DCBOOKS
Malayalam News Literature Website

നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ശക്തമായ നിറക്കൂട്ട് ‘എന്റെ കഥ ‘

അക്ഷരങ്ങൾ മാത്രമായിരുന്നില്ല മാധവിക്കുട്ടി. പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തിലേയ്ക്കോ ഉളള ഒരു വിരൽചൂണ്ടലാണ് അവർ. ഒരു ചട്ട കൂടിലും ഒതുങ്ങി നിൽകാതെ, സ്വന്തം ജീവിതത്തെ പച്ചയായി അവതരിപ്പിച്ചുക്കൊണ്ട് നടത്തിയ ഒരു യാത്രയാണ് “എന്റെ കഥ”. യാഥാർത്ഥ്യവും കാല്പനികതയും ഇഴചേർന്ന തീർത്തും വ്യത്യസ്തമായ വായനാനുഭവം. ഒരു സത്രീയുടെ എല്ലാ വികാര-വിചാര തലങ്ങളെ സന്നിവേശിപ്പിച്ചു കാണിച്ച ആ ധൈര്യത്തെ വർണ്ണിക്കാൻ എന്റെ വാക്കുകൾ മതിയാകില്ല. ആദ്യം നെറ്റി ചുളിക്കുകയും പിന്നീട് അത്ഭുതപ്പെടുകയും ചെയ്തു. അക്ഷരങ്ങളാൽ വർണ്ണങ്ങൾ തീർക്കുന്ന കഥാകാരിയെ ആരാധനയോടെ നോക്കി. ഒട്ടും അഹങ്കാരി അല്ലാത്ത ആ പ്രതിഭയ്ക്ക് ഇതിലും ചെറുതായി തന്റെ വികാരത്തെ ആവിഷ്കരിക്കാൻ സാധിക്കില്ല.

 സ്വന്തം കഥ എന്ന് അവകാശപ്പെടുമ്പോഴും പലതിലും അവിശ്വസനീയതയും അതിഭാവുകത്വവും ഇല്ലാതില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ശക്തമായ നിറക്കൂട്ടാണ് “എന്റെ കഥ”. വാക്കുകളുടെ തീക്ഷ്ണത കൊണ്ടും, ജീവിതത്തോടളള തുറന്ന സമീപനം കൊണ്ടും വായനയ്ക്ക് ഒരു നവ്യാനുഭവം നൽകാൻ മാധവിക്കുട്ടിക്ക് സാധിച്ചു. ഈ പുസ്തകത്തിലെ ആശയങ്ങളെ ഞാൻ എത്രത്തോളം മനസ്സിലാക്കി എന്നെനിക്കറിയില്ല. ഒരു ആത്മകഥാംശം ആണെങ്കിൽ കൂടി, എല്ലാ ചട്ടക്കൂടുകളിൽ നിന്നും വേറിട്ടു നിന്ന് തന്റേതായ ധൈര്യത്തിന്റെയും തുറന്നുപറച്ചിലിന്റെയും ഒരു ശൈലി സൃഷ്ടിച്ചിരിക്കുകയാണ് കഥാകാരി ഇവിടെ.

 ഓരോ എഴുത്തുകാരും വിചാരിച്ചു പോകും, “എന്നാണ് “എന്റെ കഥ” പോലെ ജീവിതത്തെ ഇത്രമാത്രം തുറന്നു പിടിച്ച ഒരു ആത്മകഥ എഴുതാനാവുക”എന്ന്. ഒട്ടേറെ എഴുത്തുകാർ ഉണ്ടായിട്ടും മാധവിക്കുട്ടിയുടെ എഴുത്തു ശൈലിയും തീക്ഷ്ണതയും ഒത്തുചേരും വിധം മറ്റാർക്കും അത്രമേൽ സ്വന്തം ജീവിതത്തെ തുറന്നു വയ്ക്കാൻ കഴിയാത്തത് എന്തുക്കൊണ്ടാണ്.?. വ്യത്യസ്തതയുടെ സമകാലിക സ്വഭാവത്തെ പുതിയ തലമുറയിലെ എഴുത്തുകാർ അപനിർമ്മിക്കുന്നുവെന്ന് പറയുന്നവർ നാലു പതിറ്റാണ്ടു മുമ്പ് മാധവിക്കുട്ടി എഴുതിയ കഥകൾ കാണാത്തത് എന്തുകൊണ്ടാണ്..?. മാധവിക്കുട്ടിക്ക് ലോകോത്തര സാഹത്ത്യകാരി എന്ന വിശേഷണം ഒട്ടും അതിശയോക്തിയല്ല എന്ന് “എന്റെ കഥ” സാക്ഷ്യപ്പെടുത്തുന്നു.

