DCBOOKS
Malayalam News Literature Website

ഉറ്റവരിൽ നിന്നു പോലും ഒരു കല്ലേറു ദൂരം മാറി നിൽക്കണം!

ദേവദാസ് വി.എം രചിച്ച ‘ഏറ്’ എന്ന നോവലിന് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം

എന്തിനോടാണോ ജീവിതകാലം മുഴുവൻ കലഹിച്ചത് ?… ഒടുക്കം എതിർത്തു നിന്നതിൻ്റെ മുന്നില്തന്നെ പരാജയപ്പെടേണ്ടി വരേണത്… അതിനെത്തന്നെ ആശ്രയിക്കേണ്ട ഗതികേട്… അത് പല മനുഷ്യരുടെയും വല്ലാത്തൊരു അസ്ഥയാണ്.
ഡി സി ബുക്സ് പുറത്തിറക്കിയ ദേവദാസ് വി.എം മിൻ്റെ നോവൽ ഏറ് വായനക്കാരുടെ ഹൃദയത്തിലേക്ക് തറച്ച് കയറുന്നു. ആസ്വാദനത്തിൻ്റെ പുതിയ വാതായനങ്ങൾ നൽകി കൊണ്ട് മറ്റൊരു തലത്തിലേക്ക് ചിന്തയെ നയിക്കുന്ന നോവലാണ് ഏറ് .

ഉച്ചമയക്കത്തിൽ കിടക്കുമ്പോൾ മേൽക്കൂരയിൽ ഒരു ദ്വാരം വീണതായി സ്വപ്നം കാണുന്നു. എത്രയൊക്കെ സുരക്ഷിതരാണ് നാം എന്നു കരുതിയാലും, കെട്ടിയുണ്ടാക്കിയ എല്ലാ മേൽക്കൂരക്കും മതിലിനും മൂടുപടത്തിനുമെല്ലാം തുളയിടാൻ തക്ക വിധമൊരു ഏറ് ഏവരുടെയും ഉള്ളിലൊരു ആധിയായി ബാക്കിയുണ്ടാകും.നമ്മുടെയൊക്കെ സ്വസ്ഥതയിലേക്ക് ഏതു നിമിഷവും ഒരു ഏറു വന്നു വീഴാവുന്നതെയുള്ളു എന്ന് പറഞ്ഞ് ദേവദാസ് വായനക്കാരെ വായനയിലേക്ക് ഇറങ്ങാൻ ക്ഷണിക്കുന്നു.

നോവലിൻ്റെ ടൈറ്റിലു പോലെ ഏറിലൂടെ തുടങ്ങുന്ന നോവൽ ഏട്ട് മൂത്തൊടുക്കം എസ്.ഐ ആയി വിരമിച്ച
Textപഴം വിഴുങ്ങി പത്മനാഭൻ്റെ മകൻ കാലൻ ശ്രീധരനെന്ന ശ്രീധരൻ നായരോടൊപ്പം നോവലിലേക്ക് കടന്നു കയറുന്നു. റിട്ടയർ ആയ ദിവസം മുതൽ തലക്ക് മുകളിൽ വന്ന ഏറിലൂടെ ജീവിതം മാറിമറിയുമ്പോൾ
ശ്രീധരനായിട്ടു എറിഞ്ഞതെന്തോ കറങ്ങിത്തിരിഞ്ഞു ശ്രീധരൻ്റെ നേർക്കു തന്നെ തിരിഞ്ഞ് വരുന്നെന്ന തോന്നലിൽ തപ്പിത്തുടങ്ങുമ്പോൾ നമ്മുടെ മുന്നിൽ ഇരുപത്തിമൂന്നു അധ്യായങ്ങളിലൂടെ ശ്രീധരൻ ഉളളിൽ കോറിയിട്ട ഒരുപാട്
പേരുടെ ജീവിതങ്ങൾ തെളിയുന്നു. ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനം.

സകലരെയും വിശ്വാസം നഷ്ടപ്പെട്ടൊരു കഷ്ടകാലത്ത്… ഉറ്റവരിൽ നിന്നു പോലും ഒരു കല്ലേറു ദൂരം മാറി നിൽക്കണമെന്ന് കാണിച്ചു തരുന്ന നോവൽ. പരശുരാമൻ കോടാലിയെടുത്ത് കടലിലേക്ക് എറിഞ്ഞുണ്ടാക്കിയ നാട്ടിൽ ജീവിക്കുന്ന ശ്രീധരൻ്റെ ജീവിതവും ഓർമ്മകളും സി സി ടി വി ദൃശ്യങ്ങളിലൂടെന്നപോലെ നമ്മെ കാട്ടി തരുന്നു. നോവലിൽ
ഉത്തരം കിട്ടാത്ത പല പല ചോദ്യങ്ങൾ ഉളളിലൊതുക്കി കൊണ്ട് ശ്രീധരനൊപ്പം വായനക്കാരെയും ചേർത്ത് പിടിച്ച്
ജീവിതത്തിലെ പല പല ഏറുകളും കൺമുന്നിലൂടെ പോകുന്നു. സമകാലിക ഇന്ത്യയുടെ വ്യക്തമായ സാമൂഹ്യ ദർശനത്തിലും കൃത്യമായ രാഷ്ടീയ ബോധത്തിലും നിലയുറപ്പിച്ച് ,മറ്റുള്ളോരെന്ത് ഗുണമുള്ളത് ഉണ്ടാക്കിയാലും അതീന്ന് ആവശ്യമുള്ളതു മാത്രം പെറുക്കിയെടുത്തു ഉപയോഗിക്കുന്ന പോലീസുകാരുടെ ജീവിതത്തിലേക്കു കൊണ്ടു പൊയി ആരും ഇതുവരെ എഴുതാത്ത വിഷയത്തിലേക്ക് നമ്മളെ കാണിച്ചു തരുന്ന നോവൽ.

