DCBOOKS
Malayalam News Literature Website

പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും സംവാദവേദിയിലെ മുഖ്യവിഷയം

പ്രകൃതിയുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ ലോകരാഷ്ട്രങ്ങളുടെ പ്രേരകശക്തി. പാരിസ്ഥിതിക സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തവണ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫോക്കസ് തീമായി തിരഞ്ഞെടുത്തിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യത്യസ്ത വശങ്ങള്‍ പരിശോധിക്കുന്ന സംവാദപരമ്പരകള്‍ മേളയുടെ പ്രധാന ആകര്‍ഷണമാണ്. യു.എ.ഇയിലെ കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി വകുപ്പ് മന്ത്രിയായ ഡോ. തനി ബിന്‍ അഹമ്മദ് അല്‍ സയൗദി കെ.എല്‍.എഫില്‍ വിശിഷ്ടാതിഥിയായി എത്തുന്നുണ്ട്. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞരായ മാധവ് ഗാഡ്ഗില്‍, നവ്‌റോസ് കെ.ദുബാഷ്, യു.എന്‍.ഇ.പിയുടെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ മുരളി തുമ്മാരുകുടി, ഇന്‍ഡികയെന്ന പ്രശസ്ത കൃതിയുടെ എഴുത്തുകാരന്‍ പ്രണയ് ലാല്‍ തുടങ്ങി നിരവധി ശ്രദ്ധേയരായ എഴുത്തുകാരും ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും കെ.എല്‍.എഫ് വേദിയില്‍ സംവാദത്തില്‍ പങ്കെടുക്കുന്നു.

സമകാലിക-കലാ-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയഅന്തര്‍ദ്ദേശീയ തലത്തിലുള്ള എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ തുടങ്ങി മുന്നൂറിലേറെ പ്രഗത്ഭര്‍ കെ.എല്‍.എഫിനൊപ്പം അണിനിരക്കുന്നു. ശശി തരൂര്‍, ചേതന്‍ ഭഗത്, വില്യം ഡാല്‍റിംപിള്‍, ദേവ്ദത് പട്‌നായ്ക്, ആനന്ദ്, എം. മുകുന്ദന്‍, സക്കറിയ, സേതു, പെരുമാള്‍ മുരുകന്‍, കെ.ആര്‍.മീര, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, ടി.ഡി.രാമകൃഷ്ണന്‍, മനു എസ്.പിള്ള, മുനി നാരായണപ്രസാദ്, സുനില്‍ പി.ഇളയിടം, ആനന്ദ് തെല്‍തുംതെ, ടോണി ജോസഫ്, സല്‍മ തുടങ്ങി ഇരുനൂറിലധികം എഴുത്തുകാരും കനിമൊഴി, ടി.എം.കൃഷ്ണ, രാജ്ദീപ് സര്‍ദേശായി, ജോസഫ് അന്നംകുട്ടി ജോസ്, പത്മപ്രിയ തുടങ്ങിയ പ്രഗത്ഭവ്യക്തികളും മേളയുടെ ഭാഗമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നുണ്ട്.

കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. സ്‌പെയ്‌നാണ് ഇത്തവണത്തെ അതിഥി രാജ്യം. സ്‌പെയിനില്‍നിന്നുള്ള നിരവധി കലാ-സാംസ്‌കാരിക-സാഹിത്യ പ്രവര്‍ത്തകര്‍ കെ.എല്‍.എഫില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സ്പാനിഷ് സാഹിത്യവും സംസ്‌കാരവും അടുത്തറിയുന്നതിനും എഴുത്തുകാരുമായി സംസാരിക്കാനും ചര്‍ച്ച നടത്തുന്നതിനുമുള്ള അവസരം സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. തമിഴ് സാഹിത്യമാണ് ഇത്തവണ ‘ലിറ്ററേച്ചര്‍ ഇന്‍ ഫോക്കസ്’. നിരവധി തമിഴ് എഴുത്തുകാര്‍ ഇത്തവണത്തെ സാഹിത്യോത്സവത്തില്‍ സജീവപങ്കാളികളാകും.

കലയും സംസ്‌കാരവും സാഹിത്യവും ഒന്നിക്കുന്ന സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.