DCBOOKS
Malayalam News Literature Website

ക്ലാസ്സിക്കുകളിലെ സ്ത്രീപക്ഷം

Sreekala Mullasseri

കുടുംബത്തിനുള്ളിലും സമൂഹത്തിലും സ്ത്രീ എങ്ങനെയായിരിക്കണമെന്ന പുരുഷ
കേന്ദ്രീകൃത വ്യവസ്ഥയുടെ ഭാഗമായി നിന്ന് സ്ത്രീയെക്കുറിച്ച് എഴുതുമ്പോള്‍ ബോധ
ത്തിലോ അബോധത്തിലോ എഴുത്തുകാരന്‍ അടയാളപ്പെടുത്തുന്ന സ്ത്രീ, വ്യവസ്ഥ
യ്ക്ക് അനുകൂലമായി വാര്‍ത്തെടുക്കപ്പെട്ടവള്‍ ആയിരുന്നു. അവിടെ സ്ത്രീപക്ഷ
മെന്ന ചിന്തതന്നെ അപ്രസക്തമാകുന്നു. അത് സൂക്ഷ്മമായി നിര്‍ണയിക്കാന്‍ ആധു
നികസൈദ്ധാന്തിക സഹായം ആവശ്യമായി വന്നേക്കാം. : ടോള്‍സ്റ്റോയിയും ടാഗോറും പങ്കിടുന്ന സ്ത്രീപക്ഷചിന്തയിലെ സമാനതകളും വൈരുധ്യങ്ങളും

ലിയോ ടോള്‍സ്റ്റോയിയും രബീന്ദ്രനാഥ് ടാഗോറും വിശ്വസാഹിത്യത്തില്‍ പുലര്‍ത്തിപ്പോന്ന സ്ത്രീപക്ഷചിന്തയുടെ നീതിയും ന്യായവും വസ്തുനിഷ്ഠമായി വിശകലനം ചെയ്യേണ്ടിവരുന്നത് സാംസ്‌കാരിക ഭൗതികവാദത്തിന്റെ ആവശ്യകതയാണ്. ചരിത്രത്തില്‍ അപ്രത്യക്ഷമായ വാദഗതികളെ അതിന്റെ സാമൂഹിക-രാഷ്ട്രീയപരിസരത്തു നിന്ന് വീണ്ടും വിശകലനം ചെയ്യേണ്ടിവരുന്നത് സാംസ്‌കാരികധര്‍മ്മം ആയി കാണുന്ന ഉത്തരാധുനികകാലഘട്ടത്തി
ല്‍നിന്ന് പിറകോട്ടുള്ള നോട്ടംകൂടിയാണത്. വിശ്വസാഹിത്യത്തിലെ അതികായന്മാര്‍ അടയാളപ്പെടുത്തിയ നിലപാടുകളുടെ ശരിയും തെറ്റും വിശകലനത്തിനെടുക്കുന്നത് കാലി
കമായ ഒരു പ്രക്രിയയുടെ ഭാഗമാണല്ലോ. സംസ്‌കാരത്തിന്റെ വാഹകരെയും അവരുടെ സാംസ്‌കാരിക ഇടപെടലുകളെയും അതിന്റെ സാമൂഹിക-രാഷ്ട്രീയ പരിസരത്തു നിന്ന് വിശകലനം ചെയ്യാനും അതില്‍ നിലനില്‍ക്കുന്ന വസ്തുതകളെ ഇഴ കീറി
പരിശോധിച്ചു സമാനതകളും വൈരുധ്യങ്ങളും പഠനവിധേയമാക്കാനും തുടങ്ങിയത് സാംസ്‌കാരിക പഠനത്തിന്റെ മുന്നേറ്റത്തോടുകൂടിയാണ്. അത്തരമൊരു പശ്ചാത്തലത്തില്‍ ടോള്‍സ്റ്റോയിയുടെയും ടാഗോറിന്റെയും അനശ്വരസ്ത്രീകഥാപാത്രങ്ങളെയും സ്ത്രീപക്ഷനിലപാടുകളെയും ചര്‍ച്ച ചെയ്യേണ്ടതും കാലത്തിന്റെ കാവ്യനീതിയാണ്.

