DCBOOKS
Malayalam News Literature Website

ഗാന്ധിഭാവനയും കലയും

സുധീഷ് കോട്ടേമ്പ്രം

വിമര്‍ശരഹിതമായ കലയും വാസ്തവത്തില്‍ ഇതേ ദൃശ്യോപമാനങ്ങളെ മറ്റൊരു വിധത്തില്‍ പിന്‍പറ്റുകമാത്രം ചെയ്യുന്നു. അഥവാ, ഇക്കാലത്ത് കേന്ദ്രസര്‍ക്കാരിനും മുഖ്യധാരാ കലയ്ക്കും ഗാന്ധി ഒരേമട്ടില്‍ അഭിമതമാവുന്നുവെങ്കില്‍ അവിടെ കലയുടെ പ്രതിരോധസംവിധാനങ്ങള്‍ നിലച്ചു എന്നു കരുതാം. അല്ലെങ്കില്‍ രാഷ്ട്രീയകല എന്ന തലക്കുറിക്കു കീഴില്‍ ഐക്യപ്പെടാന്‍ മത്സരിക്കുന്ന അസമകാലികത്വം നമ്മുടെ കലാസങ്കല്പങ്ങളെ ഭരിച്ചുതുടങ്ങുന്നു എന്നു കരുതാം.

ഗാന്ധിയെ വരയ്ക്കാന്‍
എളുപ്പമാണ്
മൂന്നോ നാലോ രേഖകള്‍ മതി.
ഗാന്ധിയായി വേഷം കെട്ടാനെ
ളുപ്പമാണ്
കെട്ടിയ വേഷങ്ങള്‍
അഴിച്ചുകളഞ്ഞാല്‍ മതി.
-കല്‍പ്പറ്റ നാരായണന്‍

ബുദ്ധന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആവിഷ്‌കരിക്കപ്പെട്ട ഇന്ത്യന്‍ വ്യക്തിബിംബം, ഒരുപക്ഷേ, ഗാന്ധിയാവും; മുഖ്യധാരാകലയിലും ജനപ്രിയകലയിലും. ശില്പകല മുതല്‍ കലണ്ടര്‍ ഇമേജുകളില്‍വരെ രൂപസൗഷ്ഠവത്തിലും വിഷയപരതയിലും വൈവിധ്യപൂര്‍ണമായ ബിംബകല്പനകള്‍ ഗാന്ധിയെ ചുറ്റിപ്പറ്റി വന്നുകഴിഞ്ഞു. ഇനിയും എത്രയോ ദൃശ്യാഖ്യാനങ്ങള്‍ വരാനിരിക്കുന്നു. എന്താണ് നിലയ്ക്കാത്ത ഈ ഗാന്ധിഭാവനയുടെ പൊരുള്‍? കലയ്ക്കും കലയുടെ രാഷ്ട്രീയപ്രകടനപരതയ്ക്കുമിടയില്‍, കലയ്ക്കും സൗന്ദര്യശാസ്ത്രത്തിനുമിടയില്‍ ഗാന്ധികല്പനകള്‍ മുന്നോട്ടു വെയ്ക്കുന്ന സൂചനകളെന്തൊക്കെ? വ്യക്ത്യാരാധനയ് ക്കപ്പുറം ഒരാശയമെന്ന നിലയില്‍ കലയിലൂടെ പുനഃരവതരിക്കുന്ന ഗാന്ധി ഇന്ത്യന്‍ വര്‍ത്തമാനത്തെ എങ്ങനെയൊക്കെ പ്രതിനിധീകരിക്കുന്നു? രാജ്യം ഗാന്ധിജന്മത്തിന്റെ ഒന്നരനൂറ്റാണ്ട് ആഘോഷിക്കുമ്പോള്‍, തിരിച്ചുവരുന്ന ഗാന്ധി പ്രതിരോധരാഷ്ട്രീയത്തിന്റെ ചിഹ്നമാകുമോ? അഹിംസാവാദത്തിന്റെ മുഖചിത്രമാവുന്ന ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയ ഭാവനയെ പ്രചോദിപ്പിക്കാന്‍ പര്യാപ്തമോ? ചോദ്യങ്ങള്‍ എത്രയെങ്കിലുമുണ്ട്. അവ ചോദിക്കപ്പെടുന്നതിന് സമകാലികകാരണങ്ങളും നിരവധി. ഗാന്ധിയന്‍ ആശയങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് അധികാരത്തിലേറിയ ഒരു ഭരണകൂടം ഇപ്പോള്‍ ഗാന്ധിയെ തിരിച്ചെടുക്കുന്നതില്‍നിന്നു തുടങ്ങി, ഗാന്ധിക്കെതിരേ പ്രയോഗിക്കപ്പെട്ട, ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഹിംസയുടെ മറവില്‍ പുനരാനയിക്കപ്പെടുന്ന ഗാന്ധി, വാസ്തവത്തില്‍ കൂടുതല്‍ സംശയബിന്ദുവില്‍ നില്ക്കുന്നു.