എറിയണതാരായാലും ഇനി മറുപണി തുടങ്ങാൻ പോകുകയാണ്.അത് മനുഷ്യനായാലും ശരി ഭൂതമായാലും ശരി എന്ന് ശ്രീധരൻ പറയുന്നടത്തു നിന്നും കുതിച്ച് കയറുന്ന നോവൽ സങ്കീർണ്ണമായ ജീവിതങ്ങളും അത്യുഗ്രൻ കഥാപാത്രങ്ങളും ജീവിത സന്ദർഭവും കൊണ്ട് നിറച്ചിരിക്കുന്നു.

മഴു വലിച്ചെറിഞ്ഞതു പോലെ ചെരിഞ്ഞൊരേറ് കടലിലേക്കെറിയുക യാണെങ്കിൽ വല്ല്യ പ്രശ്‌നമില്ലായിരുന്നു. ഉള്ളോണ്ടായാലും ഉടലോണ്ടായാലും നമ്മള് ചെയ്തത് നമ്മളോടെ തീരണം…. തീർത്തേക്കണം. പയറ്റിവെല്ലാനായില്ലെങ്കിൽ എറിഞ്ഞും കൊല്ലാം. നാട്ടുനടപ്പാണത് എന്നുള്ള പറച്ചിലിലൂടെ ഒത്തിരിയേറെയുള്ള ചിന്തകൾ എറിഞ്ഞു മനസ്സിൽ തറച്ചു നിൽക്കുന്ന രചന.

പോലീസിനും ചാത്തനും ആയുധം ലാത്തിയാണ്. കൈയ്യിലിരിക്കുന്ന കുറുവടിയെറിഞ്ഞാണ് ചാത്തൻ അസുരനെ കൊന്നത് .ഈ കഥ കേട്ടിട്ടുണ്ടോ? കേട്ടു കാണില്ല. ഒരു പാടു പുരാണങ്ങളും കഥകളും ചെത്തിമിനുക്കി അവതരിപ്പിച്ചിരിക്കുന്നു.

നോവലെഴുതുന്നത് ഏത് വേദവ്യാസനാണെങ്കിലും ദേവദാസാനാണെങ്കിലും ശരി അവസരത്തിനനുസരിച്ച് അറിഞ്ഞു പ്രവർത്തിച്ചു കൊണ്ട് കാര്യങ്ങൾക്കു കൊഴുപ്പുകൂട്ടേണ്ടത് കഥാപാത്രങ്ങൾ ആണെന്ന ചിന്തയിൽ നിന്ന്എഴുതിയ നോവൽ സാങ്കൽപ്പിക നോവലോ, മെനഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ കൊണ്ട് നിർവഹിക്കാവുന്ന കഥാപാത്രങ്ങളോ അല്ലെന്നുംകാണിച്ചു തരുന്ന രചന

അന്ധവിശ്വാസങ്ങൾക്കെതിരേയും ശബ്ദമുയർത്തുന്ന നോവലിൻ്റെ ടൈറ്റിൽ ക്ലൈമാക്സിൽ ദുരന്തമാകുമ്പോൾ
മികച്ച അത്യുഗ്രൻ വായനയാൽ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു. നെഞ്ചിടിപ്പോടും ഭയത്തോടെയും മാത്രമേ വായിച്ചു തീരുകയുള്ളു. ശ്രീധരനൊപ്പമുള്ള അന്വേഷണത്തിൽ അജ്ഞാതനെ വായനക്കാരും തേടുമ്പോൾ മികച്ച കയ്യടക്കമുള്ള ഘടനാ ബലമുള്ള ഹൃദയത്തെ പിടപ്പിക്കുന്ന അതി മനോഹര നോവലെന്ന ബോധ്യത്തോടെ ഒറ്റയിരുപ്പിൽ
വായിച്ച് ആസ്വദിക്കാം. ദേവദാസിൻ്റെ ഏറിൻ്റെ മൂളൽ കാതുകളിൽ എന്നും മൂളിക്കൊണ്ടിരിക്കും.
ആശംസകൾ ശ്രീ ദേവദാസ് എല്ലാവിധ നന്മകളും നേരുന്നു. നോവലിന് മാനോഹര ചിത്രീകരണം നടത്തിയ
ബോണി തോമസിന് അഭിനന്ദനങ്ങൾ.

ദേവദാസ് വി.എം രചിച്ച ‘ഏറ്’ എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.