DCBOOKS
Malayalam News Literature Website

ഭീതി പ്രണയം ഉന്മാദം: ശ്രീപാര്‍വ്വതി എഴുതുന്നു

ശ്രീപാര്‍വ്വതി

ഓഗസ്റ്റ്  ലക്കം പച്ചക്കുതിരയില്‍

‘ഒരു സ്ത്രീയ്ക്ക് ഇതിനൊക്കെ എങ്ങനെയാണ് കഴിയുക സ്ത്രീ എന്നാല്‍ കരുണയും സ്‌നേഹവും ദയയും ഉള്ളവളല്ലേ’ തുടങ്ങിയ ചിന്തകളില്‍ നിന്ന് വേര്‍പെട്ടവളാണ് ഞാന്‍. സ്ത്രീ എന്ന കള്ളിയില്‍ നിന്ന് പോലും ഞാന്‍ മുറിഞ്ഞു പോയിരിക്കുന്നു. വെറും മനുഷ്യനാക്കപ്പെട്ട് ഇനിയും ഡെറിക്ക് ജോണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ പിന്നാലെ എനിക്ക് സഞ്ചരിക്കണം, ശ്രീനിവാസനെന്ന നരഭോജിയുടെ പ്രണയത്തിന്റെ നിഗൂഢതകളില്‍ പെട്ടു നട്ടം തിരിയണം. അടുത്ത നിമിഷം അയാള്‍ ഭക്ഷിക്കാന്‍ പോകുന്ന പക്കോടകളില്‍ ഒന്ന് എന്റെ മുറിച്ചു മാറ്റിയ ചെവികളായിക്കോട്ടെ. ഭീതിപ്പെടുത്തുന്ന ചിന്തകള്‍ക്ക് അത്ര ഉന്മാദമാണ്… ഞാനിത് ഉപേക്ഷിക്കാന്‍ പോകുന്നില്ല.

ഞാനെങ്ങനെ ഒരു കുറ്റാന്വേഷക എഴുത്തുകാരിയായി? ചോദ്യത്തിന്റെ ഉത്തരത്തിനു ഒരുപാടു Pachakuthiraകാലം പിന്നോട്ട് പോകേണ്ടി വന്നേക്കും. ‘മിസ്റ്റിക് മൗണ്ടന്‍’ വന്നപ്പോഴും ‘പോയട്രി കില്ലറും’ ‘വയലറ്റുപൂക്കളുടെ മരണ’വും വന്നപ്പോഴുമൊക്കെ ഒരുപാട് കേട്ടൊരു ചോദ്യമുണ്ട്, എങ്ങനെ ഇത്ര ക്രൂരയാകാന്‍ പറ്റുന്നു? ശരിയാണ് ചില ക്രിമിനലുകള്‍ കുമ്പസാരിക്കുന്നതു പോലെ ഒരുപാട് ക്രൂരതകള്‍ ചെയ്തു കൂട്ടിയിട്ടുണ്ട്, ഇനിയും ചെയ്‌തേക്കാം, അതില്‍ ഇന്നീ നിമിഷം വരെയും കുറ്റബോധമില്ല. മിസ്റ്റിക്ക് മൗണ്ടനിലെ ആഗ്നസിനെ വെളുത്ത നിറമുള്ള റൂമില്‍ ദിവസങ്ങളോളം ഇട്ടു മാനസികമായി പീഡിപ്പിച്ചത്, താരയെ ക്രൂരമായി ഉപദ്രവിച്ചത്, രണ്ടു പേരെയും ഏറ്റവും ക്രൂരമായിText ബലാത്സംഗം ചെയ്തത്, നാല് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഒരു ദയയുമില്ലാതെ ഒരു പെണ്‍കുട്ടി കൊലപ്പെടുത്തിയത്, പ്രണയിക്കുന്നവരുടെ  ശരീരം രുചികരമായി സ്വാദ് നോക്കുന്ന ശ്രീനിവാസനെ പരിചയപ്പെടുത്തിയത്, ഇതെല്ലാം ഒരു മാനസികരോഗിയായ മനുഷ്യന് മാത്രം തോന്നുന്ന ചിന്തകളല്ലേ, ചിലര്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ആയിരിക്കാം, അങ്ങനെയെങ്കില്‍ ഞാനൊരു മാനസിക രോഗിയെന്ന് സമ്മതിക്കാം. ഇനിയൊരു തിരിച്ചു ചിന്തയില്ലാത്ത വിധത്തില്‍, തിരിച്ചെടുക്കാന്‍ ആകാത്ത വിധത്തില്‍ ഞാനത് ചെയ്തു പോയിരിക്കുന്നു, ഇനിയും ചെയ്തു പോയേക്കാം, പക്ഷെ ഒരു കാര്യത്തില്‍ ശ്രദ്ധിക്കുന്നു, യാഥാര്‍ഥ്യവുമായി ബോധത്തില്‍ തന്നെ ഇടപെടുന്ന ഒരാളെന്ന നിലയില്‍ മനുഷ്യനെ സ്‌നേഹിക്കാനാണ് ഇഷ്ടം.