 രചന ആരംഭിക്കുന്നത് തന്നെ ഒരു കുരുവിയുടെ ദുരന്ത കഥയോടുകൂടിയാണ്. കുരുവിയുടെ രക്തം സ്വന്തം രക്തമായി കണ്ടു ആ രക്തം കൊണ്ടാണ് കഥാകാരി എഴുതിത്തുടങ്ങുന്നത്. ഭാവിയുടെ ഭാരമില്ലാതെ ഓരോ വാക്കും ഒരനുരഞ്ജനം ആക്കി അവർ എഴുതി. ഒരു പാദം ജീവിക്കുന്നവരുടെ ലോകത്തും മറ്റേത് മരിച്ചവരുടെ ലോകത്തും ചവിട്ടി നിന്ന് ഭയലേശം ഇല്ലാതെ അഗാധമായ ഉൾക്കാഴ്ച്ചയോടു കൂടി സ്വന്തം വികാര-വിചാരങ്ങളെ സത്യസന്ധമായും, കുറേ ഭാവനയിൽ ചാലിച്ചും അവർ എഴുതി.

ഇതിലെ ആദ്യകഥയായ “നായാടിയുടെ കഥ”യിൽ കഥാകാരി പറയുന്നുണ്ട്: “ആദ്യം വ്യവസ്ഥയോട് എതിർത്തും പിന്നീട് അവ്യവസ്ഥയോട് എതിർത്തും അവസാനിക്കുന്ന തുച്ഛമായയതാണ് ജീവിതം”എന്ന്. മാതാപിതാക്കളുടെ ഗാന്ധീയ ചിന്താഗതിയും അച്ചടക്കവും എന്നും അവർക്ക് ചങ്ങലകളായിരുന്നു. വർണ്ണശബളിമയും, ഉച്ചസ്ഥായിയിലുളള സംഗീതവും, ചടുല നൃത്തവും ഒക്കെ അവിടെ നിഷിദ്ധമായിരുന്നു. സ്ഥിരവും ഭദ്രവുമായ സ്നേഹത്തിനുവേണ്ടി അവർ ദാഹിച്ചു. സ്നേഹത്തിന്റെ രാജ്യത്ത് നിന്ന് ഇടയ്ക്കിടെ ഭ്രഷ്ടാക്കിക്കൊണ്ടിരുന്ന വിധിയെ അവർ എപ്പോഴും ശപിച്ചു. മാധവിക്കുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ, മനുഷ്യർക്ക് സാധാരണ കാണുന്ന ദോഷങ്ങളൊന്നും എനിക്കില്ല എന്നു കരുതി ജീവിക്കുന്ന വ്യക്തി ദൈവത്തെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.

