DCBOOKS
Malayalam News Literature Website

മരുഭൂമിയിലെ അതിജീവനത്തിന്റെ ‘ആടുജീവിതം’

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെക്കുറിച്ച് മലപ്പുറം പോട്ടൂര്‍ മോഡേണ്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആശ എഴുതിയത്

ആധുനിക മലയാളസാഹിത്യത്തിലെ നോവല്‍ വായനയില്‍ സമാനതകളില്ലാത്ത വസന്തം സൃഷ്ടിച്ചു മുന്നേറുന്ന കൃതിയാണ് ആടുജീവിതം. ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല; ചോരവാര്‍ക്കുന്ന ജീവിതം തന്നെയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെക്കുറിച്ചുള്ള അഭിപ്രായമാണിത്. അതിലുപരി അതൊരു വാസ്തവമാണ്. സഹൃദയരായ വാനയക്കാര്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്തതലങ്ങളിലുമുള്ള മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം എന്ന് ഈ കൃതിയെ ഒട്ടും അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാം. തന്റെ തൃപ്തിക്കായോ, വായനക്കാരന്റെ ആസ്വാദനത്തിനായോ ബെന്യാമിന്‍ തുന്നിച്ചേര്‍ക്കലുകളൊന്നും നടത്തിയിട്ടില്ല. നോവലില്‍ ബെന്യാമിന്‍ നജീബിന്റെ കഥ പറയുകയല്ല, മറിച്ച് ആ മനുഷ്യന്റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന് അയാള്‍ നജീബാവുകയാണ്. നോവും നൊമ്പരവും കഷ്ടതയും നിസ്സഹായവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ ആവിഷ്‌കരിച്ച കഥാകൃത്തിന്റെ നൈപുണ്യം പ്രശംസനീയം തന്നെ.

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറാട്ടുപുഴ പഞ്ചായത്തില്‍ 1962 മെയ് 15-ന് ജനിച്ച നജീബ് എന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എന്ന നോവല്‍ രചിച്ചിരിക്കുന്നത്.

കഥാസംഗ്രഹം

കേരളത്തില്‍ ഒരു മണല്‍വാരല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് നജീബ്. ഒരു സുഹൃത്തിന്റെ സഹായത്തോടെ അയാള്‍ക്ക് സൗദി അറേബ്യയിലേക്കുള്ള വിസ ലഭിച്ചു. അതോടെ നജീബിന്റെ ഉള്ളില്‍ ഒരു പ്രത്യാശയുടെ നാമ്പുമുളയ്ക്കുന്നത് വായനക്കാരനായ എനിക്ക് വ്യക്തമാക്കാന്‍ സാധിച്ചു. നജീബിന്റെ കൂടെ ഹക്കീം എന്ന കൂട്ടുകാരനും വിസ ലഭിച്ചിട്ടുണ്ടായിരുന്നു. റിയാദില്‍ വിമാനം ഇറങ്ങിയ ഇരുവരും ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സ്‌പോണ്‍സറാണ് എന്ന് കരുതി ഒരു അറബിയെ കണ്ടുമുട്ടുന്നു. ആ കൂടിക്കാഴ്ചയാണ് നജീബിന്റെ ജീവിതത്തിന്റെ നിലപാടിന് കാരണമായത്. ഇവര്‍ ഇരുവരും അറബാബിന്റെ കൂടെചെന്ന് എത്തിയത് മസ്ര എന്ന രണ്ടു തോട്ടങ്ങളിലായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയില്‍ നജീബിനെ കാത്തിരുന്നത്.

മസറയില്‍ ചെന്നെത്തിയ നജീബ് കണ്ടത് അവിടുത്തെ വേലക്കാരനായ ഒരു ‘ഭീകരരൂപി’യെ ആയിരുന്നു. എന്നാല്‍ നജീബ് വന്നതിന് കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും അയാള്‍ മരണപ്പെട്ടു. എന്നാല്‍ തോട്ടങ്ങളില്‍ എത്തിയതിന് ശേഷം നജീബും ഹക്കീമും കണ്ടുമുട്ടിയിട്ടില്ല. ഹക്കീമിനെക്കുറിച്ച് നജീബ് വളരെ വ്യാകുലനായിരുന്നു. പിന്നീട് നജീബിന് ഒരു അടിമപ്പണി തന്നെയായിരുന്നു. എന്നാല്‍ ആ ഭീകരരൂപിയുടെ മരണത്തിന് ശേഷം നജീബിന് ആ മസറയിലെ എല്ലാ ജോലികളും ചെയ്യേണ്ടിവന്നിരുന്നു.

പച്ചപ്പാലും, കുബ്ബൂസ് എന്ന അറബിറൊട്ടിയും, ചുരുങ്ങിയ അളവില്‍ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. താമസിക്കാന്‍ മുറിയോ, കിടക്കയോ, വസ്ത്രമോ, കുളിക്കുന്നതിനോ, മറ്റേതെങ്കിലും തരത്തിലുള്ള ശുചിത്വപരിപാലനത്തിനോ ഉള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. അറബാബ് സ്ഥിരമായി നജീബിനെ മര്‍ദ്ദിച്ചിരുന്നു. കഥയിലെ ചില വരികള്‍ മര്‍ദ്ദനത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. പിന്നീട് നജീബ് ആ ജീവിതവുമായി ഇണങ്ങിച്ചേരുന്നു. ആടുകള്‍ക്ക് നാട്ടിലെ കഥാപാത്രങ്ങളുടേയും സ്വന്തക്കാരുടേയും പേരുകള്‍ നല്‍കി അവരുമായി സംവദിച്ചാണ് തന്റെ ഏകാന്തതയ്ക്ക് നജീബ് ആശ്വാസം കണ്ടെത്തിയത്. ഒരുദിവസം നജീബ് ഹക്കീമിനെ കാണാന്‍ ചെന്നപ്പോള്‍ ഹക്കീമിന്റെ കൂടെ ഒരു സൊമാലിയക്കാരനെ ഏര്‍പ്പെടുത്തിയതറിഞ്ഞു. അവര്‍ മൂന്നുപേരും കൂടി ആ മസറയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചു. മറ്റൊരു അറബാബിന്റെ മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ പോയ സമയം നോക്കിയാണ് ഇവര്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്.

