DCBOOKS
Malayalam News Literature Website

സാഡിസവും പിന്നെ പ്രണയവും…ഇ എല്‍ ജെയിംസ്

റിനി രവീന്ദ്രൻ എഴുതിയ ‘രതിയെക്കുറിച്ചെഴുതിയാല്‍ എഴുത്തുകാര്‍ കുരിശിലേറ്റപ്പെടുമോ?’എന്ന ലേഖനത്തിൽ നിന്നും

ഇ എല്‍ ജെയിംസ് എന്ന തൂലികാനാമത്തിലെഴുതുന്ന എഴുത്തുകാരിയാണ് എറിക്ക മിഷേല്‍. അവരുടെ നോവല്‍ത്രയമാണ് ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ, ഫിഫ്റ്റി ഷേഡ്‌സ് ഡാര്‍ക്കര്‍, ഫിഫ്റ്റി ഷേഡ്‌സ് ഫ്രീഡ് എന്നിവ. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നോവലാണിത്. നായകന്‍റെ സാഡിസത്തിലൂടെയും ഇണയെ വേദനിപ്പിച്ചുകൊണ്ട് ആനന്ദം കണ്ടെത്തുന്നതിനെയും ചുറ്റിപ്പറ്റിയാണ് നോവലുകള്‍ മുന്നോട്ടുപോകുന്നതും.

21 വയസ്സുകാരി അനസ്ത്യാന എന്ന അന 27 -കാരന്‍ ക്രിസ്റ്റ്യന്‍ ഗ്രേയെന്ന ബിസിനസുകാരനെ ആദ്യമായി കണ്ടുമുട്ടുന്നത് അവരുടെ കലാലയത്തില്‍ തയ്യാറാക്കുന്ന പത്രത്തിലേക്ക് അഭിമുഖമെടുക്കാന്‍ ചെല്ലുമ്പോഴാണ്. ആദ്യ കാഴ്‍ചയില്‍ തന്നെ പരസ്പരാകര്‍ഷണം തോന്നുന്നുണ്ട് ഇരുവര്‍ക്കും. പിന്നീടുള്ള യാദൃശ്ചികമായ കണ്ടുമുട്ടലുകളില്‍ അത് പ്രണയമാവുകയാണ്. പിന്നീടത് രതിയിലേക്ക് സഞ്ചരിക്കുന്നു. ഒടുവില്‍, ‘അടിമ’യെന്ന ഉടമ്പടിയില്‍ അനയെ കൊണ്ട് അയാള്‍ ഒപ്പുവെപ്പിക്കുമ്പോഴാണ് ഗ്രേയ്ക്കെന്താണ് വേണ്ടതെന്നത് അനാവൃതമാകുന്നത്. ആ ഉടമ്പടി ഒരിണയോട് ചെയ്യാവുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ്. എന്നാല്‍, സാഡിസത്തിനും വിചിത്രമായ സ്വഭാവങ്ങള്‍ക്കും അടിമയാണെന്നറിഞ്ഞിട്ട് കൂടി എന്തുകൊണ്ടാണ് അന അതിൽ ഒപ്പുവെക്കുന്നതെന്നത് എപ്പോഴും വായനക്കാരനെ കുഴക്കുന്ന ചോദ്യമാണ്. അവള്‍ക്ക് ഗ്രേയോടുണ്ടായ പ്രണയം മൂലമെന്നേ പറയാനാവൂ. പക്ഷേ, എന്നിട്ടുമൊടുക്കം സഹിക്കവയ്യാതെ അവളിറങ്ങിപ്പോകുന്നുണ്ട്. അവസാന നോവലില്‍ തിരികെ വരുന്ന അനയേയും എന്തിനും സമ്മതമെന്ന് പറയുന്ന അനയേയും കൂടി നമുക്ക് കാണാം.

രതിവൈകൃതമുള്ളൊരു മനുഷ്യനെ 21 വയസ്സുകാരിയായൊരു പെണ്‍കുട്ടി എന്തിനിങ്ങനെ സഹിക്കുന്നുവെന്നത് നോവലുകളിലൂടനീളം വായനക്കാരനെ കുഴപ്പിക്കുന്ന ചോദ്യമാണ്. അവളെ കെട്ടിയിടാന്‍ ആഗ്രഹിക്കുന്ന, ബന്ധിപ്പിക്കാന്‍ ചങ്ങല കരുതിയിരിക്കുന്ന, അത്തരത്തിലുള്ള രതിക്ക് വേണ്ടി ഒരു മുറി തന്നെയൊരുക്കിയ ഒരു ‘സൈക്കോ’ കാമുകനാണ് ഗ്രേ എന്നത് നോവലില്‍ മുഴച്ചുനില്‍ക്കും.

