DCBOOKS
Malayalam News Literature Website

എന്റെ ഏറ്റവും മികച്ച പരമ്പര

ലോക ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥ ‘എന്റെ ജീവിതകഥ’ എന്ന പുസ്തകത്തിൽ നിന്നും 

2000 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര 3-2-ന് ജയിച്ചതോടെ സൗരവിന്റെ നേതൃത്വത്തില്‍ നല്ല തുടക്കമാണ് ഇന്ത്യയ്ക്കു ലഭിച്ചത്. പക്ഷേ, അധികം വൈകാതെ ഒത്തുകളിവിവാദം തലപൊക്കിയതോടെ ക്രിക്കറ്റ് താഴെനിലയിലേക്ക് കൂപ്പുകുത്തിവീണു. കളിയുടെ വിശ്വാസ്യത സന്ധി ചെയ്യപ്പെട്ടു. പണത്തിനുവേണ്ടി മത്സരങ്ങള്‍ തുലച്ചുകളഞ്ഞതിന്റെ വെളിപ്പെടുത്തലുകള്‍ അറപ്പോടെയും വെറുപ്പോടെയുമാണ് ഞാന്‍ നോക്കിക്കണ്ടത്. വികര്‍ഷണമുണ്ടാക്കുന്ന വിഷയമായിരുന്നു അത്. ആരാധകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങിയെന്നതായിരുന്നു ഏറ്റവുമധികം ഉത്കണ്ഠയുണ്ടാക്കിയത്. ഞങ്ങളുടെ കളിയുടെ ആര്‍ജവം സംശയിക്കപ്പെട്ടിരിക്കുന്നുവെന്നതും ഗൗരവമായെടുക്കേണ്ട സംഗതിയായിരുന്നു. കളിയുടെ വിശ്വാസ്യത തിരിച്ചുകൊണ്ടുവരേണ്ടത് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും അങ്ങേയറ്റത്തെ ആവശ്യമായിരുന്നു. 2001 ഫെബ്രുവരി-മാര്‍ച്ചില്‍ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ഓസ്‌ട്രേലിയയുമായി അവരുടെ നാട്ടില്‍ നടക്കുന്ന, ടെസ്റ്റ് പരമ്പരയിലൂടെ അതു നടത്തിയെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രത്യാശിച്ചു. അഴിമതിയുടെ കുത്സിത കഥകളില്‍നിന്നും ശ്രദ്ധതിരിച്ച് ഉത്കൃഷ്ടമായ ടെസ്റ്റ് ക്രിക്കറ്റ് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ആരാധകര്‍ മടങ്ങിവരുവാന്‍ ആ പര്യടനം വഴിവെച്ചേക്കും.

സ്വന്തം മണ്ണിലും വിദേശങ്ങളിലുമായി നടക്കുന്ന മത്സരങ്ങളിലെല്ലാം സ്റ്റീവ് വോയുടെ ഓസ്‌ട്രേലിയന്‍ ടീം Textഎതിരാളികളെ തച്ചുടയ്ക്കുന്ന കാലമായിരുന്നു അത്. ടെസ്റ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി നേടിയ പതിനഞ്ചു വിജയങ്ങളുമായാണ് അവര്‍ ഇന്ത്യയിലെത്തിയത്. ഏതു സാഹചര്യത്തിലും വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ കഴിവുള്ള അവരുടെ ബൗളിങ് നിരയില്‍ ഗ്ലെന്‍ മക്ഗ്രാത്ത്, ജേസണ്‍ ഗില്ലസ്പി, ഡാമിയന്‍ ഫ്‌ളെമിങ്, മൈക്കല്‍ കാസ്പറോവിച്ച്, ഷെയ്ന്‍ വോണ്‍ എന്നിവരായിരുന്നു താരങ്ങള്‍. ബാറ്റിങ് നിരയും വിശിഷ്ടമായിരുന്നു–മാത്യു ഹെയ്ഡന്‍, മൈക്കല്‍ സ്ലേറ്റര്‍, ജസ്റ്റിന്‍ ലാംഗര്‍, വോ സഹോദരന്‍മാര്‍, റിക്കി പോണ്ടിങ്, ആഡം ഗില്‍ക്രിസ്റ്റ്. എല്ലാവരും സമ്പൂര്‍ണ്ണഫോമില്‍ നില്‍ക്കുന്ന അസാമാന്യര്‍.

