DCBOOKS
Malayalam News Literature Website

യു എ ഖാദറിന്റെ ‘ഗന്ധമാപിനി’

യു എ ഖാദറിന്റെ ഗന്ധമാപിനി എന്ന പുസ്തകത്തിന് ഡോ ഷാഹിനാ കെ റഫീഖ് എഴുതിയ അവതാരികയില്‍ നിന്നും ഒരു ഭാഗം

2019-ല്‍ പല ആനുകാലികങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട പതിനൊന്ന് കഥകളാണ് ഈ സമാഹാരത്തില്‍. 1952-ല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’ യുമായി തുടങ്ങിയ എഴുത്തുജീവിതം ഇപ്പോഴും സക്രിയമായി തുടരുന്നു. ‘കഴിഞ്ഞ കാലം കൊതിപാറ്റിയിടുന്ന ഗന്ധങ്ങളുടെ ഉറവിടസീമയിലേക്കുള്ള യാത്ര'(ഗന്ധമാപിനി) എന്ന് എഴുത്തുകാരന്‍തന്നെ തന്റെ തുടരുന്ന സര്‍ഗ്ഗജീവിതത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവിടെ U A Khadar-Gandhamapiniകുഞ്ഞിക്കണാരന്‍ നായരുടെ മണമുള്ള പടിഞ്ഞാറേ ചരുമുറിയുണ്ട്, ചേറിപ്പാറ്റി മന്ദല കളഞ്ഞ് വെടിപ്പാക്കി നെന്മണിയാക്കി, ആളുയരമുള്ള നെല്പ്പത്തായത്തില്‍ നിറച്ചു കയറിവരുന്ന, മുഖത്തും മാറത്തും നെന്മണി പറ്റിനില്ക്കുന്ന തിര്യാതയുടെ മകള്‍ കല്യാണിയുടെ വിയര്‍പ്പുഗന്ധമുണ്ട് (പാതിരാമലരുകള്‍), പൂവെണ്ണയുടെ, സ്വര്‍ണ്ണത്തലമുടിയും സ്വര്‍ണ്ണ കണ്ണുകളുമുള്ള ജിന്നുകള്‍ ഇറങ്ങി നടക്കുന്ന പാതിരാവില്‍ പൂത്ത നിശാഗന്ധിയുടെ, യക്ഷിപ്പെണ്ണുങ്ങള്‍ കണ്ണുകഴുകുമ്പോള്‍ വീണ വെള്ളാരംകല്ലുള്ള കടവിലെ കൈതപ്പൂവിന്റെ, പാതിരായിരുട്ടില്‍ കുഴഞ്ഞുവീണ കുഞ്ഞലവി ഹാജിയെ താങ്ങിയ ഔലിയ തങ്ങളുടെ ചന്ദനത്തിരി മണം (ആശ്ലേഷഗന്ധം), സഖാവ് ബദവിയും കൂട്ടരും ഇരുന്നു തെറുക്കുന്ന ബീഡിയിലകളുടെ മണം (കാലചലനങ്ങള്‍) എല്ലാമുണ്ട്. പേരുപോലെതന്നെ പല ഗന്ധങ്ങളാണ് ‘ഗന്ധമാപിനി’യില്‍. പഴക്കച്ചൂരടിക്കുന്ന തറവാട്ടിന്‍ഗന്ധത്തെ തേടി വല്ലപ്പോഴു
മെത്തുന്നത് കഥയിലെ പേരില്ലാനായകനാണ്. കുട്ടിക്കാല ഓര്‍മ്മയിലെ ആദ്യമുഖം പണിക്കാരി പാത്തുവാണ്, ഗാന്ധി കോത എന്നയാള്‍ വിളിക്കുന്നവള്‍. മുളകിട്ട മീന്‍കറി തട്ടി തുളുമ്പിയ ശരീരം. ആ മണം അയാള്‍ക്കിഷ്ടവുമാണ്; അവളിട്ടു കൊടുക്കുന്ന പന്‍സാര ചായയും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.