DCBOOKS
Malayalam News Literature Website

ഡി സി നോവല്‍ മത്സരത്തില്‍ തെരഞ്ഞടുക്കപ്പെട്ട എം കെ ഷബിതയുടെ നോവലിനെക്കുറിച്ച് പോള്‍ സെബാസ്റ്റിയന്‍ എഴുതുന്നു…

2016 ഡി സി നോവല്‍ മത്സരത്തില്‍  തെരഞ്ഞടുക്കപ്പെട്ട എം കെ ഷബിതയുടെ ഗീതാഞ്ജലിയ്ക്ക് എഴുത്തുകാരനായ പോള്‍ സെബാസ്റ്റിയന്‍ തയ്യാറാക്കി തന്റെ ഫെയ്‌സ് ബുക്ക്‌പേജില്‍ പോസ്റ്റ് ചെയ്ത ആസ്വാദനക്കുറിപ്പ്;

നൈമിഷികതയിലും നന്മയ്ക്കായി പൊരുതേണ്ട ആഹ്വാനമാണ് ഗീതാഞ്ജലി;

‘എഴുത്ത് ഒരു ആത്മഹത്യയാണ്’അത് കേട്ട് മച്ചിലിരുന്ന പല്ലി ചിലച്ചു. ‘അത് നിനക്ക് പറഞ്ഞ പണിയല്ല.’സ്വന്തം ജീവരക്തം കൊണ്ടെഴുതുന്നതാണ് യഥാര്‍ത്ഥ എഴുത്ത് എന്ന് വിശ്വസിക്കുന്ന എഴുത്തുകാരി, ഷബിത എം കെ യുടെ ആദ്യ നോവലാണ് 2016ലെ ഡി സി സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട ഗീതാഞ്ജലി.

ഏതെല്ലാം ശത്രുക്കള്‍ ഏതെല്ലാം രൂപത്തില്‍ വന്നാലും നേരിടാന്‍ തയ്യാറായി വികാരം പൂണ്ടു നില്‍ക്കുന്ന ഒരു നായികയാണ് ഗീതാഞ്ജലിയിലെ ഗീത. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയുടെ ഒരു തൂലികാ സുഹൃത്തുമായുള്ള കത്തിടപാടുകളിലൂടെ ആനുകാലിക കേരളത്തിന്റെ, അല്ലെങ്കില്‍ ഇന്ത്യയുടെ വിവിധ അവസ്ഥകളിലേക്കുള്ള എത്തി നോട്ടമാണ് ഈ നോവലിന്റെ അന്തസത്ത. പഴയ പത്രങ്ങള്‍ തിരയുന്നതിനിടയിലാണ് 20 വര്‍ഷം പഴക്കമുള്ള, തൂലികാ സൗഹൃദം ക്ഷണിച്ചു കൊണ്ടുള്ള ഒരു പരസ്യം ഗീത കാണുന്നത്. അന്യം നിന്ന ‘കത്തെഴുത്ത്’ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഗീത സന്തോഷം കണ്ടെത്തുന്നു. നാഷണല്‍ ജോഗ്രഫിക്കിന്റെ പ്രശസ്ത ഫോട്ടോഗ്രാഫറായ ഹരിയാണ് സുഹൃത്തായി വരുന്നത്. ഷുഗര്‍ വന്ന് ഒരു കാല്‍ മുറിച്ചു കളഞ്ഞു, വീല്‍ ചെയറിലാണ് ഹരിയുടെ ഇപ്പോഴത്തെ നടപ്പ്. ഇന്‍സുലിനിലാണ് ഹരിയുടെ ദിവസങ്ങള്‍ പിടിച്ചു നില്‍ക്കുന്നത്. ഗീതയാണെങ്കില്‍ ഭര്‍ത്താവുമായി മനപൊരുത്തമില്ലാതെ വേറെയാണ് താമസം. മകള്‍ അച്ഛന്റെ ഒപ്പമാണ്. ബന്ധങ്ങളുടെയും അവസ്ഥകളുടെയും വിചിന്തനത്തിന്റെ കഥയാണ് ഗീതാഞ്ജലി പറയുന്നത്.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍, അതില്‍ സംവിധാനങ്ങളുടെ അനാസ്ഥ, സദാചാര പോലീസിംഗ്, അധിനിവേശവും കമ്പോളവല്‍ക്കരണവും, വിവാഹ ബന്ധങ്ങളുടെ കെട്ടുറപ്പില്ലായ്മ ഇങ്ങനെ നിരവധി വിഷയങ്ങളെ ഈ നോവല്‍ അഭിസംബോധന ചെയ്യുന്നുണ്ട്. മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന തട്ടുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ നോവലിലുണ്ട്. ഒറ്റക്കൊറ്റക്ക് അവയെല്ലാം അതിശയകരമാം വിധം ആകര്‍ഷ കമായി എഴുത്തുകാരി നോവലില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഈ സംഭവങ്ങള്‍ പലപ്പോഴും ഒറ്റപ്പെട്ടു നില്‍ക്കുന്നതായി തോന്നുന്നു എന്നത് നോവലിന്റെ ഒരു ന്യൂനതയായി വായനക്കാര്‍ക്ക് തോന്നിയേക്കാം. ഉറക്കെ പ്രതികരിക്കുന്ന മനോവ്യാപാരമാണ് നോവലിസ്റ്റ് നോവല്‍ രചനയില്‍ സ്വീകരിച്ചിരിക്കുന്നത്. പറയാനുള്ളത് ഒളിച്ചു വെക്കാതെയും മടിച്ചു നില്‍ക്കാതെയും വെട്ടിത്തുറന്ന് പറയുന്നതാണ് നോവലില്‍ സ്വീകരിച്ചിരിക്കുന്ന രീതി.

