DCBOOKS
Malayalam News Literature Website

നിഷിദ്ധമാക്കപ്പെട്ട കല, സ്വീകാര്യമായ കല

എന്‍.പി. ഹാഫിസ് മുഹമ്മദ്‌

കേരളത്തിലെ മുസ്‌ലിം സമുദായനേതൃത്വം കലാസാഹിത്യ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളെ വളരെ യാഥാസ്ഥിതികമായ മനോഭാവത്തോടു കൂടിയാണ് വീക്ഷിക്കുന്നത്. പൊതുവെ, സര്‍ഗ്ഗരചനയിലെ സ്വതന്ത്ര പ്രവര്‍ത്തനങ്ങളെ ഇക്കൂട്ടര്‍ അനുകൂലിക്കുന്നില്ല. സുന്നികള്‍ക്കും മുജാഹിദുകള്‍ക്കും ജമാഅത്ത് ഇസ്‌ലാമിക്കാര്‍ക്കും ഇക്കാര്യത്തില്‍ ഒരേ നിലാപാടാണുള്ളത്. കലാസാഹിത്യ രചനകളിലെ ആശയമോ രീതിശാസ്ത്രമോ പൊതുവെ അനുകൂലിക്കുന്നില്ല. എന്നാല്‍ ആവശ്യമുള്ള മേഖലകളില്‍ കലാരചനയുടെ രീതിശാസ്ത്രത്തെ ഉപയോഗിക്കുന്നുമുണ്ട്.

സക്കരിയ്യ സംവിധാനം ചെയ്ത ‘ഹലാല്‍ ലവ് സ്റ്റോറി’യില്‍ നിറഞ്ഞു നില്ക്കുന്ന മുസ്‌ലിം സംഘടന, അവതരിപ്പിച്ച മട്ടുംമാതിരിയും കണ്ടാല്‍ കേരളത്തിലെ ജമാഅത്ത് ഇസ്ലാമിയാണെന്ന് തിരിച്ചറിയാനാവും. ‘ഹലാല്‍ ലവ് സ്റ്റോറി’യെക്കുറിച്ച് വന്ന പല സംസാരങ്ങളിലും എഴുത്തുകളിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ജമാഅത്ത് ഇസ്‌ലാമി നേതൃത്വം അത് തള്ളിപ്പറഞ്ഞതായും കണ്ടിട്ടില്ല. ജമാഅത്ത് ഇസ്‌ലാമിയുമായി ബന്ധമുള്ള ചിലര്‍, അവര്‍ ധരിച്ചുവെച്ചിരിക്കുന്ന ഇസ്‌ലാമിക ചട്ടക്കൂടിനകത്ത് നിന്ന് ഒരു ടെലിഫിലിം നിര്‍മ്മാണം നടത്താന്‍ ശ്രമിക്കുന്നതാണ് ‘ഹലാല്‍ ലവ് സ്റ്റോറി’യുടെ പ്രമേയം. അവര്‍ അനുഭവിക്കുന്ന ധര്‍മ്മസങ്കടങ്ങളും, കൊണ്ടു നടക്കുന്ന വിരുദ്ധഭാവങ്ങളും, അവരുടേമേല്‍ നിയന്ത്രണമുള്ള സംഘടനയുടെ കാപട്യവും ഈ ചലച്ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. സംഘടനയോടൊട്ടിനിന്ന് ചലച്ചിത്രരചനയിലേര്‍പ്പെടുന്നവരുടെ വേവലാതികളാണ് ബാഹ്യതലത്തില്‍ ഈ ചലച്ചിത്രം ആവിഷ്‌കരിക്കുന്നത്. എന്നാല്‍ ആന്തരിക തലങ്ങളില്‍ അത് ജമാഅത്ത് ഇസ്‌ലാമിയെ പോലെയുള്ള മുസ്‌ലിം സമുദായ സംഘടനകളുടെ കലയോടും സാഹിത്യത്തോടുമുള്ള കപട കാഴ്ചപ്പാടിനെതിരായുള്ള പ്രതിഷേധമാണ്. അത് കൊണ്ട് തന്നെ, സംഘടനകളുടെ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്ത് ചാടാനാവാത്തവരുടെ ദുര്‍ബല പ്രതിരോധമാണ് ‘ഹലാല്‍ ലവ് സ്‌റ്റോറി.’