മസറയില്‍ നിന്ന് ഒളിച്ചോടിയതിന് ശേഷമാണ് മരുഭൂമിയുടെ വലുപ്പം ശരിക്കും നജീബ് വ്യക്തമാക്കിയത്. വിറങ്ങലിച്ച മണല്‍ത്തരികളിലൂടെ കുറേ ദിവസത്തെ യാത്രകള്‍ നജീബിനെ പല പാഠങ്ങളും പഠിപ്പിച്ചു. മരുഭൂമിയിലൂടെ ദിവസങ്ങള്‍ നീണ്ടുനിന്ന പലായനത്തില്‍ ദിശ നഷ്ടപ്പെട്ട അവര്‍ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. യാത്രക്കിടയില്‍ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടര്‍ന്ന ഖാദരിയും നജീവും ഒടുവില്‍ ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീര്‍ത്ത് കുറച്ച് ദിവസം തങ്ങിയ ശേഷം അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. ഒടുവില്‍ നജീബ് ഒരു ഹൈവേയില്‍ എത്തുമ്പോഴേക്ക് ഖാദരിയെ കാണാതായിരുന്നു. അവിടെ നിന്നും, ഒരു അറബി അയാളെ തന്റെ കാറില്‍ കയറ്റി, അടുത്ത പട്ടണമായ റിയാദിലെ ബഹ്തയില്‍ എത്തിച്ചു.

ബത്ഹയില്‍ എത്തിയ നജീബ്, കുഞ്ഞിക്കയുടെ ദീര്‍ഘനാളത്തെ പരിചരണത്തിനൊടുവില്‍ മനുഷ്യരൂപവും ആരോഗ്യവും വീണ്ടെടുത്തു. നാട്ടിലേയ്ക്കു മടങ്ങാന്‍ വേണ്ടി പോലീസില്‍ പിടികൊടുത്തു. ഷുമേസി ജയിലിലെ ഏതാനും മാസങ്ങള്‍ക്ക് ശേഷം നജീബിന്റെ അറബി ജയിലില്‍ വന്ന് നജീബിനെ തിരിച്ചറിഞ്ഞെങ്കിലും തിരിച്ച് കൊണ്ടുപോയില്ല. അയാളുടെ നിസ്സഹായത കണ്ടിട്ടാകാം അത് ചെയ്യാഞ്ഞത്. എന്നാല്‍ അത് നജീബിന് വേറൊരു ജീവിതം സൃഷ്ടിച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ നജീബ് അയാളുടെ വിസയിലെ ആളായിരുന്നില്ല. തുടര്‍ന്ന്, ഇന്ത്യന്‍ എംബസി നല്‍കിയ ഔട്ട്പാസ് മുഖേന നജീബ് നാട്ടില്‍ തിരിച്ചെത്തുന്നു.

ഒരു അതിജീവനത്തിന്റെ കഥ തന്നെയാണ് ‘ആടുജീവിതം.’ യാതനയും വേദനയും നിറഞ്ഞ കുറച്ചുനാള്‍ അയാളെ ആകെ ഇല്ലാതാക്കുന്നു. മനുഷ്യന്റെ സഹനശേഷിയെ വിരല്‍ ചൂണ്ടുകയാണ് ഈ നോവല്‍. അതിനാല്‍തന്നെ ഈ നോവലിന് ഇന്നും എന്നും വളരെ പ്രാമുഖ്യം നിറഞ്ഞു നില്‍ക്കുന്നു. ‘ആടുജീവിതം’ വെറുമൊരാളുടെ കഥയല്ല, നാം അറിയാതെ പോകുന്ന ഏതൊക്കെ മനുഷ്യ ജീവന്റെ കഥയായിരിക്കാം. എന്നാലും ഈ നോവല്‍ നമ്മെ പലതും പഠിപ്പിച്ചുതരുന്നു. നാം അനുഭവിക്കുന്ന ജീവിതമെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. ബെന്യാമിന്‍ ഒരു വ്യത്യസ്ത രീതിയിലാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. അതിനാല്‍തന്നെ അവ നോവലിന്റെ ഭാവതീവ്രത വര്‍ധിപ്പിക്കുന്നു.

നജീബ് ഇന്നലെകളെക്കുറിച്ച് വ്യാകുലപ്പെടുകയോ നാളയെക്കുറിച്ച് ആകാംക്ഷപ്പെടുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇന്നിനെ എങ്ങനെ നേരിടാം എന്നുമാത്രം ചിന്തിച്ചു. മസറയില്‍ ഓരോ ജോലി ചെയ്യുമ്പോഴും നജീബിന്റെ മനസ്സിലേക്ക് സ്വന്തം വീടും, നാടും, ഉമ്മയും ഭാര്യയുമെല്ലാം കടന്നുവരുന്നുണ്ട്. അവയെല്ലാം ഒരു ഓര്‍മ്മകള്‍ മാത്രമായി മാറുമെന്നായിരുന്നു നജീബിന്റെ ഭയം എന്നാല്‍ മസറയില്‍ നിന്ന് ഒളിച്ചോടിയ നിമിഷം അയാളുടെ മനസ്സില്‍ ഒരു പുതുജീവന്‍ ഉടലെടുക്കുന്നു.

 

Comments are closed.