DCBOOKS
Malayalam News Literature Website

ലോക ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥ

 

ആരാധകഹൃദയങ്ങള്‍ ഒരുപോലെകീഴടക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയാണ് ‘പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫി. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ വരെ ഇടം പിടിച്ച ‘പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫി’യുടെ മലയാള പരിഭാഷയാണ് എന്റെ ജീവിതകഥ. തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെക്കുറിച്ചും നൂറാമത്തെ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും, ക്രിക്കറ്റിന്റെ കൊടുമുടി കയറി അതിന്റെ നെറുകയില്‍ നിന്നുള്ള വികാരഭരിതമായ വിടവാങ്ങലിനെക്കുറിച്ചുമെല്ലാം അദ്ദേഹം തന്റെ ആത്മകഥയില്‍ തുറന്നെഴുതി.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദിശാപരിണാമത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ് സച്ചിന്റെ ആത്മകഥ. ഇന്ത്യ നേടിയ ഐതിഹാസിക വിജയങ്ങളും ആരാധകര്‍ എക്കാലവും രോമാഞ്ചത്തോടെ ഓര്‍മ്മിക്കുന്ന സച്ചിന്റെ മാസ്മരിക ഇന്നിംഗ്‌സുകളുമെല്ലാം ഈ കൃതിയെ പ്രിയപ്പെട്ടതാക്കുന്നു. പാഞ്ഞെത്തുന്ന ബൗളറുടെ പന്തിനെ മാന്ത്രികമായ ചലനങ്ങളിലൂടെ ബൗണ്ടറിയിലേക്ക് തൊടുത്തുവിടുന്ന സച്ചിന്റെ കേളീശൈലിയുടെ സമസ്ത സൗന്ദര്യവും ഈ പുസ്തകവും ഉള്‍ക്കൊള്ളുന്നു.

എല്ലാ ഇന്ത്യക്കാര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന പുസ്തകം മേഘാ സുധീറാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 2014 ല്‍ പുറത്തിറങ്ങിയ എന്റെ ജീവിതകഥയുടെ ആറാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്‌.

പുസ്തകത്തിന് സച്ചിന്‍ എഴുതിയ ആമുഖം വായിക്കാം;

2013 നവംബര്‍ 16-ാം തീയതി വാങ്കഡെ സ്റ്റേഡിയത്തിലാണ് എന്റെ ക്രിക്കറ്റ് ജീവിതയാത്ര പര്യവസാനിച്ചത്. വിടവാങ്ങല്‍പ്രസംഗത്തിനുള്ള തയ്യാറെടുപ്പുകള്‍ ഏതൊക്കെയോ വിധത്തില്‍ ഞാന്‍ നടത്തി. ഓരോ നിമിഷത്തിലുമാണ്ട് സ്വയം മറന്നു ഞാന്‍ നിന്നു. കുടുംബവുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വിരാട് കോഹ്‌ലി എന്റെ അരികിലേക്കു വന്നിട്ടു പറഞ്ഞു: ഭാജി, ആപ്‌നേ കഹാ ഥാ ആപ് കോയാദ് ദിലാനേ കേലിയെ കി ആപ്‌കോ പിച്ച് പേ ജാനാ ഹേ. (ഒരിക്കല്‍ക്കൂടി പിച്ചിലേക്കു പോകണമെന്ന് ഓര്‍മ്മിപ്പിക്കണമെന്ന് അങ്ങെന്നോടു പറഞ്ഞിരുന്നു). യഥാര്‍ത്ഥത്തില്‍ ഞാനതു മറന്നുപോയതല്ല. ആ നിമിഷത്തെ കുറച്ചുകൂടി വൈകിപ്പിക്കുവാന്‍ ഞാന്‍ നടത്തിയ ശ്രമമായിരുന്നു അത്. വളരെയേറെക്കാലം എന്നെ വളര്‍ത്തുകയും ഉത്സുകനാക്കുകയും ചെയ്ത ആ 22 യാര്‍ഡുമായുള്ള എന്റെ അവസാനത്തെ കൂടിക്കാഴ്ചയായിരിക്കുമത്.

