DCBOOKS
Malayalam News Literature Website

എന്റെ പ്രിയപ്പെട്ട കഥകള്‍- ഗ്രേസി

പെണ്ണിന്റെ ആന്തരിക ലോകത്തെ ഏറെ വ്യത്യസ്തമായി അവതരിപ്പിച്ച കഥാകാരിയാണ് ഗ്രേസി. ലളിതമായ പ്രമേയങ്ങള്‍ കൊണ്ടുതന്നെ അസാധാരണമായ ഉള്‍ക്കാഴ്ചകളിലേക്ക് വായനക്കാരെ നയിക്കുന്ന രചനകളാണ് ഗ്രേസിയുടേത്. പെണ്ണെന്നാല്‍ വെറും ഭോഗവസ്തു അല്ലെങ്കില്‍ ശരീരം മാത്രമാണെന്ന് ആവര്‍ത്തിച്ചു ഊട്ടിയുറപ്പിക്കുന്ന ആണധികാര പൊതുബോധത്തെ പലപ്പോഴും ഗ്രേസിയുടെ കഥകള്‍ ചോദ്യം ചെയ്യുന്നു.

ഭൂമിയുടെ രഹസ്യങ്ങള്‍ എന്ന ചെറുകഥയില്‍ നിന്ന്

“കാറ്റുപോലെയാണ് സാറാ ഇന്‍സ്‌പെക്ടര്‍ അലക്‌സാണ്ടറുടെ മുറിയിലേക്ക് കടന്നുചെന്നത്. മുന്നില്‍ കണ്ട കസേരയിലേക്ക് കുഴഞ്ഞുവീണു സാറാ വിലപിച്ചു:
ഞാനവളെ കൊന്നു സാര്‍!
ഏതോ കേസിന്റെ കൂനാംകുരുക്കില്‍ തലയിട്ടിരിക്കുകയായിരുന്നു ഇന്‍സ്‌പെക്ടര്‍ അലക്‌സാണ്ടര്‍. അയാള്‍ ഞെട്ടിമുഖമുയര്‍ത്തി അമ്പരപ്പോടെ വിളിച്ചു:
ഓ! സാറാ!
ആ വിളി അവളിലേക്കു കടന്നില്ല. അവള്‍ തലയില്‍ കൈവെച്ചു പിന്നെയും വിലപിച്ചു:
ഞാനവളെ കൊന്നു!
നിവര്‍ന്നിരുന്ന് അവളെ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്‍സ്‌പെക്ടര്‍ ചോദിച്ചു:
എങ്ങനെയാണു കൊന്നത്?
കണ്ണുകള്‍ക്കു മുന്നില്‍ രണ്ടു കൈകളും വിടര്‍ത്തിപ്പിടിച്ച് തുറിച്ചുനോക്കി സാറാ പിറുപിറുത്തു:
ഈ കൈകള്‍കൊണ്ട് കണ്ടില്ലേ, മുഴുവന്‍ ചോര!….”

പരിണാമഗുപ്തി, പത്താം പ്രമാണം, സ്വപ്‌നങ്ങള്‍ക്ക് തീപിടിക്കുന്നു, ഭൂമിയുടെ രഹസ്യങ്ങള്‍, ഒറോതയും പ്രേതങ്ങളും, ലൂയി രണ്ടാമന്റെ വിരുന്ന്, കല്ലു, കല്പാന്തം, മാമല്ലപുരത്തെ മുയലുകള്‍, ഒരു പൈങ്കിളിക്കഥയുടെ അന്ത്യം, ഗൗളിജന്‍മം, മാരീചം, പാഞ്ചാലി, പനിക്കണ്ണ്, കാണാതെയായ മൂന്ന് പുസ്തകങ്ങള്‍ തുടങ്ങി ഗ്രേസിയുടെ പ്രിയപ്പെട്ട 24 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കഥാകൃത്തുക്കളുടെ പ്രിയപ്പെട്ട കഥകളുടെ പരമ്പരയില്‍ ഉള്‍പ്പെടുന്ന പുതിയ സമാഹാരമാണ് ഗ്രേസിയുടേത്.

Comments are closed.