DCBOOKS
Malayalam News Literature Website

എന്റെ വഴി എന്റെ ശരി: രഘുറാം ജി.രാജന്‍

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി രഘുറാം ജി. രാജന്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ചയിലും വിലക്കയറ്റത്തിലും പെട്ടുഴറുകയായിരുന്നു ഇന്ത്യന്‍ സമ്പദ്ഘടന. തുടര്‍ന്നുള്ള മൂന്നു വര്‍ഷം കൊണ്ട് കഠിനമായ പരിശ്രമത്തിലൂടെയും നിര്‍ണ്ണായകമായ തീരുമാനങ്ങളിലൂടെയും തന്റെ രാജ്യത്തിന് ലോകശക്തികള്‍ക്കൊപ്പം നിലനില്‍ക്കാന്‍ അദ്ദേഹം പ്രാപ്തി നല്‍കി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെയും ബാങ്കിങ് മേഖലയുടെയും വിപണിയുടെയും സങ്കീര്‍ണ്ണതകളും പ്രശ്‌നപരിഹാരവും പങ്കുവെക്കുകയാണ് എന്റെ വഴി എന്റെ ശരി (I Do What I Do ) എന്ന പുസ്തകത്തിലൂടെ രഘുറാം രാജന്‍. ടോം മാത്യുവാണ് ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

പുസ്തകത്തിന്റെ ആമുഖത്തില്‍ രഘുറാം രാജന്‍ കുറിക്കുന്നു

ഭാരതീയ റിസര്‍വ്വ് ബാങ്കിന്റെ ഗവര്‍ണ്ണറായി സ്ഥാനമേറ്റ് അധികം കഴിയുംമുമ്പ് ഹാര്‍പര്‍ കോളിന്‍സിലെ കൃഷ്ണന്‍ ചോപ്ര എന്നോട് ഒരു പുസ്തകം എഴുതാന്‍ ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള എന്റെ പ്രഭാഷണങ്ങളും മുന്‍കാല ലേഖനങ്ങളും എഡിറ്റ് ചെയ്ത് സമാഹരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. അത്യധികം തിരക്കായതിനാല്‍ സമയക്കുറവ് ചൂണ്ടിക്കാട്ടി ഞാന്‍ ഒഴിവായി. ഗവര്‍ണ്ണര്‍ പദവിയുടെ അവസാനകാലഘട്ടമെത്തിയപ്പോള്‍ സമയം ഒരു തടസ്സമല്ലെന്ന് ഞാന്‍ മനസ്സിലാക്കി. റിസര്‍വ്വ് ബാങ്കിലായിരിക്കേ ഞാന്‍ നടത്തിയ പ്രഭാഷണങ്ങളില്‍, നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും പൊതുജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കുന്നതിനും വേണ്ട സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ചും അതിനു പിന്നിലെ യുക്തിയെക്കുറിച്ചും വിശദീകരിച്ചിരുന്നു. ആ പ്രഭാഷണങ്ങള്‍, അവയ്ക്കു പിന്നിലെ പ്രേരകശക്തിയെക്കുറിച്ചുള്ള കുറിപ്പിനൊപ്പം ഒരു പുസ്തകത്തില്‍ ഒന്നിച്ചുചേര്‍ത്താല്‍ കേന്ദ്രബാങ്കിനൊപ്പം ജോലി ചെയ്യുന്നതിന്റെ ആവേശം രാജ്യത്തെ യുവജനങ്ങളെ അനുഭവവേദ്യമാക്കാന്‍ എനിക്കു കഴിഞ്ഞേക്കും. ഇന്ത്യ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ മികച്ച ആളുകളെ ആവശ്യപ്പെടുന്ന സാമ്പത്തിക ശാസ്ത്രത്തിന്റെയും ധനകാര്യത്തിന്റെയും മേഖലയിലേക്ക് ചിലരെയെങ്കിലും ആകര്‍ഷിക്കാന്‍ അതിനു കഴിഞ്ഞേക്കും. റിസര്‍വ്വ് ബാങ്കില്‍ ഞാന്‍ ചെയ്ത കാര്യങ്ങളുടെ യുക്തി വിശദീകരിക്കാന്‍ കഴിഞ്ഞാല്‍, പൂര്‍ത്തിയാക്കിയ പരിഷ്‌കരണങ്ങള്‍ക്ക് തിരിച്ചടി നേരിടാതെ നിലനില്‍ക്കാനും നടന്നുവരുന്ന പരിഷ്‌കരണങ്ങള്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞേക്കും.