2019-ല്‍ നടന്ന അന്‍പത്തിയെട്ടാം വെനീസ് ബിനാലെയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആര്‍ട്ട് പ്രൊജക്റ്റ്, ‘Our Time For a Future Caring’ഗാന്ധി ആശയങ്ങളെ പിന്‍പറ്റിക്കൊണ്ടാണ്. റുബീന കരോഡെ കുറേറ്റ് ചെയ്ത ഈ പ്രദര്‍ശനത്തിലൂടെ ഇന്ത്യന്‍ പവലിയന്‍ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ തവണയാണ് ലോകകലാമേളയില്‍ പ്രാതിനിധ്യം ഉറപ്പിക്കുന്നത്. ഇത്തവണത്തേത് കൂടുതല്‍ സ്വീകാര്യമായതും ശ്രദ്ധിക്കപ്പെട്ടതുമാണെന്ന് അതിന്റെ അണിയറശില്പികള്‍ സൂചിപ്പിക്കുകയുണ്ടായി. ചരിത്രപ്രസിദ്ധമായ വെനീസ് ബിനാലെയിലെ ഇന്ത്യന്‍ പങ്കാളിത്തത്തെ കലാലോകം സന്തോഷകരമായി ഏറ്റെടുക്കുമ്പോള്‍ത്തന്നെ, അത് ഗാന്ധിസ്മൃതികൂടിയാവുന്നു എന്നത് കൗതുകകരമാണ്. സമകാലികകലയുടെ സമീപസന്ദര്‍ഭങ്ങളിലൊന്നുംതന്നെ ഇന്ത്യയ്ക്കകത്ത് ഗാന്ധിഭാവന വലിയ സ്വാധീനം ചെലുത്താതിരിക്കെ, ഏറ്റവും പുതിയ കല, ആധുനികകലയിലെമ്പാടും നിറഞ്ഞുനിന്ന ഗാന്ധിസ്മൃതിയിലേക്ക് തിരിഞ്ഞുനോക്കുന്ന രാഷ്ട്രീയസാഹചര്യവും ഗാന്ധി കലാവിഷയമാകുന്നതിലെ സര്‍ഗാത്മകസാഹചര്യങ്ങളും പരിശോധിക്കപ്പെടേണ്ടതാണ്.

റിയാസ് കോമുവിന്റെ ‘ധമ്മ സ്വരാജ്’

