DCBOOKS
Malayalam News Literature Website

“ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര”; ആഴവും പരപ്പുമുള്ള ഒരു പിടി കഥകൾ

വി. ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’യ്ക്ക്    ലക്ഷ്മി ദിനചന്ദ്രൻ എഴുതിയ വായനാനുഭവം

ആഴവും പരപ്പും ഉള്ള ഒരു പിടി കഥകളുമായി മലയാളി വായനക്കാരുടെ മനസ്സിൽ ഇരിപ്പുറപ്പിച്ച എഴുത്തുകാരനാണ് വി ഷിനിലാൽ. പാമുക്കിന്റെ നിഷ്കളങ്കതയുടെ മ്യൂസിയം പോലെ, മനുഷ്യാവസ്ഥയുടെ ഒരു മ്യൂസിയമാണ് ഷിനിലാലിന്റെ എഴുത്തുകളിൽ കാണാനാവുക. ഏറ്റവുമടുത്ത് കേരള സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ തീവണ്ടി നോവലായ “സമ്പർക്കക്രാന്തി”യും, “ഉടൽഭൗതിക”വും, “ബുദ്ധപഥ”വും, “124” ഉം, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ “അടി”യും, ഒക്കെയായി അദ്ദേഹത്തിന്റെ കഥാപ്രപഞ്ചം ഒറ്റവാക്കിൽ പറഞ്ഞാൽ ഭ്രമിപ്പിക്കുന്നതാണ്. ഫാന്റസിയെന്നോ മാജിക്കൽ റിയലിസം എന്നോ സമകാലിക വിഷയങ്ങളിൽ ഊന്നിയ രാഷ്ട്രീയമെഴുത്തെന്നോ ചരിത്രമെന്നോ ഒക്കെ മാറിയും തിരിഞ്ഞും വിളിക്കാവുന്ന, എന്നാൽ ഈ കംപാർട്‌മെന്റുകളിൽ ഒന്നും ഒതുക്കാൻ സാധിക്കാത്ത കഥകളും കഥാപാത്രങ്ങളും… ഒരു ലിഖിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊന്ന്; നിരന്തരം മാറുന്ന വാക്കിൻതിരകളുടെ താഴെ ഇടയ്ക്കുമാത്രം തെളിഞ്ഞുമിന്നുന്ന ആവർത്തനങ്ങൾ.

“അടി”യുടെ ഫേസ്ബുക് എഴുത്തിലൂടെയാണ് ഷിനിലാലിനെ ആദ്യം വായിച്ചത്. പിന്നീടിങ്ങോട്ട് ഭാഷയുടെ പുതുമ കൊണ്ടും ഭാവനയുടെ വിസ്തൃതികൊണ്ടും രാഷ്ട്രീയബോധ്യങ്ങളിലെ ഉറപ്പു കൊണ്ടും ഓരോ തിരിവിലും അദ്ദേഹത്തിന്റെ എഴുത്തുകൾ അമ്പരപ്പിച്ചിട്ടുണ്ട്.

“ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര” എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം കയ്യിലെത്തിയത് സ്വല്പം നീണ്ട കാത്തിരിപ്പിനുശേഷമാണ്. സാധാരണ വേഗതയിൽ വായിച്ചാൽ രണ്ടിൽ താഴെ മണിക്കൂറിൽ തീരുന്ന, 127 പേജിലായി പന്ത്രണ്ടു കഥകളുള്ള ചെറിയ ഒരു പുസ്തകമാണിത്. പക്ഷെ കൊതിയോടെ കാത്തിരുന്നുകിട്ടിയ മിഠായി പതുക്കെ മാത്രം അലിയിച്ചു കഴിക്കുന്ന മനസ്ഥിതികൊണ്ടും, ഒരുപാട് ചിന്തകൾക്കുള്ള തുറപ്പുകൾ ഈ കഥകളിൽ ഉള്ളതുകൊണ്ടും രണ്ടുരാത്രി എടുത്താണ് ഞാനിത് വായിച്ചുകഴിഞ്ഞത്.