സമുദായവും കലയും:
കാപട്യഭാവങ്ങള്‍

കേരളത്തിലെ മുസ്‌ലിം സമുദായ സംഘടനകളുടെ കലയോടും സാഹിത്യത്തോടും വെച്ചുപുലര്‍ത്തുന്ന കപടഭാവം കലാസാഹിത്യ രംഗത്തോട് ബന്ധപ്പെട്ട പല മേഖലകളിലും കാണാനാവും. ജമാഅത്ത് ഇസ്‌ലാമിയുടെ ‘സഹോദര സ്ഥാപന’മായ മാധ്യമം ദിനപത്രം 1987ല്‍ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ സദാചാര ലംഘനങ്ങളുടെ മേഖലയെന്ന് ആരോപിച്ച് ചലച്ചിത്രങ്ങളുടെ പരസ്യം തിരസ്‌കരിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരൊറ്റ വര്‍ഷം പിന്നിടും മുമ്പുതന്നെ, ചലച്ചിത്ര പരസ്യ നിരോധനം മഹാമണ്ടത്തരമെന്ന് മനസ്സിലാക്കിയാവണം മാധ്യമം ദിനപത്രം ഐ.വി.ശശിയുടെ മലബാര്‍ കലാപത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ‘1921’ന്റെ പരസ്യം ഒരു മുന്നറിയിപ്പും കൂടാതെ പ്രസിദ്ധീകരിച്ചു. പത്രാധിപരുടെ വിശദീകരണമൊന്നും ഉണ്ടായിരുന്നില്ല. പ്രേമവും അക്രമവും അശഌലവുമൊക്കെയാണ് ചലച്ചിത്ര പരസ്യം നല്കാതിരിക്കാനുള്ള കാരണമെങ്കില്‍, നിഷ്‌കളങ്കമായ ഒരു ഇറാന്‍ ചലച്ചിത്രമൊന്നുമായിരുന്നില്ല 1921. സ്വയം നിര്‍മ്മിച്ച pachakuthiraതടങ്കല്‍പ്പാളയത്തില്‍ നിന്ന് സൂത്രത്തില്‍ രക്ഷപ്പെടാനുള്ള ശ്രമം മതമേലാളന്മാരുടെ ഇടപെടലാല്‍ ആയിരിക്കണം പിന്‍വലിക്കേണ്ടി വന്നു; പിന്നീടതിന് മുതിര്‍ന്നിട്ടുമില്ല. 1998 മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പില്‍ ഇന്ന് ചലച്ചിത്ര നിര്‍മ്മാണത്തിന്റെ അന്തഃപ്പുരരഹസ്യങ്ങള്‍ വരെ പ്രസിദ്ധീകരിക്കുന്നു. ആഴ്ചപ്പതിപ്പിലും സര്‍ഗ്ഗരചനാനിരോധനം നടത്തിയതറിയാനായിട്ടുണ്ട്.

മുജാഹിദ് സംഘടനയിലെ ഒരു വിഭാഗം പ്രസിദ്ധീകരിച്ചിരുന്ന ‘ആശയ സമന്വയം’ മാസികയില്‍ അച്ചടിച്ചുവന്ന മനോജ് ജാതവേദരുടെ ഒരു കഥയും അതിനായി വരച്ച ചിത്രവും എതിര്‍വിഭാഗക്കാര്‍ സംഘടനാ പോരില്‍ പ്രധാന ആയുധമായുപയോഗിച്ചിരുന്നു. കഥയോടൊപ്പം ചേര്‍ത്ത ഭാര്യഭര്‍ത്താക്കന്മാരുടെ കഴുത്ത് വരെ പുതപ്പിട്ടു കിടന്നിരുന്ന ചിത്രം, പ്രസിദ്ധീകരിച്ചവരുടെ മതപരമായ ആദര്‍ശ വ്യതിയാനമായാണ് ആരോപിച്ചിരുന്നത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജമുള്‍ക്കൊണ്ട് വളര്‍ന്ന ഒരു പുരോഗമന പ്രസ്ഥാനം കലയോടും സാഹിത്യത്തോടും വളര്‍ത്തിയെടുത്ത പിന്തിരിപ്പന്‍ മനോഭാവം തിളച്ചു മറിഞ്ഞ സന്ദര്‍ഭമായിരുന്നത്. സുന്നി വിഭാഗങ്ങളുടെ പ്രസിദ്ധീകരണങ്ങളായ രിസാല, തെളിച്ചം എന്നിവയുടെയെല്ലാം സ്ഥിതി മറിച്ചല്ല. ഇസ്‌ലാമിക രചനകള്‍ക്കപ്പുറം മറ്റൊന്നവര്‍ പ്രകാശനം ചെയ്യുന്നില്ല. മുസ്‌ലിം ലീഗിന്റെ പ്രസിദ്ധീകരണമായ ‘ചന്ദ്രിക ആഴ്ചപ്പതിപ്പി’ല്‍ 1970കളില്‍ എം.മുകുന്ദന്റെ ദല്‍ഹി നോവലുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കാണിച്ച ഉദാരത മുസ്‌ലിം സംഘടനകളുടെ പ്രസിദ്ധീകരണങ്ങളില്‍ പലതിലും ഇന്നും കാണിക്കുന്നില്ല.