ഒരുവശത്ത് ഗാന്ധിഘാതകന്റെ ‘ദേശസ്‌നേഹം’ ചര്‍ച്ചചെയ്യപ്പെടുകയും മറുവശത്ത് അഹിംസാബിംബമായി പുനരവതരിപ്പിക്കപ്പെടുന്ന പ്രതീകഗാന്ധി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍, എങ്ങനെയൊക്കെയാണ് ഒന്നരനൂറ്റാണ്ടിന്റെ ഗാന്ധിയെ കാണേണ്ടത്? രേഖാചിത്രങ്ങള്‍, ഛായാപടങ്ങള്‍, ശില്പങ്ങള്‍, കവലപ്രതിമകള്‍, പോസ്റ്ററുകള്‍, സ്റ്റാമ്പുകള്‍, കറന്‍സികള്‍-ഗാന്ധിരൂപം, കല്പറ്റ നാരായണന്റെ കവിതയില്‍ സൂചിപ്പിക്കപ്പെട്ടതുപോലെ എളുപ്പമാക്കപ്പെട്ട അനാട്ടമിയാണ്. മെലിഞ്ഞൊതുങ്ങിയ ഗാന്ധിരൂപം
ദേശീയതാചിഹ്നംകൂടിയാണ്. (നിറഞ്ഞുകവിഞ്ഞ ടാഗോറിന്റെ രൂപമാവട്ടെ സാര്‍വ്വദേശീയതയുടെയും ചിഹ്നമായിരുന്നുവെന്ന് ഓര്‍ക്കാം). രാഷ്ട്രപിതാവായിരിക്കുമ്പോഴും പിതൃമേധാവിത്വത്തിന്റെ സൂചകങ്ങളല്ല, കുറേക്കൂടി സ്‌ത്രൈണ-പ്രകൃതി-പുരുഷഭാവമാണ് ഗാന്ധിയില്‍ കാണാനാവുക. ദേശത്തെ ഭാരതാംബ എന്ന് സ്‌ത്രൈണപ്പെടുത്തുന്നതില്‍ ഉള്ളടങ്ങിയിട്ടുള്ള പ്രകൃതിബോധം ഗാന്ധിയിലും കാണാന്‍ കഴിയും. രൂപഭാവങ്ങളെ ആധാരമാക്കി തീര്‍ത്ത ഗാന്ധികള്‍ക്കപ്പുറം കലാവിഷയം എന്ന നിലയില്‍ സ്വതന്ത്രവി
നിമയശേഷിയുള്ള ഗാന്ധിപ്രമേയങ്ങള്‍ ആധുനികകലയില്‍ കാണാം.

വരയ്ക്കപ്പെടുന്ന ഗാന്ധി, ഗാന്ധിപ്പെടുന്ന വര

കലയ്ക്ക് വിഷയമാകും മുന്‍പുതന്നെ, ഗാന്ധി സ്വയം സങ്കല്പനം ചെയ്തതും അനുശീലിച്ച അഹിംസാസമരമുറകളും അദ്ദേഹത്തെ തികഞ്ഞ കലാകാരന്‍ എന്നു വിളിക്കപ്പെടുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ”ഞാന്‍ ഒരു മനീഷിയോ, ഋഷിവര്യനോ, തത്ത്വചിന്തകനോ അല്ല. പക്ഷേ, ഞാന്‍ അഹിംസയുടെ കലാകാരനാണ്” എന്ന് ഗാന്ധിതന്നെ പ്രസ്താവിക്കുന്നുമുണ്ട്. 1946-ല്‍ എഴുതപ്പെട്ട ‘ഗാന്ധിജിയും കലയും’ എന്ന ലേഖനത്തില്‍ ‘അനുഭവങ്ങളില്‍നിന്നുദയം കൊള്ളുന്ന ആദര്‍ശോജ്വലമായ ഭാവസൗന്ദര്യത്തെ ഭാരതീയജീവിതത്തില്‍ക്കൂടി പ്രകാശിപ്പിച്ച് അതിനെ അഹിംസാത്മകമായ ഒരു വീരജീവല്‍ക്കാവ്യമാക്കിക്കൊണ്ടിരിക്കുന്ന മഹാകലാകാരനാണ് ഗാന്ധിജി’ എന്ന് കവി ജി. ശങ്കരക്കുറുപ്പ് അഭിപ്രായപ്പെടുന്നുണ്ട്. ”കല ജീവിതത്തിന്റെ ഭാഗികമായ പ്രകാശനമാകയാല്‍ ജീവിതമാണ് കലയെക്കാള്‍ വലിയത്; ജീവിതസത്യത്തിനോട് പൊരുത്തമില്ലാത്ത കലാസങ്കല്പം സത്യത്തിന്റെ നാട്യവും സൗന്ദര്യത്തിന്റെ വലയും ഉള്ള വ്യാജമാകുന്നു. അങ്ങനെയുള്ള കലാഭാസങ്ങളും അവയുടെ നിര്‍മ്മാതാക്കളും ശ്ലാഘ്യത തേടുകയും എളുപ്പത്തില്‍ അതു
നേടുകയും ചെയ്യുന്നതു കാണുമ്പോള്‍ ഗാന്ധിജിക്ക് അധിക്ഷേപിക്കാതിരിക്കാന്‍ വയ്യ” എന്ന് ശങ്കരക്കുറുപ്പ് ഗാന്ധിയുടെ കലാസന്ദര്‍ഭത്തെ വിശദീകരിക്കുന്നു.