എന്റെ പിന്‍ഗാമി പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ തുടങ്ങുന്ന ആദ്യനാളുകളില്‍ ഏതെങ്കിലും വിധത്തിലുള്ള എന്റെ ഇടപെടല്‍ ഉണ്ടാവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ ഒരു വര്‍ഷത്തേക്ക് നിശബ്ദത പാലിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തിനുശേഷമാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. എന്റെ വിവിധ പ്രഭാഷണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഉദ്ദേശ്യം ആമുഖക്കുറിപ്പുകള്‍ ഞാന്‍ നല്‍കിയിട്ടുണ്ടെങ്കിലും വിവിധ പൊതുപ്രവര്‍ത്തകരുമായി ഞാന്‍ നടത്തിയ സംഭാഷണങ്ങളുടെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. ഞാന്‍ റിസര്‍വ്വ് ബാങ്കില്‍ ചേരുന്നതിനു മുമ്പ് അന്താരാഷ്ട്ര നാണയനിധിയില്‍ മുഖ്യസാമ്പത്തിക വിദഗ്ധനായും ചിക്കാഗോ സര്‍വ്വകലാശാലയിലെ ബൂത്ത് സ്‌കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചുവരവേ നടത്തിയ ഏതാനും പ്രഭാഷണങ്ങളും ചില ലേഖനങ്ങളും പുസ്തകത്തിന്റെ ഒടുവിലായി നല്‍കിയിരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ തലക്കെട്ട് (ഇംഗ്ലീഷ്) പൊതുജീവിതത്തിലെ ആകസ്മികതയെ സൂചിപ്പിക്കുന്നു.

ഇന്ത്യ സാമ്പത്തികമായി ഏറ്റവും ദുര്‍ബ്ബലമായ അഞ്ചു രാഷ്ട്രങ്ങളില്‍ ഒന്നായി എണ്ണപ്പെട്ടിരുന്ന നാണയപ്രതിസന്ധിയുടെ കാലത്താണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായി ഞാന്‍ ചുമതലയേറ്റത്. അതിനാല്‍ എന്റെ ആദ്യ ലക്ഷ്യം രൂപയുടെ സ്ഥിരത വീണ്ടെടുക്കുകയായിരുന്നു. എന്നാല്‍ സ്ഥിരത കൈവരിക്കുന്നതിന് ധനകാര്യമേഖലയുടെ പരിഷ്‌കരണം സഹായകമാകുമെന്ന് ആദ്യം മുതലേ ഞാന്‍ മനസ്സിലാക്കിയിരുന്നു. കുറഞ്ഞ വരുമാനമുള്ള രാജ്യം എന്ന നിലയില്‍നിന്ന് ഇടത്തരം വരുമാനമുള്ള രാജ്യമായി ഇന്ത്യ വളരുന്ന സാഹചര്യത്തില്‍ ഈ പരിഷ്‌കരണങ്ങളുടെ ആവശ്യകത വ്യക്തമായിരുന്നു. തീര്‍ച്ചയായും പരിഷ്‌കരണം ഒരു തുടര്‍പ്രക്രിയയാണ്. അതിന് തിരിച്ചടികളും ഉണ്ടാവാം. അതിനാല്‍ പരിഷ്‌കരണങ്ങളുടെ നിലനില്പിന് അവയെ പുതിയ സ്ഥാപനങ്ങളുമായി കൂട്ടിയിണക്കുകയും പരിഷ്‌കരണങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച അവബോധം റിസര്‍വ്വ് ബാങ്കിനുള്ളിലും പുറത്തുള്ള ഓഹരി ഉടമകളിലും സൃഷ്ടിച്ചെടുക്കുകയും വേണം.

രഘുറാം രാജന്‍: പ്രശസ്തനായ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനും അന്താരാഷ്ട അക്കാദമിഷ്യനുമായ വ്യക്തി. 2013 സെപ്റ്റംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണ്ണറായിരുന്നു. 2003-2006 കാലയളവില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ പ്രധാന സാമ്പത്തികശാസ്ത്രജ്ഞനും റിസര്‍ച്ച് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016-ല്‍ ടൈം മാഗസിന്‍ പ്രഖ്യാപിച്ച ലോകത്തെ സ്വാധീനിക്കുന്ന 100 ആളുകളുടെ പട്ടികയില്‍ ഇടംനേടി. യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പ്രൊഫസ്സറാണ്.

Comments are closed.