ശ്രീനാരായണഗുരുവിന്റെ നിഴൽചിത്രത്തിലെ തടാകത്തിന്റെ നീലയും അതിൽ നീന്തുന്ന യിൻ-യാങ് സ്വർണമൽസ്യങ്ങളും ഒക്കെയുള്ള ധ്യാനാത്മകമായ പുറംചട്ട ഈയടുത്ത് കണ്ടതിൽ ഏറ്റവും നല്ല കവറുകളിലൊന്നാണ്. താൻ എന്തുകൊണ്ട് എഴുതുന്നു എന്നും, തുടർന്നുവരുന്ന ഓരോ കഥയുടെയും ഉൽപ്പത്തി എവിടെയാണെന്നുമൊക്കെ വിശദീകരിക്കുന്ന ഹൃദ്യമായ ഒരാമുഖമുണ്ട് ഈ പുസ്തകത്തിന്.

സമാഹാരത്തിന്റെ പേരിനാധാരമായ കഥയാണ് ആദ്യം തന്നെ. ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണഗുരുവിനെയും അദ്ദേഹത്തെ കാണാനെത്തുന്ന ‘കവിതയെഴുതുന്ന കുമാരനെ’യും കുറിച്ചുപറയുന്ന ആദ്യത്തെ പേജുതിരിക്കുമ്പോൾത്തന്നെ വായനക്കാരെത്തുക വാക്കിന്റെയും ഭാവനയുടെയും ചുഴികളിലേക്കാണ്. ജലം പച്ചപ്പായും വനം സമുദ്രമായും മാറിമറിയുന്ന മായാജാലം. ആശാന്റെ ജീവിതം, കവിത, ഒപ്പം നടക്കുന്ന മരണം, ഗുരുവിന് അദ്ദേഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, ഇതിലേയ്ക്കെല്ലാം എഴുത്തുകാരൻ Textനടത്തുന്ന പിൻനോട്ടം – ഇതെല്ലാം തമ്മിൽ കൊരുക്കുന്ന നൂലായി കുമാരനാശാന്റെ അപൂർണ്ണ കവിതയായ “ഗരിസപ്പാ അരുവി അഥവാ ഒരു വനയാത്ര” – ഇങ്ങനെയൊക്കെയാണ് ഈ കഥയുടെ പശ്ചാത്തലം. ഷിനിലാൽ സ്വയം ഈ കഥയെ ഒരു നിയോഗം എന്നാണു പറയുന്നത്. വായനക്കാരിയായ ഞാനാകട്ടെ, കത്തിച്ച് വച്ച വിളക്ക് കണ്ണുനീര് നിറഞ്ഞ കണ്ണ് കൊണ്ട് കാണുന്ന പോലെയാണ് ഇത് വായിച്ചുനിർത്തിയത്.

അനേകം രാമായണങ്ങളിൽ ഒന്നിന് മാത്രം സ്ഥാനമുള്ള ഇന്നത്തെ ഇന്ത്യയിൽ കുറേക്കൂടി വായിക്കപ്പെടേണ്ടതും ചർച്ചചെയ്യപ്പെടേണ്ടതുമായ ഒരു കഥയാണ് ‘രാക്ഷസകാണ്ഡം’. കുമാരനാശാന്റെ സീത രാമനെ കർക്കശമായി ചോദ്യം ചെയ്യാൻ മുതിർന്നെങ്കിൽ ഷിനിലാലിന്റെ സീത ഒന്നുരണ്ടുപടികൂടി മുന്നോട്ടു പോകുന്നുണ്ട് ഈ കഥയിൽ. “രാക്ഷസകാണ്ഡ”ത്തിലെ രാവണസങ്കൽപം മനോഹരമാണ് – പ്രാകൃതമായ തമിഴ് മൊഴിയിൽ താളം പറഞ്ഞു കരകാട്ടമാടുന്ന, ഇരുപതുകൈകൾ കൊണ്ട് വീണമീട്ടുന്ന, യാഥാസ്ഥിതികത്വത്തിനു നേരെ മല്ലുവിളിക്കുന്ന രാവണൻറെ ചൊൽക്കെട്ടിനൊപ്പമാണ് കഥയുടെ ഏറിയപങ്കും മുന്നേറുന്നത്. സീതയെ ഇന്ത്യൻ പുരുഷാധിപത്യസമൂഹത്തിന്റെ സ്ത്രീസങ്കല്പം എന്നല്ലാതെ ഒരു വ്യക്തിയായി പരിഗണിച്ചെഴുതിയ കഥയാണിത്. ഏറ്റവുമൊടുവിൽ കഥയുടെ മുറുക്കത്തിന് ചെറിയ ഒരു അയവ് വരുന്നുണ്ടെങ്കിലും മികച്ച ഒരു വായനാനുഭവമാണ് ‘രാക്ഷസകാണ്ഡം’.

