DCBOOKS
Malayalam News Literature Website

യക്ഷിക്കണ്ണ്…!

യു.എ. ഖാദറിന്റെ ‘ഗന്ധമാപിനി‘ എന്ന കഥാസമാഹരത്തില്‍ നിന്നും

കടപ്പുറത്ത് ചുങ്കപ്പുരയുടെ തൊട്ടരികെത്തന്നെയാണ്, മുട്ടോളമെത്തുന്ന കാക്കിക്കാലുറയും തലയില്‍ കാസത്തൊപ്പിയും ധരിക്കുന്ന ലസ്‌ലിസായ്‌വ് കാവലിരിക്കുന്ന ഉപ്പുഗുദാം. കസ്റ്റംസുവക ചുങ്കപ്പുരയുടെയും ഉപ്പുഗുദാമിന്റെയും മുന്നിലാണ് ഇരുമ്പുതൂണ്‍ കൊടിമരം. ചില പ്രത്യേക ദിവസങ്ങളില്‍ ലസ്‌ലിസായ്‌വ് യൂണിയന്‍ ജാക്ക് ഉയര്‍ത്തും. വൈകുന്നേരം, കക്ഷി പോകാന്‍ നേരത്ത്, അതഴിച്ച് താഴ്ത്തി ചുരുട്ടി ഓഫീസിന്റെ താഴെ മുറിയില്‍ ഭദ്രമായി സൂക്ഷിക്കും. പോക്കുവെയില്‍ നാളം തുടിക്കുന്ന കടല്‍ നോക്കി ഒരനുഷ്ഠാനംപോലെ സല്യൂട്ടടിക്കും. ഉപ്പുഗുദാമിന്റെ താക്കോല്‍ മടിയില്‍ തിരുകി പൂട്ടുകളെല്ലാം ശരിക്കും അടഞ്ഞിട്ടില്ലേ എന്ന് നോക്കും, അപ്പണിയൊക്കെ കഴിഞ്ഞാലാണ് സൈക്കിളില്‍ കസ്റ്റംസ് റോഡിലൂടെ മീഞ്ചാപ്പ മുന്നിലൂടെ വടക്കോട്ടു തിരിഞ്ഞ് നേരേ നിവര്‍ന്നിരുന്ന് ചവുട്ടി ഓടക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് തിരിച്ചുപോകുന്നത്.

ആ സമയം വൈകുന്നേരം അഞ്ചുമണി എന്ന് ആര്‍ക്കും കൃത്യമായി തിട്ടപ്പെടുത്താവുന്നതാണ്. രാവിലെ സായ്‌വിന്റെ വരവും അങ്ങനെത്തന്നെയാണ്. മാപ്പിള ബോര്‍ഡ് എലിമെന്ററി സ്‌കൂളിന്റെ മുന്നിലെ കിണറിന്റെ അരികെ കുട്ടികള്‍ ബെല്ലടിക്കാന്‍ കാത്തുനില്‍ക്കും. കൃത്യം പത്തുമണിക്ക് സായ്‌വിന്റെ സൈക്കിളിന്റെ മണിയൊച്ച കേട്ടാല്‍ സ്‌കൂള്‍ബെല്ലടിക്കും. ഓത്തുപുരയിലെ കുട്ടികള്‍ മാപ്പിളസ്‌കൂളിന്റെ ചവിട്ടുപടിക്കല്‍ തുരുതുരാ കയറുക അപ്പോഴാണ്. മാപ്പിള എലിമെന്ററി സ്‌കൂളായതിനാല്‍ അവിടെ സമയമറിയാന്‍ ലെസ്‌ലി സായ്‌വിന്റെ സൈക്കിള്‍ മണിയൊച്ചയേ ശരണമായുള്ളൂ. ഉസ്താദ് മമ്മു മുസലിയാര്‍ ഉറക്കെ പറയും: ”ബെല്ലടിച്ചോളി. ഇന്നത്തെ കുറാന്‍ ഓത്ത് ഇത്രമതി. ഇനി മലയാളം പഠിച്ചോളിന്‍, ഹലാക്കിന്റെ അവില് ചവച്ചോളിന്‍, തുപ്പല് കുടിച്ചോളിന്‍, തൊണ്ടക്കാറലുമാറ്റി മലയാളം പടിച്ചോളിന്‍!”

മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് മാപ്പിള എലിമെന്ററി സ്‌കൂളിന്റെ പടി കയറി ഒന്നാം ക്ലാസിലോ രണ്ടോ ക്ലാസിലോ കുട്ടികള്‍ എത്തുന്നത് ഗോപാലന്‍മാസ്റ്ററുടെ കണ്ണുരുട്ടലും ചൂരലും കണ്ട് ഭയന്നാണ്. ആ ചൂരല്‍ എന്റെ നേരേ പൊക്കിയിട്ടില്ല. കണ്ണുരുട്ടിയിട്ടുമില്ല. ശകാരമായോ സ്‌നേഹമായോ ഉറക്കെ പറയും: ”ക്ലാസ്ബുക്ക് കാണാപ്പാഠം ചൊല്ലി പഠിക്കണംട്ടോ!”

U A Khadar-Gandhamapiniആഴ്ചയില്‍ അഞ്ചു ദിവസം ഗോപാലന്‍മാഷേയും രണ്ടാംക്ലാസിലെ അബ്ദുമാഷേയും മൂന്നാം ക്ലാസിലെ കൃഷ്ണന്‍മാഷേയും ഭയപ്പെടാതെ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് വേറെ വഴിയില്ലല്ലോ. ഓരോരോ കഥകള്‍ കെട്ടിയുണ്ടാക്കിപ്പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കുന്ന മമ്മൂഞ്ഞിനെയും ഭയപ്പെടണം. മമ്മൂഞ്ഞ് എന്നത് ക്ലാസിലെ പേരല്ല. ഹാജര്‍ പട്ടികയില്‍ മുല്ലക്കോയ തങ്ങള്‍ എന്നാണ് വിളിക്കുക.

ഓന്തിനെ പിടിച്ച് ഉറുമ്പുംകൂട്ടിലിട്ട് ഓന്തിന്റെ പ്രാണപ്പിടയല്‍ കാണിച്ചു തന്ന മമ്മൂഞ്ഞ് എന്ന സഹപാഠി. ഉറുമ്പുംകൂട് മരച്ചില്ലയില്‍നിന്ന് അങ്ങനെതന്നെ വെട്ടിയെടുത്ത് ക്ലാസില്‍ കൊണ്ടുവരുന്ന മമ്മൂഞ്ഞ് ഒപ്പം പഠിക്കുന്നുണ്ടെന്ന് പറയാന്‍പോലും പേടിയാണ്.
വെള്ളിയാഴ്ച അബ്ദുമാഷിന് യാതൊരു കാരണവശാലും കുട്ടികളെ ശകാരിക്കാന്‍ തോന്നാറില്ല. മിക്ക വെള്ളിയാഴ്ചകളിലും മൂപ്പര്‍ സ്‌കൂളില്‍ ഹാജരാകാറേയില്ല. കുട്ടികള്‍ പറയും: ”മാഷ് ഇന്നലെ രാത്രി ഒറങ്ങീട്ടുണ്ടാവൂലാ–ഇപ്പം എണീച്ചിട്ടുണ്ടാവൂലാ…”

