DCBOOKS
Malayalam News Literature Website

സ്വതന്ത്രലോകം

മുഖാമുഖം- മല്ലിക സാരാഭായ്/മീന ടി.പിള്ള മൊഴിമാറ്റം: വിഷ്ണുപ്രിയ ടി.പി, ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

സന്തോഷം വന്നാലും ദേഷ്യം വന്നാലും ഞാന്‍ നൃത്തം ചെയ്യും. ഈയിടെയായി ഞാന്‍ ഒരുപാട് നൃത്തം ചെയ്യാറുണ്ട്. കാരണം, ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ എന്നെ രോഷാകുലയാക്കുന്നു. സ്വതന്ത്രയാകാന്‍ ആഗ്രഹിക്കുമ്പോഴും നിരാശ തോന്നുമ്പോഴുമൊക്കെ ഞാന്‍ നൃത്തം ചെയ്യാറുണ്ട്. ചിലപ്പോള്‍ അത് ഹംഗേറിയന്‍ വാള്‍ട്ട്‌സാകാം. ചിലപ്പോള്‍ ആഫ്രിക്കന്‍ അല്ലെങ്കില്‍ ഫ്‌ലെമിംഗൊ. ശാരീരിക പ്രവര്‍ത്തനങ്ങള്‍ പല പ്രശ്‌നങ്ങളേയും ലഘൂകരിക്കുമെന്ന് ശാസ്ത്രം പറയുന്നു.

പ്രഗത്ഭയായ കുച്ചിപ്പുടി, ഭരതനാട്യം നര്‍ത്തകിയും നടിയും സാമൂഹിക പ്രവര്‍ത്തകയും കേരള കലാമണ്ഡലത്തിന്റെ ചാന്‍സലറുമായ മല്ലിക സാരാഭായ് സ്വതന്ത്രജീവിതത്തെ മുന്‍നിര്‍ത്തി കെ എല്‍ എഫ് ഏഴാം പതിപ്പില്‍ സംസാരിച്ചു. കേരള സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ ഡയരക്ടര്‍ ഡോ. മീന ടി. പിള്ളയാണ് മല്ലികയുമായി ശ്രദ്ധേയമായ ഈ സംഭാഷണം നടത്തിയത്.

മീന ടി. പിള്ള: ഒരു അഭിനേത്രി, നര്‍ത്തകി, ആക്ടിവിസ്റ്റ്, ബുദ്ധിജീവി എന്നീ നിലകളിലും ഇപ്പോള്‍ കേരള കലാമണ്ഡലം ചാന്‍സലര്‍ എന്ന നിലയിലും താങ്കള്‍ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നു. ‘ഇന്‍ എ ഫ്രീ ഫാള്‍: മൈ എക്‌സ്പിരിമെന്റ് വിത് ലിവിങ്’ എന്ന താങ്കളുടെ പുസ്തകത്തില്‍ ഈ വേഷങ്ങള്‍ എങ്ങനെയാണു പ്രതിഫലിക്കുന്നത്?

ല്ലിക സാരാഭായ്: വിവിധ വിഷയങ്ങളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമ്പോഴും എന്റെ വ്യക്തിത്വം മാറ്റമില്ലാതെ തുടരുന്നു. ആ Pachakuthira Digital Editionസ്വത്വവും ബോധത്തിന്റെ അനുഭവവുമാണ് എന്റെ പുസ്തകത്തില്‍ പ്രതിഫലിക്കുന്നത്. ഈ പുസ്തകത്തില്‍ ഞാന്‍ എന്റെ ജീവിതത്തിലെ ഒരു നീണ്ട കാലഘട്ടത്തെക്കുറിച്ചും കടന്നുപോയ വിചിത്രമായ കണ്ടുമുട്ടലുകളെക്കുറിച്ചും സംസാരിക്കുന്നു. എന്റെ സ്വത്വത്തിന്റെ പല ഭാവങ്ങള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പുസ്തകത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നു കരുതുന്നു.