ഔട്ട്ഫീല്‍ഡ് കടന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ എന്റെ മനസ്സ് നിശ്ശൂന്യമായിരുന്നു. ഒടുവിലത്തെ ആശംസകള്‍ അര്‍പ്പിക്കുവാനായി പിച്ചിലെത്തിയപ്പോള്‍ തൊണ്ടയില്‍ എന്തോ തടയുന്നതായി എനിക്കു തോന്നി. കഷ്ടിച്ചു പതിനഞ്ചു സെക്കന്റുകള്‍ മാത്രമേ ഞാനവിടെ ചെലവഴിച്ചുള്ളൂ. അവിടെനിന്ന് ‘ഇത്രയും കാലം എന്നെ കരുതിയതിനു നന്ദി’ എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. പവലിയനിലേക്കുള്ള അവസാനത്തെ മടക്കയാത്രയില്‍ എന്റെ ഹൃദയത്തില്‍ ഓര്‍മ്മകള്‍ തിങ്ങിനിറഞ്ഞു. എന്റെ കോച്ചായ രമാകാന്ത് അഛ്‌രേക്കറോടൊപ്പമുള്ള ആദ്യ നെറ്റ് സെഷന്‍മുതല്‍ വെസ്റ്റിന്‍ഡീസിനോടുള്ള ടെസ്റ്റ് മത്സരത്തിലെ അവസാന ഇന്നിങ്‌സില്‍ 74 റണ്ണുകളെടുത്ത് പുറത്തായതുവരെയുള്ള നീണ്ട 24 വര്‍ഷത്തെ കരിയറിലൂടെ ഞൊടിയിടകൊണ്ട് ഞാന്‍ സഞ്ചാരം നടത്തി.

ഒരു ആത്മകഥയ്ക്കും അതിന്റെ ലേഖകന്റെ ജീവിതത്തിലെ സകല വിവരങ്ങളും നല്‍കാന്‍ കഴിയുമെന്ന അവകാശവാദം ഉന്നയിക്കുവാനാകുമെന്ന് എനിക്കു തോന്നുന്നില്ല. അത് ദുഷ്‌കരമായ സംഗതിയാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്ന്–ഏതെങ്കിലുമൊക്കെ കാരണങ്ങള്‍ കൊണ്ട് എഴുതാന്‍ പറ്റാത്ത കാര്യങ്ങളുണ്ടാകും. അതു ചിലപ്പോള്‍ തീര്‍ത്തും വ്യക്തിപരവും മറ്റു ചിലപ്പോള്‍ വികാരപരവുമായ വിഷയങ്ങളാകാം. കരിയറിലെ മിക്കവാറും സംഭവങ്ങളെക്കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച കഥയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രീതിയിലാണു ഞാന്‍ വിശദീകരിച്ചിരിക്കുന്നത്. ഇതിലെ മിക്കവാറും കാര്യങ്ങള്‍ എന്റെ ക്രിക്കറ്റ് ആരാധകര്‍ക്ക് അറിയാവുന്നതാണ്. ഇതിനു മുന്‍പ് ജനമധ്യത്തില്‍ പറഞ്ഞിട്ടില്ലാത്ത, എന്റെ ജീവിത്തിലെ ചില കാര്യങ്ങളെക്കുറിച്ചും സംസാരിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ചിലത് വായനക്കാരെ അമ്പരപ്പിച്ചേക്കാം. നിങ്ങള്‍ക്കതു വായിക്കുവാന്‍ താത്പര്യമുണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

ഈ പുസ്തകം എഴുതിത്തുടങ്ങും മുന്‍പ് ഇങ്ങനെയൊന്ന് വേണമോ എന്നതിനെപ്പറ്റി ഞാന്‍ സുദീര്‍ഘമായും ആഴത്തിലും ചിന്തിച്ചു. നിലവിലുള്ള സാഹചര്യങ്ങളെ പ്രതികൂലമാക്കുകയോ വിവാദങ്ങളുണ്ടാക്കുകയോ ചെയ്യുന്നത് എന്റെ ശീലത്തില്‍ ഇതേവരെയില്ല. ഈ തീരുമാനം എനിക്കുവേണ്ടി മാത്രമല്ല. എന്റെ കഥ എഴുതാമെന്നു സമ്മതിച്ച സ്ഥിതിക്ക് ഞാന്‍ ക്രിക്കറ്റ് കളിച്ചതുപോലെ ഏറ്റവും സത്യസന്ധമായ രീതിയില്‍തന്നെ ഞാനതു നിര്‍വ്വഹിക്കും.എന്റെ അവസാന ഇന്നിങ്‌സും കളിച്ചശേഷം പവലിയനിലേക്ക് അവസാന മടക്കയാത്ര നടത്തിയ ഞാന്‍ കരിയറിലെ മിക്കവാറും സംഭവങ്ങളെ ഒന്നൊന്നായി രേഖപ്പെടുത്തുവാന്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. പോയകാലത്ത്, എന്റെ കളി എന്റേതായ രീതിയില്‍ കളിച്ചുതീര്‍ക്കുവാന്‍ ഭാഗ്യം സിദ്ധിച്ച ഞാനതോരോന്നും ഓര്‍ത്തെടുക്കാം.

 

Comments are closed.