ചില മനുഷ്യരെ കൊല്ലണമെന്ന് തോന്നിയിട്ടില്ലാത്തവര്‍ ഉണ്ടാകുമോ? ഇക്കാര്യത്തില്‍ ഞാന്‍ ശ്രീനിവാസനെയാണ് കൂട്ട് പിടിക്കുന്നത്. സ്‌നേഹിക്കുന്ന ചിലരെ പല കാലത്തില്‍ കുത്തിക്കൊലപ്പെടുത്താന്‍ തോന്നിയിട്ടുണ്ട്. അന്നത്തെ തോന്നലില്‍ എഴുതിയ കഥയൊരെണ്ണം അന്നെവിടെയോ അച്ചടിച്ച് വന്നതായും ഓര്‍ക്കുന്നുണ്ട്. എങ്കിലും കൊലപ്പെടുത്തിക്കഴിഞ്ഞാല്‍ സ്വയം മരണപ്പെടാം എന്നല്ലാതെ പ്രണയിക്കുന്ന മനുഷ്യരെ രുചിക്കാനാവില്ല. അത് ശ്രീനിവാസനെ കഴിയൂ. അയാളെ കടമെടുത്തത് സൈലന്‍സ് ഓഫ് ലാംപ്‌സിലെ ആ ശാന്തനായ മനുഷ്യന്റെ കണ്ണുകളില്‍ നിന്നുമായിരുന്നു. ഹാന്നിബാല്‍ ലെക്ടര്‍ എന്നയാള്‍ക്ക് ആന്റണി ഹോപ്കിന്‌സിനെ അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ ആകാത്ത പോലെ എന്റെ മനസ്സിലുമുണ്ട് അത്രയും പ്രണയം സ്ഫുരിക്കുന്ന കണ്ണുകളുള്ള ഒരുത്തന്‍. ഡ്രാക്കുള പ്രഭുവിനെപ്പോലെ അത്ര സുന്ദരനല്ലാത്ത ഒരാള്‍. പക്ഷെ ചില പുരുഷന്മാരുടെ പ്രണയമാണ് അവരുടെ ഭംഗി. തീയില്‍ വീഴുന്ന ഇയ്യാംപാറ്റകളെപ്പോലെ അയാളില്‍ ആരും പെട്ട് പോകും. അയാള്‍ ചുണ്ടുകള്‍ കൊണ്ട് ചിരിച്ചാലും കണ്ണുകളിലാണ് അതിന്റെ ജ്വാലയുണ്ടാവുക. ഇത്രയുമൊക്കെ മനസ്സില്‍ കരുതിയിട്ടും വയലറ്റ് പൂക്കളിലെ മരണത്തില്‍ അയാള്‍ക്ക് ഒരിറ്റ് സ്ഥലമേ നല്‍കിയുള്ളൂ. അത്രയും മതിയായിരുന്നു, ഒരുപാട് പറഞ്ഞു നിഗൂഢതകളയേണ്ട ഒരുവനല്ല അയാള്‍. പറഞ്ഞു
പോകുന്ന ചിലതുകളിലേക്ക്കൂടി അയാള്‍ അനാദി കാലം വായിക്കുന്നവരുടെ ഭീതിയിലും പ്രണയത്തിലും കൊളുത്തിക്കിടക്കണം. വല്ലാത്തൊരു മാനസികരോഗം തന്നെ!

പൂര്‍ണ്ണരൂപം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്‌

 

 

Comments are closed.