DCBOOKS
Malayalam News Literature Website

ആദ്യന്തം ചിന്തിപ്പിക്കുന്നതും സംഭ്രമിപ്പിക്കുന്നതുമായ നോവൽ

എം.ആര്‍.അനില്‍ കുമാറിന്റെ ഏകാന്തതയുടെ മ്യൂസിയം എന്ന നോവലിന് സാഹിത്യകാരന്‍ അഷ്ടമൂര്‍ത്തി എഴുതിയ വായനാനുഭവം

എം.ആര്‍.അനില്‍ കുമാറിന്റെഏകാന്തതയുടെ മ്യൂസിയം എന്ന നോവലിന് സാഹിത്യകാരന്‍ കെ.വി അഷ്ടമൂര്‍ത്തി എഴുതിയ വായനാനുഭവം

രണ്ടാഴ്ചയിലേറെയായി `ഏകാന്തതയുടെ മ്യൂസിയ’ത്തിലായിരുന്നു ഞാന്‍. ചെറിയ ഒരു യാത്രയ്ക്കു വേണ്ടി അതില്‍നിന്നൊന്നു പുറത്തു കടന്നതൊഴിച്ചാല്‍ ബാക്കിയെല്ലാ നേരവും.

Textപലതു കൊണ്ടും എന്നെ അമ്പരപ്പിച്ച ഒരു നോവലാണിത്. വലിപ്പം കൊണ്ടാണ് ആദ്യത്തെ അമ്പരപ്പ്: 750 പുറങ്ങള്‍! വായന തുടങ്ങിയപ്പോള്‍ ആഖ്യാനത്തിന്റെ ചാതുര്യം കൊണ്ട്; ഭാഷയുടെ ചാരുത കൊണ്ട്; പ്രമേയത്തിന്റെ അപൂര്‍വത കൊണ്ട്. പല വിഷയങ്ങളിലുമുള്ള നോവലിസ്റ്റിന്റെ അഗാധമായ അറിവുകൊണ്ടായിരുന്നു പിന്നെ. ഈ നോവലിന്റെ പശ്ചാത്തലം കേരളം തന്നെയാണോ എന്ന് പലവട്ടം സംശയിച്ചു. ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ എന്ന എഴുത്തുകാരന്‍ താമസിക്കുന്ന കൊളോണിയല്‍ ഭവനവും അവിടെ പത്രക്കാരനായ സിദ്ധാര്‍ത്ഥന്‍ എത്തിച്ചേരാനുണ്ടായ സംഭവങ്ങളും ഒക്കെ എന്നെ സംഭ്രമിപ്പിച്ചുകളഞ്ഞു. പേരില്ലാത്ത എഴുത്തുകാരന്‍, സിദ്ധാര്‍ത്ഥന്‍, ടെറിന്‍ തോമസ്, റിമ തോബിയാസ്, വര്‍ഷ, ഗോകുല്‍, റോസാ സെലിന്‍, കരുണന്‍ സാര്‍, ജൂഹു, റാഹേല്‍ മുത്തശ്ശി, മഗ്ദലേന സലോമി, സോജന്‍ ജോര്‍ജ്, സുലൈമാന്‍ ജഹ്നാരി, ഇയാന്‍ പാര്‍സണ്‍, ആന്ദ്രയോസ് കട്ടക്കാരന്‍ എന്നിങ്ങനെ പേരില്‍പ്പോലും പ്രത്യേകതയുള്ള എണ്ണമറ്റ കഥാപാത്രങ്ങള്‍!