 ഒരിക്കൽ മാധവിക്കുട്ടി പറഞ്ഞു: “പ്രകടമാക്കാനാവാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും.!”. അതുപോലെ, ജീവിതത്തിലും കഥയിലും പ്രണയം കൊണ്ടു പൂത്തുലഞ്ഞു നിന്ന മാധവിക്കുട്ടി എന്ന കമലാസുരയ്യ ആറ് പതിറ്റാണ്ടു കാലം മലയാളിയെ അനുഭവിപ്പിച്ചത് ആത്മസൗന്ദര്യത്തിന്റെ വിവിധ ഭാവങ്ങളായിരുന്നു. കമല എന്ന പെൺകുട്ടി കഥയുടെ പുതുവഴികളിൽ കൂടി സഞ്ചരിക്കുന്നത് കണ്ട് പാരമ്പര്യവാദികൾ മൂക്കത്ത് വിരൽവെച്ചു. അവരുടെ ഉന്മാദമാണ് അവരെക്കൊണ്ട് ഇതൊക്കെ എഴുതിപ്പിക്കുന്നത് എന്ന് പലരും രഹസ്യമായും പരസ്യമായും വിമർശിച്ചു.

Madhavikkutty (Kamala Das)-Ente Katha യാഥാർത്ഥ്യവും കാല്പനികതയും സമം ചേർന്നതാണ് മനുഷ്യമനസ്സും, ജീവിതവും, അവ ആവിഷ്കരിക്കുന്ന കഥയും. ഞാൻ ജീവിക്കുന്നത് മിഥ്യയും യാഥാർത്ഥ്യവും ഇടകലർന്ന ലോകത്താണ്. മിഥ്യയുടെ ഒരു നല്ല ഭാഗം എന്റെ മോഹങ്ങളും സങ്കൽപ്പങ്ങളുമാണ്. മറ്റു ചിലപ്പോൾ അത് തീർത്തും നിർമ്മലമായ, എന്നാൽ സമൂഹമോ കുടുംബമോ സാഹചര്യങ്ങളോ ഒക്കെ അകാരണമായി വിലക്കിയ തീർത്തും സാധ്യമായ ഒരു ലോകമായിരിക്കും.

 മനസ്സിലെ കേവലമായ മിഥ്യയെ യഥാർത്ഥ ലോകവുമായി വിശ്രണം ചെയ്തു ഭംഗിയായി അവതരിപ്പിക്കുകയാണ് മാധവിക്കുട്ടി. ചിലപ്പോൾ അവർക്ക് തന്നെ സത്യവും മിഥ്യയും തമ്മിൽ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്ന് എനിക്കു തോന്നിപ്പോയി. യഥാർത്ഥത്തിൽ കഥയും ജീവിതവും എവിടെയാണ് വേർപിരിയുന്നതെന്നും അതിനിടയിലെ അതിർരേഖ എവിടെയാണെന്നും മാധവിക്കുട്ടിക്ക് അറിയില്ലായിരുന്നു. ഒരുപക്ഷേ, മന:പൂർവ്വം വേർതിരിക്കാൻ ശ്രമിക്കാതിരുന്നതാകാം. സത്യത്തേക്കാളും മിഥ്യയേക്കളും അവ ഇഴചേർന്ന അവസ്ഥയെ അവർ ആസ്വദിച്ചിരുന്നിരിക്കാം. തമ്മിൽ വേർതിരിച്ചു അവയെ വിരസമാക്കാൻ അവർക്ക് ഇഷ്ടമല്ലാത്തത് കൊണ്ടുമാകാം. ആർദ്ര പ്രണയങ്ങൾക്കിടയിലെ തേങ്ങലുകളിൽ അവർ കണ്ട ഭാവം നിഷിദ്ധമായ ഒന്നായിരുന്നില്ല.

