DCBOOKS
Malayalam News Literature Website

‘എതിര്’; അറിവുകള്‍ക്കപ്പുറം തിരിച്ചറിവ് സമ്മാനിക്കുന്ന പുസ്തകം

ഡോ. എം. കുഞ്ഞാമന്റെ ‘എതിര്’ എന്ന പുസ്തകത്തെക്കുറിച്ച് വായന ദിനത്തില്‍ രമേശ് ചെന്നിത്തല പങ്കുവെച്ച കുറിപ്പ്

ഈ വർഷത്തെ വായനയിൽ ഏറ്റവും കൂടുതൽ പൊള്ളിച്ച അനുഭവത്തെക്കുറിച്ച് വായനാദിനത്തിൽ പങ്ക് വയ്ക്കാം. ഡോ. കുഞ്ഞാമന്റെ ‘എതിര് ‘ ചൊറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിത സമരം എന്ന ജീവിതകഥയാണ് ഏറ്റവും അധികം സ്പർശിച്ചത്.
മറ്റുനോവലുകൾ പോലെയോ ഗൃഹാതുരത്വം വാരിവിതറുന്ന ആത്മകഥയെ പോലെയോ ലളിത വായനയ്ക്ക് പറ്റുന്ന പുസ്തകമല്ലെന്ന് ആദ്യമേ പറയട്ടെ. ഡോ. കുഞ്ഞാമന്റെ ജീവിത കഥയിലൂടെ ഒരു ജനതയുടെ ചരിത്രം കൂടിയാണ് വരച്ചിട്ടിരിക്കുന്നത്.
Textസ്കൂളിൽ വരുന്നത് കഞ്ഞി കുടിക്കാൻ വേണ്ടിയാണെന്ന് അധ്യാപകൻ അവഹേളിച്ചതിനു ശേഷം കൊച്ചു കുഞ്ഞാമൻ സ്കൂളിലെ കഞ്ഞി വേണ്ടെന്നു വച്ചു. ജാതിപ്പേര് വിളിച്ചത് ചോദ്യം ചെയ്തതിന് ചെകിടത്ത് അടിക്കുകയാണ് പ്രമാണി കൂടിയായ അധ്യാപകൻ ചെയ്തത്. ജോലി ലഭിക്കാതെ അലഞ്ഞപ്പോൾ സർട്ടിഫിക്കറ്റ് കത്തിച്ചു കളയാൻ പോലും തയ്യാറെടുത്തിരുന്നു. അവഗണനയേയും ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളെയും തോൽപ്പിച്ചു സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് വാങ്ങിയാണ് കുഞ്ഞാമൻ എം.എ പാസായത്.
മെയ് വഴക്കത്തിന്റെ ഭാഷ ഉപേക്ഷിച്ച് പദവികളിൽ നിന്ന് അകന്നു നിന്നും പറയേണ്ടത് മുഖം നോക്കാതെ തുറന്നു പറഞ്ഞും ഒരു നിഷേധിയായി കുഞ്ഞാമൻ വളരുന്നു.
വിമർശനത്തിന്റെ കുന്തമുന എല്ലാ ഭാഗത്തേയ്ക്കും നീട്ടുന്നു. പോളിറ്റ് ബ്യുറോയിൽ ദളിതർക്കും ആദിവാസികൾക്കും പ്രവേശനം നൽകാത്ത സി.പി.എം അടക്കം ഒന്നിനെയും അദ്ദേഹം വെറുതെ വിടുന്നില്ല.
അട്ടപ്പാടിയിൽ മർദ്ദിച്ചു കൊന്ന മധുവിനെയും ദുരഭിമാനത്തിന്റെ മുന്നിൽ ജീവിതം നഷ്ടമായ കെവിനേയും എതിരിൽ ഓർമിപ്പിക്കുന്നു. ഭൂമിയുടെയും വനഭൂമിയുടേയും അവകാശികൾ എന്ന അവസ്ഥയിൽ നിന്ന് യാചകർ, അപേക്ഷർ എന്ന അവസ്ഥയിലേക്ക് പരിണമിച്ചതാണ്‌ ഇന്ത്യയിലെ ആദിവാസി ചരിത്രമെന്ന് ഡോ. കുഞ്ഞാമൻ അടിവരയിടുന്നു.
നിയമസഭയിലെ സബ്ജെക്ട് കമ്മിറ്റിയിലേക്ക് പരിഗണിച്ചപ്പോൾ ദളിതരുടേയും ആദിവാസികളുടെയും വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പതിമൂന്നാം കമ്മിറ്റി മതിയെന്ന് ഞാൻ പറഞ്ഞു. പൊതുപ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ ദളിതരുടേയും ആദിവാസികളുടേയും ക്ഷേമം മുറുകെ പിടിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ പുതുവത്സര ദിനവും കുടുംബത്തോടൊപ്പം ഞാൻ ചിലവഴിക്കുന്നത് ആദിവാസി ഊരിലായിരിക്കും.
ഉള്ളുലക്കുന്ന കുറേ ചോദ്യങ്ങൾ വായനക്കാരന് നേരെ എറിഞ്ഞാണ് പുസ്തകം അവസാനിപ്പിക്കുന്നത്. പീഡിപ്പിച്ച ആളുകളോട് വ്യക്തിപരമായ വിരോധം പുലർത്താതെ സംവിധാനത്തോട് കലഹിക്കുന്ന ഡോ. കുഞ്ഞാമന്റെ പുസ്തകം, അറിവുകൾക്ക് അപ്പുറം തിരിച്ചറിവ് സമ്മാനിക്കുന്നു.

Comments are closed.