മാപ്പിളസ്‌കൂളിന്റെ അടുത്താണല്ലോ അബ്ദുമാഷുടെ വീട്. സ്‌കൂളില്‍ നിന്ന് കാണാവുന്നത്ര ദൂരത്തില്‍ മുഗദാര്‍ തങ്ങളുടെ മഖാംപള്ളി. തൊട്ടുമുന്നില്‍ വലിയകോയ തങ്ങളുടെ കൂറ്റന്‍ കന്മതിലും കണ്ണാടി ജാലകങ്ങളും കമാനങ്ങളും പൂവ്വോട്ടുകളും ഉള്ള മാളികബംഗ്ലാവ്. കന്മതിലിന്റെ തെക്കേ ഓരത്തിലൂടെ അല്പം നടന്നാല്‍ അമ്പക്കാന്റകം എന്ന വീട്ടിലെത്താം. മമ്മൂഞ്ഞ് പറഞ്ഞറിവാണ്. അവിടെയാണ് അബ്ദുമാഷ് താമസിക്കുന്നത്. അമ്പക്കാന്റകം അബ്ദുമാഷ്.

മഖാമിന്റെ എതിര്‍വശത്ത് പടിഞ്ഞാറ് അഭിമുഖമായാണ് വലിയ കോയാന്റെ ബംഗ്ലാവ്. അത് ഒരു വീടല്ല. എണ്ണിയാലൊടുങ്ങാത്ത ജിന്നുകള്‍ വെപ്പും തീനും കളിതമാശകളുമൊക്കെയായി ഉല്ലസിച്ച് താമസിക്കുന്ന ഒരു ബംഗ്ലാവാണെന്ന് പറഞ്ഞത് മമ്മൂഞ്ഞല്ല; ഒന്നാം ക്ലാസിലെ കോയഞ്ഞിയാണ്. കോയഞ്ഞിക്ക് തങ്ങളെയും മക്കളെയും നേരിട്ടറിയാമത്രേ. താഴത്തെ നിലയില്‍ മുന്‍ഭാഗത്തെ ഒന്നോ രണ്ടോ മുറികളില്‍ തങ്ങളവര്‍കളുടെ കുടുംബം കഴിയുന്നു.
ബാക്കി മുറികളിലും മുകള്‍ നില അപ്പാടെയും ജിന്നുകള്‍ കെട്ടിമറിഞ്ഞുല്ലസിക്കുന്ന സ്ഥലമാണത്രേ. അമ്പക്കാന്റകം വീട്ടിലിരുന്നാല്‍ വലിയകോയ തങ്ങളുടെ മാളികമുകളിലെ ജിന്നുകള്‍ മുടി കോതി മിനുക്കി ജനലരികെ വന്നിരുന്ന് വഴിപോകുന്നവരെ നോക്കി ഓരോരോ തമാശകള്‍ പറഞ്ഞ് ചിരിക്കുന്നതു കാണാമത്രേ. രാത്രിയായാല്‍ സ്വര്‍ണനിറമുള്ള കണ്ണുകളും സ്വര്‍ണത്തലമുടിയും വെട്ടിത്തിളങ്ങുന്ന മുഖവുമുള്ള ജിന്നുകള്‍ ജനല്‍പടിയിലിരിക്കുന്നതിനിടയില്‍ അബ്ദുമാഷുടെ അമ്പക്കാന്റകം വീട്ടിലേക്കും സ്വര്‍ണച്ചിറകുകള്‍ വീശി പറന്ന് ചെല്ലാറുണ്ടത്രേ.

അമ്പക്കാന്റകം വീട്ടിന്റെ മുറ്റത്ത് ലക്ഷണങ്ങള്‍ ഏഴും ഒത്ത വൃത്തത്തില്‍ വിശാലമായ ഒരു നീന്തല്‍ക്കുളമുണ്ട്. പണ്ടേതോ കാരണവന്മാര്‍ നിര്‍മ്മിച്ചതാണ്. ജിന്നുകള്‍ നീന്തിത്തുടിക്കുമ്പോള്‍ കുളത്തിലെ ജലപ്പരപ്പില്‍ വെള്ളിയരഞ്ഞാണങ്ങള്‍ ആരോ അഴിച്ചിട്ടപോലെയാണ് ജലപാളികളിലെ തിളക്കം. ആ നാഗപ്പുളച്ചില്‍ നോക്കിയിരുന്നാണത്രേ അബ്ദുമാഷ് രാത്രി പുലരുന്നത് അറിയാതെ തളര്‍ന്നുമയങ്ങുന്നത്.

