DCBOOKS
Malayalam News Literature Website

ഫ്രാന്‍സ് കാഫ്കയുടെ മൂന്ന് നോവലുകള്‍

ഞാന്‍ എഴുത്തുകാരനായിത്തീരാന്‍ ദൈവം ആഗ്രഹിച്ചില്ല. പക്ഷേ, എനിക്കു വേറേ വഴിയില്ലായിരുന്നു എന്നാണു സ്വന്തം സാഹിത്യജീവിതത്തെപ്പറ്റി ഫ്രാന്‍സ് കാഫ്ക നിരീക്ഷിച്ചത്. സാഹിത്യരചന മാത്രമായിരുന്നു കാഫ്കയ്ക്കു ജീവിതത്തില്‍ സംതൃപ്തി നല്കിയത്. മറ്റെല്ലാ രംഗങ്ങളിലും പരാജയപ്പെട്ട കാഫ്ക തന്റെ ജീവിതകാലത്തു സാഹിത്യത്തിലും വിജയിയായിരുന്നില്ല. തന്റെ ആന്തരികഭയങ്ങളും ഏകാന്തതയുമായി ലോകത്തോടു പൊരുത്തപ്പെടാനാവാതെ കാഫ്ക ജീവിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യവേദനകളുടെയും ഉത്കണ്ഠകളുടെയും ദുഃസ്വപ്നങ്ങളുടെയും പ്രകാശനമായി മാറിയ കാഫ്കയുടെ കൃതികള്‍ ആധുനികതയുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു. എന്നാല്‍ ബോധപൂര്‍വം ആധുനികമായ ഒരു ഭാവുകത്വം സൃഷ്ടിക്കാനോ ആഖ്യാനരീതിയൊരുക്കാനോ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനോ അണിചേരാനോ കാഫ്ക ശ്രമിച്ചിരുന്നില്ല. യാദൃച്ഛിക ആധുനികനായിരുന്നു കാഫ്കയെന്നുപോലും വേണമെങ്കില്‍ പറയാം. സ്വയം ഉള്‍വലിഞ്ഞുകൊണ്ടു തനിക്കു തൃപ്തിതരുന്ന ഏക പ്രവര്‍ത്തനമായ സാഹിത്യരചനയില്‍ മാത്രം കാഫ്ക മുഴുകി. അതിന്റെ ഫലം കാഫ്കയുടെ വിഷയമായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലെ ഭാവുകത്വത്തെയാകെ ബാധിക്കാന്‍ പോകുന്ന വാക്കുകളാണു താന്‍ എഴുതുന്നതെന്നും കാഫ്ക അറിഞ്ഞിരുന്നില്ല. എഴുത്തു മാത്രമായിരുന്നു, ശത്രുതാപരമെന്നു തനിക്കു തോന്നിയ ലോകത്തുനിന്നു രക്ഷപ്പെടാന്‍ കാഫ്കയ്ക്കു മുന്നിലുണ്ടായിരുന്ന ഏക വഴി. അതുകൊണ്ടുതന്നെ 1924 ജൂണ്‍ മൂന്നിനു നാല്പത്തൊന്നു വയസ്സു തികയുന്നതിനു കൃത്യം ഒരു മാസം മുമ്പ് ക്ഷയരോഗം ബാധിച്ചു മരിക്കുമ്പോള്‍ കാഫ്ക ലോകത്തിന് അജ്ഞാതനായിരുന്നു. ‘കോട്ട’യിലെ നായകനായ കെ. പറയുന്നതുപോലെ എനിക്ക് എല്ലായ്‌പോഴും സ്വതന്ത്രനായിരിക്കണം എന്നതായിരുന്നു കാഫ്കയുടെയും മനോനില. എന്നാല്‍ മനുഷ്യന് അതു സാധ്യമല്ലായിരിക്കുന്നു എന്ന ബോധവും തിരിച്ചറിവുമാണ് കാഫ്കയുടെ രചനകള്‍ രൂപപ്പെടുത്തിയത്.