ശരീരത്തെക്കുറിച്ച് നിഷ്കപടമായി സംസാരിക്കുന്ന കഥയാണ് ‘നഗ്നം’. ഇല്ലാത്ത കഥയെക്കുറിച്ചുള്ള കത്തുകളിലൂടെ സ്വയം ഒരു കഥ മെനയുന്ന വായനക്കാരിയെയും, ഈ കത്തുകൾ വായിക്കുന്ന പത്രാധിപരെയും കുറിച്ചുള്ള ഈ കഥ ഒറ്റപ്പെട്ടുപോയവരുടേതുകൂടെയാണ്. ‘ചുംബന’ ത്തിലും പ്രതിപാദ്യം ശരീരവും സ്നേഹവും അവയുടെ രാഷ്ട്രീയവുമാണ്. ‘രണ്ടു മരങ്ങൾ’ രണ്ടു പെണ്ണുങ്ങളുടെ കഥയാണ്. എന്നുംകുന്നുമുള്ള വിരസതയിൽനിന്നും സ്വാതന്ത്ര്യത്തിലേക്ക് ഇടയ്ക്കൊന്നു നടന്നിറങ്ങാൻ പറ്റിയ രണ്ടുപെണ്ണുങ്ങളുടെ കഥ. ആണുങ്ങളായ എഴുത്തുകാർ Textപെണ്ണുങ്ങളെക്കുറിച്ചെഴുതുമ്പോൾ സാധാരണ വീഴാറുള്ള കുഴികളിലൊന്നും വീഴാതെ ഈ കഥയെ എഴുത്തുകാരൻ വിദഗ്ധമായി മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. സോനാഗച്ചിയിലെ തെരുവുകളിലൂടെയാണ് ‘മാരാസ്ത്രേ …’ നമ്മെ നടത്തുന്നത്. വേശ്യാതെരുവുകളുടെ ലോകം പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും പലരും മലയാളിയ്ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലേശമൊക്കെ മുൻകൂട്ടിക്കാണാൻ പറ്റുന്ന ഒന്നാണ് ഈ കഥയും അതിന്റെ പരിസരങ്ങളും. ഇങ്ങനെയുള്ള ഏതാണ്ടെല്ലാ ആഖ്യാനങ്ങളിലും വന്നുപെടാറുള്ള പുറംപൂച്ചുകാരനായ കിളവൻ എന്ന ക്ളീഷേ കല്ലുകടിയായെങ്കിലും ഈ കഥ വായനക്കാരുടെ മനസ്സിൽ ഒരു നോവായിത്തന്നെ അവശേഷിക്കും.

പൗരത്വനിയമത്തിന്റെയും കോവിഡിന്റേയും കാലത്തെ ഇന്ത്യയുടെ കഥയാണ് ‘സലപില’ – ഉറച്ച രാഷ്ട്രീയബോധത്തിൽ നിന്നെഴുതിയ ഒന്ന്. ഇന്ത്യൻ രാഷ്ട്രീയം മാത്രമല്ല, അതിഥിതൊഴിലാളികളോടുള്ള ശരാശരി മലയാളിയുടെ നിലപാടുകളും ഇതിൽ നമുക്ക് വായിക്കാം. ഇടതുപക്ഷപ്രസ്ഥാനങ്ങളോടു ചേർന്നുനിന്നു പ്രവർത്തിക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാകുന്ന വികാരങ്ങളാണ് ‘വടംവലി’ എന്ന കഥയിലുള്ളത്. നേതൃത്വം, അധികാരം, എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ കാലം വരുത്തുന്ന മാറ്റങ്ങൾ. അവയോടു പൊരുത്തപ്പെടുന്ന വിധം. ഇതിനെല്ലാം മുകളില സൗഹൃദം, ആത്മബന്ധം – ഇവയൊക്കെ ഇഴചേരുന്ന കഥയാണിത്. കമ്മ്യൂണിസവും ക്രിസ്തുമതവും തമ്മിലുള്ള സമാന്തരങ്ങൾ പലപ്പോഴും ലോകസാഹിത്യത്തിൽ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഒരു നാടൻ കവലയിൽ ഈ സാമ്യങ്ങൾ ഉരുത്തിരിഞ്ഞുവരുന്നതിന്റെ നേർരേഖയാണ് “മെറ്റമോർഫോസിസ്”.

