DCBOOKS
Malayalam News Literature Website

പി.വത്സലയുടെ ‘എന്റെ പ്രിയപ്പെട്ട കഥകള്‍’ അഞ്ചാം പതിപ്പില്‍

മലയാള ചെറുകഥാസാഹിത്യത്തില്‍ ശക്തമായ പരിസ്ഥിതിദര്‍ശനം മുന്നോട്ടുവെച്ച എഴുത്തുകാരില്‍ പ്രമുഖയാണ് പി.വത്സല. കഥാരചനയില്‍ വേറിട്ടപാത പിന്തുടര്‍ന്ന വത്സലയുടെ കഥകള്‍ മണ്ണിന്റെ മണമുള്ളതായിരുന്നു. സമൂഹത്തില്‍നിന്നും നേരിട്ട് കടന്നുവരുന്ന കഥാപാത്രങ്ങള്‍, അവരുടെ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ എന്നിവ പി.വത്സലയുടെ കഥകളില്‍ നിറഞ്ഞുനിന്നു. പി.വത്സലയുടെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍.എന്റെ തയ്യല്‍ യന്ത്രം, ദുഷ്ഷന്തനം ഭീമനുമില്ലാത്ത ലോകം, ശാരദയുടെ വീട്, പൂരം, പച്ചണ്ടിപ്പരിപ്പിന്റെ സ്വാദ്, അശോകനും അയാളും, വിദ്യാധരന്‍, സൂര്യനൊപ്പം നടന്ന ഒരു പെണ്‍കുട്ടി, മണ്ടകത്തിലെ ദേവി, എരണ്ടകള്‍, പുഴ, ചാമുണ്ടിക്കുഴി, ശിശിരത്തിലെ ഉറുമ്പുകള്‍, പംഗുരു പുഷ്പത്തിന്റെ തേന്‍ എന്നീ 14 കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.

പി.വത്സല ഈ കൃതിക്കെഴുതിയ ആമുഖത്തില്‍നിന്നും

“തെരഞ്ഞെടുത്ത ചില കഥകള്‍ മാത്രമാണ് എനിക്ക് പ്രിയപ്പെട്ടതെന്നു പറയുമ്പോള്‍, എന്റെ മക്കളില്‍ ഒരാളോട് എനിക്ക് കൂടുതല്‍ സ്‌നേഹമാണെന്നു പറയുന്നതുപോലെയാണ്. കഥകളാകുമ്പോള്‍ ക്രാഫ്റ്റിന്റെ കാര്യത്തില്‍ മാത്രമാണ് അല്പസ്വല്പം വ്യത്യാസം വരുന്നത്.

ഓരോ കഥയും അതുള്‍ക്കൊള്ളുന്ന ജീവിതാനുഭവത്തിന്റെ ആമുഖക്കുറിപ്പു തന്നെ. കാരണം കഥയ്‌ക്കൊത്ത് അത്രയേ ഇടമുള്ളൂ. കൂടുതല്‍ കാര്യങ്ങള്‍ ഓരോന്നിലും പറയപ്പെടാതെ പോകുന്നുണ്ട്. അതുകൊണ്ടാണ് കഥ വായിക്കുന്നവരില്‍ ചിലര്‍, അക്കഥ ശരിക്കും അവസാനിച്ചുവോ എന്ന ചോദ്യം ചിലപ്പോള്‍ ചിലപ്പോള്‍ ചോദിക്കുന്നത്. സത്യത്തില്‍ കഥ അവസാനിക്കുന്നത് വായനക്കാരുടെ മനസ്സിലാണ്. കഥയെഴുത്തില്‍ മാത്രമാണ് കഥാകൃത്ത് സൃഷ്ടികര്‍ത്താവായിരിക്കുന്നത്. മനുഷ്യജീവിതത്തിലും അങ്ങനെതന്നെയാണല്ലോ! പാവം മനുഷ്യന്‍ ചിലത് ലക്ഷ്യം വെച്ച് മുന്നോട്ടു നീങ്ങുന്നു. പക്ഷെ, മനുഷ്യജീവിതത്തില്‍ ഓരോ വ്യക്തിയുടെയും പരിസമാപ്തി നിശ്ചയിക്കുന്നത് അയാളല്ല. അയാളുടെ ഇച്ഛയ്ക്കും മോഹങ്ങള്‍ക്കും അതില്‍ വലിയ കാര്യമൊന്നും ഇല്ല. കര്‍മ്മഫലത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍

സര്‍ഗ്ഗാത്മകത മനസ്സില്‍ മുറ്റിനില്‍ക്കുന്നയവസരത്തില്‍ എഴുതുന്ന കഥകള്‍ കൂടുതല്‍ പ്രിയങ്കരമായിത്തീരുകയാണ്. ഈ അവസ്ഥയുടെ നിര്‍ണ്ണായക ശക്തി ഇവിടെ യാദൃച്ഛികതകളാണ്.”

പി.വത്സലയുടെ എന്റെ പ്രിയപ്പെട്ട കഥകളുടെ അഞ്ചാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.