കാഫ്കയുടെ ജീവിതവും വീണ്ടെടുക്കപ്പെടലും ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിലെ ഐതിഹ്യങ്ങളിലൊന്നാണ്. പലതവണ അത് ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഏതാനും കഥകള്‍ മാത്രമേ പ്രസിദ്ധപ്പെടുത്തിയിരുന്നുള്ളൂവെങ്കിലും ധാരാളം എഴുതിയിരുന്ന കാഫ്ക മരിക്കുന്നതിനുമുമ്പു തന്റെ കൈയെഴുത്തുപ്രതികള്‍ സുഹൃത്തായ സാഹിത്യവിമര്‍ശകന്‍ മാക്‌സ് ബ്രോഡിനെ വായിച്ചുനോക്കാതെ കത്തിച്ചുകളയാനായി ഏല്പിച്ചു. പ്രാഗ്‌നഗരത്തിലെ ജര്‍മന്‍-ജൂത എഴുത്തുകാരടങ്ങിയ ഒരു ചെറുസംഘത്തിലെ അംഗങ്ങളായിരുന്നു കാഫ്കയും ബ്രോഡും. അദ്ദേഹം അവ വായിച്ചുനോക്കി. ശേഷം ചരിത്രമാണ്. ആ കൈയെഴുത്തുപ്രതികളില്‍നിന്നു ബ്രോഡ് മൂന്നു നോവലുകളും കഥകളും പ്രസിദ്ധീകരിച്ചു. ‘വിചാരണ’, ‘കോട്ട’, ‘അമേരിക്ക’ എന്നീ നോവലുകള്‍ അപൂര്‍ണമായിരുന്നു. ‘വിചാരണ’യിലെ അധ്യായങ്ങള്‍ക്കു കാഫ്ക നമ്പര്‍പോലും നല്കിയിരുന്നില്ല. ‘കോട്ട’യും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നില്ല. ബ്രോഡാണ് ആ രചനകള്‍ പ്രസിദ്ധീകരണയോഗ്യമാക്കിയത്. കാഫ്ക സൃഷ്ടിച്ച ദുഃസ്വപ്നതുല്യമായ ലോകത്തെ കാഫ്കയെസ്‌ക് എന്നു വിളിച്ചു. യൂറോപ്പിലെ മാത്രമല്ല മറ്റു നാടുകളിലെയും എഴുത്തുകാരെ കാഫ്ക വശീകരിക്കുകയും സ്വാധീനിക്കുകയും ചെയ്തു. ആധുനികതാസാഹിത്യത്തിന്റെ അടയാളവാക്യംതന്നെയായി മാറി കാഫ്ക എന്ന പേര്.

കാഫ്കയുടെ ജീവിതത്തിലും പശ്ചാത്തലത്തിലുംനിന്ന് അദ്ദേഹത്തിന്റെ സാഹിത്യത്തെ ഇളക്കി മാറ്റാനാവില്ല. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ്‌നഗരത്തില്‍ ജര്‍മന്‍ സംസാരിക്കുന്ന ജൂതകുടുംബത്തിലാണ് 1883 ജൂലൈ മൂന്നിന് കാഫ്ക ജനിച്ചത്. ചെക്ക്, ജര്‍മന്‍ ഭാഷകള്‍ അറിയാമായിരുന്നെങ്കിലും മാതൃഭാഷയായ ജര്‍മനിലാണ് കാഫ്ക സാഹിത്യരചന നടത്തിയത്. ഏകാന്തതയും പിതൃഭയവുമെല്ലാം നിറഞ്ഞ ജീവിതത്തില്‍ കാഫ്ക സ്വയം കണ്ടെത്തിയത് എഴുത്തിലായിരുന്നു. ജൂതനായിരുന്നെങ്കിലും മതബന്ധങ്ങളൊന്നുമില്ലായിരുന്ന കാഫ്ക അതേസമയം യിദ്ദിഷ് ഭാഷയിലും നാടകവേദിയിലും താല്‍പര്യം കാണിച്ചു. നേരത്തേ തന്നെ പിടികൂടിയിരുന്ന ക്ഷയരോഗം രൂക്ഷമായതോടെ കാഫ്ക പ്രാഗിലേക്കു മടങ്ങി. വിയന്നയിലെ ഒരു സാനറ്റോറിയത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കാഫ്ക 1924 ജൂണ്‍ മൂന്നിന് അവിടെവച്ചു മരിച്ചു. ജൂതവിരോധത്തിന്റെ ഭീകരത കാഫ്ക കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കി.