‘എന്താ നീയും അരവിന്ദനും തമ്മില്‍?’ ‘തമ്മില്‍ ഒന്നുമില്ല.’ അതാണ് പ്രശ്‌നം. ആധുനിക ദാമ്പത്യത്തിന്റെ അടിത്തറയെ വിചിന്തനത്തിനു വിധേയമാക്കുന്ന എഴുത്തുകാരി, ‘കുതിച്ചുയരുന്ന പരിപ്പിന്റെയും സവാളയുടെയും ഗോതമ്പിന്റെയും വില സൂചിപ്പിക്കുന്നത് കേരള സമ്പത്തിന്റെ അറുപത് ശതമാനവും അടിയൊഴുകിപ്പോകുന്നത് അറിയാതെ നാട്ടിലേക്ക് മാസം തോറും അയക്കുന്ന ചഞകകളുടെ വിയര്‍പ്പാണ് എന്ന് വിളിച്ചു പറയുന്നുണ്ട്. പണ്ട് പെപ്‌സി കമ്പനി അക്വാ ഗാര്‍ഡ് എന്ന പേരില്‍ കേരളത്തിലെ കടകളില്‍ ബോട്ടില്‍ വാട്ടറുകള്‍ ഇറക്കിയപ്പോള്‍ ആളുകള്‍ മുഖം പൊത്തി ചിരിച്ചു. കൊല്ലക്കുടിയിലേക്ക് സൂചി കയറ്റി അയക്കരുന്നെന്നു പറഞ്ഞ്. അവരുടേതാണ് ലോങ്ങ് ടെര്‍മം പ്രൊജക്റ്റ്. ഇന്ന് കുഗ്രാമങ്ങളിലെ പെട്ടിക്കടകളില്‍ പോലും ലിറ്റര്‍ കണക്കിന് കുടിവെള്ളമാണ് ദിനംപ്രതി വിറ്റഴിയുന്നത്. എന്ന് അധിനിവേശത്തിന്റെ കരുത്തിനെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘നിങ്ങളുടെ കഴിവുകള്‍ കേവലമൊരു ലിംഗത്തില്‍ മാത്രമായി ചുരുങ്ങിപ്പോയതെന്നാണ്? മറ്റുള്ളവരെ വേദനിപ്പിച്ചു നേടുന്ന സുഖം എന്ന് മുതലാണ് നമ്മുടെ സ്‌ട്രെങ്തായി മാറിയത്?’ എന്ന് കോപിക്കുന്ന എഴുത്തുകാരി മറ്റൊരിടത്തു പരിതപിക്കുന്നത് ഇങ്ങനെയാണ്. ‘നാലാം തരം പ്രൈമറി സര്‍ക്കാര്‍ സ്‌കൂളുകളിലെ പിന്നോക്കക്കാര്‍ക്ക് വജൈനയും ബ്രെസ്റ്റും പെനിസും പഠിപ്പിച്ചു കൊടുക്കാന്‍ അവിടെ ആളില്ലായിരുന്നു എന്ന് പറയാന്‍ തോന്നിയതാണ്. കുറച്ചു കാലമായി ആട് പട്ടിയാവുന്ന കാഴ്ച കാണുന്നു. അത് കൊണ്ട് വിധി വന്നപ്പോള്‍ വന്ന വികാരത്തിന്റെ പേര് നിര്‍വികാരത എന്നതായിരുന്നു.’ ഗീതയില്‍ ശക്തമായ ചിന്തകള്‍ വന്നതിനെ പാട്ടി നോവലിസ്റ്റ് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്- ‘വിശപ്പ് നമ്മുടെ മതം, സത്യം നമ്മുടെ ലിംഗം, സ്‌നേഹം നമ്മുടെ വര്‍ഗം. മാറില്ല സിസ്റ്ററുടെ സ്റ്റീല്‍ പല്ലുകള്‍ കൂട്ടി മുട്ടുന്ന ശബ്ദം, ഗീതാഞ്ജലിയുടെ പരിണാമം’ ഇങ്ങനെ വികാരഭരിതമായ ആശയങ്ങളുടെ കുത്തൊഴുക്ക് ഈ നോവലിലുടനീളം കാണാം.