ശങ്കരക്കുറുപ്പിന്റെ മാതൃഭൂമി ലേഖനത്തിന് പി. ഭാസ്‌കരന്‍ മംഗളോദയത്തില്‍ പ്രതികരണലേഖനം എഴുതി. കുറുപ്പിന്റെ ഗാന്ധിഭക്തിയെ രിഗണിച്ചുകൊണ്ടുതന്നെ ഗാന്ധിയുടെ കലാകര്‍തൃപദവിയെയും അദ്ദേഹത്തിന്റെ കലാഭിരുചിയെത്തന്നെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട് പി. ഭാസ്‌കരന്‍. ”സരളതയില്‍ ആവിഷ്‌കൃതമായ സൗന്ദര്യമല്ലാതെ മറ്റെന്താണ് സൗന്ദര്യം?” എന്ന് ഗാന്ധിയെ ഉദ്ധരിച്ചുകൊണ്ട് ശങ്കരക്കുറുപ്പ് സിദ്ധാന്തീകരിക്കുന്നു. ”കലയ്ക്ക് സരളത കൂടിയേ കഴിയൂ. എന്നാല്‍ സരളമായതെന്തും കലയാവുന്നില്ല. മുട്ടിറങ്ങാത്ത ഒരു തോര്‍ത്തുമുണ്ടുമാതം ധരിക്കുന്നതില്‍ സരളതയുണ്ട്, പക്ഷേ, അതില്‍ കലയുണ്ടോ?” എന്ന് പി. ഭാസ്‌കരന്‍ ചോദിക്കുന്നു. നന്ദലാല്‍ ബോസിന്റെ ചിത്രപരമ്പര കാണാന്‍ വന്ന ഗാന്ധി നിരുല്‍സാഹത്തോടെ അവ കണ്ടുതള്ളിയതിനെക്കുറിച്ചും പ്രശസ്ത ഗായകനായിരുന്ന ദിലീപ് കുമാര്‍ റോയിയോട് ”സംഗീതത്തിന് എതിരു ഞാന്‍” എന്ന് ഗാന്ധി പറഞ്ഞതും കൂട്ടിവായിച്ചുകൊണ്ട് ഗാന്ധിയിലെ കലാസ്വാദകനെയും പി. ഭാസ്‌കരന്‍ വിമര്‍ശ വിധേയമാക്കുന്നുണ്ട്.

‘ഞാന്‍ അഹിംസയുടെ കലാകാരന്‍’ എന്ന ഗാന്ധിവചനം 2019-ല്‍ അതുല്‍ ദോദിയ എന്ന ഇന്ത്യന്‍ കലാകൃത്തും ഏറ്റെടുക്കുന്നു. ‘ഗാന്ധി ആദ്യത്തെ കണ്‍സെപ്ച്വല്‍ ആര്‍ട്ടിസ്റ്റ് ആണ്’ എന്നതാണ് അതുല്‍ ദോദിയയുടെ വാദം. ഉപ്പുസത്യഗ്രഹം, ദണ്ഡിമാര്‍ച്ച്, ചര്‍ക്ക-ഗാന്ധി തന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വിനിയോഗിച്ച മാര്‍ഗ്ഗങ്ങളെല്ലാം ആശയവാദകലയുടെ പ്രകരണത്തില്‍ നോക്കിക്കാണുകയാണ് ദോദിയ. ഇരുനൂറോളം ചിത്രങ്ങള്‍ ഇതിനകം ഗാന്ധിവിഷയത്തില്‍ അദ്ദേഹം ചെയ്തുകഴിഞ്ഞു. ലാമെന്റേഷന്‍ (1997), ആര്‍ട്ടിസ്റ്റ് ഓഫ് നോണ്‍ വയലന്‍സ് (1999), ബകോ എക്‌സിസ്റ്റ്‌സ് ഇമാജിന്‍ (2011), മഹാത്മ ആന്റ് മാസ്റ്റേഴ്‌സ് (2015) എന്നിവ യും വെനീസ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ‘ബ്രോക്കണ്‍ ബ്രാഞ്ചസ്’ എന്ന ശില്പസമുച്ചയവും അവയില്‍ ചിലതുമാത്രം.

തുടര്‍ന്നു വായിക്കാം

സുധീഷ് കോട്ടേമ്പ്രത്തിന്റെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം നവംബര്‍ ലക്കം പച്ചക്കുതിരയില്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.