ഈ നോവലിനെ കുറിച്ച് സംസാരിക്കുകയായിരുന്ന രണ്ട് സ്ത്രീകള്‍,
ഒന്നാമത്തെ സ്ത്രീ: ഞാനത് പാതിവഴിയില്‍ നിര്‍ത്തി. അനയുടെ വേദനയെനിക്ക് സഹിക്കാനായില്ല. ഇതിനെയെനിക്ക് രതിയെന്നും പറയാനാവില്ല. അടിമയോട് ഉടമ കാണിക്കുന്ന അധികാരവും അക്രമവും മാത്രമേ ഞാന്‍ കണ്ടുള്ളൂ. ആണധികാരവും അതിക്രമവും നിറഞ്ഞ നോവലുകളാണത്.
രണ്ടാമത്തെ സ്ത്രീ: എനിക്കതിഷ്‍ടമായി. എനിക്കത് ഇഷ്‍ടമാണ്. രതിയില്‍ വിധേയപ്പെടുന്നതും ഇഷ്‍ടമാണ്. അതെനിക്ക് കൂടുതലാനന്ദം നല്‍കുന്നു.

ഇവിടെ വായനക്കാര്‍ തന്നെ രണ്ടോ മൂന്നോ അതിലധികമോ തട്ടുകളിലുണ്ട്. ഇത്രയധികം സെക്സ് എന്തിനൊരു കൃതിയിലെന്ന് ചോദിക്കുന്നവരുണ്ട്, സാഡിസത്തെയും വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്നതിനെയും ന്യായീകരിക്കുന്നു എന്ന് പറയുന്നവരുണ്ട്, കൂടുതാലന്ദവും കൂടുതല്‍ അടുപ്പവും ഇങ്ങനെയാകുന്നതിലെന്താണ് തെറ്റെന്ന് ചോദിക്കുന്നവരുമുണ്ട്.

എന്നാല്‍, ഒരു സാഹിത്യസൃഷ്‍ടി എന്ന നിലയില്‍ അതെന്ത് സംഭാവനയാണ് നല്‍കുന്നതെന്ന് ചോദിച്ചാല്‍ ഏറെക്കുറെ ഒന്നുമില്ലെന്നാണ് പലരും വിലയിരുത്തുന്നത്. അതൊരു മോശം സാഹിത്യമാണ് എന്ന് പലരും അന്നേ തുറന്നു പറയുകയും ചെയ്‍തിരുന്നു. ഇതിനു മുമ്പൊരിക്കലും ഞാൻ ഇത്രയ്ക്ക് മോശം സാഹിത്യം അച്ചടിച്ചുവന്നു കണ്ടിട്ടില്ല. ‘ട്വിലൈറ്റി’നെപ്പിടിച്ച് ‘വാർ ആൻഡ് പീസ്’ ആക്കിയ പോലുണ്ട് എന്നാണ് പുസ്‍തകത്തെ കുറിച്ച് സല്‍മാന്‍ റുഷ്‍ദി പറഞ്ഞത്. അക്ഷരങ്ങള്‍ കൊണ്ടോ, വാക്കുകള്‍ കൊണ്ടോ, പ്രയോഗങ്ങള്‍കൊണ്ടോ ഒന്നുംതന്നെ സാഹിത്യലോകത്തിന് നല്‍കാന്‍ അതിലില്ല എന്നതാണ് സത്യവും.

കടപ്പാട് ; ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ

ആധുനിക EROTIC സാഹിത്യത്തിലെ ലോക പ്രശസ്തമായ ഫിഫ്റ്റി ഷേഡ്സ് സീരീസിലെ മൂന്നു പുസ്തകങ്ങൾ ഒരുമിച്ച് സ്വന്തമാക്കൂ, ഇപ്പോൾ വെറും 149 രൂപയ്ക്ക്!

ഒരു പുസ്തകം മാത്രമായി കേവലം 69 രൂപയ്ക്ക് സ്വന്തമാക്കാനും അവസരം!

Comments are closed.