കുട്ടികളെ മലയാളകവിതകള്‍ ഉറക്കെ പാടിക്കേള്‍പ്പിച്ച് രസിക്കുന്നതു പോലെ ആഴ്ചയിലൊരു ദിവസം വെള്ളിയാഴ്ച രാത്രികളില്‍ അമ്പക്കാന്റകത്ത് വീട്ടിലെ കോലായയിലിരുന്ന് അബ്ദുമാഷ് ഉറക്കെ പാടുന്നത് ജലകേളികളില്‍ മുങ്ങിത്തുടിക്കുന്ന ജിന്നുകളെ കേള്‍പ്പിക്കാനും അവരെ രസിപ്പിക്കാനുമാണത്രേ. അമ്പക്കാന്റകം വീട്ടിന്റെ കോലായില്‍ രാത്രി കാലങ്ങള്‍ക്ക് പൂക്കളുടെ സുഗന്ധമാണ്. വീടിന്റെ ചുറ്റുമുള്ള നിശാഗന്ധിപ്പടര്‍പ്പുകളില്‍നിന്ന് ഉയരുന്ന സുഗന്ധം ഇടവഴിയിലൂടെ നടന്നുപോകുന്ന ആര്‍ക്കും ശ്വസിക്കാനാവും. പക്ഷേ, പകലും രാത്രിയും അമ്പക്കാന്റകം വീട്ടിന്റെ മുമ്പുറത്തെ വഴിയിലൂടെ, വലിയ മാളിയേക്കല്‍ ബംഗ്ലാവിന്റെ കിഴക്കേ മതിലരികിലൂടെ, ആളുകള്‍ നടന്നുപോകാറില്ലല്ലോ. രാത്രികാലങ്ങളില്‍ പനിനീര്‍പ്പൂക്കളുടെയും നിശാഗന്ധിയുടെയും അരിമുല്ലപ്പൂക്കളുടെയും സമ്മിശ്ര മണം കുമിഞ്ഞുയരുന്ന ജിന്നുകളുടെ സഹവാസഗന്ധം ശ്വസിച്ച് ഇടവഴിയിലൂടെ ഒറ്റയ്ക്കാരെങ്കിലും നടന്നുപോകുകയാണെങ്കില്‍, കാണാന്‍ ചേലും ചൊറുചൊറുക്കും മടച്ചോപ്പും തികഞ്ഞ പുരുഷനാണെങ്കില്‍, പിന്നെ അയാള്‍ ചെറിയ പള്ളി കബര്‍സ്ഥാനിലെ ഏതെങ്കിലും മീസാന്‍കല്ലില്‍ തലയടിച്ച് ബോധംകെട്ട് കിടക്കുന്നതായാണ് വഴിപോക്കര്‍ക്ക് കാണാനാവുക. ഉടല്‍ തിരിച്ചിട്ടാലും ആളെ പെട്ടെന്ന് തിരിച്ചറിയാറില്ലത്രേ. ശ്മശാനത്തില്‍ ആണൊരുത്തനെ ഇങ്ങനെ ബോധം നഷ്ടപ്പെടുത്തി കൊണ്ടുവന്നിടുന്നത് അമ്പക്കാന്റകം വീട്ടിലെ കുളത്തില്‍ മുങ്ങിക്കുളിക്കുന്ന ജിന്നുകളുടെ തമാശയും കുസൃതിയുമാണല്ലോ.

യു.എ. ഖാദറിന്റെ ‘ഗന്ധമാപിനി’ എന്ന കഥാസമാഹരം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

Comments are closed.