DCBOOKS
Malayalam News Literature Website

‘മാര്‍ക്കേസ്’ എന്ന എഴുത്തിന്റെ മാന്ത്രികന്‍

ജെ എസ് അനന്ത കൃഷ്ണൻ, എഴുത്തുകാരൻ, വിവർത്തകൻ, പ്രാസംഗികൻ, ദേശീയ അന്തർ ദേശീയ പുരസ്കാരജേതാവ്

കവികളേ, ഭിക്ഷക്കാരേ, ഗായകരേ,യോദ്ധാക്കളേ,തെമ്മാടികളേ, നമ്മുടെ ജീവിതങ്ങളിൽ ഒരൽപ്പം ഭാവനയുടെ കുറവുണ്ട്. അത്രമേൽ നമ്മുടെ ജീവിതം യഥാർത്ഥമല്ലാതായിരിക്കുന്നു..

മാർക്കേസ്, 1982.

കാർട്ടൂണുകൾ വരച്ചു തുടങ്ങിയ ബാല്യം പിന്നീട് കത്തുകളും ചെറുകുറിപ്പുകളുമായി എഴുത്തിന്റെ കടവിലേക്കടുത്തു. ഒടുവിൽ ഒരുരാത്രി തന്റെ മുറിയിൽ കൂട്ടുകാരൻ കടം തന്ന കാഫ്കയുടെ മെറ്റമൊർഫോസിസ് അക്ഷരപ്രാന്തിനെ അരക്കിട്ടുറപ്പിച്ചു..

എഴുത്തിനപ്പോഴും കാമ്പുറച്ചത് തന്റെ മുത്തശ്ശി പറഞ്ഞു തന്ന കഥകളുടെ തണലിലാണ്. ഒരിക്കൽ പാരിസ് റിവ്യൂയിൽ പീറ്റർ സ്റ്റോണിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി, മുത്തശ്ശി കഥ പറയുംപോലെ മുന്നിൽ ഒരാളെ സങ്കല്പിച്ചാണ് ഞാൻ എഴുതാറ് എന്ന്.

ആ മുത്തശ്ശി പറഞ്ഞ ഒരു കഥയിലെ മായാജാലമാണ് പിന്നീട് മാർക്കേസിന്റെ കഥകളിൽ മാജിക്കൽ റിയലിസമായി പടർന്നത്:

“വീട്ടിൽ സ്ഥിരമായി ഒരു ഇലക്ട്രിഷ്യൻ വരുമായിരുന്നു,അയാൾ വരുമ്പോഴേല്ലാം വീട്ടിൽ ചിത്രശലഭങ്ങൾ വന്നു നിറയുമായിരുന്നു ”

മുത്തശ്ശിയുടെ ഈ മായാജാലക്കഥകൾ കഴിഞ്ഞാൽ മാർക്കേസിനു ഏറ്റവും പ്രിയതരം പകർച്ചവ്യാധികളായിരുന്നു.അതിൽ ആദ്യത്തെതായിരുന്നില്ല സ്‌മൃതിനാശത്തിന്റെ ഇതിഹാസമായ, ഏകാന്തതയുടെ നൂറു വർഷങ്ങൾ. അതിനു മുമ്പേ തന്റെ “ശനിയാഴ്ച കഴിഞ്ഞുള്ള ദിനം “(One Day After Saturday) എന്ന കഥയിൽ ഉലകമെങ്ങും ഉള്ള കിളികളെയെല്ലാം മാർക്കേസ് കൊന്നുകളഞ്ഞിരുന്നു.

എഴുത്തുകാരെ ഗവണ്മെന്റുകളെക്കാൾ പൊതുജനം വിശ്വസിക്കുന്ന കാലം വരുമെന്ന് വിശ്വസിച്ചിരുന്നു മാർക്കേസ്. താൻ ജീവിതത്തിന്റെ ദൂരം പതിവിലേറെ കടക്കുമ്പോഴേക്കും അങ്ങനെയൊരു വിശ്വാസം തന്നെ വിട്ടുമാറാതെ പിടികൂടിയിരുന്നു എന്ന് പലവട്ടം മാർക്കേസ് പറഞ്ഞിട്ടുണ്ട്. മാർക്കേസിനു സാഹിത്യം ജേർണലിസം കൂടിയായിരുന്നു.

എഴുത്തിന്റെ വഴിയിൽ മുമ്പേ നടന്ന പലർക്കും പറ്റിയ പാളിച്ചകൾ തനിക്കുണ്ടാവില്ല എന്ന് അടിയുറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം. കാല്പനികതയുടെ കാതലായ എഴുത്തിനായുള്ള ആത്മസമർപ്പണത്തിൽ മാർക്കേസ് വിശ്വസിച്ചിരുന്നില്ല.. നീണ്ടു നിൽക്കുന്ന നല്ലെഴുത്തിനു നല്ല ജീവിത സാഹചര്യങ്ങൾ അനുപേക്ഷണീയമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. ആരോഗ്യമുള്ള ജീവിതമാണ് ആരോഗ്യമുള്ള എഴുത്തിനു ജന്മം നൽകുക എന്നദ്ദേഹം വിശ്വസിച്ചു. ഇതിനദ്ദേഹം മാതൃകയാക്കിയത് ബോക്സിങ് എന്നപോലെ സാഹിത്യത്തെ കണ്ട ഹെമിംഗ്വേയെ ആയിരുന്നു.

ഇതുപോലെ തന്നെയാണ് അദ്ദേഹം സ്വപ്നങ്ങളെ കണ്ടിരുന്നതും. പലപ്പോഴും മാർക്കേസ് പറഞ്ഞിരുന്നു, താൻ സ്വപ്നങ്ങളിൽ ദരിദ്രനാണ് എന്ന്. എഴുത്തു കളിലെ മായാജാലം താൻ ആവാഹിക്കുന്നത് പ്രത്യക്ഷ ജീവിതത്തിൽ നിന്നാണെന്ന്. ഒരുപക്ഷെ ജീവിതത്തിന്റെ നിത്യവിസ്മയങ്ങളെ കാണാനുള്ള കണ്ണുകളാണ് അയാളെ വിശ്വപ്രിയനാക്കിയത്.

ഇതിനോടൊപ്പം തന്നെ സാഹിത്യ സൈദ്ധാന്തികരെ കുറിച്ചു അത്ര മികച്ച അഭിപ്രായം ഒന്നുമായിരുന്നില്ല അദ്ദേഹത്തിന്. തങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ എഴുത്തുകാരന്റെ ആത്മാവിനെ അടിച്ചുകൂട്ടുന്ന കൊടും പാതകമായി അയാൾ വിമർശനത്തെ കണ്ടു.

ജീവിതത്തിന്റെ അവസാനനിമിഷം വരെ ഒരു മകൾ തനിക്കില്ല എന്ന ഏകദുഃഖം പേറിയ ആ മനുഷ്യൻ, അയാളുടെ തന്നെ വാക്കുകൾ, ശബ്ദമുണ്ടാക്കാതെ ശ്വാസം പിടിച്ചു തന്റെ അടുത്ത് കൂടെ പാഞ്ഞു പോകുന്ന ഒരു കഥയെ പിടിക്കാം എന്നോർത്ത് കാത്തു കാത്തിരുന്നു…

 

Comments are closed.