ടോള്‍സ്റ്റോയിയുടെ ‘അന്ന കരെനീന’, ‘ഉയിര്‍ത്തെഴുന്നേല്പ്’, ‘യുദ്ധവും സമാധാനവും’എന്നീ ബൃഹദ്കൃതികളെക്കുറിച്ച് പറയാതെ റഷ്യന്‍ സാഹിത്യചരിത്രംതന്നെ പൂര്‍ണമാവില്ല. ‘ഗീതാഞ്ജലി’ എന്ന കവിതയിലൂടെ ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന് മാനവികതയുടെ വ്യാ
ഖ്യാനം ചമച്ചു ടാഗോര്‍. രണ്ട് എഴുത്തുകാരും ഒരേ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. അവരുടെ സാഹിത്യവും സന്ദേശവും ലോകജനതയെ അസാമാന്യരീതിയില്‍ സ്വാ
ധീനിച്ചിരുന്നു. മാത്രവുമല്ല രണ്ടു പേരും കത്തിടപാടിലൂടെ പരസ്പരം
വ്യക്തിപരവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ പങ്കുവെച്ചു. റഷ്യന്‍ ഭരണ കൂടം അടിമകളെ വിട്ടയച്ചു സാമൂഹികമാറ്റത്തിന് തിരികൊളുത്തിയ കാലഘട്ടത്തിലാണ് ‘അന്ന കരെനീന’
എഴുതപ്പെട്ടതെങ്കില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി സ്വാതന്ത്ര്യ സമരവും സ്വദേശിവത്കരണവും നിസ്സഹകരണപ്രസ്ഥാനവും ഇഴചേര്‍ന്ന സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തില്‍ ടാഗോര്‍ എഴുതിയ നോവലാണ് ‘ഹോം ആന്‍ഡ് ദി വേള്‍ഡ്’. ആധുനികതയുടെ തുടക്കം റഷ്യന്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയ കാലത്ത്, സ്ത്രീകളുടെ പദവിയെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് ടോള്‍സ്റ്റോയ് ‘അന്ന കരെനീന’എഴുതിയിട്ടുള്ളത്. നോവല്‍ പാഠത്തില്‍ ടോള്‍സ്റ്റോയ് രൂപപ്പെടുത്തിയ സ്ത്രീപക്ഷ വീക്ഷണങ്ങള്‍ക്ക് റഷ്യന്‍ കണ്‍സേര്‍വേറ്റീവ് സൊസൈറ്റിയുടെ സ്വാധീനമുണ്ടായിരുന്നു. രാജാറാം മോഹന്‍റോയിയുടെ പാത പിന്തുടര്‍ന്ന
ടാഗോറിന്റെ സ്ത്രീപക്ഷ വീക്ഷണംകുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ ആയിരുന്നു. തന്റെ കഥകളിലൂടെയും നോവലിലൂടെയും സ്ത്രീയുടെ ആന്തരികസൗന്ദര്യം വെളിപ്പെടുത്തിയിരുന്നു. മാത്രവുമല്ല തന്റെ രചനകളിലൂടെ സ്ത്രീശാക്തീകരണമാണ് ടാഗോര്‍ ലക്ഷ്യമാക്കിയത്. എന്തിന് സ്വന്തം ജീവിതത്തില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ ആരാധിച്ചതും സ്ത്രീകളെ ആയിരുന്നു.
സ്ത്രീപക്ഷചിന്തയെ സൈദ്ധാന്തിക പരിപ്രേക്ഷ്യത്തില്‍ പഠനവി ധേയമാക്കുമ്പോള്‍ സ്ത്രീയുടെ വ്യക്ത്യധിഷ്ഠിതവും സാമൂഹികപരവുമായ ലിംഗപദവിയെ ചൂണ്ടിക്കാണിക്കാതെ മുന്നോട്ടുപോകുന്ന പഠനങ്ങള്‍ എല്ലാം അപ്രസക്തമാകുന്നു. അങ്ങനെ നോക്കുമ്പോള്‍ ടോള്‍സ്റ്റോയിയുടെ ‘അന്ന കരെനീന’യും ടാഗോറിന്റ ‘ഹോംആന്‍ഡ് ദി വേള്‍ഡും’ സ്ത്രീയെ അടയാളപ്പെടുത്തിയത് ആധുനികസിദ്ധാന്തമായ ഫെമിനിസത്തിന്റെ ഭാഗമായാണെന്ന് കാണാം.

രണ്ട് നോവലുകളും പത്തൊന്‍മ്പതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയായതുകൊണ്ടും സാമൂഹികവിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ളതും ആയതുകൊണ്ടുതന്നെ അവ സോഷിയോ റിയലിസ്റ്റ് നോവലുകളുമാണ്. രണ്ട് നോവലുകളും
കഥാപാത്രങ്ങളെ മനഃശാസ്ത്രപരമായിട്ടാണ് സമീപിച്ചത്. റിയലിസം സമൂഹത്തിന്റെ യാഥാര്‍ഥ്യത്തെ അതേപടി കൃതികളിലൂടെ അവതരിപ്പിച്ചപ്പോള്‍ അത് വായനാസമൂഹം ഏറ്റെ
ടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അന്ന കരെനീനയും ഹോം ആന്‍ഡ് ദി വേള്‍ഡും അന്നത്തെ സമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ജൂണ്‍മാസത്തെ പച്ചക്കുതിര മാസിക ഡൗണ്‍ലോഡ് ചെയ്യൂ. ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ലക്കം ലഭ്യമാണ്

Comments are closed.