DCBOOKS
Malayalam News Literature Website

സൗദിയില്‍നിന്നുള്ള പെണ്ണെഴുത്ത്

ഡിസംബര്‍ ലക്കം പച്ചക്കുതിരയിൽ

ഡോ. അര്‍ഷാദ് അഹമ്മദ് എ.

മൂന്ന് പ്രധാന ധര്‍മ്മങ്ങളാണ് സമകാലിക സൗദി ഫിക്ഷന്‍ നിര്‍വഹിക്കുന്നത്. ആദ്യമായി അത് സൗദി അറേബ്യന്‍ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും കണ്ണാടിയായി പ്രവര്‍ത്തിക്കുന്നു. രണ്ടാമതായി, സൗദിക്ക് വലിയ പ്രാമുഖ്യമുള്ള മിഡില്‍ ഈസ്റ്റിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വരും തലമുറകള്‍ക്കായി സംരക്ഷിക്കുന്നു. മൂന്നാമതായി, ഈ നോവലുകള്‍ അവ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തിന്റെ ചരിത്രപരമായ ഉത്ഭവവുമായി നമ്മെ ബന്ധിപ്പിക്കുന്നതിനാല്‍, ഭൂതകാലത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും കൂടിയുള്ള യാത്ര സുഗമമാക്കുന്നു.

‘ഈ പുസ്തകത്തില്‍ മുഴുവന്‍ നിങ്ങള്‍ക്ക് കൃത്യമായി അറിയാന്‍ കഴിയുന്ന ഒരേയൊരു കാര്യം മൃതദേഹം എവിടെയാണ് കണ്ടെത്തിയത് എന്നതാണ്: നിരവധി ശിരസ്സുകളുടെ പാത, നിരവധി ശിരസുകളുള്ള ഇടുങ്ങിയ ഇടവഴി.

Pachakuthira Digital Editionഎന്നിരുന്നാലും, നിങ്ങള്‍ ആദ്യം അറിയേണ്ടത്, നിരവധി ശിരസുകളുടെ പാത പോലെയുള്ള ഒരു സ്ഥലത്തെക്കുറിച്ച് എഴുതാന്‍ ശ്രമിക്കുന്നത് ഞാനല്ല എന്നതാണ്. ഞാനും എന്റെ പല തലകളും സംസാരിക്കുന്ന പാതയാണിത്. തീര്‍ഥാടകര്‍ വുദു ചെയ്യുന്നതും വെള്ള വസ്ത്രം ധരിച്ച് ഉംറ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതുമായ മക്കയിലെ ഇടുങ്ങിയ ഇടവഴിയാണ് ഞാന്‍: ആത്മാവിന്റെ ശുദ്ധീകരണം. കഴിഞ്ഞ വര്‍ഷത്തെ പാപങ്ങള്‍ കഴുകി വൃത്തികേടിന്റെ മറ്റൊരു വര്‍ഷത്തിനുള്ള തയ്യാറെടുപ്പ്.’

സൗദി അറേബ്യന്‍ നോവലിസ്റ്റായ റജാ ആലമിന്റെ അപസര്‍പ്പക സ്വഭാവമുള്ള നോവലായ ‘ദ് ഡവ്‌സ് നെക്ലേസി’ന്റെ ആദ്യവാചകങ്ങളാണിത്.

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള നോവലിസ്റ്റുകള്‍ പലപ്പോഴും അതിശക്ത മായ നിയന്ത്രണങ്ങളുള്ള സാംസ്‌കാരിക ചുറ്റുപാടിന്റെ വെല്ലുവിളി നേരിടുന്നുണ്ട്. അതേസമയംതന്നെ പ്രാദേശികമായ തലങ്ങള്‍ക്കപ്പുറത്തേക്ക് പോകാനും യഥാര്‍ത്ഥതലത്തിലുള്ള സാര്‍വത്രിക സാന്നിധ്യം നിലനിര്‍ത്താനും അവര്‍ ശ്രമിക്കുന്നു. ആധുനികലോകത്തെ അറബികളുടെ വ്യക്തിപരവും ചരിത്രപരവുമായ അനുഭവങ്ങള്‍ക്ക് ശബ്ദം നല്‍കുന്നവയാണ് സമകാലിക അറബ് നോവലുകളും ചെറുകഥകളും. ഈ കൃതികള്‍ ഒരേസമയം തന്നെ അറബി എഴുത്തുകാരുടെ ഭാവനയെയും ആധുനിക അറബ് ജീവിതത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള അവരുടെ തീവ്രമായ പര്യവേക്ഷണത്തെയും പ്രതിഫലിപ്പിക്കുന്നു. ആധുനികതയുടെ സ്വാധീനം, എണ്ണ സമ്പദ്വ്യവസ്ഥയുടെ ഉയര്‍ച്ച, രാഷ്ട്രീയ സ്വേച്ഛാധിപത്യം, അഴിമതി, മതപരവും ലിംഗപരമായ പ്രശ്‌നങ്ങള്‍, യുദ്ധം, അഭയാര്‍ത്ഥി പ്രതിസന്ധി, ദാരിദ്ര്യം, ഫലസ്തീന്‍ -ഇസ്രായേല്‍, സുന്നി-ശിയ സംഘര്‍ഷങ്ങള്‍ എന്നിവ സമകാലിക അറബ് നോവലുകളുടെ പൊതുവായ പ്രമേയങ്ങളാണ്.

പൂര്‍ണ്ണരൂപം 2023 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

 

 

 

 

 

 

Comments are closed.