DCBOOKS
Malayalam News Literature Website

‘ഫ്രാന്‍സിസ് ഇട്ടിക്കോര’ ചരിത്രവും മിത്തും സങ്കല്പലോകവും

ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തില്‍ അനുവാചകനു മുന്നില്‍ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി.ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളില്‍ പടര്‍ന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീര്‍ത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാന്‍സിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി തീര്‍ത്തത്.

ലോകത്തിലുള്ള എന്തും കച്ചവടം ചെയ്യാനുള്ളതാണ് എന്നു വിശ്വസിച്ചിരുന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ കഥയാണ് നോവല്‍ പറയുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനപകുതിയിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കുന്നംകുളത്ത് ജീവിച്ചിരുന്ന ഇട്ടിക്കോര ആരായിരുന്നുവെന്ന് അറിയാന്‍ അയാളുടെ അനന്തര തലമുറയില്‍ പെട്ട, നരഭോജിയായ മറ്റൊരു ഇട്ടിക്കോര ശ്രമിക്കുന്നതിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഗണിതത്തിന്റെയും കച്ചവടത്തിന്റെയും കണ്ണോടെ ലോകസഞ്ചാരിയായി ജീവിച്ച ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഏറെ വിചിത്രവും ദുരൂഹവും അമാനുഷികവുമായ ചരിത്രവും ഇട്ടിക്കോരയുടെ പിന്മുറക്കാര്‍ തുടര്‍ന്നുപോരുന്ന വിചിത്രാചാരങ്ങളും നോവലില്‍ കടന്നുവരുന്നു.

കേരളത്തില്‍നിന്നും ഗണിതശാസ്ത്രത്തിലെ അത്യപൂര്‍വ്വമായ പലസിദ്ധാന്തങ്ങളും ഗ്രീസിലേക്കെത്തിയിട്ടുണ്ട് എന്ന ചരിത്രപക്ഷത്തിനെ കൂട്ടുപിടിക്കുന്ന നോവല്‍ ഇന്നും നിഗൂഢതയില്‍ ഒളിഞ്ഞിരിക്കുന്ന പതിനെട്ടാംകൂറ്റുകാരുടെ കുടുംബ ചരിത്രവും ആചാരവും വഴി ഉദ്വേഗമാര്‍ന്നതാകുന്നു. Yes I Know it’s not the Truth, but in a great history littlet ruths can be altered so that the graetert ruths emerges എന്ന ഉമ്പര്‍ട്ടോ എക്കോ വാചകം ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ പത്താമത്തെ അദ്ധ്യായം തുടങ്ങുന്നത്. നോവലിനെ ചരിത്രനോവലെന്നു പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാനാവില്ലെങ്കില്‍പ്പോലും ഉമ്പര്‍ട്ടോ എക്കോയുടെ ഉദ്ധരണികള്‍പോലെ ചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തില്‍, വ്യത്യസ്തമായൊരു വായനയില്‍ പിറന്ന മനോഹരമായൊരു സാഹിത്യസൃഷ്ടിയാണ് ഫ്രാന്‍സിസ് ഇട്ടിക്കോര എന്നു പറയാം

‘ധര്‍മ്മപുരാണത്തിന് ശേഷം ഇത്രയും ഭീകരമായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തത വരെ ചെല്ലുന്ന ഗണിതസൂത്രങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യചേതന, ഇവ്വിധം നിര്‍ദ്ദയമായ രസകേളികളില്‍ ഏര്‍പ്പെടുന്നത് വെറും വൈരുദ്ധ്യത്തിന്റെ മാത്രം കഥയല്ല, ആപത്കരമായ ഒരു വിപരിണാമത്തിന്റെ ദുസ്സൂചന കൂടിയാണ്.’ നോവലിനെ കുറിച്ച് ആഷാ മേനോന്‍ പറയുന്നു

കേട്ടുകേള്‍വികളും കെട്ടുകഥകളും നുണകളും ചേര്‍ത്ത് പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണിത് എന്നു പറഞ്ഞുകൊണ്ട് ടി.ഡി.രാമകൃഷ്ണന്‍ ആരംഭിച്ച ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. മലയാള നോവല്‍ വായനയുടെ ഭാവുകത്വങ്ങളെ മാറ്റിമറിച്ച നോവലുകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന നോവല്‍ 2009-ലാണ് പുറത്തിറങ്ങിയത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ നോവലിന്റെ പതിനഞ്ചാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Comments are closed.