എഴുത്തിലാണു കാഫ്ക അഭയം കണ്ടെത്തിയതെങ്കിലും ജീവിതകാലത്ത് ഏതാനും കഥകള്‍ മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. അവയില്‍ ഏറ്റവും പ്രശസ്തമായ മെറ്റമോര്‍ഫോസിസ്, ദ കാസില്‍, ദ ട്രയല്‍ എന്നീ മൂന്ന് നോവലുകളുടെ പുനരാഖ്യാനങ്ങളെ സമാഹരിച്ചിരിക്കുകയാണ് ഫ്രാന്‍സ് കാഫ്ക – മൂന്ന് നോവലുകള്‍ എന്ന പുസ്തകത്തില്‍. ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നായാണു രൂപാന്തരീകരണം (മെറ്റമോര്‍ഫോസിസ്) എന്ന രചനയെ പരിഗണിക്കുന്നത്. അന്യവത്കരണത്തെക്കുറിച്ചുള്ള മഹത്തായ അന്യാപദേശകഥയായി ഈ രചന വാഴ്ത്തപ്പെടുന്നു. 1910 മുതല്‍ നോട്ടുബുക്കുകളില്‍ കഥകളും സാഹിത്യത്തെക്കുറിച്ചുള്ള ആശയങ്ങളും സ്വപ്നങ്ങളുമെല്ലാം കാഫ്ക കുറിച്ചിടാന്‍ തുടങ്ങി. ഒന്നാം ലോകയുദ്ധം കാഫ്കയുടെ എഴുത്തു മന്ദീഭവിപ്പിച്ചെങ്കിലും ഡയറിയെഴുത്തും കത്തെഴുത്തും അദ്ദേഹം തുടര്‍ന്നു. യുദ്ധം തുടങ്ങിയ 1914-ല്‍ കാഫ്ക ‘വിചാരണ'( ദ ട്രയല്‍) എന്ന നോവല്‍ എഴുതാനാരംഭിച്ചു. ഒരു കുറ്റവും ചെയ്യാതെ പെട്ടെന്നൊരു ദിവസം അറസ്റ്റു ചെയ്യപ്പെടുന്ന ജോസഫ് കെ.യുടെ കഥയാണു ‘വിചാരണ.’ നിയമത്തിന്റെ ദയാശൂന്യതയും അജ്ഞാതനായ ന്യായാധിപന്‍ അഥവാ ഭരണാധികാരിയും എന്ന പ്രമേയം ‘കോട്ട’ ( ദ കാസില്‍)യിലും കാണാം. അപൂര്‍ണരചനകളും ഡയറിക്കുറിപ്പുകളുമടങ്ങിയ വലിയൊരു ശേഖരം കാഫ്ക അവശേഷിപ്പിച്ചിരുന്നു. അവയില്‍നിന്നാണു മാക്‌സ് ബ്രോഡ് മൂന്നു നോവലുകള്‍ വെളിച്ചത്തുകൊണ്ടുവന്നത്. കാഫ്കയുടെ 20 നോട്ട്ബുക്കുകളും 35 കത്തുകളും സൂക്ഷിച്ചുവച്ചിരുന്നുവെങ്കിലും 1933-ല്‍ ഹിറ്റ്‌ലറുടെ രഹസ്യപ്പോലീസായ ഗെസ്റ്റപ്പോ അവ പിടിച്ചെടുത്തു. ആ രേഖകള്‍ക്ക് എന്തു സംഭവിച്ചുവെന്നറിയില്ല. ഇനിയുമേറെ വായനകള്‍ സാധ്യമായ കാഫ്ക രചനകളെ അടുത്തറിയാം.

 

Comments are closed.