക്ക് മറക്കാൻ കഴിയുകയില്ല.പിന്നീട് ഒ.എൻ.വി യുടെ മകൻ രാജീവ് മാർ ഈവാനിയസിൽ എന്റെ വിദ്യാർത്ഥിയായി വന്നു.ഇതെല്ലം ഇന്നലെ കഴിഞ്ഞ പോലെയാണ് മനസ്സിൽ ഒരു നെയ്ത്തിരി വെട്ടമായി നിൽക്കുന്നത്

എന്റെ സാഹിത്യ ജീവിതത്തെ പരിഭോഷിപ്പിക്കുന്ന ഒരു അന്തരീക്ഷം തിരുവനന്തപുരത്തു സംജാതമായപ്പോൾ അതിൽ എന്നോടൊപ്പം ഏറ്റവും അടുത്ത് നിന്നത് ശ്രീ ഒ.എൻ.വി ആയിരുന്നു.ഞാൻ മാഷ് എന്നാണു അദ്ദേഹത്തെ വിളിച്ചത് .ആ കാലത്താണ് സാഹിത്യ അക്കാഡമിയിൽ ഞങൾ  ഇരുവരും ഒരുമിച്ചു അംഗങ്ങൾ ആയി.അക്കാഡമിയിലെ ഒരുമിച്ചുണ്ടായ വർഷങ്ങളും ഒരുമിച്ചുള്ള യാത്രകളും മനസ്സിൽ മായാതെ കിടക്കുന്നു.ആ യാത്രവേളകളിൽ ഒരു രാത്രി ഞങൾ ഒരുമിച്ചു വയലാറിന്റെ വീട്ടിലും തകഴി ചേട്ടന്റെ വീട്ടിലും കഴിഞ്ഞതും സന്തോഷങ്ങൾ പങ്കു വെച്ചതും ഇന്നലെ കഴിഞ്ഞത് പോലെ .

തിരുവനന്തപുരത്തുള്ളപ്പോൾ ഉള്ള ഞങളുടെ പ്രഭാത നടത്തം അവസാനിപ്പിക്കുന്നത് ദേവസ്വം ബോർഡിൽ ഉള്ള വൈലോപ്പിള്ളിയുടെ വീട്ടുപടിക്കൽ ആണ് .എന്നും രാവിലെ വൈലോപ്പിള്ളി ഞങ്ങൾക്ക് ഉണ്ടാക്കി തരുന്ന ചായയുടെ രുചി ഇന്നും നാവിൻ തുമ്പത്തുണ്ട്. അങ്ങനെ എത്രയെത്ര ദിനങ്ങൾ, മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത അവിസ്മരണീയങ്ങളായ അനുഭവങ്ങൾ…

എല്ലാവർക്കും ഓർക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടാകും .ഞാനും എന്റെ കൊച്ചു ഓർമ്മകളെ ഉണർത്തുകയാണ് ഈ സന്ദർഭത്തിൽ .അവസാന നിമിഷം വരെ ആ മഹാ പ്രതിഭാശാലിയുടെ കൂടെ സഞ്ചരിക്കാൻ ഉള്ള അവസരം ഉണ്ടായി എന്നത് ഒരു അനുഗ്രഹമായി കരുതുന്നു .

അദ്ദേഹത്തിന്റെ നവതി ദിനത്തിൽ എന്നും ഓർക്കാൻ ആഗ്രഹിക്കുന്ന കാവ്യസൂര്യന്റെ സ്മരണകൾ സ്മരണകൾ മനസ്സിൽ പ്രകാശം ചൊരിഞ്ഞു നിൽക്കുകയാണ് . ജന്മ വാർഷിക വേളയിൽ പ്രാർത്ഥനാപൂർവ്വം ആ മഹാ കവിയെ സ്മരിക്കുന്നു.

Comments are closed.