 “എന്റെ കഥ” ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു കൃതിയാണ്. മറഞ്ഞുനിന്ന് അടക്കം പറഞ്ഞവർക്ക് പ്രത്യക്ഷത്തിൽ കല്ലെറിയാൻ അത് നിമിത്തമായി. നീർമാതളം പൂത്ത കാലത്തിലും, ബാല്യകാല സ്മരണകളിലും ഇതൾ നീർത്തിയത് സ്വന്തം ഓർമ്മകളായിരുന്നുവെങ്കിൽ, “എന്റെ കഥ” എന്ന ഫിക്ഷനെയും അതോട് ചേർത്തുവെയ്ക്കാൻ ചിലർ ആവേശം കാണിച്ചു. മാധവിക്കുട്ടിയുടെ എണ്ണിയാൽ തീരാത്ത കഥകളിൽ കൂടി സഞ്ചരിച്ചവർക്ക് ഒരു സംശയവുമുണ്ടായില്ല, ഉന്മാദിയായ ഒരു പ്രണയിനിയുടെ അതിഭാവുകത്വം കലർന്ന ഒരു സഞ്ചാരമായിരുന്നു അതെന്ന്. ഒടുവിൽ മാധവിക്കുട്ടി എന്ന കമലാദാസ് ഇസ്ലാം മതം സ്വീകരിച്ചു കമലസുരയ്യ ആയപ്പോൾ വീണ്ടും അവർ വാർത്തകളിൽ ഇരച്ചുകയറുകയായിരുന്നു. അതൊരു നിയോഗമായിരുന്നെന്ന് തോന്നിപ്പോയി. കാരണം, സങ്കൽപ്പത്തിൽ മാത്രം താൻ അനുഭവിച്ച ജീവിതത്തിന്റെ അറ്റമേതെന്നറിയാതെ സാഫല്യബോധത്തിലേയ്ക്ക് എത്തപ്പെട്ടിരിക്കുന്നു എന്നാണവർ അവസാനം പറഞ്ഞത്.

അനുഭവങ്ങളിലൂടെ മാത്രമായിരുന്നില്ല പലപ്പോഴും “എന്റെ കഥ” വളർന്നത്. ഭാവനയുടെയും അനുഭവത്തിന്റെയും മിശ്രമായ പ്രതികരണമായിരുന്നു ഈ പുസ്തകം. പലയിടത്തും അത്തരമൊരു പ്രസ്താവന മാധവിക്കുട്ടി നടത്തിയിട്ടുള്ളത് അധികമാരും ശ്രദ്ധിക്കുകയും ചെയ്തില്ല. സ്വപ്‌നങ്ങൾ ഭാവനകളായി പുറത്തു വരുമ്പോൾ എല്ലാം എഴുത്തുകാരിയുടെ ജീവിതത്തോട് ചേർത്ത് കെട്ടി വയ്ക്കാനായിരുന്നു വായനക്കാർക്കും താൽപ്പര്യം. നമ്മൾ അറിയുന്ന ജീവിതങ്ങളിൽ വന്നുപെടുന്ന ദുരന്തങ്ങൾക്ക് കാഴ്ച സുഖമുണ്ടാകുമല്ലോ എന്ന മനുഷ്യ ചിന്താഗതി തന്നെയാണ് എഴുത്തുകാരിയെ സദാചാര പ്രണയികളുടെ സ്ഥിരം ഇരയാക്കി മാറ്റിയത്.

 “എന്റെ കഥ” ആത്മകഥ എന്ന് പറയുമ്പോഴും അതിനുള്ളിലെ ഭാവനയുടെ തീവ്ര പ്രസരം കാണാതെ പോകരുത്. ജീവിതം അത്രമേൽ തുറന്നിങ്ങനെ കിടക്കുമ്പോൾ എല്ലാം അതിനുള്ളിൽ നിന്ന് വരുന്നതാണെന്നും കരുതരുത്. ആത്മാവിനുള്ളിൽ മൂടി വച്ച രഹസ്യങ്ങളെ സങ്കൽപ്പങ്ങളുടെ കൂട്ട് പിടിച്ചെഴുതാൻ എഴുത്തുകാർക്ക് കഴിവുകളുണ്ട്. അതിനെ മടിയില്ലാതെ എഴുതാനും ജീവിതത്തിൽ പകർത്താനും ആയി എന്നത് തന്നെയാണ് മാധവിക്കുട്ടിയെ ജനപ്രിയയാക്കുന്നത്. എഴുത്തുകാരിയെ പ്രിയപ്പെട്ടവളും വായനക്കാരുടെ വൈകാരികതയും ആക്കി മാറ്റുന്നത്. അങ്ങനെ വരുമ്പോൾ “എന്റെ കഥ” ഒരു ഗവേഷണ പുസ്തകമാകുന്നു. എത്ര പഠനങ്ങൾക്കും സിനിമകൾക്കും നിരൂപണങ്ങൾക്കും വായനയ്ക്കും അപ്പുറം നിൽക്കുന്ന ഒരു ഊർജ്ജ പ്രവാഹം ആ പുസ്തകം പേറുന്നുണ്ട്.