രണ്ടു ഭാഗങ്ങളായാണ് `ഏകാന്തതയുടെ മ്യൂസിയം’ ഇതള്‍വിരിയുന്നത്. ആദ്യഭാഗത്തില്‍ `ഒരു ദേശത്തെക്കുറിച്ചുള്ള ആയിരം നുണകള്‍’ എന്ന നോവലിന്റെ ചോര പുരണ്ട ഡിടിപി പ്രതി സിദ്ധാര്‍ത്ഥന്‍ എന്ന പത്രപ്രവര്‍ത്തകന് വഴിയില്‍നിന്നു കിട്ടുന്നതോടെ സംഭ്രമജനകമായ നിരവധി സംഭവങ്ങളിലേയ്ക്കു നയിക്കുന്നു. അത് താന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍ തന്നെയാണെന്ന് മറ്റൊരെഴുത്തുകാരന്‍ സംശയിക്കുന്നു. പിന്നീട് ആ സംശയത്തില്‍നിന്ന് പുറത്തു കടക്കുന്ന പേരില്ലാത്ത ആ എഴുത്തുകാരന്‍ എഴുതി പൂര്‍ത്തിയാക്കുന്നതാണ് ഈ നോവലിന്റെ രണ്ടാം ഭാഗം. ആദ്യന്തം ചിന്തിപ്പിക്കുന്നതും സംഭ്രമിപ്പിക്കുന്നതുമായ നോവലാണ് `ഏകാന്തതയുടെ മ്യൂസിയം’.

വായിച്ചു തീര്‍ന്നപ്പോള്‍ ഈ നോവല്‍ ഇതുവരെ എന്തേ എന്റെ ശ്രദ്ധയില്‍പ്പെട്ടില്ല എന്ന് അത്ഭുതപ്പെട്ടുപോയി. എം.ആര്‍.അനില്‍ കുമാര്‍ ആനുകാലികങ്ങളിലൊന്നും സ്ഥിരമായി പേരു കേള്‍പ്പിച്ചിട്ടില്ലാത്ത ആളായതുകൊണ്ടാണോ?

നമ്മുടെ സാഹിത്യത്തില്‍ ചില തമസ്‌കരണങ്ങള്‍ നടക്കുന്നുണ്ടോ? ആസ്ഥാനനിരൂപകരൊന്നും ഇത് വായിച്ചിട്ടില്ലെന്നുണ്ടോ? പുസ്തകത്തിന്റെ പുറംചട്ടയില്‍ CRIME THRILLER എന്ന് എഴുതി വെയ്ക്കാന്‍ പ്രസാധകരെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നു? അതുകൊണ്ട് രണ്ടു നഷ്ടങ്ങളാണ് ഉണ്ടായത്. ഗൗരവമുള്ള വായനക്കാരുടെ, അല്ലെങ്കില്‍ കുറ്റാന്വേഷണനോവലുകള്‍ ഇഷ്ടപ്പെടാത്ത വായനക്കാരുടെ, കയ്യില്‍ ഇത് എത്താതെ പോയി. അത്തരം നോവലുകള്‍ വായിക്കുന്നവരെ ഇത് നിരാശപ്പെടുത്തിയിട്ടുമുണ്ടാവാം. കാരണം അവസാനത്തെ അദ്ധ്യായത്തില്‍ എല്ലാ സമസ്യകള്‍ക്കും ഉത്തരം പ്രതീക്ഷിച്ചാവുമല്ലോ അവരതു വായിക്കാനെടുക്കുക. ഈ നോവലാണെങ്കില്‍ അവയ്ക്കൊന്നും ഉത്തരം തരുന്നില്ലെന്നു മാത്രമല്ല, നിരവധി സമസ്യകളിലേയ്ക്ക് തള്ളിവിട്ടാണ് അത് അവസാനിക്കുന്നത്. ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ എന്ന എഴുത്തുകാരന്‍ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയില്‍ സമീപകാലത്തുണ്ടായ കുല്‍ബുര്‍ഗി, പന്‍സാരെ എന്നിവരുടെ വധങ്ങളെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

എഴുത്തുകാരന് പുസ്തകവില്‍പനയോ അതില്‍നിന്നുള്ള പണമോ ഒക്കെ രണ്ടാമതായേ വരുന്നുള്ളു. ആദ്യമായി അത് വായിക്കപ്പെടണമല്ലോ. ഈ നോവല്‍ ഇനിയും വേണ്ടതു പോലെ വായിക്കപ്പെട്ടിട്ടില്ലെന്നത് എന്നെ അല്‍പം നിരാശപ്പെടുത്തുന്നുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.