കലയോടുള്ള ഇസ്‌ലാമിക സമീപനം

കലാസാഹിത്യ സാസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. മുസ്‌ലിം സമുദായ സംഘടനകള്‍ ഇക്കാര്യത്തില്‍ അഴകൊഴന്‍ നയമാണ് പിന്തുടരുന്നത്. ‘അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു’ എന്ന തിരുവചനം ഉരുവിടുന്ന പ്രഭാഷകര്‍, ഏതുവിധ സൗന്ദര്യമാണ് ആസ്വദിക്കേണ്ടത് എന്ന് വ്യക്തമാക്കുന്നില്ല. ഇസ്‌ലാമികമായി കലയോടും സാഹിത്യത്തോടും ഒരു മുസ്‌ലിം പാലിക്കേണ്ട ചിട്ടവട്ടങ്ങളെക്കുറിച്ച് കൃത്യമായ പാഠങ്ങള്‍ നല്കപ്പെട്ടിട്ടില്ല. ‘ദ കള്‍ച്ചറല്‍ അറ്റ്‌ലസ് ഓഫ് ഇസ്‌ലാം’, ഇസ്‌ലാം തോട്ട് ആന്റ് കള്‍ച്ചര്‍’ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചന നടത്തിയ ഇസ്മാ ഈല്‍ റാജി ഫാറൂഖി, ലൂയിസ് ലംയാഅ് ഫാറൂഖി എന്നിവരെഴുതിയ ‘ഖുര്‍ ആന്‍: കല സംഗീതം’ (വിവര്‍ത്തനം: എ.കെ.അബ്ദുല്‍ മജീദ്, ഇസ്‌ലാമിക് പബ്ലിഷിങ്ങ് ഹൗസ്, കോഴിക്കോട്, 2010) കലയിലെ ഇസ്‌ലാമിക പരിസരത്തെക്കുറിച്ചും ഇസ്ലാമിക കലകളെക്കുറിച്ചും അപഗ്രഥിക്കുന്നുണ്ട്. ഖുര്‍ആന്‍ ഒരു കലാമാതൃകയാവുന്നതെങ്ങിനെ എന്ന് ഗ്രന്ഥത്തില്‍ ആലോചന നടത്തുന്നു. കലിഗ്രഫി ശബ്ദകല, സ്ഥലകല എന്നിവയുടെ ഇസ്‌ലാമിക സ്പര്‍ശത്തെക്കുറിച്ച് വിശദീകരിക്കുന്നു. മരം, കല്ല്, ലോഹം, കുമ്മായം ഇവ ഉപയോഗിച്ചുള്ള മനുഷ്യരുടേയും മൃഗങ്ങളുടെയും രൂപങ്ങളുള്ള പ്രതിമകള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ അസന്ദിഗ്ധമായി പ്രസ്താവിക്കുന്നുണ്ട്. ആധുനികശില്പകലയോടുള്ള കടുത്ത എതിര്‍പ്പിന്റെ കാരണം മനുഷ്യര്‍ക്ക് ജീവന്‍ നല്കാനാവാത്തവയെ നിര്‍മ്മിക്കരുതെന്ന കല്പനയും, പ്രതിമകള്‍ ആരാധിക്കപ്പെടാന്‍ കാരണമാക്കുമെന്നതുമാണ്. ശില്പങ്ങളുടെ കാര്യത്തില്‍ ഈ നിലപാടാണ് എങ്കില്‍, നൃത്തനൃത്യങ്ങളുടെയും ചലച്ചിത്രങ്ങളുടെയും കാര്യത്തിലുള്ള നിലപാട് ഊഹിക്കാനാവും. ശില്പങ്ങളിലെ ‘നിര്‍ജ്ജീവ’മായ ലൈംഗികതയെ ആരോപിക്കുന്നവര്‍, ലൈംഗിക മോഹമുണര്‍ത്താനാവുന്ന പര്‍ദ്ദകളെക്കുറിച്ച് മൗനം പാലിക്കുന്നു. കലാരൂപമല്ല അതിനെ സമീപിക്കുന്ന മനസ്സില്‍ നിന്നാണ് ലൈംഗികതയുടെ ഉത്ഭവമെന്ന വസ്തുത മതല്പന നടത്തുന്നവര്‍ മറക്കുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ആഗസ്റ്റ്  ലക്കം ലഭ്യമാണ്‌

Comments are closed.