പ്രണയത്തെ കുറിച്ച് അത്രമേൽ ഉറക്കെ സംസാരിക്കുക എന്നാൽ ആഴത്തിൽ പ്രണയിക്കുക എന്നും കൂടിയാണ്. പ്രണയം എന്നാൽ ആത്മാവിനോട് ഇഴുകി ചേർന്നു പോയ ഒരു അനുഭൂതിയാണ്. ശരീരത്തിനുമപ്പുറം പ്രണയം എന്ന അനുഭൂതിയെ കണ്ടെത്തലായിരുന്നു മാധവിക്കുട്ടി നടത്തിയിരുന്നത്. ഒരുപക്ഷേ, സാധാരണ മനുഷ്യർക്ക് ബുദ്ധിമുട്ടുള്ള നിലപാട്. ഓരോ പ്രണയത്തിലും അവർ പൂർണമായി അഭിരമിച്ചു, പിന്നീട് മുറിവേൽക്കുകയും കരയുകയും വീണ്ടും പ്രണയത്തിനായി കൊതിക്കുകയും ചെയ്തു, അതിനു ശേഷം അടുത്ത പ്രണയത്തിലേക്ക് ആ മുറിവ് പറ്റിയ ഹൃദയവുമായി അവർ ചെന്ന് കയറുകയും ഹൃദയം വീണ്ടും തളിർക്കുകയും പൂവിടരുകയും ചെയ്തു. അതെ! സാധാരണക്കാർക്ക് മാധവിക്കുട്ടിയുടെ പ്രണയത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ എന്റെ കഥ എന്ന പുസ്തകത്തെ കണ്ടെത്തുകയും ബുദ്ധിമുട്ടാണ്.

 നൂറ്റാണ്ടുകളിലൊരിക്കല്‍ മാത്രം പൂക്കുന്ന ഒരു പൂമരം പോലെ സുഗന്ധം പരത്തി നിറഞ്ഞുനിന്ന കമലാസുരയ്യയുടെ വേർപാടിന് ഇപ്പോൾ ആറു വർഷമായി. കമല സുരയ്യയാകുന്നതിന് എത്രയോ മുമ്പ് ദൈവമാണ് തന്നെ എഴുതിക്കുന്നതെന്ന് പറഞ്ഞ മാധവിക്കുട്ടി ഉള്ളിലെവിടെയോ ഒരു തിരിവെട്ടം ബാക്കിവെച്ചിരുന്നു. വായനാനുഭവത്തിൽ ഫിക്ഷന്റെ വേറൊരു തലം സൃഷ്ടിക്കുകയാണ് “എന്റെ കഥ”. സത്യവും മിഥ്യയും ഏതെന്ന് തിരിച്ചറിയാനാകാത്ത സന്ദർഭങ്ങളിൽ മനസ്സിൽ ആദ്യം എത്തുക തീർച്ചയായും മാധവിക്കുട്ടിയുടെ രചനാലോകം തന്നെ. “ഞാൻ ഇതാണെന്നും, എന്റെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും പറയാൻ ഞാൻ ആരെ ഭയക്കണം” എന്ന എന്റെ വരികൾ കൂടി കൂട്ടിച്ചേർത്തു നിർത്തുന്നു..!!

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

മാധവിക്കുട്ടിയുടെ ‘എന്റെ കഥ‘യ്ക്ക് വിനീത് വി എസ് എഴുതിയ വായനാനുഭവം
കടപ്പാട് ; theartofcreativepen

Comments are closed.