ഞാന്‍ ചിന്തിച്ച മറ്റൊരു കാര്യം ഗാന്ധിജിയുടെ My Experiments with Truth എന്ന പുസ്തകവുമായി താങ്കളുടെ പുസ്തകത്തിനുള്ള സമാനതകളാണ്. My Experiments with Truth മുതല്‍ My Experiments with Living വരെയുള്ള ചരിത്രപഥം വായനക്കാര്‍ക്കു ശ്രദ്ധയില്‍പ്പെടാതിരിക്കുകയില്ല. My Experiments with Truth ഇന്ത്യയിലെ സ്ത്രീകളെയും അവരുടെ അനുഭവങ്ങളെയും അത്രയധികം അഭിസംബോധന ചെയ്തിട്ടില്ലായിരിക്കാം. താങ്കളുടെ കാര്യത്തില്‍ എപ്രകാരമാണ് My Experiments with Truth നിര്‍ണായകമായത് എന്നു ചിന്തിച്ചിട്ടുണ്ടോ?

എന്റെ മാതാപിതാക്കളുടെ കുടുംബവുമായി ഗാന്ധിജി അടുത്തിടപഴകിയിരുന്നു. ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്നത് 1918-ല്‍ ആണ്. അതിനവസരം ഒരുക്കിയത് എന്റെ മുത്തച്ഛനും അദ്ദേഹത്തിന്റെ സഹോദരിയും തമ്മില്‍ ഒരു ടെക്‌സ്‌റ്റൈല്‍ മില്ലിനെ കേന്ദ്രീകരിച്ചു നടന്ന അഭിപ്രായവ്യത്യാസങ്ങളായിരുന്നു. ഒരാള്‍ ടെക്‌സ്‌റ്റൈല്‍ മില്ലിന്റെയും വ്യവസായത്തിന്റെയും ഭാഗത്തും മറ്റേയാള്‍ ജനങ്ങളുടെയും തൊഴിലാളികളുടെയും ഭാഗത്തും. പ്രശസ്ത മനോവിശ്ലേഷണവിദഗ്ദ്ധന്‍എറിക് എറിക്‌സണ്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത്, ഗാന്ധിജിയുടെ സത്യാഗ്രഹങ്ങള്‍ ഈ കാലഘട്ടത്തില്‍ പരീക്ഷിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ വിജയമാണ് ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പോരാട്ടത്തിന്റെ നയതന്ത്രങ്ങള്‍ നിര്‍ണയിച്ചതെന്നുമാണ്. പലതരത്തില്‍ നോക്കിയാലും അസത്യവും കൃത്രിമത്വവും കൊടികുത്തിവാഴുന്ന ഈ ലോകത്തില്‍ സത്യത്തിലും സുതാര്യതയിലും അടിയൂന്നി ജീവിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ വിശ്വസിക്കുന്നത്, ഗാന്ധിജി വിശ്വസിച്ചിരുന്ന ഇന്ത്യയിലാണ്. ഓഹരിവിപണിയും ജി.ഡി.പിയും ഉണ്ടാക്കുന്ന വര്‍ദ്ധനവ് ഇന്ത്യയുടെ യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല. ഞാന്‍ വിശ്വസിക്കുന്നത് വികസിതഗ്രാമങ്ങളില്‍ വസിക്കുന്ന ഇന്ത്യയിലാണ്. അവിടെ ഗ്രാമങ്ങള്‍ അസാന്നിദ്ധ്യമല്ല, മറിച്ച് അന്തസ്സോടെയും അഭിമാനത്തോടെയും നൈതികതയോടെയും ജീവിക്കാന്‍ കഴിയുന്ന ജനങ്ങളാണുള്ളത്.

പൂര്‍ണ്ണരൂപം 2024 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

 

 

Comments are closed.