ഈ കഥാസമാഹാരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു കഥകളാണ് ‘പ്രണയനാഗവള്ളി’യും ‘ഇരമ്പ’വും. മനുഷ്യന്റെ സ്വപ്നത്തിലെ ചിത്രശലഭമാണോ ചിത്രശലഭത്തിന്റെ സ്വപ്നത്തിലെ മനുഷ്യനാണോ താൻ എന്ന് സംശയിച്ച സെൻ ഗുരുവിനെ ആണ് പ്രണയനാഗവള്ളി ഓർമിപ്പിച്ചത്. വിഷാദത്തിന്റെ സർപ്പം വേണുനാഗവള്ളിയെ കാണുന്നത്, കൊത്തുന്നത്, ഒടുവിൽ സർപ്പമേത്, മനുഷ്യനിൽ എന്ന ആശയക്കുഴപ്പത്തിൽ വായനക്കാരും എത്തിപ്പെടുന്നത് – അങ്ങനെയൊക്കെ വേറിട്ട ഒരനുഭവമാണ് ഈ കഥ. വാക്കും ഭാവനയും എത്രയോ ഉയരത്തിൽ പറന്നുപൊങ്ങുന്ന ഒരു കഥയാണിത്! വിഷാദമാണ് ഈ കഥയുടെ കേന്ദ്രബിന്ദുവെങ്കിൽ ‘ഇരമ്പ’ത്തിൽ Textഅത് ഒറ്റപ്പെടലിന്റെയും ഭ്രാന്തിന്റെയും വന്യതയാണ്. ഒരേ വാക്കുകൾ ചില്ലറ മാറ്റത്തോടെയോ അല്ലാതെയോ ആവർത്തിച്ച് വായനയേയും വായനക്കാരെയും വല്ലാത്തൊരു നൂലാമാലയിലേയ്ക്ക് കൂട്ടുപിടിച്ചുകൊണ്ടുപോകുന്നു.

മുഹമ്മദ് ഇഖ്‌ബാലിന്റെ

Thou didst create the night,
but, I made the lamp.
Thou didst create clay,
but, I made the cup…

എന്ന് തുടങ്ങുന്ന ഒരു കവിതാശകലമാണ് പുസ്തകത്തിന്റെ സമർപ്പണം. “ബ്രഹ്മസത്യം ജഗത് മിഥ്യ”യുടെ മയക്കത്തിനു നല്ലൊരു മറുമരുന്നാണ് ഇഖ്‌ബാലിന്റെ വരികൾ. സൃഷ്ടാവിനെ അംഗീകരിക്കുമ്പോഴും, സൃഷ്ടിക്കപ്പെട്ട നഗ്നവാനരനിൽനിന്നും ചിന്താശേഷിയുള്ള മനുഷ്യനിലേക്ക് തലപ്പൊക്കത്തോടെതന്നെ നടക്കുന്നവരെ ഓർമ്മിക്കുന്ന ഈ കവിത,

ലോകാനുരാഗവിമുഖാത്മഗണങ്ങളേ, മർ
ത്ത്യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ
ഏകാന്തനിർമ്മമതരേ ബത! നിങ്ങൾ നാട്ടി
ലേകാന്തമാം ഗുഹയിൽനിന്നു പുറപ്പെടായ്‌വിൻ.

എന്ന കുമാരനാശാന്റെ ‘ഗരിസപ്പാ അരുവി അഥവാ ഒരു വനയാത്ര” യിലെ വരികൾക്ക് തികച്ചും ചേരുന്ന മുൻകുറിപ്പുതന്നെ.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.