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ഏതാനും മാസങ്ങള്‍ മുന്‍പാണ് എന്റെ കുടുംബം സാഹിത്യ സഹവാസില്‍നിന്നും മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള ലാ മേര്‍ റസിഡന്‍സിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയത്. ആ മാറ്റത്തില്‍ വളരെ ചെറിയൊരു പങ്കേ ഞാന്‍ നിര്‍വഹിച്ചിട്ടുള്ളൂ-ഞാന്‍ സമ്മതിച്ചേ തീരൂ. അഞ്ജലിയാണ് എല്ലാം സംഘടിപ്പിച്ചത്. എന്റെ എല്ലാ വസ്തുക്കളും വളരെ ചിട്ടയായും മനോഹരമായും അടുക്കിവെച്ച വിശാലമായ അപ്പാര്‍ട്ട്‌മെന്റിലേക്ക് കൈയും വീശി നടന്നു കയറുക മാത്രമാണ് ഞാനാകെ ചെയ്തത്.

2001 ജനുവരി 26-ാം തീയതി രാവിലെ, കൃത്യമായി പറഞ്ഞാല്‍, ഞങ്ങള്‍ പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറി പത്തുമാസങ്ങള്‍ക്കുശേഷം, അഞ്ജലി പേടിച്ച് വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു: ‘ഭൂമികുലുക്കം’ ! കെട്ടിടം ആടിയുലയുകയായിരുന്നു. കെട്ടിടനിര്‍മ്മാണത്തില്‍ ബില്‍ഡര്‍ എന്തെങ്കിലും അഴിമതി നടത്തിയോ എന്നതായിരുന്നു എന്റെ ആദ്യത്തെ ചിന്ത. എന്തായാലും ഏതാനും നിമിഷങ്ങള്‍ക്കകം അതിനെക്കാള്‍ ഗൗരവമേറിയ വിഷയമാണ് എന്നു ഞാന്‍ മനസ്സിലാക്കി. തൊട്ടടുത്ത കെട്ടിടങ്ങളില്‍നിന്ന് ”ഭാഗോ, ഭാഗോ!” (ഓടിക്കോ, ഓടിക്കോ) എന്ന കരച്ചിലുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പത്തും പതിനൊന്നും നിലകളിലായിരുന്നു ഞങ്ങളുടെ താമസമെന്നതിനാല്‍, രണ്ടു കുട്ടികളെയുമെടുത്ത് താഴെ എത്തുവാന്‍ ഏതാനും നിമിഷങ്ങളെടുത്തേക്കും. അതുകൊണ്ട്, ആക്‌സ്മികമായ ആ മഹാവിപത്ത് വേഗം അവസാനിക്കണേയെന്ന പ്രാര്‍ത്ഥനയുമായി ഞങ്ങളെല്ലാവരും ഒന്നിച്ചു വട്ടംകൂടി സ്വീകരണമുറിയുടെ നടുക്കുനിന്നു.

ഇന്ത്യയുടെ പടിഞ്ഞാറന്‍പ്രദേശങ്ങളെ പിടിച്ചുകുലുക്കിയ ആ ഭൂകമ്പം ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ളതായിരുന്നു.

പക്ഷേ, തുടക്കത്തില്‍ത്തന്നെ അത് അതീവ നാശമുണ്ടാക്കി. ഗുജറാത്തിലെ ഭുജ്‌നഗരം ആ ഭൂകമ്പത്തില്‍ നാമാവശേഷമായി. ഞങ്ങള്‍ മുംബൈക്കാര്‍ക്കും ആ മഹാവിപത്തില്‍ അപകടങ്ങള്‍ പറ്റിയിരുന്നു. ലാ മേറിലെ എന്റെ കിടപ്പുമുറിയില്‍നിന്നും നോക്കിയാല്‍ ഒരു വശത്തായി മൗണ്ട് മേരി പള്ളിയും മറുവശത്തായി സിദ്ധിവിനായക ക്ഷേത്രവും കാണാം. ഭൂമികുലുക്കം കഴിഞ്ഞുള്ള ഏതാനും ദിവസത്തേക്ക് ഇനി ഇത്തരം ഉഗ്രകോപങ്ങള്‍ ഞങ്ങളുടെ മേല്‍ ചൊരിയരുതേയെന്ന് ഞാന്‍ മിക്കവാറും രാത്രികളില്‍ ഈശ്വരനോട് അപേക്ഷിക്കുമായിരുന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.