എഴുതിയത് സത്യമാണെന്നിരിക്കിലും അതിന്റെ അതിപ്രസരം നോവലിന്റെ വായനാരസത്തെ ചിലയിടങ്ങളില്‍ മുറിച്ചു കളയുന്നുണ്ട്.സ്ത്രീ പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണമാകുന്ന ആധുനികതയെ അന്വേഷിക്കുന്ന ഈ ചെറിയ കൃതി മരണത്തിനു മുന്‍പുള്ള ഒരു പിടച്ചില്‍ മാത്രമാണ് ജീവിതമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ നൈമിഷികതയിലും നന്മക്കായി പൊരുതേണ്ടതിന്റെ ആഹ്വാനമാണ് ഗീതാഞ്ജലി. കഥയുടെ തിരഞ്ഞെടുപ്പിലും കെട്ടിലും മട്ടിലുമെല്ലാം നോവലിസ്റ്റിന് ഇനിയും പുരോഗതിക്ക് സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. പറയാനുള്ള വിഷയങ്ങളുടെ ബാഹുല്യവും അത് പറയാനുള്ള ചങ്കൂറ്റവും കൈമുതലായ എഴുത്തുകാരിക്ക് തന്നിലെ അഗ്‌നിയെ നിയന്ത്രണത്തിലേയ്ക്ക് കൊണ്ട് വന്ന് അവശ്യ സമയത്ത് മാത്രം എഴുത്തിലേക്ക് സന്നിവേശിപ്പിക്കുന്ന കലയിലേക്ക് ഏറെ ദൂരം നടക്കാനുണ്ട്. പക്ഷെ, തുടക്കം മുതല്‍ വായനക്കാരെ കൈയ്യിലെടുക്കുന്നതിലും നോവല്‍ വേഗത്തില്‍ വായിച്ചു തീര്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതിലും നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. ആസ്വദിപ്പിക്കുന്നതിലുപരി ചിന്തിപ്പിക്കുന്ന നോവലാണ് ഷബിത എം കെ യുടെ ഗീതാഞ്ജലി.

 

Comments are closed.